തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിങ് ഓഫീസർക്ക് മർദനമേറ്റ 28ാം വാർഡിനെക്കുറിച്ച് വ്യാപക പരാതിയുമായി രോഗികളുടെ കൂട്ടിരിപ്പുകാർ.അറ്റകുറ്റപ്പണികൾക്കായി അടച്ച് പൂട്ടിയ നാല് വാർഡുകളിൽ നിന്നുള്ള രോഗികളെ കൂട്ടത്തോടെ കിടത്തിയിരിക്കുന്നതിനാൽ വാർഡിൽ രോഗികൾക്ക് കിടക്കാൻ പോലും സ്ഥലമില്ലെന്നാണ് പരാതി. നഴ്സുമാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ ദുരിതമാണെന്നതാണ് 28ാം വാർഡിലെ സ്ഥിതി. അറ്റകുറ്റപ്പണികൾക്കായി 16,7,18,19 വാർഡുകൾ ഒന്നിച്ച് അടച്ചുപൂട്ടി രോഗികളെ ഇരുപത്തിയെട്ടാം വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുനൂറിലേറെ രോഗികളാണ് ഈ വാർഡിലുള്ളത്. ഒരു കട്ടിലിൽ തന്നെ രണ്ട് പേരെ വരെ കിടത്തിയിട്ടുണ്ട്. നിലത്ത് കിടക്കാനും പറ്റാത്ത രീതിയിൽ ആളുകളുടെ ബാഹുല്യമാണെന്നും രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. രോഗികൾ തിങ്ങി ഞെരുങ്ങി കിടക്കുന്ന ഇരുപത്തിയെട്ടാം വാര്‍ഡിൽ വെച്ചാണ് നഴ്സ് പ്രസീതക്ക് രോഗിയുടെ കൂട്ടിരിപ്പുകാരനിൽ നിന്ന് മര്‍ദ്ദനമേറ്റത്. രോഗിക്ക് ചികിത്സ നൽകാൻ വൈകിയെന്നാരോപിച്ചായിരുന്നു കൂട്ടിരിപ്പുകാരനായ പൂവാര്‍ സ്വദേശി അനു, പ്രസീതയെ മര്‍ദ്ദിച്ചത്. രോഗികളുടെ ബാഹുല്യം കാരണം നഴ്സുമാരും ജീവനക്കാരും നിസാഹായരാണ്.നഴ്സുമാരുടെ സുരക്ഷ ശക്തമാക്കണമെന്ന് സംഭവത്തിൽ പ്രതിഷേധിച്ച നഴ്സസ് സംഘടകൾ ആവശ്യപ്പെട്ടു. നഴ്സസ് സംഘടനകൾ ഒന്നിച്ചിറങ്ങിയാണ് ഇന്ന് മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചത്. തിരക്ക് നിയന്ത്രിച്ച് അടിയന്തര പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടായില്ലെങ്കിൽ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കുമോയെന്ന ആശങ്കയും ശക്തമാണ്.