കളക്ഷനില്‍ മുന്നില്‍ ഭീഷ്മപര്‍വം; 235 സിനിമകൾ മലയാളത്തിൽ, 2022ലെ ഹിറ്റ് ചാര്‍ട്ട് ഇങ്ങനെ..

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായി റിലീസ് ചെയ്ത 235 മലയാള സിനിമകളില്‍ കളക്ഷനില്‍ മുന്നില്‍ മമ്മുട്ടിയുടെ ഭീഷ്മ പര്‍വം. 85 കോടിക്കടുത്താണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വം കലക്ട് ചെയ്തത്. സമീപ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്ത 2022ല്‍ ഒന്നു പോലും നൂറു കോടി കളക്ഷന്‍ ഉണ്ടാക്കിയില്ല.

ജനുവരിയില്‍ റിലീസ് ചെയ്ത, വിനീത് ശ്രീനിവാസന്റെ പ്രണവ് ചിത്രം ഹൃദയമാണ് പോയ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്. 54 കോടിയാണ് ഹൃദയം കളക്ട് ചെയ്തത്. പൃഥ്വിരാജിന്റെ ജനഗണമന 50 കോടിയോളം നേടി. ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ടീം ഒന്നിച്ച ജയ ജയ ജയ ഹേയും 50 കോടി മാര്‍ക്ക് പിന്നിട്ടു.

മമ്മൂട്ടിയുടെ റൊഷാക്ക്, സുരേഷ് ഗോപിയുടെ പാപ്പന്‍, കുഞ്ചാക്കോ ബോബിന്റെ ന്നാ താന്‍ കേസ് കോട്, പൃഥ്വിരാജിന്റെ കടുവ, ബേസിലിന്റെ പാല്‍ത്തൂ ജാന്‍വര്‍, മമ്മുട്ടിയുടെ സിബിഐ 5 എന്നിവയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 

കോവിഡിനു ശേഷം തീയറ്ററില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്നാണ് തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. 235 ചിത്രങ്ങള്‍ എത്തിയിട്ടും വളരെക്കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് കലക്ഷന്‍ ഉണ്ടാക്കി എന്നു പറയാവുന്നത്. 

കെജിഎഫ് പോലെയുള്ള ഇതര ഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. കെജിഎഫ് 2 80 കോടിക്കടുത്ത് കലക്ഷന്‍ നേടിയിട്ടുണ്ട്.