ജില്ലയില്‍ 2025 ഓടെ 6.86 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ കുടിവെള്ളമെത്തും: മന്ത്രി റോഷി അഗസ്റ്റിന്‍

ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ 2025 ഓടെ തിരുവനന്തപുരം ജില്ലയില്‍ 6.86 ലക്ഷം ഗ്രാമീണകുടുംബങ്ങളില്‍ കുടിവെള്ളമെത്തുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയില്‍ ഇതുവരെ 50.67 ശതമാനം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്കിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ 73 പഞ്ചായത്തുകളിലായി ആകെ 6, 86,812 കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയാണ് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ലക്ഷ്യം. ജലജീവന്‍ മിഷന്‍ ആരംഭിക്കും മുന്‍പ് 1,66,812 കണക്ഷനുകളാണ് ജില്ലയില്‍ നിലവിലുണ്ടായിരുന്നത്. പദ്ധതി തുടങ്ങിയ ശേഷം 1,80,847 കണക്ഷനുകള്‍ കൂടി നല്‍കി. ഇതുള്‍പ്പെടെ ആകെ 3,47,659 കുടംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള 3,38,410 കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണ്. ഇതിനായി 2843.26 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. 

തടസ്സങ്ങള്‍ നീക്കി പദ്ധതി വേഗത്തിലാക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ ഭൂമി മൂന്ന് സ്ഥലങ്ങളിലും സ്വകാര്യ ഭൂമി പത്ത് സ്ഥലങ്ങളിലുമാണ് ഇനി ലഭ്യമാകാനുള്ളത്. പൊതുമരാമത്ത് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. പദ്ധതി വിജയിപ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണം. പദ്ധതിയുടെ പുരോഗതി എം.എല്‍.എ മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിലയിരുത്തമെന്നും മന്ത്രി പറഞ്ഞു.  

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായ വി. ശശി, ഡി.കെ മുരളി, എ. ആന്‍സലന്‍, ജി. സ്റ്റീഫന്‍, ഒ. എസ് അംബിക, വി.കെ പ്രശാന്ത്, വിവിധ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍, ജല അതോറിറ്റി എം.ഡി എസ് വെങ്കടേശപതി, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.