സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പെന്‍ഷനില്‍ പ്രതിസന്ധി. സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്രനിയമപ്രകാരം 18വയസ്സിന് മുകളിലുള്ളവര്‍ക്കെ സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെ ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികള്‍ക്ക് ഈ നയം പ്രതികൂലമായി ബാധിക്കും.
◾പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍. കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെക്കുറിച്ചാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞതവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോള്‍ ആണ് കായികമന്ത്രിയുടെ വിചിത്ര ന്യായീകരണം. കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികള്‍ക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തി.
◾ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചില്ല. കാരണം പരിശോധിക്കുമെന്നറിയിച്ച് ജന്മഭൂമി എം ഡി. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ നടപടി സുരേന്ദ്രനോടുള്ള എതിര്‍പ്പിന്റെ സൂചനയായാണ് വിലയിരുത്തല്‍. മറ്റു മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ സുരേന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം ജന്മഭൂമി പ്രാധാന്യം കുറച്ചുനല്‍കുന്നുവെന്ന പരാതിക്കിടയില്‍ ഈ വാര്‍ത്തയും മുക്കിയതിന്റെ ഞെട്ടലിലാണ് ബി ജെ പി നേതൃത്വം.
◾ഹോണ്‍ അടിച്ചെന്നാരോപിച്ച് മന്ത്രി ജി ആര്‍ അനിലിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റില്‍ അടിച്ച കനകനഗര്‍ സ്വദേശി സൈനുദീനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കാസര്‍കോട് സ്വദേശി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കാസര്‍ഗോഡ് എസ് പി അറിയിച്ചു. മരണകാരണം ഉറപ്പാക്കാനായി രാസപരിശോധനാ വേണം. അതിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. വിശദമായ രാസ പരിശോധനാ ഫലം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന യുവതി മരിച്ച സംഭവത്തില്‍, പാര്‍ക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം കാടാമ്പുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
◾പത്തനംതിട്ട കൊടുമണ്‍ കാരമല്‍ സ്റ്റോറീസ് ഹോട്ടലില്‍ നിന്ന് ബിരിയാണി വരുത്തിച്ച് കഴിച്ച പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്‌കൂളിലെ 13 കുട്ടികള്‍ക്കും ഒരു അധ്യാപികക്കും ഭക്ഷ്യവിഷബാധ. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
◾ഭക്ഷ്യസുരക്ഷ പരിശോധനയില്‍ പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി. അഞ്ച് ഹോട്ടലുകള്‍ക്ക് പിഴച്ചുമത്തി. ഒരാഴ്ചയ്ക്കിടെ രണ്ട് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
◾ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച മൂന്ന് യുവാക്കളെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ പൂര്‍ണമായും അപകടനില തരണം ചെയ്തു അതേസമയം ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
◾കണ്ണൂര്‍ ധര്‍മടത്ത് മദ്യപിച്ചെത്തിയ ജേഷ്ഠന്‍ അനിയന്റെ കുത്തേറ്റ് മരിച്ചു. കുത്തുകൊണ്ട ജേഷ്ഠന്‍ ആഷിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുത്തിയ അനുജന്‍ അഫ്സലിനെ ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ഐ എസിലേക്ക് പോയവര്‍ എല്ലാം മുജാഹിദ് പ്രസ്ഥാനങ്ങളില്‍ നിന്നാണെന്ന് സമസ്ത. പാണക്കാട് കുടുംബം യഥാര്‍ത്ഥ സുന്നികളാണെന്നും അവര്‍ മുജാഹിദ് പരിപാടിയില്‍ പോവില്ലെന്നും അതിന് സമസ്തയെ ദുര്‍വാശിക്കാരെന്ന് വിളിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. ചങ്കൂറ്റം ഉളളവര്‍ സമസ്തയില്‍ ഉണ്ട് എന്ന് മറക്കേണ്ടന്നും സമസ്തയൊട് ആര് കളിച്ചാലും അത് നാശത്തിനാണെന്ന് ഓര്‍ക്കണമെന്നും ജിഫ്രിക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
◾കളിക്കുന്നതിനിടയില്‍ തൊഴുത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. മാന്നാര്‍ കുരട്ടിശേരി കോലടത്ത് വീട്ടില്‍ ഗൗരിശങ്കറാണ് മരിച്ചത്. തൂണില്‍ കെട്ടിയിരുന്ന അയയില്‍ വലിച്ചു കളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു.
◾വയനാട് ബത്തേരിയിലിറങ്ങിയ പാലക്കാട് ടസ്‌കര്‍ ഏഴാമനെ (പിടി സെവന്‍) പിടികൂടുന്നതിന്റെ ഭാഗമായുള്ള നിരീക്ഷണം തുടരുന്നു. ധോണിയില്‍ ക്യാമ്പ് ചെയ്യുന്ന ദൗത്യ സംഘത്തിനും വയനാട്ടില്‍ നിന്നെത്തിയ ദൗത്യസംഘത്തിനും പുറമെ, ഒലവക്കോട് ആര്‍ആര്‍ടിയും നിരീക്ഷണത്തിന് ഒപ്പം പോകുന്നുണ്ട്. കൊമ്പന്‍ ഏഴാമന്‍ ഇറങ്ങുന്ന സ്ഥലം, കാടു കയറുന്ന സ്ഥലം, ഒടുവിലത്തെ പോക്കുവരവ് എന്നിവയാണ് നിരീക്ഷിക്കുന്നത്. കുങ്കിയാനകളും സജ്ജമാണ് .
◾ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്പേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
◾ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞ് വീണു മരിച്ചു. മംഗലാപുരം സ്വദേശി ശേഖര്‍ പൂജാരി (68) ആണ് മരിച്ചത്.
◾ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേര്‍ അഴുതക്കടവില്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കണ്ണന്‍ എന്നയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതായി വിവരം.
◾മൂവാറ്റുപുഴ കോട്ടയം റൂട്ടില്‍ എംസി റോഡില്‍ കൂത്താട്ടുകുളം ചോരക്കുഴിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ആലീസ് (64) ആണ് മരിച്ചത്. ആലീസിന്റെ ഭര്‍ത്താവ് കുര്യന്‍ ഓടിച്ചിരുന്ന കാര്‍ വിടിജെക്ക് സമീപം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അനധികൃത മദ്യ വില്പന നടത്തിയ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വീടിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും എക്സൈസ് സംഘം പിടികൂടി.മുതുകുളം ഫ്ലവര്‍ജഗ്ഷന് പടിഞ്ഞാറ് വിശ്വഭവനത്തില്‍ ഓമനക്കുട്ടനെ (51) ആണ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു ഇയാള്‍.
◾മെഡിക്കല്‍ കോളേജില്‍ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് നഴ്സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു. മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതി പൂവാര്‍ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾കര്‍ണാടകയിലെ ബെലഗാവിയില്‍ ശ്രീരാമസേന നേതാവിനെതിരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ശ്രീരാമ സേന ജില്ലാ പ്രസിഡന്റ് രവികുമാര്‍ കോകിത്കറിന് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച സംഘടനാ തലവന്‍ പ്രമോദ് മുത്തലിക് ശ്രീരാമസേനയുടെ പ്രവര്‍ത്തകര്‍ ഹിന്ദുത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നും ഇത്തരം ആക്രമണങ്ങളില്‍ ഭയക്കില്ലെന്നും പറഞ്ഞു.
◾ജനസംഖ്യാ വര്‍ദ്ധനവിന് കാരണം സ്ത്രീകള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാലും പുരുഷന്‍മാരുടെ അശ്രദ്ധ മൂലവുമാണെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തില്‍. അശ്ലീലം പറയുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്‌തെന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരായ പ്രതിപക്ഷ ആരോപണം.
◾എയര്‍ഇന്ത്യ വിമാനത്തിലെ അതിക്രമത്തില്‍ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ചന്ദ്രശേഖരന്‍ സമ്മതിച്ചു.
◾ദുബൈയില്‍ പൊതുസ്ഥലത്തു നിന്ന് ലഭിച്ച വന്‍തുക പൊലീസില്‍ ഏല്‍പ്പിച്ച് സത്യസന്ധത കാട്ടിയ ഇന്ത്യക്കാരന് ദുബൈ പോലീസിന്റെ ആദരവ്. ഉപേന്ദ്രനാഥ് ചതുര്‍വേദി എന്ന ഇന്ത്യക്കാരന് ലഭിച്ചത് 1,34,930 ദിര്‍ഹം (30 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)ആണ് . ഉടനെ തന്നെ ചതുര്‍വേദി പണവുമായി അല്‍ റഫ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞ് പണം അവിടെ ഏല്‍പ്പിക്കുകയായിരുന്നു.ഉപേന്ദ്രനാഥിന്റെ സത്യസന്ധതയെ അഭിനന്ദിച്ച അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അദ്ദേഹത്തിന്റെ അനുമോദനമായി സര്‍ട്ടിഫിക്കറ്റും കൈമാറി.
◾കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 33 പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.പിടിയിലായവരെയെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.
◾ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തായ്‌ലന്‍ഡ് രാജകുമാരി ബജ്രകിത്യഭ മൂന്നാഴ്ചയിലേറെയായി അബോധാവസ്ഥയില്‍ തുടരുന്നു. അടുത്ത കിരീടാവകാശിയാണ് 44കാരിയായ ബജ്രകിത്യഭ. ഡിസംബര്‍ 15നാണ് കുഴഞ്ഞുവീണത്. മൈകോപ്ലാസ്മ അണുബാധയെ തുടര്‍ന്നുള്ള വീക്കം മൂലമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി രാജകുമാരിക്ക് ബോധം നഷ്ടപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
◾കോവിഡ് കേസുകള്‍ കൂടുന്നതിനിടയില്‍ നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ അനുവദിച്ച് ചൈന. വിദേശയാത്രക്കാര്‍ക്കുണ്ടായിരുന്ന വിലക്കു ചൈന പൂര്‍ണമായും പിന്‍വലിച്ചു. വീസ വിതരണം പുനരാരംഭിച്ചു.
◾റോക്കറ്റ് ആക്രമണത്തില്‍ 600 യുക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം. യുക്രെയ്നില്‍ റഷ്യ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂര്‍ ക്രിസ്മസ് വെടിനിര്‍ത്തല്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. കിഴക്കന്‍ യുക്രെയ്നിലെ ക്രമറ്റോര്‍സ്‌കില്‍ യുക്രെയ്ന്‍ സൈനികര്‍ താമസിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ക്കു നേരെയായിരുന്നു റോക്കറ്റ് ആക്രമണം.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നാണം കെടുത്തി മുംബൈ സിറ്റി എഫ് സി. എതിരില്ലാത്ത നാല് ഗോളിനാണ് മുംബൈ സിറ്റി മഞ്ഞപ്പടയെ തകര്‍ത്ത് വിട്ടത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത മുംബൈ സിറ്റ്ി ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.
◾ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പുസ്തക പ്രകാശ ചടങ്ങിനായി കേരളത്തിലെത്തി. സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദന്‍ പ്രൊഫ. കെ.കെ.അബ്ദുല്‍ ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം ചെയ്യാനാണ് ധോണി കാസറഗോഡെത്തിയത്. ചടങ്ങി്ല്‍ നടന്‍ ടൊവിനോ തോമസ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.
◾ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് നാളെ ഗുവാഹത്തിയില്‍ തുടക്കം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ജനുവരി 12, 15 തിയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍. രോഹിത് ശര്‍മ്മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തുന്നു എന്നതാണ് ഈ പരമ്പരയുടെ സവിശേഷത.
◾പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ഇപ്പോള്‍ പെട്രോള്‍ വില്‍ക്കുന്നത് ലിറ്ററിന് 10 രൂപ ലാഭത്തോടെയെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ലിറ്ററിന് 6.5 രൂപ നഷ്ടത്തോടെ ഡീസലും. 2022 മേയ് മുതല്‍ എണ്ണവിതരണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചിട്ടില്ല. കഴിഞ്ഞ മേയില്‍ ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍വില ബാരലിന് 107 ഡോളറിനടുത്തായിരുന്നു. ഇപ്പോള്‍ 76.63 ഡോളര്‍. നാണയപ്പെരുപ്പം പിടിച്ചുനിറുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഇന്ധനവിലയും നിലനിറുത്തിയത്. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലേറെയായി രാജ്യാന്തര ക്രൂഡോയില്‍ വിലയ്ക്ക് അനുസൃതമായി ആഭ്യന്തര പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കാതിരുന്നത് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കൂടാന്‍ വഴിയൊരുക്കി. മൂന്ന് കമ്പനികളും ഇതുമൂലം സെപ്തംബര്‍ പാദത്തില്‍ സംയുക്തമായി 21,201.18 കോടി രൂപയുടെ നഷ്ടവും കുറിച്ചു. 2022 ജൂണില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില്പനയില്‍ ലിറ്ററിന് 17.4 രൂപ നഷ്ടം കുറിച്ചിരുന്നതാണ് ഇപ്പോള്‍ 10 രൂപയുടെ ലാഭമായി മെച്ചപ്പെട്ടത്. ഡീസലിലെ നഷ്ടം ലിറ്ററിന് 27.7 രൂപയായിരുന്നത് 6.5 രൂപയായും കുറഞ്ഞു.
◾മാത്യു തോമസ്, നസ്ലെന്‍ കെ ഗഫൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തെത്തി. കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ ആണ് ചിത്രമെന്ന തോന്നല്‍ ഉളവാക്കുന്നതാണ് പുറത്തെത്തിയ 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിനു ശേഷം മാത്യു തോമസ്- നസ്ലെന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നെയ്മര്‍. നവാഗതനായ സുധി മാഡിസന്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. നസ്ലെനും മാത്യുവിനുമൊപ്പം വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യ തലത്തിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
◾'ബിംബിസാറ' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു നന്ദമുറി കല്യാണ്‍ റാം പ്രത്യക്ഷപ്പെട്ടതെങ്കില്‍ അടുത്ത ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് അദ്ദേഹം എത്തുന്നത്. 'അമിഗോസ്' എന്ന് പേരിട്ടിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ മൂന്നു വേഷങ്ങളിലാണ് കല്യാണ്‍ റാം അഭിനയിക്കുന്നത്. അപരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത ജീവിതം നയിക്കുന്ന, എന്നാല്‍ കാഴ്ചയില്‍ ഒരേപോലെയിരിക്കുന്ന മൂന്നു പേര്‍. സിദ്ധാര്‍ഥ്, മഞ്ജുനാഥ്, മൈക്കിള്‍ എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകള്‍. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അഷികയാണ് ചിത്രത്തിലെ നായിക. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രാജേന്ദ്ര റെഡ്ഡിയാണ്. ചിത്രം ഫെബ്രുവരി 10 ന് തിയറ്ററുകളില്‍ എത്തും. നന്ദമുറി ഹരികൃഷ്ണയുടെ മകനായ കല്യാണ്‍ റാം രണ്ട് പതിറ്റാണ്ടായി ടോളിവുഡിന്റെ അവിഭാജ്യ ഘടകമാണ്.
◾ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍ അതികായരായ സോണി കൈ കൊടുത്തതോടെ ഉത്ഭവിക്കുന്നത് പുതിയൊരു ഇവി ബ്രാന്‍ഡ്. അഫീല എന്നു പേരിട്ട കമ്പനിയുടെ ആദ്യ ഉത്പന്നം നേരത്തെ സോണി പ്രഖ്യാപിച്ച സോണി വിഷന്‍ എസ് കാറായിരിക്കും. ടെസ്ലയെ പോലെ പല ഫീച്ചറുകളും അധികം പണം നല്‍കി ലഭ്യമാവുന്ന രീതിയിലാണ് സോണിയും ഹോണ്ടയും ചേര്‍ന്ന് നിര്‍മിക്കുന്ന കാറിലുണ്ടാവുക. 2025 ആദ്യ പാതിയില്‍ തന്നെ വിഷന്‍ എസ് കാറിന്റെ ബുക്കിങ് ആരംഭിക്കുമെന്നും 2026ല്‍ വടക്കേ അമേരിക്കയില്‍ വില്‍പന ആരംഭിക്കുമെന്നുമാണ് ഇപ്പോള്‍ കമ്പനി അധികൃതര്‍ അറിയിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഓടാനാവുന്ന 100കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാവും അഫീലയുടെ ഇലക്ട്രിക് കാറിനുണ്ടാവുക. 2026ല്‍ ആദ്യം അമേരിക്കയില്‍ ഇറക്കിയ ശേഷമായിരിക്കും യൂറോപ്യന്‍ വിപണിയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അഫീല കാറുകള്‍ എത്തുക. ഏകദേശം ഒരു ലക്ഷം ഡോളര്‍(82 ലക്ഷം രൂപ) ആയിരിക്കും അഫീലയുടെ വിഷന്‍ എസിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.
◾രചനാസിദ്ധികൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള എഴുത്തുകാരിയാണ് രാധാലക്ഷ്മി പത്മരാജന്‍. എഴുത്തിലും ചലച്ചിത്രസംവിധാനത്തിലും അസദൃശമായ പ്രതിഭാപ്രസരംകൊണ്ട് വിജയഗാഥകള്‍ സൃഷ്ടിച്ച പത്മരാജനെ ചുറ്റിപ്പറ്റിയാണ് രചനകള്‍ ഏറെയെങ്കിലും തനിക്ക് പ്രിയങ്കരരായ വ്യക്തികളും പ്രസ്ഥാനങ്ങളും പ്രദേശങ്ങളുമെല്ലാം ഈ എഴുത്തുകാരിയുടെ തൂലികത്തുമ്പിലൂടെ പ്രതിബിംബിക്കുന്ന ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ഈ പുസ്തകം ഈ ജനുസ്സില്‍പ്പെടുന്ന മറ്റു പല പുസ്തകങ്ങളെക്കാളും ആത്മാര്‍ത്ഥതയും സത്യസന്ധതയുംകൊണ്ട് മികച്ചു നില്‍ക്കുന്നു. 'മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍'. ഡിസി ബുക്സ്. വില 209 രൂപ.
◾വൃക്കകള്‍ പണിമുടക്കിയാല്‍ ശരീരം ചില സൂചനകള്‍ തരുമെന്ന് ആരോഗ്യവിദഗ്ധര്‍. എപ്പോഴും ക്ഷീണം തോന്നുന്നതും ഒരുകാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുന്നതും ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണമാണ്. ഇത് ശരീരത്തെ ദുര്‍ബലമാക്കുകും ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ മാലിന്യം നീക്കുന്നതിനൊപ്പം വൃക്കകള്‍ രക്തത്തിലെ ധാതുക്കളുടെ അളവ് നിയന്ത്രിക്കുകയും എല്ലുകളെ ശക്തമാക്കി വയ്ക്കുകയും ചെയ്യും. വൃക്ക തകരാര്‍ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനത്തെ താളം തെറ്റിക്കുന്നത് ചര്‍മത്തെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കി മാറ്റും. രക്തത്തില്‍ നിന്ന് മാലിന്യങ്ങളും അമിത ദ്രാവകങ്ങളും അരിച്ച് അവയെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് വൃക്കകള്‍ ചെയ്യുക. ഈ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുമ്പോള്‍ രക്തകോശങ്ങള്‍ ചോര്‍ന്ന് മൂത്രത്തിലേക്ക് എത്തും. വൃക്കകളിലെ കല്ലുകളുടെയും മുഴകളുടെയും കൂടി സൂചനയാകാം മൂത്രത്തിലെ രക്തം എന്നതിനാല്‍ ഈ ലക്ഷണത്തെ നിസ്സാരമായി എടുക്കരുത്. മൂത്രത്തില്‍ അമിതമായി പതയുണ്ടാകുന്നത് ഇതിലെ പ്രോട്ടീന്‍ സാന്നിധ്യത്തെ കുറിക്കുന്നു. ഇതും വൃക്ക തകരാറിന്റെ ലക്ഷണമാണ്. പേശികള്‍ക്ക് വലിവും വേദനയും അനുഭവപ്പെടുന്നത് വൃക്കതകരാര്‍ മൂലം ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടപ്പെടുമ്പോഴാണ്. കുറഞ്ഞ കാല്‍സ്യം, ഫോസ്ഫറസ് തോതും പേശിവലിവിലേക്ക് നയിക്കാം. വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് ശരീരത്തില്‍ സോഡിയം കെട്ടിക്കിടക്കാന്‍ ഇടയാക്കും. ഇത് കാലുകളിലും കണങ്കാലിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകാം. ഹൃദ്രോഗം, കരള്‍ രോഗം, കാലിലെ രക്തധമനികളുടെ പ്രശ്നങ്ങള്‍ എന്നിവ കൊണ്ടും ഈ നീര്‍ക്കെട്ട് ഉണ്ടാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
നീണ്ടയാത്രയായിരുന്നു. യാത്രയ്ക്കിടെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ കാട്ടിലെ മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. ദാഹിച്ചപ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന്. അത്ഭുതം ഉടന്‍ മണ്‍പാത്രം നിറയെ വെള്ളം പ്രത്യക്ഷപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വിശക്കാന്‍ തുടങ്ങി. ഭക്ഷണം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചപ്പോഴേക്കും അയാള്‍ക്ക് മുന്നില്‍ ഭക്ഷണം നിരന്നു. വയറുനിറഞ്ഞപ്പോള്‍ ഉറക്കം വന്നു. ചുറ്റും നോക്കിയപ്പോള്‍ നിറയെ പാറകള്‍ മാത്രം. ഒരു മെത്തയ്ക്കാണ് അപ്പോള്‍ മനസ്സില്‍ മോഹമുദിച്ചത്. ഉടനെ ഒരു മെത്ത എത്തി. താന്‍ വിശ്രമിക്കുന്ന മരത്തിന്റെ പ്രത്യേകയാണ് ഇതെന്ന് അയാള്‍ക്ക് മനസ്സിലായി. വിശ്രമത്തിനിടെ അയാള്‍ക്കൊരു ആശങ്ക. കാടല്ലേ, സിംഹമോ മറ്റോ വന്നാലോ... ആലോചന പൂര്‍ത്തിയാകുന്നതിന് മുമ്പേ എവിടെ നിന്നോ ഒരു സിംഹമെത്തി അയാളെ ആക്രമിച്ചു കൊലപ്പെടുത്തി! മനസ്സാണ് മാര്‍ഗ്ഗം. മനസ്സ് തന്നെയാണ് മാര്‍ഗ്ഗതടസ്സവും. മനസ്സെത്തുന്നിടത്തേക്കാണ് മെയ്യെത്തുന്നത്. മനസ്സൊരുമ്പിട്ടാല്‍ മറ്റൊന്നിനും അതിനെ തടയാനാകില്ല. മനസ്സിലാത്തവനെ മാറ്റാനോ അയാളുടെ മനസ്സിനപ്പുറത്തേക്ക് നീങ്ങാനോ ഒരാള്‍ക്കും കഴിയില്ല. അങ്ങനെയാണെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാനല്ലേ ആദ്യം പഠിക്കേണ്ടത്. നിഷേധാത്മക ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവരുടെ സൂര്യോദയം പോലും ഇരുണ്ടതാകും. പ്രസാദാത്മക ചിന്തകള്‍ പിന്തുടരുന്നവരുടെ അസ്തമയങ്ങളിലും ചില കെടാവിളക്കുകള്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ടാകും. ഒരാള്‍ ചിന്തിക്കുന്നതെന്തോ അതായിത്തീരും എന്നതല്ല, ഒരാള്‍ ചിന്തിക്കുന്നതേ ആയിത്തീരൂ എന്നതാണ് ശരി.. ചിന്തകള്‍ വിശുദ്ധവും ക്രിയാത്മകവുമായി തീരാന്‍ നമുക്ക് പരിശീലിക്കാം - ശുഭദിനം.
മീഡിയ 16