◾ബഫര്‍സോണ്‍ പ്രശ്നത്തില്‍ സമയപരിധി തീര്‍ന്നപ്പോള്‍ ആകെ ലഭിച്ച 63500 പരാതികളില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. അതേസമയം ലഭിച്ച പരാതികളില്‍ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികള്‍ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം. ബഫര്‍സോണ്‍ മേഖലയിലുള്ള ഒരുലക്ഷത്തില്‍പ്പരം കെട്ടിടങ്ങളെ ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക.
◾അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവം സമാപിച്ചു. കൗമാര കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 945 പോയിന്റ് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തും 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്തും 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തും എത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്‌കൂള്‍ 90 പോയിന്റോടെ ഒന്നാമതെത്തി. 71 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്ററിയിലെ ഒന്നാം സ്ഥാനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. അടുത്ത വര്‍ഷത്തെ കലോല്‍സവത്തിന്റെ ഭക്ഷണ മെനുവില്‍ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോല്‍സവ മാനുവല്‍ പരിഷ്‌കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചു.
◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് മുന്‍മന്ത്രി കെ കെ ശൈലജ. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ശൈലജ ടീച്ചര്‍. രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഉണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരില്‍ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ജൂഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും പരിപാടികളില്‍ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ നല്‍കിയ പരാതി ലോകായുക്ത നാളെ പരിഗണിക്കും.
◾സ്‌പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതില്‍ കൃത്രിമം കാട്ടിയ കൊല്ലം ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി അമല്‍ജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ എസ്, യു ഡി ക്ലര്‍ക്ക് നിതിന്‍ റോയ്, ഓഫീസ് അറ്റന്‍ഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. സമഗ്രമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്‌പോട്‌സ് കൗണ്‍സിലില്‍ പരിശോധന നടത്തിയത്.
◾ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം സര്‍ക്കാര്‍ ബോര്‍ഡ് വെച്ച ഇന്നോവ ക്രിസ്റ്റയില്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യാപിതാവാണ് ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്യുന്നത്. മീന്‍ മാര്‍ക്കറ്റിലും പോലീസ് കാന്റീനിലും എ ആര്‍ ക്യാമ്പിലും അങ്ങനെ നിരവധി സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഓടുന്നതായി പരാതികള്‍ ലഭിച്ചിരുന്നു.
◾മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ പ്രതിഷേധിക്കാന്‍ എത്തിയ നെയ്യാര്‍ഡാം സ്വദേശി അനില്‍കുമാറിനെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാര്‍ഡാം കിക്മ കോളേജില്‍ തുടങ്ങിയ കാലം മുതല്‍ ജോലി ചെയ്തിരുന്ന അനില്‍കുമാറിനെ അടുത്തിടെ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അപേക്ഷ നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ പ്രതിഷേധിക്കാന്‍ അനില്‍കുമാര്‍ എത്തിയതെന്ന് പോലിസ് പറഞ്ഞു.
◾കൊല്ലം ചിതറയില്‍ വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് നിന്നിരുന്ന പ്രതി അറസ്റ്റില്‍. മാങ്കോട് സ്വദേശി സജീവനെയാണ് മല്‍പ്പിടുത്തത്തിനൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയെല്ലാം പ്രതി ജനല്‍ ചില്ലുകള്‍ വലിച്ചെറിഞ്ഞു. വീടിന് പുറത്ത് അഴിച്ചു വിട്ടിരുന്ന നായയെ നായ്കളെ പരിശീലിപ്പിക്കുന്ന സംഘം ആദ്യം കെട്ടിയിട്ടു. ഇതിനു ശേഷമാണ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്.
◾കൊല്ലം നിലമേലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ 13 സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.ഇവരില്‍ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകര്‍ തെറ്റ് ചെയ്തെങ്കില്‍ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. മദ്യപിച്ചു സ്ഥാപനത്തില്‍ എത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാന്‍ പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത് കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂറിനെ പൊലീസ് വീണ്ടും വിളിപ്പിച്ചു. തിരുവനന്തപുരം ശംഖുമുഖം എസിപിയുടെ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ബത്തേരിയില്‍ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയെകൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തല്‍. ആനയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് .
◾കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലില്‍ വൃത്തിഹീനമായ ഫ്രീസറുകള്‍ കണ്ടെത്തി.അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്റെ പരാതി.
◾തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തിലെ പക്ഷിപ്പനി സ്ഥിരീകരിച്ചു. നാളെ മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ പെരുങ്ങുഴി ജംഗ്ഷന്‍ വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലെ പക്ഷികളെ കൊല്ലും.
◾പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച കൊല്ലാന്‍ ശ്രമം. തിരുവല്ല കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നീ യുവാക്കളെ റിമാന്‍ഡ് ചെയ്തു. ജോലികഴിഞ്ഞ് വരും വഴി യുവതിയെ സുഹൃത്തായിരുന്ന വിഷ്ണു അടുത്തേക്ക് വിളിച്ചു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിര്‍വശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ യുവതിയുടെ കയ്യൊടിഞ്ഞു. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്.
◾കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്. കേരളത്തില്‍ നിന്ന് എം പിമാരായ എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍ എന്നിവര്‍ നിരീക്ഷകരാകും. എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍ എന്നിവരും പട്ടികയിലുണ്ട്.
◾മൈസൂരു ബിഷപ്പിനെതിരേ ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ചുമതലയില്‍ നിന്ന് നീക്കി. മൈസുരു ബിഷപ്പ് കനികദാസ് എ വില്യംസിനെതിരെയാണ് വത്തിക്കാന്‍ നടപടിയെടുത്തത്. 2019-ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കിയത്. ബെംഗളുരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല.
◾അഴിമതി ആരോപിതനു പകരം അതിക്രമ കേസിലെ പ്രതി പഞ്ചാബില്‍ മന്ത്രിയാകും. അഴിമതിയാരോപണത്തെ തുടര്‍ന്ന് രാജിവച്ച പഞ്ചാബ് മന്ത്രി ഫൗജ സിംഗ് സരാരിക്ക് പകരമാണ് അതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ട എംഎല്‍എ ഡോക്ടര്‍ ബല്‍ബിര്‍ സിംഗിനെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മന്ത്രിസഭയിലുള്‍പ്പെടുത്തിയത്. അതിക്രമ കേസില്‍ ബല്‍ബിര്‍ സിംഗിനെ കോടതി 8 മാസം മുന്‍പ് 3 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
◾റിയാദ് പ്രവിശ്യയിലെ അഫീഫില്‍ 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാരെ ബസില്‍നിന്ന് ഇറക്കി.
◾മക്കയില്‍ വീണ്ടും കനത്ത മഴ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഒരാഴ്ചക്കിടയില്‍ പലപ്പോഴായി മക്ക നഗരത്തില്‍ ശക്തമായ മഴപെയ്തിരുന്നു. മുന്‍കരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.
◾യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഖോര്‍ഫക്കാനിലെ നിരവധി റോഡുകള്‍ അടച്ചു. ഷാര്‍ജയിലെ കുട്ടികളുടെ പാര്‍ക്കുകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
◾എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യന്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമാരോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. മറ്റു യാത്രക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും വിമാനത്തില്‍ നിന്ന് പുറത്താക്കി.
◾വിവാദങ്ങള്‍ക്ക് തിരി കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ. ബ്രിട്ടീഷ് രാജകുടുംബത്തിലെ തമ്മിലടികളാണ് പുസ്തകത്തെ കൂടുതല്‍ വിവാദമാക്കുന്നത്. മേഗന്‍ മാര്‍ക്കല്‍ ഡയാന രാജകുമാരിയേപ്പോലെ ആളുകളുടെ ശ്രദ്ധ നേടുമെന്ന ആശങ്കയാണ് തങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതില്‍ നിന്ന് ചാള്‍സ് രാജാവിനെ പിന്തിരിപ്പിച്ചതെന്നാണ് ഹാരി രാജകുമാരന്റെ ആരോപണം. സഹോദരന്‍ വില്യമുമായുള്ള ബന്ധത്തില്‍ സംഭവിച്ച ഉലച്ചിലുകളെ കുറിച്ചും പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.
◾തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റാരവം. ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍. അനിലാണ് ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തത്.
◾രാജ് കോട്ടില്‍ ഇന്ത്യക്ക് രാജകീയ വിജയം. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യക്ക് 91 റണ്‍സിന്റെ വിജയം, ഒപ്പം പരമ്പര വിജയവും. 51 പന്തില്‍ 112 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഇന്ത്യ മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറില്‍ 137 റണ്‍സില്‍ എല്ലാവരും പുറത്തായി. സൂര്യകുമാര്‍ യാദവ് കളിയിലെ താരമായപ്പോള്‍ അക്സര്‍ പട്ടേല്‍ പരമ്പരയിലെ മികച്ച താരമായി.
◾ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് നവംബറില്‍ ബിസിസിഐ പുറത്താക്കിയ ചേതന്‍ ശര്‍മ്മ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. ശിവ്സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, സലില്‍ അങ്കോള, എസ് ശരത് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ചേതന്‍ ശര്‍മ്മ ഒഴികെ സെലക്ഷന്‍ കമ്മിറ്റിയിലെ നാല് പേരും പുതുമുഖങ്ങളാണ്.
◾ഇന്ത്യന്‍ ഫുട്ബോളില്‍ വമ്പന്‍ മാറ്റത്തിനായ് വിഷന്‍ 2047. ഇന്ത്യന്‍ ഫുട്ബോളിന്റെ സമഗ്ര വികസനത്തിനായി ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനാണ് വിഷന്‍ 2047 അവതരിപ്പിച്ചത്. 2047ല്‍ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകളെ ഏഷ്യയിലെ ആദ്യ 4 ടീമുകളില്‍ ഒന്നാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ എല്ലാ ജില്ലകളിലും 50 മൈതാനങ്ങള്‍ വീതം 65000 മൈതാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം എന്നും ഭാരവാഹികള്‍ അറിയിച്ചു.
◾കല്യാണ്‍ ജൂവലേഴ്‌സിന്റെ വരുമാനത്തില്‍ വര്‍ധന. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ ത്രൈമാസ അപ്ഡേറ്റ് പ്രകാരം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 13 ശതമാനം ആണ് വരുമാനം ഉയര്‍ന്നത്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ വരുമാനം 24 ശതമാനം ഉയര്‍ന്നു. 2022-23 കാലയളവിലെ ആദ്യ ഒമ്പത് മാസം കൊണ്ട് കല്യാണിന്റെ വരുമാനം 35 ശതമാനം ആണ് ഉയര്‍ന്നത്. ഫെസ്റ്റിവെല്‍ സീസണില്‍ ഉണ്ടായ ഡിമാന്റ് നേട്ടമായി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 5 പുതിയ ഷോറൂമുകളാണ് ദക്ഷിണേന്ത്യയ്ക്ക് പുറത്ത് കല്യാണ്‍ തുറന്നത്. ഈ സാമ്പത്തിക വര്‍ഷം 11 പുതിയ ഷോറൂമുകള്‍ കൂടി കല്യാണ്‍ ആരംഭിക്കും. 2023ല്‍ 52 ഷോറൂമുകളാണ് ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തി വര്‍ഷം ഫ്രാഞ്ചെയ്‌സി രീതിയില്‍ ഷോറൂമുകള്‍ തുറക്കാന്‍ 25 പാര്‍ട്ട്‌ണേഴ്‌സുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും കല്യാണ്‍ അറിയിച്ചു. അതേ സമയം കല്യാണിന്റെ ഓണ്‍ലൈന്‍ ബിസിനസില്‍ 5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
◾ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'ഡിയര്‍ വാപ്പി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. 'അസറിന്‍ വെയിലല പോലെ നീ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. കൈലാസ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് അയ്റാന്‍ ആണ്. നിരഞ്ജ് മണിയന്‍പിള്ള രാജുവും അനഘ നാരായണനുമാണ് മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് നിര്‍മാണം. മണിയന്‍പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾നടി ലെന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'വനിത'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥ പറയുന്ന ചിത്രം ഫാമിലി ഇന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും. റഹിം ഖാദര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലെനയെ കൂടാതെ സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഒരു കൂട്ടം യഥാര്‍ത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജനുവരി 20 ന് തിയറ്ററുകളില്‍ എത്തും.
◾ഗ്രാന്‍ഡ് വിറ്റാര എസ്യുവിയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി. മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി ഡെല്‍റ്റ എംടി, സെറ്റ എംടി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 12.85 ലക്ഷം രൂപ, 14.84 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. ഇതോടെ മാരുതി സുസുക്കി ഇപ്പോള്‍ 14 സിഎന്‍ജി മോഡലുകളാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ഹൈറൈഡറിന്റെ സിഎന്‍ജി പതിപ്പും ടൊയോട്ട അവതരിപ്പിക്കും. 25,000 രൂപയ്ക്ക് ഹൈറൈഡര്‍ സിഎന്‍ജിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റോടുകൂടിയ 1.5 ലിറ്റര്‍, ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി പതിപ്പിന് കരുത്തേകുന്നത്. സിഎന്‍ജി മോഡില്‍, എഞ്ചിന്‍ 5,500 ആര്‍പിഎമ്മില്‍ 87.83 പിഎസ് പവറും 4,200 ആര്‍പിഎമ്മില്‍ 121.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേനയാണ് മുന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്.
◾കീഴാളന്റെ മനസ്സിലൂടെ കഥ പറയാന്‍ ശ്രമിക്കുന്നു എന്നതാണ് 'മലക്കാരി' എന്ന നോവലിന്റെ മേന്‍മ. ദേശത്തേയും മനുഷ്യരേയും അറിയാന്‍ ഇവിടെ എഴുത്തുകാരന്‍ ശ്രമിക്കുന്നുണ്ട്. പതിനാലു പകലും പതിനാലു രാവും ഭഗവതിക്കു മുമ്പില്‍ കഴിയുന്ന അടിയാള മനസ്സറിയുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വര്‍ഷം വല്ലിപ്പണി എടുക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ വില്‍ക്കപ്പെട്ടിരുന്ന മനുഷ്യരുടെ വ്യഥകളെക്കുറിച്ച് പറഞ്ഞ മികച്ച നോവലുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 'മലക്കാരി'യില്‍ സുരേഷ് പറയാന്‍ ശ്രമിക്കുന്നത് അടിയാളരുടെ പീഡകളെക്കുറിച്ചല്ല അനിതരസാധാരണമായ സ്നേഹബന്ധങ്ങളെക്കുറിച്ചാണ്. ഗോത്രജീവിതത്തിന്റെ ചില അടരുകളെങ്കിലും മിഴിവോടെ കാണിച്ചുതരുന്നുണ്ട് മലക്കാരി. സുരേഷ് കൂവാട്ട്. കൈരളി ബുക്സ്. വില 237 രൂപ.
◾അല്‍ഫാം, ഷവര്‍മ, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍ എന്നിവയൊക്കെ കഴിക്കുമ്പോള്‍ മയോണൈസ് കൂടി ഉണ്ടായാലേ ഭക്ഷണ പ്രേമികള്‍ക്ക് ഒരു തൃപ്തി വരൂ. ഭക്ഷ്യവിഷബാധയില്‍ പലപ്പോഴും വില്ലനാകുന്നതും ഈ മയോണൈസാണ്. മയോണൈസ് പാതി വെന്ത മുട്ടയിലാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍, എളുപ്പത്തിന് മിക്ക ഹോട്ടലുകളിലും പച്ചമുട്ട ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് 'സാല്‍മൊണല്ല' വൈറസുകള്‍ക്ക് കാരണമാകും. ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് ഈ ബാക്ടീരിയ. കേടായ മയോണൈസ് പല അസ്വസ്ഥകള്‍ക്കും കാരണമാകും. അത് കൂടാതെ മയോണൈസില്‍ കലോറി കൂടുതലാണ്. അത് കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നതിന് കാരണമാകും. സാധാരണ ഊഷ്മാവില്‍ അധികസമയം തുറന്നു വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പലാണ് മയോണൈസിനെ വില്ലനാക്കുന്നത്. ഇത് മാരക അസുഖങ്ങള്‍ക്കിടയാക്കും. രണ്ടുമണിക്കൂറാണ് പരമാവധി മയോണൈസിന്റെ ആയുസ്സ്. എന്നാല്‍, കടകളില്‍ ഇത് പത്തും പന്ത്രണ്ടും മണിക്കൂറാണ് തുറന്നുവച്ച് ഉപഭോക്താക്കള്‍ക്ക് വിളമ്പുന്നത്. ഷവര്‍മയ്ക്കായി എടുക്കുന്ന ഇറച്ചിയും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഇറച്ചി ഇരുപതു മിനിറ്റെങ്കിലും നല്ലതുപോലെ വേവിച്ചാലേ അണുക്കള്‍ നശിക്കുകയുള്ളു. തിരക്കിട്ട് വേണ്ടത്ര പാകമാകാതെ വിളമ്പുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഇറച്ചി മൂന്നോ നാലോ മണിക്കൂര്‍ പുറത്ത് വച്ച് കേടായതിനുശേഷം ഫ്രീസറില്‍ വച്ച് വീണ്ടും ഉപയോഗിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നയിക്കും.
*ശുഭദിനം*
അവര്‍ക്കു മുട്ടയിടാന്‍ കാലമായി. കൂട് വെക്കാന്‍ ഒരു മരം തേടി നടക്കുകയായിരുന്നു. കാട്ടില്‍ ഒരു വലിയ മരം കണ്ടപ്പോള്‍ അവര്‍ മരത്തോട് സമ്മതം തേടി. പക്ഷേ മരം സമ്മതിച്ചില്ല. നിരാശകൊണ്ട് അവര്‍ പറഞ്ഞു : അഹന്തയുടെ ഫലം നീ അനുഭവിക്കും. അവര്‍ മറ്റൊരു മരത്തില്‍ കൂട് കിട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നല്ല കാറ്റും മഴയും വന്നു. ആ വന്മരം വീണു. പക്ഷികള്‍ പറഞ്ഞു. അന്നേ ഞങ്ങള്‍ കരുതിയതാണ്. നിനക്കീ ഗതി വരുമെന്ന്. മരം പറഞ്ഞു: എന്റെ വേരുകള്‍ക്ക് ബലം നഷ്ടപ്പെടുന്നത് ഞാന്‍ അന്നേ മനസ്സിലാക്കിയിരുന്നു. എന്നില്‍ നിങ്ങള്‍ കൂട് കൂട്ടിയിരുന്നെങ്കില്‍ നിങ്ങളും നശിച്ചേനെ... പുറമെ കാണുന്ന അലങ്കാരഭംഗിയൊന്നും അദൃശ്യമായി നില്‍ക്കുന്ന അടിത്തറക്ക് ഉണ്ടാകണമെന്നില്ല. അവയൊന്നും പുറത്തു കാണിച്ചു ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ ആരും തയ്യാറുമല്ല. എന്നും എല്ലാവര്‍ക്കും നല്ല കാലമാകില്ല. എന്നാലും പ്രതിശ്ചായക്കു മങ്ങലേല്‍പ്പിക്കുവാന്‍ ആരും തയ്യാറാകില്ല. അതുകൊണ്ട് പുറമെ എല്ലാം സാധാരണ ഗതിയിലാണെന്നു തോന്നിപ്പിക്കുന്ന വിധം സ്വയം നിര്‍മിത ചട്ടക്കൂട്ടില്‍ നിന്നായിരിക്കും എല്ലാവരും പെരുമാറുക. എന്തിനാണ് വേദനകളും ബലഹീനതകളും മറ്റുള്ളവരെ അറിയിക്കുന്നത്? എല്ലാവര്‍ക്കും സ്വന്തം അസ്ഥിവാരത്തിന്റെ ഉറപ്പില്‍ നിന്നുമാത്രമേ പെരുമാറാന്‍ ആകൂ. പുറം കണ്ട് നാം സ്വയം ഒരു തീരുമാനത്തിലെത്തി മറ്റുള്ളവരെ പഴിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. കാരണം അലങ്കാര ഭംഗിയിലല്ല കാര്യം - *ശുഭദിനം.*