◾ബഫര്‍സോണ്‍ പരിധിയില്‍നിന്നു ഒഴിവാക്കാന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഇന്ന്. ഇതുവരെ 54,607 പരാതികളാണ് ലഭിച്ചത്. 17,054 പരാതികളില്‍ പരിശോധന പൂര്‍ത്തിയാക്കി. നേരത്തെ ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയ 49,330 കെട്ടിടങ്ങള്‍ക്കു പുറമേ, പരിസ്ഥിതി ലോല മേഖലയില്‍ 64,000 നിര്‍മിതികള്‍കൂടി ഉണ്ടെന്നു കണ്ടെത്തി. സെര്‍വര്‍ തകരാറിലാകുന്നതാണ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ തടസം.
◾ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 104 ശുപാര്‍ശകള്‍ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. കൊളീജിയത്തിന്റെ ശുപാര്‍ശകളില്‍ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള 44 ശുപാര്‍ശകളില്‍ ഇന്നുതന്നെ അംഗീകാരം നല്‍കി സുപ്രീം കോടതിയില്‍ ഹാജരാക്കാമെന്നു സര്‍ക്കാര്‍ സമ്മതിച്ചു. രാജ്യത്തെ നിയമം പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സുപ്രീം കോടതി താക്കീതു നല്‍കി.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പിനായി ഇഞ്ചോടിഞ്ചു പോരാട്ടം. 874 പോയിന്റുമായി കോഴിക്കോട് മുന്നില്‍. 868 പോടിന്റുമായി കണ്ണൂര്‍ തൊട്ടുപിറകില്‍. പാലക്കാടിന് 859 പോയിന്റ്. സ്‌കൂളുകളില്‍ 149 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം സ്‌കൂളാണു മുന്നില്‍. 127 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് പിറകിലുണ്ട്. കോടതി അപ്പീലുമായെത്തിയ 93 വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞുവച്ചിരിക്കുകയാണ്. കലോല്‍സവത്തിന് ഇന്നു കൊടിയിറങ്ങും.
◾ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായി ബോധവല്‍ക്കരണ യജ്ഞം തുടങ്ങി. വാഹനങ്ങള്‍ നിര പാലിച്ച് ഓടിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഓവര്‍ ടേക്കു ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
◾സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ മരവിപ്പിച്ചു. ഗവര്‍ണര്‍ നിയമിച്ച താത്കാലിക വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ വിജ്ഞാപനം ഇറക്കിയതാണു കാരണം. മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വീഴ്ചയുണ്ടെങ്കില്‍ രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
◾ചങ്ങനാശേരി ജോയിന്റ് ആര്‍ ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സീനിയര്‍ ക്ലര്‍ക്ക് സി.എം. ശ്രീജയില്‍നിന്ന് കണക്കില്‍പ്പെടാത്ത 2,600 രൂപ പിടിച്ചെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിനായി പണവുമായി ഓഫീസിലെത്തിയ രണ്ട് ഏജന്റുമാരെയും പിടികൂടി. ഇരുവരില്‍ നിന്നുമായി 31,600 രൂപ പിടിച്ചെടുത്തു. ചങ്ങനാശ്ശേരി സ്വദേശികളായ വി.വി. ബിജു, പി.പി ജയപാല്‍ എന്നിവരെയാണ് പിടികൂടിയത്.
◾ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്കു തുരത്താന്‍ കുംകിയാനകളെ ഉപയോഗിച്ചുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. രാത്രി ബത്തേരി നഗരത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ കാവല്‍ ഒരുക്കി. ഉള്‍വനത്തിലേക്ക് തുരത്താന്‍ ഇന്നും ശ്രമിക്കും. ഗൂഡല്ലൂരില്‍ നിന്നുള്ള വനപാലക സംഘവും വയനാട്ടില്‍ തുടരും. മയക്കുവെടിവയ്ക്കാന്‍ അനുമതി തേടും. കാട്ടാനയുടെ ഭീഷണിമൂലം ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
◾ഇലന്തൂര്‍ നരബലി കേസിലെ ആദ്യ കുറ്റപത്രം ഇന്നു സമര്‍പ്പിക്കും. തമിഴ്നാട് സ്വദേശിനി പദ്മയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുണ്ട്. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
◾കോട്ടയത്തുകാരി ലിസ് ജയ്മോന്‍ ജേക്കബ് മിസ് കേരള 2022. ഗുരുവായൂര്‍ സ്വദേശിനി ശംഭവിയാണ് റണ്ണര്‍ അപ്പ്.
◾ബ്രൂവറിയില്‍നിന്ന് ആറു കെയ്സ് ബിയര്‍ മോഷ്ടിച്ച കേസില്‍ പാലക്കാട് എക്സൈസ് ഓഫീസര്‍ സി ടി പ്രിജുവിനെ സസ്പെന്‍ഡു ചെയ്തു. പാലക്കാട്ടെ കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്.
◾ബഫര്‍സോണ്‍ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അല്ലാത്തപക്ഷം വനംവകുപ്പു ചുമതലയില്‍നിന്നു നീക്കി വിശ്രമവും വിനോദവും എന്ന വകുപ്പിന്റെ ചുമതല നല്‍കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
◾സംസ്ഥാന വ്യാപകമായി 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച പത്തും ലൈസന്‍സില്ലാത്ത ആറും സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 16 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
◾തൃശൂര്‍ ആസ്ഥാനമായുള്ള പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയുടെ പരമാധ്യക്ഷനായി മാര്‍ ഔഗിന്‍ കുര്യാക്കോസിന്റെ സ്ഥാനാരോഹണം നാളെ നടക്കും. തൃശൂര്‍ മാര്‍ത്ത് മറിയം വലിയപള്ളിയില്‍ പാത്രിയാര്‍ക്കിസ് ആവ ത്രിതീയന്‍ മുഖ്യകാര്‍മികനാകും. പ്രായാധിക്യംമൂലം മാര്‍ അപ്രേം മെത്രാപ്പോലീത്ത വിരമിക്കുന്ന ഒഴിവിലാണു നിയമനം.
◾ശബരിമല മാളികപ്പുറത്ത് കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ജയകുമാര്‍ മരിച്ചു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
◾ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവല്‍ വിശ്വാസ സമൂഹകേന്ദ്രത്തിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് അറസ്റ്റിലായ പതിനൊന്ന് സ്ത്രീകളെ റിമാന്‍ഡു ചെയ്തു. എംപറര്‍ ഇമ്മാനുവല്‍ വിശ്വാസികളാണ് ഇവര്‍. സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സ്ത്രീകളുടെ സംഘം മര്‍ദിച്ചിരുന്നു. ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തില്‍ ഷാജി, മകന്‍ സാജന്‍, ഭാര്യ ആഷ്ലിന്‍, ബന്ധുക്കളായ എഡ്വിന്‍, അന്‍വിന്‍ തുടങ്ങിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
◾മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്. പനമരം സ്റ്റേഷനിലെ പോലീസുകാരന്‍ ഇടിച്ചു തെറുപ്പിച്ചശേഷം നിര്‍ത്താതെ പോയെന്ന് കമ്പളക്കാട് പുലര്‍വീട്ടില്‍ സിയാദ് (38) കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
◾ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍നിന്നു വന്‍ലാഭം വാഗ്ദാനം നല്‍കി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആയിരക്കണക്കിന് ആളുകളെ ചേര്‍ത്ത് തട്ടിപ്പു നടത്തിയ പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് (24)എന്നിവരാണ് മങ്കട പോലീസിന്റെ പിടിയിലായത്.
◾തൃശൂര്‍ മച്ചാട് വനത്തില്‍ വനം കൊള്ളക്കാര്‍ 22 ചന്ദന മരങ്ങള്‍ മുറിച്ചു കടത്തി. മൂപ്പെത്താത്ത മരമായതിനാല്‍ മിക്കതും മുറിച്ചശേഷം ഉപേക്ഷിച്ചു. മരം മുറിക്ക് പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സേലം സ്വദേശികളെന്നാണ് സംശയം. വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മരം മുറിച്ചു കടത്തിയ വിവരം വനംവകുപ്പിനെ അറിയിച്ചത്.
◾വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു പരിക്കേല്‍പിച്ച അധ്യാപകനെതിരേ കേസ്. കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.
◾ഷൂ ധരിച്ചെത്തിയതിന് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദമേറ്റ് ജൂനിയര്‍ വിദ്യാര്‍ത്ഥി ആശുപത്രിയിലായി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നിഹാലിനാണ് മര്‍ദ്ദനമേറ്റത്. ഇടത് കണ്ണിനു മുകളില്‍ പരിക്കുണ്ട്.
◾അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കുമെന്നു പ്രഖ്യാപിക്കാന്‍ അമിത് ഷാ ആരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ക്ഷേത്ര ഭാരവാഹികള്‍ പ്രഖ്യാപിക്കേണ്ട ജോലി ആഭ്യന്തര മന്ത്രിയാണോ ചെയ്യുന്നത്. അഭ്യന്തര മന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്ന ജോലി ചെയ്യൂവെന്നും ഖാര്‍ഗെ പറഞ്ഞു.
◾ഡല്‍ഹി കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു ബഹളം വച്ചതോടെ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പു മാറ്റിവച്ചത്.
◾ഡല്‍ഹി കോര്‍പറേഷനിലേക്ക് പത്ത് അംഗങ്ങളെ ഗവര്‍ണറല്ല, ഡല്‍ഹി സര്‍ക്കാരാണു നാമനിര്‍ദേശം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജനവിധി ഗവര്‍ണര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേജ്രിവാള്‍ ഗവര്‍ണര്‍ക്കു കത്തയച്ചു.
◾ബംഗളുരു വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ഒമ്പതു വാഹനങ്ങള്‍ തകര്‍ന്നു. ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണം.
◾നിധി കിട്ടിയെന്ന വ്യാജേന മുക്കുപണ്ടം നല്‍കി വ്യാപാരികളില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത മൈസൂര്‍ സ്വദേശികളായ ദേവ, രാജീവ് എന്നിവര്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായി. മയിലാടുതുറ പ്രദേശത്തെ വ്യാപാരികളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ കവര്‍ന്നത്. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വിവിധ വ്യാപാരികളില്‍ നിന്നായി ഇവര്‍ ഇങ്ങനെ തട്ടിച്ചു.
◾ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര വ്യവസായിയല്ല, അമേരിക്കന്‍ കമ്പനിയിലെ വൈസ് പ്രസിഡന്റാണ്. അവധിയെടുത്ത ഇയാളെ കമ്പനി പുറത്താക്കി. ഇയാളെ ബംഗളൂരുവില്‍ പോലീസ് തെരയുന്നു.
◾വിമാനത്തില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ വേണ്ടിവന്നാല്‍ വിമാനത്തില്‍ കെട്ടിയിടാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനക്കമ്പനികള്‍ക്കു നല്‍കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശം.
◾ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പെണ്‍മക്കള്‍ സുപ്രീം കോടതിയില്‍. ഭിന്നശേഷിക്കാരായ രണ്ടു ദത്തുപുത്രികളുമായാണ് ചീഫ് ജസ്റ്റിസ് ഇന്നലെ കോടതിയില്‍ എത്തിയത്. കോടതിയും കോടതി നടപടികളും കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ദത്തുമക്കളായ പ്രിയങ്ക (20), മഹി (16) എന്നിവരെ കൊണ്ടുവന്ന് കോടതി സംവിധാനം കാണിച്ചുകൊടുത്തത്.
◾ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്ക് വിജയം. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗളൂരു ജയം സ്വന്തമാക്കിയത്.
◾ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ മത്സരം ശ്രീലങ്കക്കൊപ്പമായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.
◾ഒരു പ്രഖ്യാപനം നടത്തിയത് പിന്നാലെ ഒറ്റ ദിവസം കൊണ്ട് തന്റെ ആസ്തിയില്‍ നിന്ന് 675 ദശലക്ഷം ഡോളര്‍ നഷ്ടപ്പെടുത്തി ആമസോണ്‍ സ്ഥാപകനും ലോകകോടീശ്വരനുമായ ജെഫ് ബെസോസ്. ആമസോണ്‍ കമ്പനിയില്‍ നിന്ന് 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇ-കൊമേഴ്‌സ് ഭീമന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വമ്പന്‍ തിരിച്ചടിയുണ്ടായത്. ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് ശേഷം ആമസോണിന്റെ ഓഹരികള്‍ കൂപ്പുകുത്തുകുയായിരുന്നു. പിന്നാലെ, ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ധനികനായ ബെസോസിന്റെ ആസ്തി 106 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. 2022ല്‍ ആമസോണിന് വിപണി മൂലധനത്തില്‍ 834 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. സമീപ മാസങ്ങളിലായി സമ്പന്നരുടെ പട്ടികയില്‍ ബെസോസ് നിരവധി സ്ഥാനങ്ങള്‍ പിന്നോട്ട് പോവുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ ഗൗതം അദാനി ആമസോണിന്റെ ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാറിയിരുന്നു.
◾മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്രം ആയിഷയുടെ ട്രെയ്ലര്‍ പുറത്തെത്തി. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം ജനുവരി 20ന് തീയറ്ററുകളില്‍ എത്തും.
◾മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടി നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണിത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടികളാണ് ലഭിച്ചത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.
◾ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ കുതിപ്പുമായി കേരളം. പരിവാഹന്‍ രജിസ്ട്രേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022- ല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 454 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ വര്‍ഷം 39,525- ഓളം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളില്‍ ഓടിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചത് ഡിസംബര്‍, നവംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലാണ്. ഈ മൂന്നു മാസങ്ങളിലും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 4,000 കവിഞ്ഞിട്ടുണ്ട്. അതേസമയം, ഏറ്റവും കുറവ് വില്‍പ്പന നടന്നത് ജനുവരിയിലാണ്. 1,722 യൂണിറ്റുകള്‍. 2021-ലെ കണക്കുകള്‍ പ്രകാരം, ആകെ 8,706 ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മാത്രമാണ് നടന്നത്. ഇ-വാഹനവില്പന 2022ല്‍ ദേശീയതലത്തിലും കാഴ്ചവച്ചത് ശ്രദ്ധേയ മുന്നേറ്റം. എല്ലാ ശ്രേണികളിലുമായി 2022ല്‍ 9,99,949 ഇ-വാഹനങ്ങള്‍ നിരത്തിലെത്തി. 2021ലെ 3.22 ലക്ഷത്തേക്കാള്‍ 210 ശതമാനം അധികം. മൊത്തം ഇ-വാഹനവില്പനയില്‍ 62 ശതമാനവും ടൂവീലറുകളാണ്. ഒല, ഒകിനാവ, ഹീറോ ഇലക്ട്രിക് എന്നിവയാണ് ടൂവീലറുകളില്‍ മുന്നില്‍. ത്രീവീലറുകളില്‍ വൈ.സി ഇലക്ട്രിക്. 32,853 ഇ-കാറുകളും വിറ്റഴിഞ്ഞു; ഇതില്‍ 25,760 യൂണിറ്റുകളും ടാറ്റയുടേതാണ്.
◾ഹിന്ദു ദേവന്മാരുടെ അമരാവതിപോലെയാണ് ഗ്രീക്ക് ദേവന്മാര്‍ക്ക് ഒളിമ്പസ്. ഒളിമ്പ്യന്‍മാരുടെ നേതാവായ സ്യൂസ് സ്വര്‍ഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാവായ ഇന്ദ്രന് സമമാണ്. റോമാക്കാര്‍ക്ക് ഹെര്‍ക്കുലീസ് എന്നറിയ പ്പെടുന്ന ഗ്രീക്ക് വീരനായ ഹേരാക്ലീസിന്റെ നേട്ടങ്ങള്‍ ശ്രീകൃഷ്ണനെ ഓര്‍മ്മിപ്പിക്കുന്നു. ഗ്രീക്ക് ഇതിഹാസത്തില്‍ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ തിരികെക്കൊണ്ടു വരാന്‍ ആയിരം കപ്പലുകളുമായി കടല്‍ കടക്കുന്ന ഭര്‍ത്താവിന്റെ കഥ, ലങ്കയില്‍നിന്ന് സീതയെ രാമന്‍ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു. അപ്പോള്‍ ഗ്രീക്ക്-ഹിന്ദു പുരാണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ? ഒരു സാധാരണ ഇന്തോ-യുറോപ്യന്‍ വേരുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ? 'ഒളിമ്പസ്' എന്ന ഈ പുസ്തകത്തില്‍, പുരാണഗവേഷകനായ ദേവ്ദത് പട്നായ്ക് പുരാതന ഗ്രീക്ക് കഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും കഥകളുടെ ഒരു പുതിയ ലോകം പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു. വിവര്‍ത്തനം: ബാലകൃഷ്ണന്‍ അഞ്ചത്ത്. ഡിസി ബുക്സ്. വില 379 രൂപ.
◾പഞ്ചസാരയിലൂടെ കാന്‍സര്‍ സാധ്യത കണ്ടെത്താമെന്ന് പഠനറിപ്പോര്‍ട്ട്. ലൂണ്ട് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ശരീരത്തിലെ ട്യൂമറില്‍ കാന്‍സറിന്റെ അംശങ്ങളുണ്ടെങ്കില്‍ മറ്റ് ശരീരഭാഗങ്ങളെക്കാള്‍ കൂടുതല്‍ പഞ്ചസാര ട്യൂമര്‍ വലിച്ചെടുക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. ഒരു ട്യൂമറിന് വലിച്ചെടുക്കാവുന്ന പഞ്ചസാരയ്ക്ക് പരിമിതിയുണ്ട്. എന്നാല്‍, പരിധിയില്‍ കൂടുതല്‍ പഞ്ചസാര വലിച്ചെടുക്കുകയാണെങ്കില്‍ അത് തെളിയിക്കുന്നത് കാന്‍സറിന്റെ സാന്നിധ്യമാണെന്ന് ഇവര്‍ പറയുന്നു. ബ്രെയിന്‍ ട്യൂമറുള്ള മൂന്ന് വ്യക്തികളിലും ആരോഗ്യമുള്ള നാലു വ്യക്തികളിലുമാണ് ടെസ്റ്റ് നടത്തിയത്. ട്യൂമറുള്ള വ്യക്തികളില്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്നതെന്നാണ് പരീക്ഷണത്തിലൂടെ കണ്ടെത്തിയത്. കാന്‍സര്‍ കോശങ്ങള്‍ പലപ്പോഴും വേഗത്തില്‍ പെരുകുന്നു, ഈ പ്രക്രിയയില്‍ ധാരാളം ഊര്‍ജ്ജം ഉപയോഗിക്കുന്നു. ഇതിന് വലിയ അളവില്‍ ഗ്ലൂക്കോസ് ആവശ്യമാണ്. അതുകൊണ്ടുതന്നെ കാന്‍സര്‍ കോശങ്ങള്‍ക്ക് കൂടുതല്‍ പഞ്ചസാര വലിച്ചെടുക്കുന്നു. എന്നാല്‍ പഞ്ചസാര രഹിത ഭക്ഷണക്രമം പിന്തുടരുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും അല്ലെങ്കില്‍ അതിജീവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നതിന് തെളിവുകളൊന്നുമില്ല. എന്നാല്‍ നിങ്ങളെ അമിതവണ്ണമുള്ളതാക്കുന്നതിലൂടെ നിങ്ങളുടെ അപകടസാധ്യതയെ പരോക്ഷമായി സ്വാധീനിക്കാന്‍ കഴിയും, ഇത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ അമൂല്യവസ്തുക്കളുടെ ശേഖരത്തില്‍ ഒരു വെളളിപാത്രവും ഉണ്ടായിരുന്നു. ഏറ്റവും അനുയോജ്യനായ വ്യക്തിയ്ക്ക് ആ പാത്രത്തില്‍ ഭക്ഷണം നല്‍കണം എന്ന് അയാള്‍ തീരുമാനിച്ചു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഗുരു ആ വീട്ടിലെത്തി. വെള്ളിപാത്രത്തില്‍ ഭക്ഷണം വിളമ്പാന്‍ ആലോചിച്ചെങ്കിലും കുറച്ചുകൂടി വിശിഷ്ടവ്യക്തിയെത്തട്ടെ എന്ന് കരുതി ആ തീരുമാനം മാറ്റി. പിന്നീടൊരിക്കല്‍ അയാളുടെ വീട്ടില്‍ മന്ത്രി എത്തി. മന്ത്രിക്ക് അതില്‍ ഭക്ഷണം നല്‍കാമെന്ന് കരുതിയെങ്കിലും രാജാവ് വരട്ടെ അപ്പോള്‍ കൊടുക്കാം എന്ന തീരുമാനത്തില്‍ പാത്രം തിരികെ വെച്ചു. അങ്ങനെയിരിക്കെ ഒരിക്കല്‍ രാജാവ് അയാളുടെ വീട്ടിലെത്തി. ഒരു യുദ്ധത്തില്‍ തോറ്റിട്ടാണ് രാജാവ് അവിടെയെത്തിയത്. ഭക്ഷണം നല്‍കാന്‍ ആ പാത്രം എടുത്തെങ്കിലും തോറ്റ രാജാവിന് അതില്‍ ഭക്ഷണം നല്‍കേണ്ട എന്ന തീരുമാനത്തില്‍ വീണ്ടും പാത്രം യഥാസ്ഥാനത്ത് വെച്ചു. കാലങ്ങള്‍ കടന്നുപോയി. ആ പാത്രം ഒരിക്കലും ഉപയോഗിക്കപ്പെടാതെ അയാള്‍ മരിച്ചു. മരണശേഷം അയാളുടെ മകന് അലമാരയില്‍ നിന്ന് ആ പാത്രം ലഭിച്ചു. നിറം മങ്ങി ഉപയോഗശൂന്യമായ ആ പാത്രമെടുത്ത് അയാള്‍ തന്റെ നായകള്‍ക്ക് തീറ്റ കൊടുക്കാന്‍ തുടങ്ങി. അതിവിശിഷ്ടമായതൊന്നും നിത്യജീവിതത്തില്‍ ഉപയോഗിക്കരുത് എന്ന ധാരണയില്‍ നിന്നുമാണ് ലോക്കറുകളും കാഴ്ചബംഗ്ലാവുകളും രൂപം കൊള്ളുന്നത്. എല്ലാം നിലവറകളില്‍ സൂക്ഷിക്കേണ്ടവയാണെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം വളര്‍ച്ചപോലും നിഷേധിക്കും. നിലവിലുള്ള നല്ല അവസരങ്ങളെല്ലാം കാണാത്തവര്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി കാത്തിരുന്ന് അന്ധരായവരാണ്. അവര്‍ക്കൊരിക്കലും ആനന്ദിക്കാനോ ആഹ്ലാദിക്കാനോ കഴിയില്ല. ഓരോ കാരണമെത്തുമ്പോഴും കൂടുതല്‍ വലുത് പ്രതീക്ഷിക്കും. സ്വന്തമായി സമ്പാദിച്ചവയും സ്വന്തം അലമാരകളില്‍ ഉള്ളവയുമാണെങ്കിലും അത് സ്വയം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് നേട്ടം? നമ്മുടെ ജീവിതത്തിലെ ഏറ്റവും വിശിഷ്ടനായ വ്യക്തി നാം തന്നെയാണ്.. വിശിഷ്ടമായ സമയം ഇന്നാണ്.. നാം ജീവിച്ചിരിക്കുന്ന ഈ നിമിഷം.. അത് അതിന്റെ ഏറ്റവും മനോഹാരിതയില്‍ ആസ്വദിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16