◾മാസംതോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍. റഗുലേറ്ററി കമ്മീഷന്റെ അനുമതി ഇല്ലാതെ മാസം തോറും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിതരണകമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്കാണു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായി വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാമെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
◾സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ മറ്റു 16 ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു. ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിനു മാത്രം തീരുമാനമെടുക്കാനാകില്ലെന്നാണു ഗവര്‍ണറുടെ നിലപാട്.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍. 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 679 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാലക്കാടും ആതിഥേയരായ കോഴിക്കോടും തൊട്ടുപിറകിലുണ്ട്. 651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി എറണാകുളവുമാണ് ഇവര്‍ക്ക് പിന്നില്‍. സ്‌കൂളുകളില്‍ 122 പോയിന്റുള്ള തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇ എം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. പാലക്കാട് ഗുരുകുലം 111 പോയിന്റുമായി രണ്ടാതമതും കണ്ണൂര്‍ സെന്റ് തെരാസ് സ്‌കൂള്‍ 98 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി ഉള്‍പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുരയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കാനാണിത്. ഊട്ടുപുരയില്‍ മാംസാഹാരത്തിനു സര്‍ക്കാര്‍ എതിരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
◾കെപിസിസി മുന്‍ ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തിനു കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അപവാദ പ്രചരണമാണെന്ന് ആരോപിച്ചു മക്കള്‍ ഡിജിപിക്കു നല്‍കിയിരുന്ന പരാതി പിന്‍വലിച്ചു. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പരാതി പിന്‍വലിച്ചതെന്ന് മകന്‍ പ്രജിത് അറിയിച്ചു.
◾കൊച്ചി മെട്രോ രണ്ടാം ഘട്ടം നിര്‍മ്മാണം മാര്‍ച്ച് മാസത്തോടെ തുടങ്ങുമെന്ന് കെഎംആര്‍എല്‍. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റിനെ ഈ മാസം 15 ന് തീരുമാനിക്കും. ഭൂമിയേറ്റെടുക്കാനാണ് കാലതാമസം. രണ്ടു വര്‍ഷംകൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകരുടെ കാര്യത്തില്‍ വൈകാതെ തീരുമാനമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
◾ഹോട്ടലുകളിലും ഭക്ഷ്യശാലകളിലും അപ്രതീക്ഷിത പരിശോധനകള്‍ നടത്താന്‍ പ്രത്യേക സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തുടനീളം ഈ ടാക്‌സ് ഫോഴ്‌സിന് പരിശോധന നടത്താനുള്ള അധികാരം നല്‍കും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാകുമെന്നും ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.
◾സംസ്ഥാനത്ത് ഇന്നലെ 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 32 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അടച്ചുപൂട്ടിച്ചവയില്‍ 14 സ്ഥാപനങ്ങള്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചവയും 18 സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാത്തവയുമാണ്.
◾താമരശേരി ചുരത്തില്‍ വിശേഷ ദിവസങ്ങളില്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത തടസം ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി. പോലീസ് പട്രോളിംഗ് വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു.
◾ജിയോളജി വകുപ്പിന്റെ പാസില്ലാത്തതിനു പൊലീസ് പിടികൂടിയ കരിങ്കല്‍ ലോറി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ടിപ്പര്‍ തൊഴിലാളികള്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ലോറി ഡ്രൈവര്‍ അറുപത്തി രണ്ടാം മൈല്‍ സ്വദേശി ഷക്കീറിനെതിരെ കേസെടുത്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയശേഷമാണ് സമരം അവസാനിപ്പിച്ചത്.
◾പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത പ്രതിസന്ധിയ്ക്കിടെയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അധാര്‍മ്മികമായ നടപടി തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക തുക അനുവദിച്ചത് തന്റെ അപേക്ഷയില്‍ അല്ലെന്ന് മുന്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ്. ചിന്തയുടെ ശമ്പളം സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനു പിറകേയാണ് താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. തനിക്ക് ശമ്പളം അനുവദിച്ചു തരണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ചിന്തയുടെ അപേക്ഷയും തന്റെ അപേക്ഷയും രണ്ടും രണ്ടാണെന്നും ആര്‍ വി രാജേഷ് പറഞ്ഞു.
◾യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയ നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണ്. കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾തൃക്കാക്കര മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പ് കേസില്‍ ഇതുവരെ പുറത്തുവന്നത് 85 കോടി രൂപയുടെ ഇടപാടെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍. തട്ടിയെടുത്ത പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്താനായിട്ടില്ല. കോടികള്‍ ധൂര്‍ത്തടിച്ചു. പ്രതി എബിന്‍ വര്‍ഗീസ് ഗോവയില്‍ ചൂതാട്ടത്തിലൂടെ കോടികള്‍ പൊടിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികളെ ഉടനേ പിടികൂടുമെന്നും പോലീസ്.
◾സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടികയില്‍ രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാര്‍. കരടു വോട്ടര്‍ പട്ടികയിലേതിനേക്കാള്‍ മൂന്നര ലക്ഷത്തിലേറെ വോട്ടര്‍മാര്‍ പുതിയ പട്ടികയിലുണ്ട്. അഞ്ചര ലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു.
◾സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ തൃശൂര്‍ പാവറട്ടിയില്‍ നാല്‍പതിലധികം വിദ്യാര്‍ത്ഥിനികള്‍ക്കു കടന്നല്‍ കുത്തേറ്റു. ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളിലെ നാല്‍പതിലധികം വിദ്യാര്‍ഥിനികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
◾താമരശേരി ചുരത്തില്‍ നിയമ വിദ്യാര്‍ത്ഥിയെ വെട്ടിയ കേസിലെ പ്രതി അറസ്റ്റിലായി. വയനാട് ചുണ്ടേല്‍ സ്വദേശി മേലേപീടിയേക്കല്‍ നൗഫല്‍ താമരശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മണിയങ്കോട് സ്വദേശി സച്ചിനെയാണ് നൗഫല്‍ വെട്ടിയത്.
◾ആലപ്പുഴ കളര്‍കോടുവച്ച് മലപ്പുറത്തുനിന്നുള്ള അയ്യപ്പസംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇരവുകാട് സ്വദേശി അര്‍ജുന്‍ കൃഷ്ണയാണ് പിടിയിലായത്. അര്‍ജ്ജുന്റെ ബൈക്കിലിരുന്നതിനാണ് ഒമ്പതു വയസുകാരിയെ തള്ളി താഴെയിട്ടത്. വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു.
◾തിരുവനന്തപുരം കടയ്ക്കാവൂരില്‍ മണമ്പൂര്‍ പെരുംകുളം മലവിളപ്പൊയ്ക വീട്ടില്‍ നസീറിനെ (40) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍. പെരുംകുളം താഹ (29), കഴക്കൂട്ടം ജാസിംഖാന്‍ (33), പെരുമാതുറ റിയാസ് (33) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് പിടികൂടിയത്.
◾പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാന്നൂര്‍ സ്വദേശി അഭിജിത്ത് എന്ന പത്തൊമ്പതുകാരന്‍ പിടിയിലായി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വശത്താക്കി കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾പതിനാലുകാരിയുമായി ഒളിച്ചോടിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്.
◾ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള കരട് മാര്‍ഗരേഖ യുജിസി പുറത്തിറക്കി. വിദേശ സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 45 ദിവസത്തിനകം യു ജി സി അനുമതി നല്‍കും. രണ്ടു വര്‍ഷത്തിനകം ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കണം. കരടു മാര്‍ഗരേഖയില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ക്കാണ് അനുമതി. യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു.
◾ഉത്തരാഖണ്ഡില്‍ ഹല്‍ദ്വാനിയിലെ റെയില്‍വെ ഭൂമിയിലെ കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. 29 ഏക്കര്‍ഭൂമിയില്‍ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സുപ്രീംകോടതി തടഞ്ഞത്. ഏഴ് ദിവസത്തിനകം ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. അരലക്ഷത്തോളം ജനങ്ങളെ ഇങ്ങനെ ഒഴിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
◾ന്യൂയോര്‍ക്കില്‍നിന്നുള്ള വിമാനത്തില്‍ സഹയാത്രികയെ മദ്യപനായ വ്യവസായി അപമാനിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയായ സ്ത്രീ അതിക്രമം നടത്തിയ ആള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതി പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരിയുടെ വിമാന ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കിയിരുന്നു. ഇതേസമയം, പ്രതി മുംബൈ വ്യവസായി ശേഖര്‍ മിശ്രയെ പിടികൂടാന്‍ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
◾പാരീസില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിലും മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു. ഇയാള്‍ക്കെതിരായ പരാതിയില്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയം.
◾ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവരുന്നു. മൂന്ന് പ്രധാന നേതാക്കളും അനുയായികളും നാളെ കോണ്‍ഗ്രസില്‍ ചേരും. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരാണ് ഇവരെന്ന് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി പ്രതികരിച്ചു.
◾അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം ജനുവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാന്‍ ശ്രമിച്ചെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞു.
◾ശിവമൊഗ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ എന്‍ഐഎ റെയ്ഡ്. ദക്ഷിണകാനറ, ശിവമൊഗ, ദാവനഗരെ, ബെംഗളുരു എന്നീ ജില്ലകളില്‍ ആറിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. ഐഎസുമായി ബന്ധപ്പെട്ട് സജീവപ്രവര്‍ത്തനം നടത്തിയ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ റിഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്, ഹുസൈര്‍ ഫര്‍ഹാന്‍ ബൈഗ് എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ക്രയവിക്രയങ്ങളും പരിശോധിച്ചു.
◾ഡല്‍ഹി ഉള്‍പെടെ ഉത്തരേന്ത്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത അടയാളപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനാണെന്നാണ് വിവരം.
◾ക്രിസ്മസ് ആഘോഷത്തിനായി യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്മസ് ഇന്നും നാളെയുമാണ്. വെടിനിര്‍ത്തല്‍ വേണമെന്ന് പാത്രിയാര്‍ക്കിസ് കിറില്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് റഷ്യ രണ്ടു ദിവസത്തേക്ക് ആക്രമണം നിറുത്തിവച്ചത്.
◾ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയില്‍ സംസ്‌കരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികനായി. ലോകമെങ്ങുമുള്ള കര്‍ദിനാള്‍മാരും ലോകരാജ്യങ്ങളുടെ പ്രതിനിധികളടക്കം അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്തു.
◾അഫ്ഗാനിസ്ഥാനില്‍ എട്ട് ഐഎസ് ഭീകരരെ താലിബാന്‍ വധിച്ചു. ഐഎസിന്റെ ഒളിത്താവളങ്ങള്‍ റെയ്ഡ് ചെയ്താണ് ഭീകരരെ വധിച്ചതെന്ന് താലിബാന്‍ അവകാശപ്പെട്ടു.
◾ആമസോണ്‍ 18,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവുചുരുക്കാനാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. ജനുവരി 18 മുതല്‍ നടപടി ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി ജാസി പറഞ്ഞു.
◾ഐഎസ്എല്ലില്‍ ഹൈദരാബാദിന് തകര്‍പ്പന്‍ വിജയം. എഫ്‌സി ഗോവയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ഹൈദരാബാദ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഹാട്രിക്ക് നേടിയ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി തിളങ്ങിയത്.
◾ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ ആവേശപോരാട്ടത്തില്‍ ഇന്ത്യയെ 16 റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 57 ന് 5 എന്ന ദയനീയ നിലയില്‍ നിന്ന് 36 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനും 31 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത അക്സര്‍ പട്ടേലിനും ഇന്ത്യയെ കര കയറ്റാനായെങ്കിലും ഇന്ത്യയെ വിജയതീരത്തെത്തിക്കാനായില്ല. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിന്റേയും ക്യാപ്റ്റന്‍ ദസുന്‍ ഷാനകയുടേയും ഇന്നിങ്സുകളാണ് ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി.
◾യു.പി.ഐ വഴിയുള്ള പണം കൈമാറ്റം ഇന്ത്യയില്‍ കുത്തനെ കൂടുന്നു. ഡിസംബറിലെ ഇടപാടുകള്‍ എക്കാലത്തെയും ഉയരത്തിലെത്തി. 12.82 ലക്ഷം കോടി രൂപ മതിക്കുന്ന 782 കോടി ഇടപാടുകളാണ് ഡിസംബറില്‍ നടന്നത്. 12.11 ലക്ഷം കോടി രൂപ മതിക്കുന്ന 730 കോടി ഇടപാടുകള്‍ നടന്ന കഴിഞ്ഞ ഒക്ടോബറിലെ റെക്കാഡ് പഴങ്കഥയായി. 11.90 ലക്ഷം കോടി രൂപയായിരുന്നു നവംബറില്‍. ഡിസംബറില്‍ ഇടപാടുകളുടെ എണ്ണം നവംബറിനേക്കാള്‍ 7.12 ശതമാനവും ഇടപാട് മൂല്യം 7.73 ശതമാനവും ഉയര്‍ന്നുവെന്ന് ഡിജിറ്റല്‍ ഇടപാടുകളുടെ നിയന്ത്രണ ഏജന്‍സിയായ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. 2021ല്‍ ആകെ യു.പി.ഐ ഇടപാടുകള്‍ 3,800 കോടിയും മൂല്യം 71.54 ലക്ഷം കോടി രൂപയും ആയിരുന്നു. 2022ല്‍ ഇടപാടുകള്‍ 90 ശതമാനം മുന്നേറി 7,400 കോടിയായി. മൂല്യം 76 ശതമാനം വര്‍ദ്ധിച്ച് 125.94 ലക്ഷം കോടി രൂപയിലെത്തി.
◾കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായ മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രമുഖ പ്ലാറ്റ്ഫോം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രമിപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 13 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
◾ജെയിംസ് സ്ട്രൗസ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രമായ 'ലവ് എഗെയ്നി'ല്‍ നായിക പ്രിയങ്കാ ചോപ്രയാണ്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'ലവ് എഗെയ്ന്‍ എന്ന പുതിയ ചിത്രത്തില്‍ നിന്നുള്ള പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമാണ് 'ലവ് എഗെയ്ന്‍'. ആന്‍ഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
◾അയോണിക്ക് 5 ഇലക്ട്രിക് ക്രോസ്ഓവറിന്റെ വില 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രഖ്യാപിക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യ. 2022 ഡിസംബറില്‍ കമ്പനി ഇന്ത്യ-സ്പെക്ക് അയോണിക്ക് 5 പ്രദര്‍ശിപ്പിച്ചിരുന്നു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ ഇലക്ട്രിക് എസ്യുവി ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ഒരു ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. പുതിയ ഹ്യുണ്ടായി അയോണിക്ക് 5 ഒരു കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ കിറ്റായി ഇന്ത്യയിലേക്ക് വരും. ഇന്ത്യയില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും. പുതിയ മോഡലിന് 45 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു. കൊറിയന്‍ വാഹന നിര്‍മ്മാതാവ് 2023 ഓട്ടോ എക്‌സ്‌പോയില്‍ അയോണിക് 6 ഇലക്ട്രിക് സെഡാനും പ്രദര്‍ശിപ്പിക്കും.
◾മലയാള ഭാഷയ്ക്ക് മുതല്‍ കൂട്ടായ ഈ പുസ്തകം ഈ തലമുറയിലെ കുട്ടികളുടെ മനസ്സുകളില്‍ അവരുടെയും ലോകത്തിന്റെയും സുന്ദരമായ ഭാവിക്കായി വിതയ്ക്കാനുള്ള വിത്തുകളുടെ പത്തായമാണ് തീര്‍ച്ച. 'ബുദ്ധവെളിച്ചം - കുട്ടികളുടെ ശ്രീ ബുദ്ധന്‍'. ഡോ. കെ ശ്രീകുമാര്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 1,425 രൂപ.
◾കണ്ണിനെ നേരിട്ട് ബാധിക്കുന്ന രോഗങ്ങള്‍ക്ക് പുറമേ മറ്റുചില രോഗങ്ങളും കാഴ്ചശക്തിയെ ബാധിക്കാറുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നമ്മുടെ കാഴ്ചശക്തിയെ ബാധിക്കാവുന്ന രോഗങ്ങളാണ്. ഈ രോഗങ്ങളുള്ളവര്‍ ആറ് മാസത്തിലൊരിക്കല്‍ കാഴ്ചപരിശോധന നടത്തുന്നത് കാഴ്ചയെ സംരക്ഷിക്കാന്‍ സഹായിക്കും. മാത്രമല്ല, രോഗം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ക്രമേണ കണ്ണിലെ ഞരമ്പുകളെ ബാധിക്കാനും ഇടയുണ്ട്. നേത്രരോഗവിദഗ്ധനെ കണ്ട് കണ്ണിന് വേണ്ട വ്യായാമങ്ങളും മനസിലാക്കുകയും അവ പിന്തുടരുകയും ചെയ്യേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിച്ചില്ലെങ്കില്‍ കാഴ്ചയെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ പരിചരണം നല്‍കിയും വേണ്ടത്ര പോഷകം ഉറപ്പാക്കിയും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം. രോഗങ്ങളില്ലെങ്കിലും നാല്പത് വയസിന് ശേഷം വര്‍ഷത്തിലൊരിക്കല്‍ വിശദമായ നേത്രപരിശോധന നടത്തുക.
*ശുഭദിനം*
*കവിത കണ്ണന്‍*
മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യക്കും സുബ്ബമ്മാള്‍ക്കും 1973ല്‍ ഒരു കുഞ്ഞ് പിറന്നു. നാലാം ക്ലാസ്സ് വരെ പഠിച്ച കറുപ്പയ്യ ടാറ്റാ എസ്റ്റേററിലെ ജോലിക്കാരനായിരുന്നു. സുബ്ബമ്മാള്‍ സ്‌കൂളില്‍ പോയിട്ടില്ല. എസ്റ്റേറ്റിലെ ലയത്തില്‍ കളിച്ചുവളര്‍ന്ന ആ കുട്ടി മറ്റു കുട്ടികളെ പോലെ തന്നെ അഞ്ചാം വയസ്സില്‍ ചോലമല ഡിവിഷനിലെ ഏകാധ്യാപകവിദ്യാലയത്തില്‍ ചേര്‍ന്നു. രണ്ടു ക്ലാസ്സ് റൂമുകളും, ഒരു മാഷും. തമിഴ് മീഡിയം. പല ക്ലാസ്സിലെ കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതിനാല്‍ ടെക്സ്റ്റ് ബുക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു സ്ലേറ്റും പെന്‍സിലുമായിരുന്നു ആകെയുള്ള പഠനോപകരണങ്ങള്‍. രണ്ടാം ക്ലാസ്സ് പാസ്സായപ്പോള്‍ കറുപ്പയ്യ മകനെ പെരിയവാറൈ സ്‌കൂളിലേക്കയച്ചു. അവിടെയും തമിഴില്‍ തന്നെയായിരുന്നു പഠനം. നാലാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ മൂന്നാര്‍ ലിറ്റില്‍ഫ്‌ളവര്‍ ഗേള്‍സ് സ്‌കൂളില്‍ ഒരു വര്‍ഷം. അഞ്ചാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്കുള്ള പഠനം ആ സ്‌കൂളില്‍ അവസാനിച്ചു. അധ്യാപകര്‍ ആ കുട്ടിയെ സൈനിക് സ്‌കൂള്‍ പരീക്ഷയെഴുതിച്ചു. അങ്ങനെ ഉദുമല്‍പേട്ട് അമരാവതി നഗര്‍ സൈനിക് സൂക്‌ളില്‍ അവന്‍ ആറാം ക്ലാസ്സില്‍ ചേര്‍ന്നു. തമിഴും മലയാളവും മാത്രം അറിയാവുന്ന ഒരു പയ്യന്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സൈനിക് സ്‌കൂളില്‍ എത്തിയപ്പോള്‍ ആദ്യത്തെ മൂന്ന് വര്‍ഷം അവന്‍ നന്നായി കഷ്ടപ്പെട്ടു. അന്ന് അവന്‍ ഇംഗ്ലീഷ് പഠിച്ചെടുക്കാന്‍ നടത്തിയ പ്രയത്‌നം പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി. കാലങ്ങള്‍ കടന്നുപോയി. 2012 മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു പുറത്തെ നെയിംപ്ലേറ്റില്‍ അന്നത്തെ ആ പയ്യന്റെ പേര് ഇങ്ങനെ എഴുതിയിരുന്നു. കെ. സേതുരാമന്‍ ഐ പി എസ്. തന്റെ അധ്യാപകന്‍ മനസ്സില്‍ പകര്‍ന്ന സ്വപ്നത്തിനായി നിരന്തര പരിശ്രമങ്ങള്‍. അങ്ങനെ 7-ാം തവണ സിവില്‍ സര്‍വ്വീസ്. 2003ലാണ് സേതുരാമന്‍ ഐ പി എസ് നേടുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി, കണ്ണൂര്‍ ഡി ഐ ജി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഈ പുതുവര്‍ഷത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറായി ചാര്‍ജെടുത്തു. ഏത് പ്രതിസന്ധിയിലും വഴിയിലുപേക്ഷിക്കാത്ത പ്രതീക്ഷ, നിരന്തര പ്രയത്‌നം മനസ്സില്‍ മുളപൊട്ടിയ സ്വപ്നത്തെ വളര്‍ന്ന് പന്തലിച്ച വടവൃക്ഷമാക്കിമാറ്റാന്‍ ഇവയൊന്നു മാത്രം മതി - ശുഭദിനം.
മീഡിയ 16