◾സംസ്ഥാനത്തെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇതുവരെ ലഭിച്ചത് 38,909 പരാതികള്‍. ഇന്നലെ മാത്രം പന്തീരായരിത്തിലേറെ പരാതികള്‍ ലഭിച്ചു. ഇതുവരെ പരിശോധന നടത്തി ബഫര്‍സോണില്‍നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശചെയ്തത് 2,919 പരാതികളില്‍ മാത്രമാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. കേസ് പരിഗണിക്കുന്നത് 11 നാണ്.
◾ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയോടു കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്നു പ്രഖ്യാപിച്ച് സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
◾സജി ചെറിയന്റെ വിവാദ പ്രസംഗത്തിന്റെ രേഖകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ സത്യപ്രതിജ്ഞക്കുശേഷമാണ് അതേവേദിയില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായി ഓര്‍മിച്ചത്.
◾സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 മുതല്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 വരെ. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓരോ വകുപ്പും പരമാവധി പരിപാടികള്‍ ഒരുക്കണം. ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അപവാദ പ്രചരണത്തിലുണ്ടായ മാനസിക പ്രയാസമാണ് കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തിനു കാരണമെന്നു മക്കള്‍ ഡിജിപിക്കു പരാതി നല്‍കി. കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ദുഷ്പ്രചരണം നടത്തിയതെന്നും മക്കളുടെ പരാതിയില്‍ പറയുന്നു.
◾കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ ആയിരത്തോളം ഹോട്ടലുകള്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കും. നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പ്പറേഷന്‍ ഹോട്ടലുകള്‍ക്കു നോട്ടീസ് നല്‍കിയതോടെയാണ് തീരുമാനം. വെള്ളക്കെട്ടിന് കാരണം കാനകളില്‍ കെട്ടിക്കിടക്കുന്ന ഹോട്ടല്‍ മാലിന്യമാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.
◾വീണ്ടും മന്ത്രിയാകാന്‍ അവസരം ലഭിച്ചതില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാന്‍. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികള്‍ ഉണ്ട്. ഇവ പൂര്‍ത്തിയാക്കും. താന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ നന്നായി സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
◾ഭരണഘടനയെ അവഹേളിച്ചതിനു പുറത്തു പോകേണ്ടിവന്ന ഒരു മന്ത്രിയെ വീണ്ടും മന്ത്രിയാക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. തിരുവനന്തപുരത്ത് ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾സജി ചെറിയാനെ മന്ത്രിയാക്കിയതോടെ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.
◾ഗാനരചയിതാവും കവിയുമായ ബീയാര്‍ പ്രസാദ് ചങ്ങനാശേരിയില്‍ അന്തരിച്ചു. 62 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങി നിരവധി സിനിമകളില്‍ പാട്ടെഴുതിയിട്ടുണ്ട്.
◾ശബരിമലയിലെ അരവണ പ്രസാദ നിര്‍മ്മാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്തതും കീടനാശിനിയുടെ അംശമുള്ളതുമായ ഏലയ്ക്കയാണെന്ന ആരോപണം കരാറുകാര്‍ തമ്മിലുള്ള മല്‍സരത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. പമ്പയിലെ ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഏലക്ക വാങ്ങുന്നത്. അദ്ദേഹം പറഞ്ഞു.
◾പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഓതറ എ എം എം സ്‌കൂളില്‍ നിന്നു കാണാതായ നാലു പെണ്‍കുട്ടികളില്‍ രണ്ടു പേരെ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിനെ കാണാന്‍ കൊച്ചിയിലേക്ക് പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. കാണാതായ മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
◾കാപ്പ ചുമത്തി മാവേലിക്കര കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ജയിലിനു മുന്നില്‍നിന്ന് ഓടി രക്ഷപ്പെട്ടു. കറ്റാനം ഭരണിക്കാവ് തെക്ക് മനീഷ് ഭവനം മനീഷ് (കാനി 19) ആണ് മാവേലിക്കര സബ് ജയിലിനു മുന്നില്‍നിന്ന് പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്. രാത്രി ഏഴരയോടെയാണ് സംഭവം.
◾വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ ബേപ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ബേപ്പൂര്‍ സ്വദേശി അശ്വിന്‍ വി മേനോനാണ് പിടിയിലായത്. ഒമ്പതര ലക്ഷം രൂപ തട്ടിയെന്ന കോട്ടയം സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്.
◾കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ നഗ്‌ന മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം ബാധിച്ചാണ് കേരളാപുരം സ്വദേശിനി ഉമാ പ്രസന്നന്‍ മരിച്ചതെന്നാണ് അഞ്ചല്‍ സ്വദേശിയായ യുവാവ് മൊഴി നല്‍കിയത്. ബീച്ചില്‍നിന്നു ലഭിച്ച യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വില്‍ക്കുകയായിരുന്നു ഉമയുടെ ജോലി.
◾അട്ടപ്പാടി മധുകൊലക്കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ അന്നത്തെ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി മജിസ്ട്രേറ്റ് എം രമേശനെ മണ്ണാര്‍ക്കാട് എസ് സി എസ്ടി വിചാരണ കോടതി വീണ്ടും വിസ്തരിച്ചു. മരണം പൊലീസ് കസ്റ്റഡിയിലാണോ എന്ന് തിരിച്ചറിയാനായിരുന്നു മജിസ്റ്റീരിയല്‍ അന്വേഷണം. മധുവിനെ മുക്കാലിയില്‍ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് അന്നു മധുവിന്റെ അമ്മയും സഹോദരിമാരും സഹോദരി ഭര്‍ത്താവും മൊഴി നല്‍കിയതെന്നും രമേശ് കോടതിയില്‍ പറഞ്ഞു.
◾എറണാകുളം കാലടി മറ്റൂരില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. മറ്റൂര്‍ വരയിലാന്‍ വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുനിതയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷൈജുവിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ബൈക്ക് അപകടത്തില്‍ കായംകുളം ചിറക്കടവം മുപ്പള്ളില്‍ സുരേഷിന്റെ മകന്‍ വിഷ്ണു (21) മരിച്ചു. താമരക്കുളത്തിനു സമീപം ആനയടിയില്‍ ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം.
◾തിരുവനന്തപുരത്തു പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന് താമരശേരി ചുരത്തില്‍ വെട്ടേറ്റു. വയനാട് കല്‍പ്പറ്റ മണിയംകോട് സാകേത് വീട്ടില്‍ ദിനേശ് കുമാറിന്റെ മകന്‍ സച്ചിനാണ് വെട്ടേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ സച്ചിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പാലക്കാട് വാളയാറിലാണ് സംഭവം. മീന്‍ വണ്ടിക്കുള്ളില്‍ 100 പാക്കറ്റുകളിലായിരുന്നു കഞ്ചാവ്. ആന്ധ്രയില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന തമിഴ്നാട്ടുകാരായ രണ്ടു പേരെ അറസ്റ്റു ചെയ്തു.
◾കോഴിക്കോട് നാദാപുരത്ത് കാട്ടുതേനീച്ചയുടെ കുത്തേറ്റ് പുത്തന്‍വീട്ടില്‍ സുദേവന്‍ (63) മരിച്ചു.
◾തമിഴ്നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഇ തിരുമകന്‍ ഇവേര അന്തരിച്ചു. 46 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യംമൂലം ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
◾മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റാരോപിതനെതിരേ 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന് എയര്‍ ഇന്ത്യ. നിയമനടപടികള്‍ക്കായി പരാതി പോലീസിനു കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍. 2022 നവംബറില്‍ ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തിലാണ് മൂത്രമൊഴിക്കല്‍ സംഭവമുണ്ടായത്.
◾ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ ഷര്‍ട്ട് അഴിപ്പിച്ചെന്ന് യുവഗായിക. സമൂഹമാധ്യമത്തിലൂടെയാണ് വിമാനത്താവളത്തില്‍ നേരിട്ട അനുഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ യുവതി വെളിപ്പെടുത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് ചെക്ക്പോയ്ന്റില്‍ നിര്‍ത്തിച്ചത് അപമാനകരമാണെന്നും അവര്‍ കുറിച്ചു.
◾ബലാല്‍സംഗക്കേസില്‍ തെളിവില്ലെന്നു കണ്ടു കുറ്റമുക്തനാക്കപ്പെട്ടയാള്‍ പതിനായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 666 ദിവസം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുറ്റമുക്തനാക്കപ്പെട്ട മുപ്പത്തഞ്ചുകാരനായ കാന്തിലാല്‍ ഭീല്‍ എന്നയാളാണു മധ്യപ്രദേശ് സര്‍ക്കാരിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജയില്‍വാസം കാരണം ലൈംഗികസുഖം അടക്കം ജീവിതത്തിലെ പ്രധാന അനുഭവങ്ങളെല്ലാം നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. കുറ്റാരോപണവും ജയില്‍വാസവും ഭാര്യയും മക്കളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തെ തകര്‍ത്തു. ഭക്ഷണവും വസ്ത്രവും വാങ്ങാന്‍ പണമില്ലാതെ അവര്‍ ക്ളേശിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
◾ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ പ്ലാസ്റ്റിക് ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍. യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിലെ ഡ്രമ്മിലാണ് വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടത്. 20 വയസ് പ്രായമുള്ള യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
◾ജമ്മു കാഷ്മീരിലെ രജൗരി ജില്ലയില്‍ ഹിന്ദു കുടുംബങ്ങള്‍ക്കു നേരെ ഭീകരാക്രമണം വര്‍ധിച്ചതിനാല്‍ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സിആര്‍പിഎഫിന്റെ 18 കമ്പനിയെ നിയോഗിക്കും. ഇതനുസരിച്ച് ഏകദേശം 1,800 ഉദ്യോഗസ്ഥരെക്കൂടി രജൗരിയില്‍ വിന്യസിക്കും.
◾അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതിക ശരീരം ഇന്നു സംസ്‌കരിക്കും. രാവിലെ ഒമ്പതരയ്ക്ക് ആരംഭിക്കുന്ന സംസ്‌കാര കര്‍മങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികനാകും. ഇന്ത്യയിലെ കര്‍ദിനാള്‍മാരും സിബിസിഐ പ്രസിഡന്റും സംസ്‌കാര കര്‍മങ്ങളില്‍ പങ്കെടുക്കും.
◾ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിനാണ് വിജയിച്ചത്. അതേസമയം രണ്ടാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് കാരണം.
◾2022ല്‍ താഴേക്കുപോയ പ്രാരംഭ ഓഹരിവില്പന വിപണി പുതുവര്‍ഷത്തില്‍ കരുത്തോടെ തിരിച്ചുവരവിനൊരുങ്ങുന്നു. ഐ.പി.ഒയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ അനുമതി ലഭിച്ച 59 കമ്പനികള്‍ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. ഇവ സംയുക്തമായി 88,640 കോടി രൂപ സമാഹരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ മറ്റ് 30 കമ്പനികള്‍ സെബിയുടെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇവ സംയുക്തമായി 51,215 കോടി സമാഹരിച്ചേക്കും. അനുമതി ലഭിക്കാനുള്ളവയില്‍ എട്ട് കമ്പനികള്‍ പുത്തന്‍ ടെക്‌നോളജി സ്ഥാപനങ്ങളാണ്. ഇവയുടെ ഐ.പി.യിലൂടെ പ്രതീക്ഷിക്കുന്നത് 29,000 കോടി രൂപയുടെ സമാഹരണം. സെബിയില്‍ നിന്നുള്ള നിലവിലെ കണക്കുപ്രകാരം 2023ല്‍ ഐ.പി.ഒ നടത്താന്‍ ഒരുങ്ങുന്നത് 89 കമ്പനികളാണെന്ന് പ്രൈം ഡേറ്റാബേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവ സംയുക്തമായി സമാഹരിക്കുക 1.39 ലക്ഷം കോടി രൂപയും. ഇത് റെക്കോഡായിരിക്കും. 2021ല്‍ 65 കമ്പനികള്‍ ചേര്‍ന്ന് സമാഹരിച്ച 1.31 ലക്ഷം കോടി രൂപയാണ് നിലവിലെ റെക്കോഡ്. 2022ലെ മൊത്തം ഐ.പി.ഒത്തുകയായ 59,412 കോടി രൂപയില്‍ 20,557 കോടി രൂപയും സമാഹരിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ എന്ന പെരുമയോടെ എല്‍.ഐ.സിയാണ്.
◾ദളപതി വിജയ് നായകനാകുന്ന ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രം വാരിസിന്റെ ട്രെയിലര്‍ എത്തി. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്. പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം ജനുവരി 12ന് പ്രദര്‍ശനത്തിന് എത്തും.
കോളിവുഡ് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സീസണ്‍ ആണ് ഇത്തവണത്തെ പൊങ്കല്‍. രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേസമയം എത്തും എന്നതാണ് അതിനു കാരണം. വിജയ് നായകനാവുന്ന വാരിസ്, അജിത്ത് കുമാര്‍ ചിത്രം തുനിവ് എന്നിവയാണ് പൊങ്കലിന് എത്തുന്ന ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും പൊങ്കലിന് എത്തും എന്നതല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് തുനിവിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം ജനുവരി 11 ന് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തും. വിജയ് ചിത്രം വാരിസിന്റെ ട്രെയ്ലര്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് തുനിവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014 ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിയത്. ജില്ലയും വീരവുമായിരുന്നു അന്നത്തെ ചിത്രങ്ങള്‍.
◾2022ലെ മൊത്തം വില്‍പ്പനയുടെ 26 ശതമാനവും ഡീസല്‍ മോഡലുകളാണെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. പ്രീമിയം എന്‍ഡ് എസ്യുവി വിപണിയില്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ് കമ്പനി സാക്ഷ്യം വഹിക്കുന്നത്. ഹ്യൂണ്ടായ് ക്രെറ്റ ഡീസല്‍ മൊത്തം വില്‍പ്പനയില്‍ 54 ശതമാനം സംഭാവന നല്‍കിയപ്പോള്‍, ടക്‌സണും അല്‍കാസറും യഥാക്രമം 72 ഉം 75 ഉം ശതമാനമാണ്. സബ്‌കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍, ഹ്യുണ്ടായ് വെന്യു ഡീസല്‍ 23 ശതമാനം മാത്രമാണ്. ഇടത്തരം എസ്യുവി വിഭാഗത്തില്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് 64 ശതമാനം സംഭാവനയുണ്ടെങ്കില്‍, 2021 സാമ്പത്തിക വര്‍ഷത്തില്‍ ഹൈ-എന്‍ഡ് എസ്യുവി വിപണിയില്‍ ഇത് 94 ശതമാനമാണ്. ഹ്യൂണ്ടായ്യുടെ വില്‍പ്പനയുടെ 45 ശതമാനവും 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങളില്‍ നിന്നാണെന്നും കമ്പനി വെളിപ്പെടുത്തി.
◾കഥകളുടെ അക്ഷയപാത്രമാണ്, തീരാഖനിയാണ് ഭാരതം. ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥകള്‍, നമ്മുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ടിബറ്റ് മുതലായ അയല്‍ദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ളവയാണ്. നന്മയും കാരുണ്യവും സഹജീവി സ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍ കുട്ടികളില്‍ അങ്കുരിപ്പിക്കുന്ന ഈ കഥകളിലെ ഗുണപാഠങ്ങള്‍ ജീവിതയാത്രയില്‍ അവര്‍ക്ക് ദീപസ്തംഭങ്ങളാകും. 'അക്ഷയ പാത്രം'. ശ്രീധരന്‍ എന്‍ ബല്ല. എച്ച്ആന്‍ഡ്സി ബുക്സ്. വില 85 രൂപ.
കഴുത്തുവേദനയ്ക്ക് പരിഹാരമായി ചൂട് അല്ലെങ്കില്‍ ഐസ് തെറാപ്പി. വീക്കം കുറയ്ക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. വേദനയുള്ളപ്പോള്‍ പെട്ടെന്നുള്ള ആശ്വാസത്തിനായി നിങ്ങള്‍ക്ക് ഒരു ചൂട് സഞ്ചി ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പോലും മികച്ച ഫലങ്ങള്‍ നല്‍കും. ഇതുപോലെ തന്നെ ഫലപ്രദമാണ് കോള്‍ഡ് തെറാപ്പിയും. ഇതാണ് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ ഏകദേശം 20 മിനിറ്റ് നേരം ഐസ് പായ്ക്ക് ഉപയോഗിക്കുക. കുറച്ച് ഐസ് ക്യൂബുകള്‍ എടുത്ത ശേഷം ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ് കഴുത്തിലെ വേദനയുള്ള ഭാഗങ്ങളില്‍ വെച്ചുകൊടുത്ത് വിശ്രമിക്കാം. കഴുത്തിലെ വേദനകള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം നിങ്ങള്‍ ദിവസവും വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യമുള്ളവരായി തുടരുക എന്നതാണ്. കഴുത്ത് വേദന മാത്രമല്ല, നിങ്ങളുടെ പൂര്‍ണ്ണമായ ശാരീരിക ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. തെറ്റായ ഇരിപ്പ് രീതികളും മറ്റും സ്വമേധയാ ഒഴിവാക്കാന്‍ യോഗ പോലുള്ള വ്യായാമ രീതികള്‍ നിങ്ങളെ സഹായിക്കും. കൂടുതല്‍ നേരം നിങ്ങള്‍ ഒരു ഇരിപ്പ് ഇരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും കുറയ്ക്കാനും ഇത് സഹായിക്കും. നിങ്ങള്‍ ദിവസത്തില്‍ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാനായി സമയം കണ്ടെത്തണം. കഴുത്ത് വേദന ഉണ്ടാക്കുന്നതിന് സമ്മര്‍ദ്ദവും ഒരു കാരണമാണ്. സ്വാഭാവികമായ രീതിയില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന വിദ്യകളായ ധ്യാനം, യോഗ എന്നിവ പരീക്ഷിക്കുക. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴുള്ള കഴുത്തുവേദനയ്ക്ക് ഉറങ്ങുമ്പോഴുള്ള നിങ്ങളുടെ പൊസിഷനില്‍ മാറ്റം വരുത്തുക. കൂടാതെ, കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുയോജ്യമായ തലയണകള്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് കൂടി പരിശോധിക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളും ഭാര്യയും വിവാഹമോചനത്തിന് കേസ് കൊടുത്തിട്ട് കുറെ കാലമായി. ഒരു തീരുമാനവും ആകാതെ വന്നപ്പോള്‍ അയാള്‍ വക്കീലിനോട് കാരണമന്വേഷിച്ചു. വക്കീല്‍ പറഞ്ഞു: ചെറിയ വഴക്കിന്റെ പേരിലൊന്നും വിവാഹമോചനം കിട്ടില്ല. അതിനുള്ള എളുപ്പമാര്‍ഗ്ഗം സ്വഭാവഹത്യയാണ്. വിവാഹേതരബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിങ്ങള് ഭാര്യയില്‍ ആരോപിക്കണം. അയാള്‍ പറഞ്ഞു: എന്റെ ഭാര്യ അങ്ങിനെയൊരു സ്ത്രീയല്ല. ഞങ്ങള്‍ തമ്മില്‍ ഒരു കാര്യത്തിലും ചേരില്ല എന്നത് മാത്രമാണ് പ്രശ്‌നം. വക്കീല്‍ വീണ്ടു ഉപദേശിച്ചു. ഞാന്‍ പറഞ്ഞത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, കുറച്ച് കഷ്ടപ്പെടാതെ ഈ ബന്ധം വേര്‍പെടില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു: എങ്കില്‍ ഇതിന്റെ പാതി കഷ്ടപ്പാട് മതി ഞങ്ങളുടെ ബന്ധം പിരിയാതിരിക്കാന്‍. വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, ചിന്തയില്‍ പോലും ഒരാള്‍ നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്കത് അലങ്കാരം മാത്രല്ല, ആത്മാംശമാണ്. തന്നോട് മാന്യമായി പെരുമാറുന്നവരോട് എല്ലാവരും അതേ രീതിയില്‍ പെരുമാറും. പക്ഷേ, അവഹേളിക്കുന്നവരോടും വിരുദ്ധ നിലപാട് പ്രകടിപ്പിക്കുന്നവരോടും നിലവാരത്തകര്‍ച്ചയില്ലാതെ പെരുമാറാന്‍ സാധിക്കുക എന്നത് വളരെ ചുരുക്കം ചിലര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. മാന്യതയുടെ മൂടുപടം അണിയുന്നവര്‍ അവര്‍ക്ക് അനുകൂല സാഹചര്യം വരുമ്പോള്‍ അത് അഴിഞ്ഞുവീഴാറുണ്ട്. എന്നാല്‍ അകകാമ്പില്‍ മാന്യതയുള്ളവര്‍ക്ക് മുറിവേറ്റാലും ഇറ്റുവീഴുന്ന ചോരത്തുള്ളിയില്‍ പോലും ആ മാന്യതയുടെ കണികകളുണ്ടാകും. അനുകൂലിക്കുന്നവരോട് മാത്രമല്ല, പ്രതികൂലിക്കുന്നവരോടും മാന്യതയോടെ പെരുമാറാന്‍ സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16