◾ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്ര. 3,570 കിലോമീറ്റര്‍ സഞ്ചരിച്ച പദയാത്ര ഇന്ത്യയിലെ ഏറ്റവും വലുതും ജനപങ്കാളിത്തവുമുള്ള യാത്രയായി. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രക്കു ഇന്നു കാഷ്മീരില്‍ സമാപനം. യാത്ര ഇന്നലെ ഉച്ചയോടെ സമാപിച്ചു. ഇന്നു ശ്രീനഗറില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാക്കളുടെ ഐക്യവേദിയായേക്കും. 13 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം ലഭിച്ചെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണു തനിക്കുണ്ടായതെന്നും രാഹുല്‍ഗാന്ധി കാഷ്മീരില്‍ പറഞ്ഞു. വിദ്വേഷത്തിനെതിരായ, സ്നേഹത്തിന്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോടു പറഞ്ഞത്. ജോഡോ യാത്രയുടെ ഫലം രാജ്യത്തിനു മുഴുവന്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.
◾രാജ്യതാല്‍പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്നതിനാലാണു സിപിഎം ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനല്ല, സംഘ പരിവാറിനെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുധാകരന്‍.
◾ബിബിസിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കാഷ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസി. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നും അനില്‍ കുറ്റപ്പെടുത്തി.
◾ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയും എത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾മുസ്ലീങ്ങള്‍ രാജ്യത്ത് വെല്ലുവിളികള്‍ നേരിടാത്തതിനു കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അതു നിലനിര്‍ത്താനാണ് ലീഗ് അടക്കമുള്ള ജനാധിപത്യ കക്ഷികളുടെ പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികള്‍ ഉണ്ടാകുന്നുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
◾ഒഡീഷയില്‍ പോലീസുകാരന്റെ വെടിയേറ്റ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. 61 വയസായിരുന്നു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാര്‍സുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ പൊതുപരിപാടിയില്‍
പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിനു വെടിയേറ്റത്. കാറില്‍നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്തുനിന്ന അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ടു റൗണ്ട് വെടിവയ്ക്കുകയായിരുന്നു. വെടിവച്ച എഎസ്ഐ ഗോപാല്‍ദാസിനെ കൈയോടെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കു മാനസികപ്രശ്നമുണ്ടെന്ന് ഭാര്യ ജയന്തി പറയുന്നു.
◾പിണറായി സര്‍ക്കാര്‍ ശ്രീലങ്കയുടേയും പാക്കിസ്ഥാന്റേയും പാതയിലാണ് കേരളത്തെ കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കു ഭരണകക്ഷിയേപ്പോലെ പ്രതിപക്ഷവും ഉത്തരവാദികളാണെന്നും സുരേന്ദ്രന്‍.
◾ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടത്തത്തിനും ട്രക്കിംഗിനും സൗകര്യമൊരുക്കും. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
◾ഷാര്‍ജയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 193 യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. രാത്രി എട്ടരയോടെയാണു സംഭവം.
◾തിരുവനന്തപുരം തിരുവല്ലം റേസിംഗ് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ്. അപകടത്തില്‍ ബൈക്കിടിച്ച വീട്ടമ്മ മരിച്ചിരുന്നു. അപകടത്തില്‍ കഴുത്ത് ഒടിഞ്ഞ അരവിന്ദ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
◾ഫോര്‍ട്ടുകൊച്ചിയില്‍ ഇരുചക്ര വാഹനം ഇടിച്ചുവീഴ്ത്തിയ എസ്ഐയുടെ കൈയൊടിഞ്ഞു. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെ അമിത വേഗതയില്‍ ഓടിച്ച ബൈക്ക് തടയാന്‍ ശ്രമിച്ചതിനിടെയാണ് അപകടമുണ്ടായത്. നിര്‍ത്താതെ പോയ ബൈക്കിനേയും യാത്രക്കാരേയും പോലീസ് തെരയുന്നു.
◾യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസില്‍ അയല്‍വാസിയും ഇളയച്ഛനുമായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വളരാട് സ്വദേശി കാരാപറമ്പില്‍ വേലായുധനെയാണ് (50) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വേലായുധന്‍ വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ഭാര്യയെയും മക്കളെയും ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
◾കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റു ചെയ്തത്.
◾ഗുരുവായൂരില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. ഒഡീഷ രാണിപഥ സ്വദേശി ഗണപതി കരണ്‍ ആണ് പിടിയിലായത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ക്കു വിറ്റിരുന്നത്.
◾സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി വളപ്പില്‍ പത്തൊമ്പതുകാരി മരിച്ചനിലയില്‍. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾നേര്യമംഗലം വാളറയില്‍ ഉടുമ്പിനെ കൊന്നുതിന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി. അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ ബാബു, മജേഷ്, മനോഹരന്‍ പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്.
◾ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ജീപ്പ് ഓടിച്ചിരുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശി മൈക്കിള്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു.
◾ഒഡീഷയില്‍ പോലീസുകാരന്റെ വെടിയേറ്റു കൊല്ലപ്പെട്ട ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് ഖനി മേഖലയിലെ ഗതാഗത വ്യവസായിയാണ്. കല്‍ക്കരി നീക്കത്തിനുള്ള ട്രക്ക് സര്‍വീസ് നടത്തുന്ന കമ്പനിയുടെ ഉടമയും കോടീശ്വരനുമാണ്. സ്വന്തം പേരില്‍ 34 കോടി രൂപയുടെ ആസ്തിയും 70 വാഹനങ്ങളും ഉണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂര്‍ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കി വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പാചകക്കാരന്‍ ആത്മഹത്യ ചെയ്തത സംഭവത്തില്‍ നവ ബാബുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
◾ലക്നോവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെ ലക്നോ വിമാനത്താവളത്തില്‍ത്തന്നെയാണ് ഇറക്കിയത്.
◾വിമാനയാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റു ചെയ്തു. നാഗ്പൂരില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്.
◾നഴ്സിംഗ് വിദ്യാര്‍ത്ഥി കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് അതിര്‍ത്തിയില്‍ കളിയാക്കാവിളയിലെ ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) മരിച്ചത്. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയാണ് സുമിത്രന്‍.
◾ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഏല്‍പ്പിച്ചതിനേക്കാള്‍ ഒരുപാടു ദൗത്യങ്ങള്‍ നിറവേറ്റിയ നയതന്ത്രജ്ഞനായിരുന്നു ഹനുമാന്‍. നയതന്ത്രത്തിന്റെയും ക്ഷമയുടെയും മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണന്‍. നിയമങ്ങള്‍ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇംഗ്ലീഷ് പുസ്തകമായ 'ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെന്‍ വേള്‍ഡി'ന്റെ മറാത്തി പരിഭാഷയായ 'ഭാരത് മാര്‍ഗി'ന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.
◾തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് 413 പേജുകളില്‍ മറുപടിയുമായി അദാനി എന്റര്‍പ്രൈസസ്. ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ 88 ചോദ്യങ്ങളില്‍ 68 നും അതത് കമ്പനികള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. ശേഷിച്ച 20 ല്‍ 16 എണ്ണം ഓഹരിയുടമകളുടെ വരുമാനത്തെക്കുറിച്ചാണ്. നാലു ചോദ്യങ്ങള്‍ അസംബന്ധമാണെന്നുമാണ് മറുപടിയില്‍ വിശദീകരിക്കുന്നത്.
◾പാക്കിസ്ഥാനിലെ മദ്രസയില്‍ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെട്ട് പാകിസ്ഥാനില്‍ 10 കുട്ടികള്‍ മരിച്ചു. ഖൈബര്‍ പഖ്തൂണ്‍വ പ്രവിശ്യയിലെ ടാണ്ടാ ഡാം തടാകത്തിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടക്ക് തുണയായത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി.
◾പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യന്‍ യുവനിര കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്.
◾ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. എന്നാല്‍ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്കും കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കാനായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ച് പരമ്പര സമനിലയിലായതോടെ ബുധനാഴ്ച നടക്കുന്ന മൂന്നാം ട്വന്റി20 മത്സരം പരമ്പരയുടെ ഫൈനലായി മാറി.
◾ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കരിയറിലെ പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഇതോടെ 22 ഗ്രാന്‍ഡ്സ്ലാം നേടിയ ജോക്കോവിച്ചിന് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സാധിച്ചു.
◾അറ്റാദായത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി എസ്ബിഐ കാര്‍ഡ്സ് ആന്റ് പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡ്. മൂന്നാം പാദഫലങ്ങള്‍ പുറത്തുവന്നതോടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അറ്റാദായം 32 ശതമാനം ഉയര്‍ന്ന് 509 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 386 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. ഇത്തവണ അവലോകന പാദത്തിലെ അറ്റ പലിശ വരുമാനത്തിലും നേട്ടമുണ്ടാക്കാന്‍ എസ്ബിഐ കാര്‍ഡ്സിന് സാധിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,273 കോടി രൂപയില്‍ നിന്ന് 26.39 ശതമാനം വര്‍ദ്ധനവോടെ 1,609 കോടിയായാണ് ഉയര്‍ന്നത്. എസ്ബിഐ കാര്‍ഡ്‌സിന്റെ മൊത്തം വരുമാനം 3,656 കോടി രൂപയാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം, മൊത്തം പ്രവര്‍ത്തന ചെലവ് മുന്‍ പാദത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ദ്ധനവോടെ 1,974 കോടി രൂപയായിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ അറ്റനിഷ്‌ക്രിയ ആസ്തികള്‍ 0.80 ശതമാനമായി കുറഞ്ഞെങ്കിലും, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 2.40 ശതമാനമായാണ് ഉയര്‍ന്നത്. ഇത്തവണ കിട്ടാക്കടങ്ങളുടെ നിരക്ക് കുറഞ്ഞത് നേട്ടമായിട്ടുണ്ട്.
◾സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. 'മുത്തേ ഇന്നെന്‍ കണ്ണില്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ഇഫ്തി സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരവിന്ദ് വോണുഗോപാല്‍ ആണ്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദിത്യന്‍ ചന്ദ്രശേഖറും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. 'ചന്ദ്രിക' എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് നിരഞ്ജന അനൂപാണ്. തന്‍വി റാം, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിക്കും പ്രധാന്യമുള്ള ഒന്നായിരിക്കും എന്നാണ് വിലയിരുത്തല്‍.
◾കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ചാവേര്‍' എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ ടീസര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. അടിമുടി സസ്പെന്‍സ് നിറച്ചാണ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേര്‍. നേരത്തേ, തിയേറ്ററുകളില്‍ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾ലക്‌സസിന്റെ ഹൈബ്രിഡ് എസ്യുവി സ്വന്തമാക്കി യുവ നടന്‍ ബാലു വര്‍ഗീസ്. പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിതരണക്കാരായ റോഡ് വേയ്‌സില്‍ നിന്നാണ് താരം ലെക്സസ് എന്‍എക്സ് 300 എച്ച് സ്വന്തമാക്കിയത്. പുതിയ മോഡല്‍ എന്‍എക്സ് 350 എച്ച് എത്തിയതോടെ 2021ല്‍ എന്‍എക്സ് 300 എച്ചിനെ ലക്സസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ആഡംബരവും കരുത്തും ഒരുപോലെ ചേര്‍ന്ന എസ്യുവിയാണ് എന്‍എക്സ് 300 എച്ച്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറുമാണ് വാഹനത്തില്‍. 194 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വൊറും 9.2 സെക്കന്‍ഡ് മാത്രം മതി. ഏകദേശം 63 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.
◾പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരന്‍ നായര്‍ വൈദ്യജീവിതത്തിലെ വിസ്മയാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. മനുഷ്യമസ്തിഷ്‌കത്തിന്റെ അറിയപ്പെടാത്ത കൗതുകങ്ങളിലൂടെയുള്ള ഒരു ന്യൂറോളജിസ്റ്റിന്റെ സഞ്ചാരം. ഒരു ഡോക്ടറുടെ വിസ്മയകരമായ ചികിത്സാനുഭവങ്ങള്‍. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങള്‍ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു. 'ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി'. ഡോ കെ രാജശേഖരന്‍ നായര്‍. മനോരമ ബുക്സ്. വില 218 രൂപ.
◾ഇടയ്ക്കിടെയുള്ള നടുവേദനയും പുറം വേദനയും അനുഭവിക്കാത്തവര്‍ ഇന്ന് വിരളം. കൂടുതല്‍ സമയവും മൊബൈലിലും കംപ്യൂട്ടറിലും ഉള്ള ഇരിപ്പു തന്നെയാണ് ഇതിന് കാരണം. മറ്റു പല കാരണങ്ങളാലും നടുവേദന അനുഭവിക്കുന്നവരുമുണ്ട്. സിസേറിയന്‍, തെറ്റായ രീതിയില്‍ ഉറങ്ങുക, ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുക തുടങ്ങിയ കാരണങ്ങളാലും നടുവേദന ഉണ്ടാകാം. മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നവരിലും മുതുകിലും നടുവിനും വേദന അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരമായി നടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം കിട്ടുന്ന ചില കാര്യങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. മുതുകിലും നടുവിനും വേദനയുണ്ടെങ്കില്‍ മസാജ് ചെയ്താല്‍ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും. വളരെ പതുക്കെ കെകള്‍ കൊണ്ട് മാത്രം ഈ മസാജ് ചെയ്യുക. അമിതമായ സമ്മര്‍ദ്ദത്തില്‍ മസാജ് ചെയ്യുന്നത് വേദന കൂടുതല്‍ വര്‍ദ്ധിപ്പിക്കും. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നത് നടുവേദനയ്ക്കും പുറം വേദനയ്ക്കും കാരണമാകും. ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ദിവസവും സ്ട്രെച്ച് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ വേദനയ്ക്ക് ഒരുപാട് ആശ്വാസം ലഭിക്കും. മാത്രമല്ല, പേശികളിലെ വഴക്കം നിലനില്‍ക്കാനും ഇതിലൂടെ സഹായകമാകും. പ്രായം കൂടുന്തോറുമാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നത്. കാല്‍സ്യത്തിന്റെ കുറവും നടുവേദനയ്ക്ക് കാരണമാകാം. ഇതൊഴിവാക്കാന്‍ ദിവസവും വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ കൈകള്‍, തോളുകള്‍, പുറം, കഴുത്ത് എന്നിവയുടെ പേശികള്‍ ശക്തമാകുകയും വേദനകളില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യതും. കുനിഞ്ഞ് നിന്ന് ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക. കൂടുതല്‍ നേരം കസേരയില്‍ ഇരിക്കേണ്ടി വന്നാല്‍ ഇടയ്ക്ക് സ്ഥാനം മാറി ഇരിക്കുകയോ എഴുന്നേറ്റ് നില്‍ക്കുകയോ ചെയ്യാം. ജോലി ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ നടുഭാഗം നേരെ വെച്ച് ഇരിക്കണം, വളഞ്ഞോ കുനിഞ്ഞോ ഇരിക്കരുത്. നടുവേദനയും പുറം വേദനയും ഉണ്ടാകുമ്പോള്‍ ഭക്ഷണത്തില്‍ കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുക. നടുവേദനയും നടുവേദനയും ഉണ്ടാകുമ്പോള്‍ എപ്പോഴും കട്ടിയുളള മെത്തയിലോ കട്ടിലിലോ കിടന്നുറങ്ങുക.
*ശുഭദിനം*