*പ്രഭാത വാർത്തകൾ*2023 | ജനുവരി 3 | ചൊവ്വ |

◾സജി ചെറിയാന്റെ മന്ത്രിസ്ഥാനം അനിശ്ചിതാവസ്ഥയില്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. സമയമെടുത്ത് തീരുമാനമെടുത്താല്‍ മതിയെന്ന് ഗവര്‍ണര്‍ക്കു നിയമോപദേശം. ഭരണഘടനയെ അവഹേളിച്ചെന്നു മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടതിനാലാണ് രാജിവയ്പിച്ചത്. തെളിവില്ലെന്നു പോലീസ് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കോടതി കുറ്റമുക്തനാക്കിയിട്ടില്ലെന്നാണു ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. നാളെ സത്യപ്രതിജ്ഞ നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

◾ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പ്രായപരിധി വരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്നു പുതിയ കരടു നിയമം. വാതുവയ്പ് അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

◾പട്ടയഭൂമിയില്‍ പാറമട നടത്തുന്നതു സംബന്ധിച്ച കേസിലെ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി മുപ്പതിലേക്കു മാറ്റി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ക്വാറി ഉടമകള്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണ് കേസ് മാറ്റിയത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തു ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നിയമ ഭേദഗതി കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു.

◾കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഭൂമിയില്‍ അടയാളപ്പെടുത്തിയത് കര്‍ണാടകത്തിന്റെ ബഫര്‍സോണ്‍ അടയാളപ്പെടുത്തലല്ലെന്നു സ്ഥിരീകരിച്ചു. അടയാളപ്പെടുത്താന്‍ പയ്യാവൂരില്‍ എത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ കളക്ടറേറ്റില്‍ എഡിഎമ്മിനു മുന്നില്‍ ഹാജരാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ധാതു സമ്പത്തിനെ കുറിച്ച് പഠിക്കാന്‍ മുംബൈയില്‍നിന്ന് എത്തിയ സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരാണെന്ന് ഇവര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ സര്‍വേ നടത്തിയതാണ് ആശങ്കയ്ക്കിടയാക്കിയത്.

◾സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം. എല്ലാ ഓഫീസുകളിലും പഞ്ചിംഗിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ നാളെയാണു പഞ്ചിംഗ് നടപ്പാക്കുക.  

◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്നു തിരശീല ഉയരും. ജേതാക്കളാകുന്ന ജില്ലയ്ക്കു സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പിന് ആവേശോജ്വലമായ സ്വീകരണമാണ് കോഴിക്കോടു ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ 24 വേദികളില്‍ 239 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പതിനാലായിരം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആശാ ശരത് മുഖ്യാതിഥിയാകും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ ഈയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.  

◾ഡോ. അലക്സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍, യുഎഇ വ്യവസായി സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍, ഫെഡ്എക്സ് സിഇഒ രാജേഷ് സുബ്രഹ്‌മണ്യം എന്നിവരടക്കം 27 പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം. ഈ മാസം പത്തിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

◾ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ തുടരുമെന്ന സര്‍ക്കാര്‍ ഉത്തരവു പിന്‍വലിച്ചു. ഡിസംബറിലെ റേഷന്‍ വിതരണം അവസാനിപ്പിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പുതുക്കിയതിനാലാണ് ഡിസംബറിലെ വിതരണം വേഗം അവസാനിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

◾കണ്ണൂര്‍ എസ്എന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രാര്‍ത്ഥനാ ഗാനമായി ശ്രീനാരായണ കീര്‍ത്തനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടെയുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും ചെയ്തു. മുഖ്യമന്ത്രി ശ്രീനാരായണ കീര്‍ത്തനത്തേയും ഗുരുവിനെയും അപമാനിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. എന്തിനാണ് ഇത്ര ധാര്‍ഷ്ട്യമെന്നും സുധാകരന്‍ ചോദിച്ചു.

◾ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. എം.കെ രാഘവന്‍ എംപിയും ഒപ്പമുണ്ടായിരുന്നു. ജര്‍മ്മനിയിലെ ചികിത്സ കഴിഞ്ഞ് ഇന്നലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ ജഗതിയിലെ വീട്ടിലെത്തിയാണ് തരൂര്‍ കണ്ടത്.

◾കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കു മാര്‍ത്തോമ സഭയുടെ വേദിയിലേക്കും ക്ഷണം. ഫെബ്രുവരി 18 ന് മാരാമണ്‍ കണ്‍വന്‍ഷന്റെ യുവവേദിയിലാണ് തരൂര്‍ സംസാരിക്കുക. മാര്‍ത്തോമ സഭ യുവജന സഖ്യമാണ് ശശി തരൂരിനെ ക്ഷണിച്ചത്. എന്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയില്‍ പ്രസംഗിച്ചതിനു പിറകേയാണ് മറ്റൊരു സാമുദായിക വേദിയില്‍കൂടി ശശി തരൂര്‍ എത്തുന്നത്.

◾നോട്ടു നിരോധനം ശരിവച്ച സുപ്രീം കോടതി വിധിയില്‍ പ്രത്യേകതയില്ലെന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് റദ്ദാക്കിയതുമൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി. 15 ലക്ഷം കോടി രൂപയുടെ വരുമാനം ഇല്ലാതായി. 52 ദിവസം സമയം നല്‍കിയെന്ന വാദം അസംബന്ധമാണെന്നും തോമസ് ഐസക്.

◾ബിജെപിയുമായി രഹസ്യമായി ബന്ധമുണ്ടാക്കുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നയാളാണു മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബന്ധമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ചത് ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പണ കേസ് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചതുകൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.

◾യുവ സംവിധായിക നയന സൂര്യന്റെ മരണത്തെക്കുറിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ദിനില്‍ അന്വേഷിക്കും. മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. 2019 ഫെബ്രുവരി 24 ന് തിരുവനന്തപുരത്തെ വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ശബരിമലയില്‍ മാളികപ്പുറത്തിനടുത്ത് കതിന നിറയ്ക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു പേരെയും സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തില്‍ പ്രതി തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് (22) അറസ്റ്റിലായി. മോഷണ ശ്രമത്തിനിടെയാണു കൊല നടത്തിയത്. രാജനെ പ്രതി പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും പൊലീസ് വ്യക്തമാക്കി.

◾ആലപ്പുഴ ചാരുംമൂട്ടില്‍ കള്ളനോട്ടു പിടിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റുു ചെയ്തു. തമിഴ്നാട് സ്വദേശി തിരുവനന്തപുരം തമ്പാനൂര്‍ രാജാജി നഗറില്‍ താമസിക്കുന്ന രത്തിനം ബാബു (46) വിനെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ മുഖ്യപ്രതി ഷംനാദിന്റെ അടുത്ത സഹായിയാണ് രത്തിനം ബാബു.

◾ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. ഹോട്ടലില്‍നിന്നു വാങ്ങിക്കഴിച്ച അല്‍ഫാമില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണു റിപ്പോര്‍ട്ട്.

◾വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനു വെല്‍ഡിംഗ് ചെയ്യുന്നതിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലം നെടിയാനിക്കല്‍ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം.

◾തൃശൂര്‍ ചേലക്കരയിലെ ബാറില്‍ യുവാവിനെ ബിയര്‍ കുപ്പികൊണ്ടു തലയ്ക്കടിച്ച സൈനികന്‍ അറസ്റ്റില്‍. ചേലക്കര പുലാക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്.

◾കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന അഞ്ചേകാല്‍ കിലോഗ്രാം തിമംഗല ചര്‍ദ്ദിയുമായി ഒരാള്‍ പിടിയില്‍. തൃശൂര്‍ പേരമംഗലം താഴത്തുവളപ്പില്‍ ടി.പി. അനൂപ് (32 ) ആണ് പിടിയിലായത്.

◾ഒമ്പതു ദിവസം നിര്‍ത്തിവച്ചിരുന്ന ഭാരത് ജോഡോ യാത്ര ഇന്നു പുനരാരംഭിക്കും. അതിശൈത്യമുള്ള ഡല്‍ഹിയില്‍നിന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന യാത്ര ഉച്ചയോടെ ഹനുമാന്‍ മന്ദിര്‍, ലോണി ബോര്‍ഡല്‍ വഴി ഉത്തര്‍പ്രദേശിലേക്കു പ്രവേശിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ പങ്കെടുക്കണമെന്ന് എല്ലാ പ്രതിപക്ഷ നേതാക്കളേയും എഐസിസി ക്ഷണിച്ചിരുന്നു.

◾പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി പത്തിന് അവസാനിക്കും. ഇടവേളയ്ക്കുശേഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് ആറിന് ആരംഭിക്കും.

◾പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ബോംബിനു സമാനമായ സ്ഫോടകവസ്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നിര്‍വീര്യമാക്കി. ഹരിയാന മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഇവിടെ നിന്ന് വലിയ ദൂരമില്ല. ഒരു കുഴല്‍ക്കിണര്‍ പണിക്കാരനാണ് ഹെലിപാഡിനടുത്തുള്ള മാവിന്‍തോട്ടത്തില്‍ സ്ഫോടകവസ്തു കണ്ടത്. ഉടനേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസിനു പുറമേ, സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾മത്സ്യ ബന്ധനത്തിനിടെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ബ്രിട്ടീഷ് അധീനതയിലുള്ള സലോമന്‍ ദ്വീപില്‍ അകപ്പെട്ട തമിഴ്നാട്ടുകാരായ 14 മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് ബോട്ട് രക്ഷപ്പെടുത്തി വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിനു കൈമാറി. തമിഴ്നാട് തേങ്ങാപട്ടണത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ തമിഴ്നാട് സ്വദേശി വര്‍ഗീസിന്റെ ക്രിഷമോള്‍ എന്ന ബോട്ടും അതിലെ ഉടമ അടക്കമുള്ള 14 മത്സ്യത്തൊഴിലാളികളുമാണ് എന്‍ജിന്‍ തകരാര്‍മൂലം കടലില്‍ കുടുങ്ങിയത്.

◾ഡല്‍ഹിയില്‍ കാറിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ സുല്‍ത്താന്‍ പുരി പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. സ്ത്രീകള്‍ അടക്കമുള്ളവരാണ് സമരത്തിനെത്തിയത്. പൊലീസ് വാഹനം തടഞ്ഞിടുകയും ചെയ്തു. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെങ്കിലും നീതി നടപ്പാക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

◾നോട്ടു നിരോധനത്തിനെതിരേ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. സുപ്രീം കോടതി നോട്ടു നിരോധനത്തെ ശരിവച്ചതോടെയാണ് ബിജെപിയുടെ ആവശ്യം.

◾2023 ല്‍ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജീവ. കഴിഞ്ഞ വര്‍ഷം അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും ചൈനയിലും ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുമെന്ന് അവര്‍ പറഞ്ഞു.

◾സൗദി അറേബ്യയില്‍ കനത്ത മഴ. ജിദ്ദ നഗരത്തിലെ അടിപ്പാതകള്‍ അടച്ചു. വ്യാഴാഴ്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മഴ കനത്തത്.

◾ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ ഈ മാസം 5 നും 7നുമാണ്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഇന്നത്തെ മത്സരം. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നവരില്ലാതെ ഇറങ്ങുന്ന ടീം ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

◾ഇന്ത്യയുടെ കാപ്പി കയറ്റുമതി 2022 ല്‍ 1.66 ശതമാനം ഉയര്‍ന്ന് 4 ലക്ഷം ടണ്ണായി. ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതി വര്‍ധനയാണ് ഇതിന് പ്രധാന പങ്ക് വഹിച്ചതെന്ന് കോഫീ ബോര്‍ഡ് അറിയിച്ചു. 2021 ല്‍ 3.93 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കാപ്പി കയറ്റുമതി മുന്‍വര്‍ഷത്തെ 6,984.67 കോടിയില്‍ നിന്ന് 2022ല്‍ 8,762.47 കോടി രൂപയായി ഉയര്‍ന്നു. ഇന്‍സ്റ്റന്റ് കാപ്പിക്ക് പുറമെ റോബസ്റ്റ, അറബിക്ക ഇനങ്ങളും ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്. ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം റോബസ്റ്റ കാപ്പിയുടെ കയറ്റുമതി മുന്‍വര്‍ഷത്തെ 2,20,997 ടണ്ണില്‍ നിന്ന് 2022ല്‍ 2,20,974 ടണ്ണായി കുറഞ്ഞു. അറബിക്കയുടെ കയറ്റുമതി 11.43 ശതമാനം ഇടിഞ്ഞ് 50,292 ടണ്ണില്‍ നിന്ന് 44,542 ടണ്ണായി. എന്നാല്‍ ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 29,819 ടണ്ണില്‍ നിന്ന് 2022 ല്‍ 16.73 ശതമാനം വര്‍ധിച്ച് 35,810 ടണ്ണായി. 2022ല്‍ ഏകദേശം 99,513 ടണ്‍ കാപ്പി വീണ്ടും കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇത് 92,235 ടണ്ണായിരുന്നു. മുന്‍ വര്‍ഷം ഒരു ടണ്ണിന് 1,77,406 രൂപയായിരുന്നത് ഇന്ന് 2,18,923 രൂപയായി ഉയര്‍ന്നു. ഇറ്റലി, ജര്‍മ്മനി, റഷ്യ എന്നിവയാണ് ഇന്ത്യന്‍ കാപ്പിയുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങള്‍. ഏഷ്യയിലെ കാപ്പിയുടെ മൂന്നാമത്തെ വലിയ ഉത്പാദകരും കയറ്റുമതിക്കാരുമാണ് ഇന്ത്യ.

◾ഇതിഹാസ പ്രണയ കഥയായ 'ശാകുന്തളം' സിനിമയാകുന്നു. ശകുന്തളയാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും പ്രഖ്യാപിച്ചെങ്കിലും ഒടുവില്‍ നറുക്ക് വീണത് ദേവ് മോഹനായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും. ശാകുന്തളം 3ഡിയില്‍ എത്തിക്കാനായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവച്ചത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ഗുണശേഖറാണ് സംവിധാനം ചെയ്യുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. ചിത്രത്തില്‍ മധുബാല, മോഹന്‍ ബാബു, സച്ചിന്‍ ഖേദ്ക്കര്‍, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, കബീര്‍ ബേദി, അല്ലു അര്‍ഹ എന്നിവര്‍ അഭിനയിക്കുന്നു.

◾ജോജു ജോര്‍ജ് തന്റെ കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് 'ഇരട്ട'. ടൈറ്റില്‍ അന്വര്‍ഥമാക്കുന്ന തരത്തില്‍ ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സ്വഭാവത്തില്‍ വ്യത്യസ്തതകളുള്ള ഇരട്ടകളാണ് ജോജുവിന്റെ കഥാപാത്രങ്ങള്‍. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ്. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾പ്രീമിയം ബൈക്ക് ശ്രേണിയില്‍ എക്‌സ്പള്‍സിന്റെ പുതുപുത്തന്‍ 200ടി 4-വാല്‍വ് മോഡല്‍ ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കി. 1,25,726 രൂപയാണ് വില. രൂപകല്പനയിലും പെര്‍ഫോമന്‍സിലും പുതുമകളുമായാണ് പുത്തന്‍ എക്‌സ്പള്‍സ് എത്തുന്നത്. മികച്ച ട്യൂറിംഗ് കാര്യശേഷി ശ്രദ്ധേയമാണ്. ഉയര്‍ന്ന സാങ്കേതികവിദ്യയും കരുത്തായുണ്ട്. വാല്‍വ് ഓയില്‍ കൂള്‍ഡ് എന്‍ജിനോട് കൂടിയ പുതിയ ബൈക്കിന് ആറ് ശതമാനം അധിക കരുത്തും അഞ്ച് ശതമാനം അധിക ടോര്‍ക്കുമുണ്ട്. ഇത് ഉയര്‍ന്ന വേഗതയിലും ദിവസം മുഴുവന്‍ ആയാസരഹിതമായ റൈഡിംഗ് സാദ്ധ്യമാക്കുമെന്ന് ഹീറോ അവകാശപ്പെടുന്നു. മികച്ച ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ളൂടൂത്ത് കണക്റ്റിവിറ്റിയുള്ള എല്‍.സി.ഡി ഇന്‍സ്ട്രുമെന്റ് ക്ളസ്റ്റര്‍, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ സവിശേഷതകളുണ്ട്.

◾എത്രമേല്‍ വിപ്ലവാത്മകവും ചരിത്രോന്മുഖവുമായാലും മനുഷ്യവംശം എല്ലാ കാലത്തും ജീവിതത്തിന്റെ സകല തുറകളിലും അധികാരരാഷ്ട്രീയത്തിന്റെ ഇരകളായിട്ടാണ് അടയാളപ്പെടുത്തപ്പെടുന്നത്. ഈ സത്യം തിരിച്ചറിഞ്ഞ് ആവിഷ്‌കരിക്കുവാന്‍ ഒരെഴുത്തുകാരിക്ക് സാദ്ധ്യമാവുക എന്നത് ഇന്നത്തെ നിലയില്‍ ഒരു ചെറിയ കാര്യമല്ല. അധികാരജീര്‍ണ്ണതയുടെ ഇരകള്‍ എന്നുള്ള നിലയില്‍ മാത്രമേ ലോകത്തിലെവിടെയും മനുഷ്യവംശത്തിന് നിലനില്‍പ്പുള്ളൂ എന്ന വലിയ സത്യം നോവല്‍ പറയാതെ പറയുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങള്‍ വിന്യസിക്കപ്പെടുന്ന ശൈലിയും ക്രമവും അധികാരത്തിന്റെ ഈ സമാഹാരാത്മകതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധം മുതല്‍ വര്‍ത്തമാനകാലം വരെ നീണ്ടുകിടക്കുന്ന ഗ്രാമീണകേരളത്തിന്റെ അതിബൃഹത്തായ സാമൂഹികഭൂമികയില്‍ ലാളിത്യവും ഗഹനതയും ഒരേസമയം നിലനിര്‍ത്തി മനുഷ്യനെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. ജലജാ രാജീവിന്റെ ആദ്യനോവല്‍. 'അങ്ങനെയങ്ങനെ'. മാതൃഭൂമി ബുക്സ്. വില 351 രൂപ.

◾ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുക ഉറങ്ങുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ് കുടിക്കുന്നതായിരിക്കുമെന്ന് വിദഗ്ധര്‍. നിത്യേന ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കിയവരാണ് ഏറെയും. എന്നാല്‍ ഈ ശീലം നല്ലതല്ലെന്ന് പഠനം പറയുന്നു. ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലാക്‌റ്റേസ് എന്‍സൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളില്‍ പാല്‍ വളരെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ 5 വയസിനു മുകളില്‍ പ്രായമാകുമ്പോള്‍ ശരീരത്തില്‍ ലാക്‌റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോള്‍ ലാക്‌റ്റേസിന്റെ ഉത്പാദനം പൂജ്യമാകും. ലാക്‌റ്റേസ് എന്‍സൈം ഇല്ലെങ്കില്‍, പാല്‍ നേരിട്ട് വന്‍കുടലില്‍ എത്തുകയും ബാക്ടീരിയകള്‍ ദഹനത്തിന് കാരണമാകുകയും ചെയ്യും. നല്ല ഉറക്കം കിട്ടാനും മെലറ്റോണിന്‍ കൂട്ടാനും സെറോടോണിന്‍ പുറത്തുവിടുന്ന ട്രിപ്‌റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം ഏറ്റവും പ്രധാനമാണ്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇനി ദഹനപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കരുത്. രാത്രി ഭക്ഷണം കഴിച്ച ഉടനെ പാല്‍കുടിക്കുന്നതില്‍ പ്രശ്‌നമില്ല. രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് ഇന്‍സുലിന്‍ റിലീസ് ചെയ്യാനും കാരണമാകും. അതുകൊണ്ട് പാല്‍ കുടിക്കണമെങ്കില്‍ ഉറങ്ങാന്‍ പോകുന്നതിന് 2 മുതല്‍ 3 മണിക്കൂര്‍ മുമ്പ് കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഡോ. അഡോള്‍ഫ് ലോറന്‍സ് വിയന്നയിലെ പ്രശസ്തനായ ഡോക്ടര്‍ ആയിരുന്നു. രക്തം ഒട്ടും നഷ്ടപ്പെടുത്താതെ ശസ്ത്രക്രിയ നടത്തുന്നതില്‍ ആയിരുന്നു അയാള്‍ക്ക് വൈദഗ്ദ്യം. ഒരിക്കല്‍ ന്യുയോര്‍ക്കിലെ പ്രശസ്തമായ ആശുപത്രിയില്‍ കുറച്ചു നാളത്തേക്ക് ചികില്‍സിക്കാന്‍ അദ്ദേഹം എത്തി. അന്ന് വൈകുന്നേരം ജോഗിങ്ങിനായി പുറത്തേക്കു ഇറങ്ങി. ഒട്ടും പരിചിതമല്ലാത്ത സ്ഥലം. പെട്ടെന്നാണ് മഴ പെയ്തത്. അദ്ദേഹം അടുത്ത് കണ്ട വീടിന്റെ വാതിലില്‍ മുട്ടി. ആകെ നനഞ്ഞു നില്‍ക്കുന്ന അയാളെ കണ്ട് വാതില്‍ തുറന്ന സ്ത്രീ കുറെ ദേഷ്യപ്പെട്ടു. നിങ്ങള്‍ വേറെ ഏതെങ്കിലും വീട്ടിലേക്കു പോവുക. ഞങ്ങളെ ശല്യപ്പെടുത്താതെ.. അവര്‍ വാതില്‍ വലിച്ചടച്ചു. അയാളെ അന്വേഷിച്ചു ഹോസ്പിറ്റലില്‍ നിന്നും കാറുമായി രണ്ടുപേര്‍ എത്തി. അയാള്‍ ഹോസ്പിറ്റലിലേക്ക് തിരിച്ചു. പിറ്റേന്ന് പത്രത്തില്‍ പ്രസിദ്ധനായ ഡോക്ടര്‍ എത്തിയ വാര്‍ത്തയും ഫോട്ടോയും കണ്ട് ആ സ്ത്രീ സങ്കടം കൊണ്ട് വീണ്ടും കരഞ്ഞു. തന്റെ കുഞ്ഞിന്റെ അസുഖത്തിനു ഏത് ഡോക്ടര്‍ ആണോ ചികില്‍സിക്കാന്‍ ആഗ്രഹിച്ചിരുന്നത്. ആ ഡോക്ടറെ ആയിരുന്നു താന്‍ ഇന്നലെ ഇറക്കിവിട്ടത്. ഇന്നലെ അയാളെ അകത്തു കയറ്റിയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമാറിഞ്ഞേനെ. നമ്മുടെ മുന്നിലും ഇതുപോലെ ഓരോ ദിവസവും മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷേ നാം അതൊന്നും കാണുന്നതേ ഇല്ല. സഹായം ചെറുതോ വലുതോ എന്നുള്ളതല്ല, തക്കസമയത്ത് അത് നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. സഹായത്തിന്റെയും സേവനത്തിന്റെയും മാര്‍ഗ്ഗം മുന്നില്‍ തെളിഞ്ഞാല്‍ അത് ഒരിക്കലും നിഷേധിക്കരുത് കാരണം ഇതാണ് ഒരു മനുഷ്യനെ ഉല്‍കൃഷ്ടനാക്കുന്നത്. - ശുഭദിനം.
മീഡിയ 16 ന്യൂസ്‌