സംഘപരിവാര്‍ അധികാരത്തിന്റെ മറവില്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ തള്ളിപ്പറഞ്ഞവരുടെ പിന്മുറക്കാരാണ് രാജ്യത്തെ അധികാരം കൈയാളുന്നത്. പൗരത്വ നിയമം പോലുള്ളവയിലൂടെ ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘ പരിവാര്‍ ചിത്രീകരിക്കുന്നു. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
◾കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നല്‍കുന്ന ആദ്യത്തെ വാക്സിന്‍ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇന്‍കൊവാക് ആണ് മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില.
◾മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ ജപ്തിക്കു വിധേയരാകുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ. ഒരു പ്രമാണിക്കും ചിരിക്കാന്‍ അവസരം നല്‍കില്ല. എല്ലാവരെയും സംരക്ഷിക്കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.
◾പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
◾ഗവര്‍ണര്‍ ആരിഫ് മുഹ്‌മദ് ഖാന്‍ ഒരുക്കിയ റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമില്‍ പങ്കെടുക്കാതെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് പറയുന്നത്. മന്ത്രിയോടുള്ള പ്രീതി പിന്‍വലിച്ചെന്ന് മാസങ്ങള്‍ക്കു മുമ്പ് ഗവര്‍ണര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി വിരുന്നില്‍ പങ്കെടുത്തു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എന്നിവരും പങ്കെടുത്തു. മറ്റു മന്ത്രിമാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനു വിവിധ ജില്ലകളിലായതിനാല്‍ പങ്കെടുത്തില്ല.
◾കോട്ടയം കഞ്ഞിക്കുഴിയില്‍ വ്യാജ മദ്യ നിര്‍മാണ യൂണിറ്റ്. 70 ലിറ്റര്‍ വ്യാജ മദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം മദ്യവുമായി പിടിയിലായ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ തിരുവന്തപുരം കോലിയക്കോട് ഉല്ലാസ് നഗര്‍ സ്വദേശി ബിനു അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജമദ്യ നിര്‍മാണ യൂണിറ്റിനെക്കുറിച്ചു വിവരം ലഭിച്ചത്. ബിവറേജസ് കോര്‍പറേഷനില്‍നിന്നു വാങ്ങി മറിച്ചുവില്‍ക്കുകയാണെന്നായിരുന്നു എക്സൈസ് ആദ്യം കരുതിയത്.
◾നെയ്യാറ്റിന്‍കരയില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്പെന്‍ഡു ചെയ്തു. തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്പെന്‍ഡ് ചെയ്തത്.
◾റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവര്‍ ഗുരുവായൂരില്‍ എത്തിയത്.
◾ബിബസി ഡോക്യുമെന്ററിയുടെ നെടുമങ്ങാട്ടെ പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമിച്ച 16 ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം.
◾ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നിരവധി പേരെ കൊന്ന കാട്ടാനാകളെ പിടികൂടാന്‍ ശുപാര്‍ശ നല്‍കുമെന്ന് വനംവകുപ്പ്. വനംവകുപ്പ് വാച്ചര്‍ ശക്തിവേലിനെ കാട്ടാന കൊന്നതില്‍ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധ സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്. നാലു മണിക്കൂറിനു ശേഷമാണ് കൊച്ചി -ധനുഷ്‌കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.
◾കൊച്ചി ചേരാനെല്ലൂരില്‍ ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫല്‍, മുണ്ടക്കയം സ്വദേശിനി അപര്‍ണ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
◾ആലപ്പുഴ ആറാട്ടുപുഴയില്‍ അസാധാരണമായ കടലാക്രമണം. നിരവധി വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡുകള്‍ പലയിടത്തും വെള്ളത്തിനടിയിലായി. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പള്ളിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കല്‍, പെരുമ്പള്ളി, രാമഞ്ചേരി, എം.ഇ.എസ്. ജങ്ഷന്‍ എന്നിവിടങ്ങളിലാണ് കടലാക്രമണം ദുരിതമായത്.
◾കോട്ടയം തീക്കോയി മാര്‍മല അരുവി കാണാനെത്തി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്റ(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ഐഐഐ ഐടിയിലെ എട്ടു പേരാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്.
◾ആലപ്പുഴ നൂറനാട് ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പ്രണവ് (27) പിടിയിലായി. അവശയായ യുവതി മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം തൃപ്രങ്ങോട് സ്വദേശിയായ ചോലായി നദീറിനെ (26)യാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾മുലായം സിംഗ് യാദവിന് പത്മവിഭൂഷണല്ല, പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയാണ് സമ്മാനിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയുടെ നേതാവ് സ്വാമി പ്രസാദ് മൗര്യ. കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണു ചെയ്തതെന്നും മൗരസ്യ പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്താന്‍ നേതൃത്വം നല്‍കിയതിനു കരുതല്‍ തടങ്കലിലാക്കിയ വിദ്യാര്‍ത്ഥികളെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളേയും വിട്ടയച്ചു. എസ്എഫ്ഐ , എന്‍എസ് യുഐ സംഘടനകളിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
◾ജെഎന്‍യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ദേശീയ പതാക ഏന്തിയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ക്യാമ്പസിലെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോളേജ് അധികൃതരുടെയും പൊലീസിന്റെയും നടപടിക്കും എതിരെയാണ് പ്രതിഷേധം.
◾വിഷ പാമ്പിനെ കഴുത്തിലിട്ടു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് 32 വയസുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢി മരിച്ചത്. ഇയാളുടെ ജ്യൂസ് കടയില്‍ പാമ്പുകളുമായി എത്തിയ പാമ്പാട്ടിയുടെ വാക്കു വിശ്വസിച്ചാണ് പാമ്പിനെ കഴുത്തിലണിഞ്ഞു ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്.
◾ഒഡീഷയിലെ ഗഞ്ചാം ജില്ലയില്‍ നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
◾അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്ചന്ദ്ര പാല്‍ എന്നയാളാണ് മകന്റെ പ്രായമുള്ള പുരുഷനുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.
◾റഷ്യയില്‍നിന്ന് യുക്രൈനിലേക്കു മിസൈലാക്രമണവും ഡ്രോണ്‍ സ്ഫോടനങ്ങളും. രാജ്യമെമ്പാടും വ്യോമാക്രമണ സൈറണുകള്‍ ഉയര്‍ന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുക്രൈനിലേക്ക് നിരവധി യുദ്ധ ടാങ്കുകള്‍ അയക്കുമെന്ന് ബുധനാഴ്ച ജര്‍മ്മനിയും അമേരിക്കയും പ്രഖ്യാപിച്ചതിനു പിറകേയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.
◾സ്വവര്‍ഗരതിയെ കുറ്റമാക്കുന്ന നിയമങ്ങള്‍ അനീതിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭിന്നലിംഗക്കാരേയും സ്വവര്‍ഗ രതിക്കാരും അടക്കമുള്ള എല്ലാ മക്കളെയും ദൈവം സ്നേഹിക്കുന്നു. അവരുടെ കുറ്റംകൊണ്ടല്ല അവര്‍ അങ്ങനെയായത്. അവരെ അകറ്റി നിര്‍ത്തരുതെന്നും കത്തോലിക്കാ ബിഷപ്പുമാരോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു
◾പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങള്‍ നടത്തിയതെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെട്ടു.
◾ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് ഏകദിന ബോളര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്. ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് എന്നിവരെ പിന്നിലാക്കിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്.
◾വനിതാ ഐ.പി.എല്‍ ടീമുകളെ സ്വന്തമാക്കാന്‍ കോടികള്‍ വാരിയെറിഞ്ഞ് ഇന്ത്യന്‍ കമ്പനികള്‍. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്നൗ എന്നീ അഞ്ച് ടീമുകളാണ് പ്രഥമ വനിതാ ഐ.പി.എല്ലില്‍ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ 1,289 കോടി രൂപ മുടക്കി അദാനി സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയപ്പോള്‍ മുംബൈ ഫ്രാഞ്ചൈസിയെ 912.99 കോടി രൂപ മുടക്കി മുകേഷ് അംബാനിയുടെ വിന്‍ സ്പോര്‍ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയത്. ബെംഗളൂരു ഫ്രാഞ്ചൈസിയെ 901 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ഫ്രാഞ്ചൈസിയെ 810 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമകളും ലഖ്നൗ ഫ്രാഞ്ചൈസിയെ 757 കോടി രൂപയ്ക്ക് കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡും സ്വന്തമാക്കി. പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫ്രാഞ്ചൈസി വില്‍പനയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മൊത്തം നേടിയെടുത്തത് 4670 കോടി രൂപയാണ്.
◾ന്യൂസിലാണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും സ്വന്തമാക്കാനായി ഇന്ത്യ ഇന്ന് റാഞ്ചിയിലിറങ്ങും. വൈകീട്ട് ഏഴുമണി മുതലാണ് മത്സരം. ജനുവരി 29 ന് രണ്ടാമത്തേയും ഫെബ്രുവരി 1 ന് മൂന്നാമത്തേയും ടി20 മത്സരം നടക്കും.
◾കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ തെരഞ്ഞെടുത്തു. ഏറ്റവും മികച്ച ഏകകദിന താരമായി തിരഞ്ഞെടുത്തത് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബാബര്‍ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ആണ് മികച്ച ടി20 താരം.
◾ഇന്ത്യയുടെ സാനിയ മിര്‍സ -രോഹന്‍ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മിക്സ്ഡ് ഡബിള്‍സിന്റെ ഫൈനലില്‍. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങുന്ന ഫൈനലില്‍ സാനിയയും ബൊപ്പണ്ണയും ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തെ നേരിടും.
◾സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ സെമി ഫൈനലില്‍. സെമിയില്‍ യുഎസ് താരം ടോമി പോള്‍ ആണ് എതിരാളി. റഷ്യന്‍ താരം കാരന്‍ ഖാച്ചനോവും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍.
◾വനിതകളുടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ റിബക്കിന-സബലെങ്ക പോരാട്ടം. സെമിയില്‍ വിക്ടോറിയ അസറെങ്കയെ തോല്‍പിച്ചാണ് കസാഖിസ്ഥാന്‍ താരം എലേന റിബാക്കിന ഫൈനലിനെത്തിയത്. മാഗ്ഡ ലിനറ്റിനെ പരാജയപ്പെടുത്തിയാണ് ബെലാറസ് താരമായ അറീന സബലെങ്ക ഫൈനലിലെത്തിയത്. കലാശപ്പോരാട്ടം നാളെ നടക്കും.
◾നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന് 2958 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം 1,516.14 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. ഇക്കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 22.51 ശതമാനം ഉയര്‍ന്ന് 88,488.59 കോടി രൂപയായി. ടാറ്റ മോട്ടോഴ്‌സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വരുമാനം 28 ശതമാനം ഉയര്‍ന്ന് 6 ബില്യണ്‍ യൂറോയിലെത്തി. മുന്‍വര്‍ഷം 9 മില്യണ്‍ യൂറോയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി ഇത്തവണ 265 മില്യണ്‍ യൂറോയുടെ ലാഭമാണ് നേടിയത്. കൊമേഴ്‌സ്യല്‍ വാഹന സെഗ്മെന്റില്‍ ടാറ്റയുടെ വരുമാനം 16,900 കോടിയാണ്. 11,700 കോടിയുടെ വരുമാനമാണ് പാസഞ്ചര്‍ വാഹന വില്‍പ്പനയിലൂടെ നേടിയത്.
◾ദിലീഷ് പോത്തന്‍ കന്നഡ ചിത്രത്തില്‍ അഭിനയിക്കുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പെഡ്രോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നടേഷ് ഹെഗ്‌ഡെയുടെ 'വാഘച്ചിപാനി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ വാഘച്ചിപാനി എന്ന ഗ്രാമത്തിന്റെ പേരിലുള്ളതാണ് ചിത്രം. തിരക്കഥ നടേഷിന്റേതാണ്. രാജ് ബി. ഷെട്ടിയും ഗോപാല്‍ ഹെഗ്‌ഡെയും വാഘച്ചിപാനിയില്‍ അഭിനയിക്കുന്നുണ്ട്. പെഡ്രോയുടെ ഭാഗമായിരുന്നു ഇരുവരും. ഋഷഭ് ഷെട്ടി ഫിലിംസാണ് വാഘച്ചിപാനി നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ കാപ്പ ആണ് ദിലീഷ് പോത്തന്‍ അഭിനയിച്ച അവസാന ചിത്രം. അതേസമയം ദിലീഷ് പോത്തന്‍ നിര്‍മ്മാണ പങ്കാളിയായ ഭാവന സ്റ്റുഡിയോസിന്റെ തങ്കം തിയേറ്ററുകളിലെത്തി.
◾ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ആറ് സംവിധായകര്‍ ഒരുമിക്കുന്ന സിരീസ് വരുന്നു. 'വണ്‍ നേഷന്‍' എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്റെ പ്രഖ്യാപനം റിപബ്ലിക് ദിനത്തില്‍ നടന്നു. വിവേക് അഗ്നിഹോത്രി, പ്രിയദര്‍ശന്‍, ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹറ, സഞ്ജയ് പൂരന്‍ സിംഹ് ചൌഹാന്‍ എന്നിവരാണ് സംവിധായകര്‍. ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ഒരൊറ്റ രാജ്യമായി നിലനിര്‍ത്താന്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജീവിതം സമര്‍പ്പിച്ച അറിയപ്പെടാത്ത നായകരുടെ കഥകള്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍ പറയും, എന്നാണ് ആറ് സംവിധായകരുടെ ചിത്രത്തിനൊപ്പം വിവേക് അഗ്നിഹോത്രി കുറിച്ചിരിക്കുന്നത്.
◾ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതി സുസുകി 2022 ഡിസംബറില്‍ വിറ്റത് 1,12,010 കാറുകള്‍. ജനപ്രിയ മോഡലുകളില്‍ 16,932 എണ്ണം വിറ്റുകൊണ്ട് മാരുതി ബലേനോയാണ് ഏറ്റവും മുന്നിലുള്ളത്. വില്‍പനയില്‍ മുന്നിലുള്ള രണ്ടാമത്തെ മോഡല്‍ എര്‍ട്ടിഗ എംപിവിയാണ്. വില്‍പനയില്‍ മൂന്നാമതുള്ള കാര്‍ മാരുതി സുസുക്കി സ്വിഫ്റ്റാണ്. പട്ടികയില്‍ നാലാമതെത്തിയ ഡിസയറിന്റെ വില്‍പന 2021നെ അപേക്ഷിച്ച് കൂടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വിറ്റ മോഡലുകളില്‍ അഞ്ചാമതാണ് ബ്രസ എസ്യുവി. മാരുതി ഈക്കോ വാനാണ് പട്ടികയില്‍ അടുത്തതായി വരുന്നത്. പതിനായിരം കടന്ന മറ്റൊരു മാരുതി മോഡലാണ് വാഗണ്‍ ആര്‍. അടുത്തിടെ പുറത്തിറങ്ങിയ ഗ്രാന്‍ഡ് വിറ്റാരയുടെ 6171 കാറുകള്‍ 2022 ഡിസംബര്‍ മാസം മാത്രം വിറ്റിട്ടുണ്ട്. ഇഗ്നിസ് മൈക്രോ എസ്.യു.വി 63 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി. വില്‍പന മെച്ചപ്പെടുത്തിയ മോഡലുകളില്‍ എക്‌സ്എല്‍6ഉം ഉള്‍പ്പെടുന്നുണ്ട്. 1,154 സിയാസും 1,117 എസ് പ്രസോയും 1,090 സെലേറിയോകളും ഇക്കാലയളവില്‍ മാരുതി സുസുകി ഇന്ത്യന്‍ വിപണിയില്‍ വില്‍പന നടത്തി.
◾വാക്കിന്റെയും ചിന്തയുടെയും ദാര്‍ശിക ജീവിതമയി മലയാളിയെ സ്വാധീനിച്ച പി.കെ അനില്‍ കുമാര്‍ താന്‍ ജീവിച്ച ലഹരിയുടെ പ്രചണ്ഢമായ ഭൂതകാലത്തെയും അവിടെ നിന്ന് താന്‍ നീന്തികയറിയ പുതിയ ജീവിതത്തിന്റെ നക്ഷത്രേന്ദ്രിയങ്ങളെയും തുറന്ന് വയ്ക്കുകയാണിവിടെ. 'ലഹരി കൊണ്ട് മുറിവേറ്റവന്റെ കുമ്പസാരം'. ഹരിതം ബുക്സ്. വില 161 രൂപ.
◾വിയര്‍പ്പുഗന്ധം പലരുടേയും പ്രശ്നമാണ്. ചില സ്വാഭാവിക വഴികളിലൂടെ വിയര്‍പ്പുനാറ്റത്തെ പ്രതിരോധിക്കാം. ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തില്‍ ജലാംശം നിലനിറുത്തി വിയര്‍പ്പിന്റെ ദുര്‍ഗന്ധമകറ്റും. അമിത മദ്യപാനം ശരീരത്തില്‍ അഡ്രിനാലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും. കാപ്പിയും അഡ്രിനാലിന്‍ ഉത്പാദനം കൂട്ടുന്ന പാനീയമാണ്. വിയര്‍പ്പിന് ദുര്‍ഗന്ധമുള്ളവര്‍ അമിത മസാല, എരിവ് , വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാലും വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിച്ച് പ്രശ്നം പരിഹരിക്കാം. മാനസികസമ്മര്‍ദ്ദം അമിത വിയര്‍പ്പിന് കാരണമാകുന്നുണ്ട്. അതിനാല്‍ മാനസികോന്മേഷം നിലനിറുത്തുക. ചിലതരം മരുന്നുകളുടെ ഉപയോഗം വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാക്കും. സുഖപ്രദമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പുനാറ്റത്തെ ഒരു പരിധി വരെ തടയും. സ്ലീവ്ലെസ്സ് ആയ വസ്ത്രങ്ങള്‍ വിയര്‍പ്പുഗന്ധത്തെ വര്‍ധിപ്പിക്കും. ഒരിക്കല്‍ ധരിച്ച വസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം മാത്രം പിന്നീട് ധരിക്കുക. അനാവശ്യമായ രോമങ്ങള്‍ നീക്കം ചെയ്യുന്നത് വിയര്‍പ്പുഗന്ധം കുറയ്ക്കാന്‍ സഹായിക്കും. സള്‍ഫര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് വിയര്‍പ്പുഗന്ധത്തിന് പ്രധാനമായും കാരണമാകുന്നത്. സവാള, വെളുത്തുള്ളി തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ഉപയോഗിച്ചാലും വിയര്‍പ്പുഗന്ധമുണ്ടാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
സ്‌കൂളിലെ നിലവിലുള്ള ടീച്ചര്‍ നീണ്ട അവധിയെടുത്ത് പോയ ഒഴിവിലേക്കാണ് പുതിയ ടീച്ചര്‍ പകരക്കാരിയായി വന്നത്. ക്ലാസ്സിലെത്തിയ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ ഒന്ന് പരിചയപ്പെടുകയും അവരുടെ പഠനനിലവാരം അളക്കാമെന്ന ലക്ഷ്യവുമായി പാഠഭാഗം വിശദീകരിക്കാന്‍ തുടങ്ങി. കുട്ടികളോടായി ഒരു ചോദ്യം ചോദിച്ചു. ക്ലാസ്സിന്റെ മധ്യഭാഗത്ത് അശ്രദ്ധമായി തല ചെരിച്ചുവെച്ച് ഇരിക്കുന്ന കുട്ടിയോടായിരുന്നു ടീച്ചറുടെ ചോദ്യം. അല്പം പരുങ്ങലോടെ അവന്‍ എഴുന്നേറ്റ് നിന്നു. പുതിയ ടീച്ചറേയും ടീച്ചറുടെ ചോദ്യത്തേയും അവന്‍ പരിഭ്രമത്തോടെ നേരിട്ടു. അവന്റെ പരിഭ്രമം കണ്ട് ക്ലാസ്സിലെ കുട്ടികള്‍ മുഴുന്‍ ചിരിക്കാന്‍ തുടങ്ങി. കുട്ടികളുടെ ചിരിയുടെ രഹസ്യം ടീച്ചര്‍ തിരിച്ചറിഞ്ഞു. താന്‍ ചോദ്യം ചോദിച്ചത് ക്ലാസ്സിലെ മണ്ടനായ ഒരു കുട്ടിയോടായിരുന്നുവെന്ന് ടീച്ചര്‍ തിരിച്ചറിഞ്ഞു. അന്ന് ക്ലാസ്സ് അവസാനിച്ചപ്പോള്‍ അവനോടൊഴികെ എല്ലാവരോടും പുറത്തേക്ക് പോകുവാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. എന്നിട്ട് അവന്റെ കയ്യില്‍ ഒരു വരി കവിതയും അതിന്റെ അര്‍ത്ഥവും എഴുതികൊടുത്തിട്ട് പിറ്റേ ദിവസം പഠിച്ചുകൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഇത് മറ്റാരോടും പറയരുതെന്നും ടീച്ചര്‍ പറഞ്ഞു. പിറ്റേ ദിവസം ഈ കവിതയും അര്‍ത്ഥവും ബോര്‍ഡില്‍ എഴുതുകയും അതിനെ കുറിച്ച് വിശദീകരിച്ചശേഷം അത് മായ്ചു കളയുകയും ചെയ്തു. എന്നിട്ട് ആര്‍ക്കെങ്കിലും ഇപ്പോള്‍ എഴുതിയ കവിതയും അര്‍ത്ഥവും പറയാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. പരസ്പരം നോക്കുകയല്ലാതെ ആരും അതിന് ഉത്തരം പറഞ്ഞില്ല. അപ്പോഴാണ് മധ്യത്തിലെ ബഞ്ചില്‍ നിന്ന് അവന്‍ പതുക്കെ പരിഭ്രമത്തോടെ എഴുന്നേറ്റ് നിന്നത്. ടീച്ചര്‍ അവനോട് കവിതയും അര്‍ത്ഥവും പറയുവാന്‍ ആവശ്യപ്പെട്ടു. അവന്‍ ആ കവിതയും അര്‍ത്ഥവും പറയുകയും ചെയ്തു. കുട്ടികള്‍ അമ്പരന്നു. കാരണം ഇതുവരെ ഒരു ചോദ്യത്തിന് പോലും അവന്‍ ഉത്തരം പറഞ്ഞ് അവര്‍ കണ്ടിട്ടേയില്ല. ടീച്ചര്‍ അവനെ അടുത്ത് വിളിച്ച് ഒരു പേന സമ്മാനമായി നല്‍കുകയും അവനെ പ്രശംസിക്കുകയും മറ്റുകുട്ടികളോട് അവന് വേണ്ടി കയ്യടിക്കാന്‍ പറയുകയും ചെയ്തു. ഇത് പോലെയുള്ള വ്യത്യസ്തരീതികള്‍ ടീച്ചര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇത് അവനില്‍ മാറ്റങ്ങളുണ്ടാക്കി. തനിക്ക് പാഠങ്ങള്‍ നന്നായി പഠിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണര്‍ന്നു. സഹപാഠികളുടേയും അധ്യാപകരുടേയും പ്രശംസകള്‍ അവനെ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. അവന്‍ ക്ലാസ്സില്‍ ഒന്നാമതായി, സ്‌കൂളില്‍ ഒന്നാമതായി. ഉപരിപഠനത്തിലും ഉന്നതവിജയം നേടി. വര്‍ഷങ്ങള്‍കഴിഞ്ഞ് ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലയുടെ അധിപനായി അയാള്‍ നിയോഗിക്കപ്പെട്ടു. സര്‍വ്വകലാശാലയിലെ ആദ്യ ശമ്പളം ലഭിച്ചപ്പോള്‍ അയാളുടെ മുന്നില്‍ ടീച്ചറുടെ മുഖം തെളിഞ്ഞു. ടീച്ചറെ അന്വേഷിച്ച് കണ്ടെത്തി, അന്നത്തെ ആ കുട്ടിയെ കണ്ടപ്പോള്‍ വിശ്രമജീവിതം നയിച്ചിരുന്ന ടീച്ചര്‍ക്കും അത്ഭുതമായി. അന്ന് തന്ന പേനയ്ക്ക്പകരം അയാള്‍ തന്റെ ആദ്യ ശമ്പളം ടീച്ചറുടെ കയ്യില്‍ വെച്ചുകൊടുത്തു. തന്നെ താനാക്കിയതിനുള്ള ഉപഹാരം...! ജീവിത സാഹചര്യങ്ങളാണ് പലരെയും തരം താഴ്ത്തുന്നതും ഉന്നതനാക്കുന്നതും . അത് തിരിച്ചറിഞ്ഞ് അര്‍ഹമായ പരിഗണന നല്‍കി പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മള്‍ ഓരോരുത്തരും യഥാര്‍ത്ഥ രക്ഷിതാക്കളും അധ്യാപകരുമായി മാറുന്നത് - ശുഭദിനം.
മീഡിയ 16