◾രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നവംബറില്‍ എട്ടു ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ 10.09 ശതമാനമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
◾ഒരു സമുദായത്തിന് ഒറ്റയ്ക്ക് ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടത്. മുജാഹിദ്ദീന്‍ വേദിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
◾ഫോര്‍ട്ട് കൊച്ചിയിലെ പുതുവല്‍സരാഘോഷത്തിനിടെ തിരക്കിലകപ്പെട്ട് അവശതയിലായ ഇരുന്നൂറോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അഞ്ചു ലക്ഷത്തോളം പേര്‍ പുതുവല്‍സരാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണു റിപ്പോര്‍ട്ട്. കൊച്ചിന്‍ കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചശേഷം ജനം പിരിഞ്ഞുപോകവേയാണ് പോലീസുകാര്‍ ഉള്‍പെടെയുള്ളവര്‍ തിക്കിലും തിരക്കിലുംപെട്ടു വലഞ്ഞത്.
◾പുതുവത്സരത്തിനു കേരളത്തില്‍ വിറ്റത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം പുതുവത്സരദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് വിറ്റത്. 1.12 കോടി രൂപയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ മദ്യശാലയാണ് ഒന്നാം സ്ഥാനത്ത്.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിനു ഇന്ന് കോഴിക്കോട് വരവേല്‍പ്. മുന്‍വര്‍ഷത്തെ ജേതാക്കളായ പാലക്കാടുനിന്ന് ഘോഷയാത്രയായാണ് സ്വര്‍ണക്കപ്പ് എത്തിക്കുക. ജില്ലാതിര്‍ത്തിയായ രാമനാട്ടുകരയില്‍ കപ്പ് ഏറ്റുവാങ്ങും. ഒരാഴ്ച നീളുന്ന കലോല്‍സവത്തിനു നാളെ തിരശീല ഉയരും.
◾സോളാര്‍ കേസില്‍ ആശങ്കയില്ലായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെളിവുകളില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിനെ കുറിച്ച് നീതിബോധമുള്ള ജനങ്ങള്‍ ചിന്തിക്കും. പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയ സര്‍ക്കാര്‍ നടപടിയോടു പരിഭവമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
◾ശബരിമല ളാഹയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്കു പരിക്ക്. പമ്പയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവര്‍ക്കു പെരുനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
◾എംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച വരുത്തിയതിനു സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളില്‍നിന്ന് നീക്കി. 10 ദിവസത്തിനകം ഫണ്ട് സമാഹരണം നടത്തണമെന്ന് സംസ്ഥാന കമ്മിറ്റി അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.
◾പത്തനംതിട്ട മല്ലപ്പള്ളിയില്‍ മാമോദിസ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച 74 പേര്‍ക്കു ഭക്ഷ്യവിഷബാധ. കീഴ് വായ്പൂര്‍ സ്വദേശി റോജിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയും ഉണ്ടായത്.
◾മഡ്ഗാവ് -എറണാകുളം എക്സ്പ്രസില്‍ തീപിടുത്തം. കര്‍ണ്ണാടകത്തില്‍ രാത്രി പത്തരയോടെ എസ് ടു ബോഗിയുടെ അടിഭാഗത്താണ് തീപിടിച്ചത്. റെയില്‍വെ ജീവനക്കാര്‍ തീയണച്ചു. ആളപായമില്ല.
◾നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്‌കൂട്ടറിലടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. ആലപ്പുഴ എ. ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വിഷ്ണുദാസിനെയാണ് (32) അറസ്റ്റു ചെയ്തത്.
◾കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിനു സമീപമുണ്ടായ ബസ് അപകടത്തില്‍ വീട്ടമ്മ മരിച്ചു. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്.
◾വയനാട് മീനങ്ങാടി ടൗണില്‍ പൊലീസുകാര്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ചെന്ന് പരാതി. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസാണ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. പന്നിഫാം നടത്തുന്നതിന്റെ വൈരാഗ്യത്തിനാണു മര്‍ദിച്ചതെന്നാണു സിബി തോമസ് പറയുന്നത്.
◾അച്ഛന്റെ കൂട്ടുകാരനെന്ന വ്യാജേനെ വീട്ടിലേക്ക് അതിക്രമിച്ചു കയറി 13 വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന് അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. മണ്ണാര്‍ക്കാട് ചങ്ങലീരി പുത്തന്‍ പുരയില്‍ അബ്ദുല്‍ റഹ്‌മാനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
◾വാഗമണ്‍ പൈന്‍കാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകള്‍ക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു. അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള്‍ കത്തിനശിച്ചു.
◾ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ തെലുങ്കു ദേശം പാര്‍ട്ടി റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേര്‍ മരിച്ചു. അരി അടക്കമുള്ള കിറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് തിരക്കുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വേദി വിട്ടശേഷമാണ് അപകടം. നാലു ദിവസം മുമ്പും ടിഡിപി റാലിയില്‍ സമാനമായ ദുരന്തമുണ്ടായിരുന്നു.
◾ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ കാറിടിച്ചു ടയറില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു. തുണിയുരിഞ്ഞുപോയി നഗ്‌നമായ നിലയിലായ ഇരുപതുകാരിക്കു ദാരുണാന്ത്യം. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ പുലര്‍ച്ചെ മൂന്നരയോടെയാണു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേരും മദ്യലഹരിയിലായിരുന്നെന്നു പോലീസ്. അമന്‍ വിഹാര്‍ സ്വദേശിനിയാണു മരിച്ചത്.
◾മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ തീപ്പൊരി പ്രഭാഷകയും നേതാവുമായ ഉമാ ഭാരതി. രാമന്റേയും ഹനുമാന്റേയും പേറ്റന്റ് ബിജെപിക്കല്ലെന്നും ബ്രിട്ടീഷുകാരുടെ കാലത്തും ജനങ്ങളുടെ മനസില്‍ രാമനും ഹനുമാനും ഉണ്ടായിരുന്നുവെന്നും ഉമാഭാരതി പറഞ്ഞു.
◾രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതു തടയാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ സ്പീക്കര്‍ക്കു മൂന്നു മാസം മുമ്പു നല്‍കിയ രാജിക്കത്തുകള്‍ പിന്‍വലിച്ചു. രാജി സ്പീക്കര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് രാജിക്കത്തെല്ലാം പിന്‍വലിച്ചത്.
◾അമ്പതു ദിവസംകൊണ്ട് 27 നദികളിലൂടെ 3,200 കിലോമീറ്റര്‍ ആഡംബര നദീ സവാരി പദ്ധതിയുമായി ഇന്ത്യ. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബരര നദീജല സവാരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്ന് ആസാമിലെ ദിബ്രുഗഡ് വരയെള്ള യാത്രയില്‍ ബംഗ്ലാദേശിലെ റിവര്‍ ക്രൂസിലൂടേയും സഞ്ചരിക്കും. യാത്രാമധ്യേ, ചരിത്ര സ്മാരകങ്ങളിലും വിനോദ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തും.
◾പുതുവല്‍സരാഘോഷത്തിനിടെ കൂട്ടത്തല്ല്. സ്ത്രീകളോടൊത്തു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ തടഞ്ഞതോടെയാണ് ഉന്തും തള്ളും കൂട്ടത്തല്ലുമായത്. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പുതുവര്‍ഷാഘോഷത്തിനിടെയാണ് പുതുവല്‍സരത്തല്ല് നടന്നത്. കൂട്ടത്തല്ലിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
◾ഡല്‍ഹിയില്‍ വൃദ്ധ സദനത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. ഗ്രേറ്റര്‍ കൈലാഷ് മേഖലയിലെ കെട്ടിടത്തില്‍നിന്ന് 13 പേരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
◾ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാര്‍ മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 84 വയസായിരുന്നു.
◾ജമ്മു കാഷ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മൂന്നു പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിലാണ് സംഭവം.
◾അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതിക ശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നു മുതല്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ കല്ലറയില്‍ സംസ്‌കരിക്കും.
◾ബുദ്ധമതത്തെ ഇല്ലാതാക്കാന്‍ ചൈന കഴിയാവുന്നതെല്ലാം ചെയ്തെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതേയുള്ളൂവെന്ന് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. മാര്‍ച്ച് മാസത്തില്‍ പത്മസംഭവ പ്രതിമ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതിനെ പരാമര്‍ശിച്ചാണ് ഈ വിമര്‍ശനം.
◾സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ട്വിറ്ററില്‍ ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിട്ടു. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു പണിമുടക്കിയവരെയാണു പിരിച്ചുവിട്ടത്. ട്വിറ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലെ ടോയ്ലറ്റുകളില്‍ ടോയ്ലറ്റ് പേപ്പര്‍ വാങ്ങാനുള്ള തുകപോലും കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് അനുവദിക്കുന്നില്ലെന്നാണ് ആരോപണം.
◾ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് കേരളം. സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനേയും രണ്ടാം മത്സരത്തില്‍ ബിഹാറിനേയും കേരളം തോല്‍പ്പിച്ചിരുന്നു.
◾ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഭാഗമാവാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടിക തയ്യാറാക്കി ബിസിസിഐ. 20 താരങ്ങളുടെ പേരുകളാണ് ലിസ്റ്റിലുള്ളത്. എന്നാല്‍ താരങ്ങള്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. അതേ സമയം താരങ്ങളുടെ ഫിറ്റ്‌നെസ് തെളിയിക്കാന്‍ യോ-യോ ടെസ്റ്റ് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് ബിസിസിഐ. യോ-യോ ടെസ്റ്റ് ജയിച്ചാല്‍ മാത്രമേ, ടീമില്‍ ഉള്‍പ്പെടുത്തൂ. എല്ലുകളുടെ സ്‌കാനിംഗായ ഡെക്‌സയും ജയിക്കണം. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം.
◾സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഗോതമ്പ് കയറ്റുമതി 29.29 ശതമാനം ഉയര്‍ന്ന് 1.50 ബില്യണ്‍ ഡോളറിലെത്തി. മേയില്‍ ഗോതമ്പ് കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചെങ്കിലും, ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചില കയറ്റുമതികള്‍ അനുവദിച്ചിട്ടുണ്ട്. 2022 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ബസുമതി അരി കയറ്റുമതി 39.26 ശതമാനം വര്‍ധിച്ച് 2.87 ബില്യണ്‍ ഡോളറിലെത്തി, അതേസമയം ബസുമതി ഇതര അരിയുടെ കയറ്റുമതി 5 ശതമാനത്തില്‍ നിന്ന് 4.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഗോതമ്പ് കയറ്റുമതി 2021 ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ 1,166 മില്യണ്‍ ഡോളറില്‍ നിന്ന് 2022 ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ 1508 മില്യണ്‍ ഡോളറായി ഉയര്‍ന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ എട്ട് മാസത്തിനുള്ളില്‍ ഗോതമ്പ് കയറ്റുമതി 29.29 ശതമാനം വര്‍ധിച്ചു. കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തെ എട്ട് മാസത്തിനുള്ളില്‍ 16 ശതമാനം ഉയര്‍ന്ന് 17.43 ബില്യണ്‍ ഡോളറായി.
◾മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'മലൈക്കോട്ടൈ വാലിബനി'ല്‍ തമിഴിലെ സൂപ്പര്‍ താരം എത്തുന്നുവെന്ന ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. 2023ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ അതിഥി വേഷത്തിലാകും കമല്‍ ഹാസന്‍ എത്തുക. 2009ല്‍ പുറത്തിറങ്ങിയ 'ഉന്നൈ പോലൊരുവന്‍' എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വില്ലന്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്. ഗുസ്തിക്കാരനായ 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രമായാകും മോഹന്‍ലാല്‍ വേഷമിടുക.
◾രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രം 'ആനിമലി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. രക്തം പുരണ്ട് കയ്യില്‍ ഒരു കോടാലിയുമായി നില്‍ക്കുന്നതാണ് രണ്‍ബിര്‍ കപൂറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ആനിമല്‍' പ്രദര്‍ശനത്തിന് എത്തുന്നത്. നായികാ വേഷത്തില്‍ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു.
◾2022 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാരുതി സുസുക്കി നെഗറ്റീവ് വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 123,016 യൂണിറ്റുകളില്‍ നിന്ന് 2022 ഡിസംബറില്‍ 112,010 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്, വാര്‍ഷിക വില്‍പ്പനയില്‍ 8.95 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബ്രാന്‍ഡിന്റെ പ്രതിമാസ വില്‍പ്പന 15.40 ശതമാനം കുറഞ്ഞു. 2022 നവംബറില്‍ കമ്പനി 132,395 യൂണിറ്റുകള്‍ വിറ്റു. മിനി, കോംപാക്ട് സെഗ്മെന്റില്‍ നിന്നാണ് ഏറ്റവും വലിയ ഇടിവ്. മിനി സെഗ്മെന്റില്‍, മാരുതി സുസുക്കി 2022 ഡിസംബറില്‍ ആള്‍ട്ടോ, എസ്-പ്രസ്സോ എന്നിവയുടെ 9,765 യൂണിറ്റുകള്‍ വീതം വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 16,320 യൂണിറ്റുകളില്‍ നിന്നാണ് ഈ ഇടിവ്. കോംപാക്റ്റ് സെഗ്മെന്റില്‍ (ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൊയോട്ട എസ്, വാഗണ്‍ ആര്‍) കഴിഞ്ഞ മാസം 57,502 യൂണിറ്റുകള്‍ വിറ്റ മാരുതി സുസുക്കി 2021 ഡിസംബറില്‍ 69,345 യൂണിറ്റുകള്‍ വിറ്റു.
◾ആധുനിക ശാസ്ത്രജ്ഞാനത്തിന്റെ ദാര്‍ശനിക വിവക്ഷയെ വ്യക്തമാക്കുക എന്നതിന് വമ്പിച്ച സാംസ്‌കാരിക പ്രധാന്യമുണ്ട്. സാങ്കേതികത്വങ്ങളില്‍ നിന്നും അക്കാദമികമായ വിജ്ഞാന പ്രസരണ വിരോധത്തില്‍ നിന്നും മുക്തമായ ആധുനിക ശാസ്ത്രജ്ഞാനത്തിന്റെ സമഗ്രമായ ഒരു ചിത്രം ഇക്കാര്യത്തിന് അനിവാര്യമാണ്. 'ശാസ്ത്രവും തത്വശാസ്ത്രവും'. എം.എന്‍ റോയ്. വിവര്‍ത്തനം - എം.വി ഹരിദാസന്‍. മൈത്രി ബുക്സ്. വില 370 രൂപ.
◾നാരുകളാല്‍ സമ്പന്നമായ സെലറിയില്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ദഹനം സുഗമമാക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിവുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ് സെലറി. ഇതില്‍ മഗ്‌നീഷ്യവും ഏറെയുണ്ട്. ഉറക്കം സുഗമമാക്കാന്‍ ഉത്തമം. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ കഴിവുള്ളതിനാല്‍ കായികാദ്ധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ സെലറി കഴിക്കുന്നത് വളരെ നല്ലതാണ്. സെലറി സൂപ്പായോ സാലഡായോ കഴിക്കാമെങ്കിലും സാലഡിനാണ് ഗുണം കൂടുതല്‍. ജലാംശം കൂടുതലായതിനാല്‍ വെള്ളം കുടിക്കുന്നതിന്റെ ഫലം നല്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന് സംരക്ഷണം നല്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായകം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു പ്രൊഫസര്‍ ബുദ്ധസന്യാസിയെ കാണാനെത്തി. അയാള്‍ക്ക് ബുദ്ധമതം പഠിക്കണം. അതായിരുന്നു ആവശ്യം. സന്യാസി ഒന്നും പറയാതെ അടുത്തിരുന്ന ചായക്കപ്പിലേക്ക് ചായ പകര്‍ന്നു. കപ്പ് നിറഞ്ഞുകവിഞ്ഞു. പക്ഷേ, സന്യാസി അതിലേക്ക് ചായ പകര്‍ന്നുകൊണ്ടേയിരുന്നു. ചായ അവിടെയാകെ നിറഞ്ഞൊഴുകി. ഇതു കണ്ടുനിന്ന പ്രൊഫസര്‍ക്ക് ക്ഷമകെട്ടു. അദ്ദേഹം ചോദിച്ചു: അങ്ങനെന്താണീ ചെയ്യുന്നത്. ആ കപ്പ് നിറഞ്ഞ് കവിഞ്ഞൊഴുകുന്നത് കാണുന്നില്ലേ.. ചായ പകരുന്നത് നിര്‍ത്തി സന്യാസി പറഞ്ഞു. ഞാന്‍ നിങ്ങളെ ഒരു കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങളുടെ മനസ്സും ഈ ചായക്കപ്പുപോലെയാണ്. നിങ്ങളും ഇതേപോലെയാണ് ബുദ്ധമതം പഠിക്കാന്‍ ശ്രമിക്കുന്നത്. ആദ്യം മനസ്സ് ശൂന്യമാക്കുക. നിങ്ങളുടെ മുന്‍ധാരണകളെ ഇല്ലാതെയാക്കുക അപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധനെ സ്വീകരിക്കാന്‍ സാധിക്കും. സന്യാസി പറഞ്ഞു നിര്‍ത്തി. നമ്മള്‍ എല്ലായ്‌പോഴും മുന്‍ധാരണകളില്‍ ജീവിക്കുന്നു. നമ്മുടെ സാഹചര്യങ്ങളും പ്രവൃത്തികളുമെല്ലാം മുന്‍വിധികളോട് ബന്ധപ്പെടുത്തുന്നു. അതൊന്ന് നമുക്ക് മാറ്റാന്‍ ശ്രമിക്കാം. മുന്‍ധാരണകളെ അകറ്റി നിര്‍ത്താന്‍ ശീലിക്കുക, അപ്പോള്‍ മനസ്സ് ശൂന്യമാകുന്നതും ഹൃദയം നിറയുന്നതും നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. നമ്മുടെ ജീവിതം നമുക്കുള്ളില്‍ തന്നെ കാണാന്‍ ശ്രമിക്കാം - ശുഭദിനം. മീഡിയ 16