◾സുപ്രീം കോടതി കൊളീജിയം ഉടച്ചുവാര്‍ക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍. ജഡ്ജിമാരുടെ നിയമനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍കൂടി അംഗങ്ങളായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം. സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് രാഷ്ട്രപതി നിയമനം നടത്തേണ്ടത്. ജഡ്ജിമാര്‍ മാത്രമുള്ള കൊളീജിയം ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതു നിയമവിരുദ്ധമാണെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു.
◾എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 68 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും ഏതാനും പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികില്‍സ തേടി. കുറച്ചു പേര്‍ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലും ചികിത്സയിലുണ്ട്. അടച്ചുപൂട്ടിച്ച ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി.
◾കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോകളും ഹാക്കര്‍മാര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
◾സാങ്കേതിക സര്‍വകലാശാലയിലും ആര്‍ത്തവാവധി. എല്ലാ കോളേജിലും ആര്‍ത്തവാവധി അനുവദിക്കും. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക - ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് അവധി നല്‍കുന്നത്.
◾ആന്റിബയോട്ടിക്കുകളും ആന്റിവൈറല്‍ മരുന്നുകളും ഉള്‍പ്പെടെ 128 മരുന്നുകളുടെ വില ചിലതു കുറയ്ക്കുകയും ചിലതു വര്‍ധിപ്പിക്കുകയും ചെയ്തു. ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റര്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണു വില പുതുക്കി നിശ്ചയിച്ചത്. മോക്സിസില്ലിന്‍, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പുകളുടെ വിലയിലും മാറ്റമുണ്ട്. വാന്‍കോമൈസിന്‍, ആസ്മ മരുന്ന് സാല്‍ബുട്ടമോള്‍, കാന്‍സര്‍ മരുന്ന് ട്രാസ്റ്റുസുമാബ്, ബ്രെയിന്‍ ട്യൂമര്‍ ചികിത്സ മരുന്ന് ടെമോസോളോമൈഡ്, വേദനസംഹാരിയായ ഇബുപ്രോഫെന്‍, പാരസെറ്റമോള്‍ എന്നിവയുടെ വിലയും പരിഷ്‌കരിച്ചു.
◾സംസ്ഥാന ബജറ്റില്‍ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കിഫ്ബി വഴിയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകില്ല. 31508 കോടി രൂപയാണ് കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയില്‍നിന്ന് കടമെടുത്തും വിവിധ സെസുകള്‍ വഴിയും കിട്ടിയത് 19220 കോടി രൂപയാണ്.
◾ആര്യങ്കാവില്‍ പിടികൂടിയ മായം കലര്‍ന്ന പാലുള്ള ടാങ്കര്‍ ലോറി ക്ഷീരവികസന വകുപ്പിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് കോടതി ഉത്തരവ് നല്‍കിയത്. വാഹനത്തിലെ പാല്‍ ക്ഷീരവികസന വകുപ്പ് നശിപ്പിക്കണം. ടാങ്കര്‍ പൊട്ടിത്തെറിച്ചതിനു നഷ്ടപരിഹാരം വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പുതിയ ഹര്‍ജിയായി നല്‍കാനും കോടതി നിര്‍ദേശിച്ചു.
◾പി.വി അന്‍വര്‍ എംഎല്‍എയെ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ബെല്‍ത്തങ്ങടിയിലെ ക്വാറിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിച്ചു എന്ന പരാതിയിലാണ് അന്‍വറിനെ ചോദ്യം ചെയ്യുന്നത്.
◾കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മെട്രോ യാത്രക്കാരുടെ കാര്‍, ജീപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ടു മണിക്കൂറിന് 15 രൂപ. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു രൂപ വീതം. ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ രണ്ടു മണിക്കൂറിനും അഞ്ചു രൂപ വീതം. മെട്രോ യാത്രക്കാരല്ലാത്തവര്‍ കാര്‍, ജിപ്പ് എന്നിവ പാര്‍ക്കു ചെയ്യാന്‍ ആദ്യത്തെ രണ്ടു മണിക്കൂറിനു 35 രൂപയും തുടര്‍ന്നുളള ഓരോ മണിക്കൂറിനും ഇരുപത് രൂപ വീതവും നല്‍കണം. ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യ രണ്ടു മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തു രൂപയുമാണു നിരക്ക്.
◾തിരുവനന്തപുരം ആനാട വേങ്കവിള തവലോട്ടുകോണം നാലു സെന്റ് കോളനിയില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ചു ചുട്ടുകൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് ആന്റണിക്കു ജീവപര്യന്തം തടവുശിക്ഷ. 60,000 രൂപ പിഴയടയ്ക്കുകയും വേണം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണു ശിക്ഷിച്ചത്.
◾സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലേഞ്ചരിക്കെതിരെ ഗൂഢാലോചനയെന്നു കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര. വരുമാനവും സ്വത്തും സംരക്ഷിക്കുന്നതില്‍ ആലഞ്ചേരി നിലപാട് എടുത്തു. ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവച്ചു. ഗൂഡാലോചനക്കാര്‍ പല കോടതികളിലായി പരാതികള്‍ നല്‍കാന്‍ കാരണം ഇതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
◾കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ഡോക്ടറാണ് ശാന്ത ജോസഫ്.
◾കണ്ണൂര്‍ പാവന്നൂര്‍ ഇരുവാപ്പുഴയില്‍ ചവറുകള്‍ക്കു തീയിടുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പില്‍ ഉഷ (52) യാണ് മരിച്ചത്.
◾ഭാര്യവീട്ടിലെ വഴക്കിനിടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. എറണാകുളം സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിന്‍ ബാബു (35) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി. വെള്ളയമ്പലത്തെ വീട്ടില്‍ എത്തി നയന കിടന്നിരുന്ന മുറി പരിശോധിച്ചു. മുറിയില്‍ പുറത്തുനിന്ന് ആളെത്താന്‍ സാധ്യതയുണ്ടോയെന്നും പരിശോധിച്ചു. അയല്‍വാസികളില്‍നിന്ന് വിവരം ചോദിച്ചറിഞ്ഞു.
◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു മാംസ ഭക്ഷണം വിളമ്പാന്‍ തീരുമാനിച്ചാല്‍ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്നു പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതി. സിപിഎം അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
◾പാലക്കാട് ചെമ്മണാമ്പതിയില്‍ 5000 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. 146 കാനുകളിലായി മാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. തോട്ടം നടത്തിപ്പുകാരന്‍ സബീഷിനെ കസ്റ്റഡിയിലെടുത്തു.
◾തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചും പൊലീസും അന്വേഷിക്കും. തൃശൂര്‍ ഈസ്റ്റ് എസ്.ഐ നിഖിലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ടീമിനെ നിയോഗിച്ചു. ഒന്‍പത് പരാതികളില്‍ കൂടി പൊലീസ് കേസെടുത്തിരുന്നു. തട്ടിപ്പിനിരയായവരുടെ യോഗം ഇന്നു വടൂക്കരയില്‍ ചേരും. ഒളിവില്‍ പോയ ഉടമ പാണഞ്ചേരി ജോയിയെ കണ്ടെത്താനായിട്ടില്ല.
◾യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നെന്നു പോലീസ്. മേപ്പയൂര്‍ കാരയാട് പാറപുറത്തുമ്മല്‍ ഷഫീഖി(36)നെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി താമരശേരിയിലെ ഒരു ലോഡ്ജില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് കേസ്. പ്രതികളായ ചാത്തമംഗലം മുഹമ്മദ് ഉവൈസ്(23), ചുള്ളാവൂര്‍ റഹീസ്(23), കൊടുവള്ളി മുഹമ്മദ് സഹല്‍ (25), എകരൂല്‍ ആദില്‍ (24) എന്നിവരാണ് വിദേശത്തേക്കു കടന്നത്.
◾കൊച്ചിയില്‍ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ ഇറച്ചി വില്‍പ്പന കേന്ദ്രത്തില്‍ വീണ്ടും പരിശോധന. ഇവിടെനിന്ന് മാംസം വാങ്ങിക്കൊണ്ടുപോയ നാല്‍പത്തോളം സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനാണു പരിശോധന നടത്തിയത്.
◾കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയെന്ന് ആരോപിച്ച് തൃശൂര്‍ നെല്ലങ്കര രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഏഴുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടില്‍ സെബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
◾യുവതിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത വിരുതനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജ ഭവന്‍ വീട്ടില്‍ ശ്രീകണ്ഠന്‍ മകന്‍ വിഷ്ണു എസ് ( 25) വിനെയാണു കോട്ടയം സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
◾ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിന് ഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. പ്രതി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് എട്ടുലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും കൊള്ളയടിച്ചു. ജയ്ഹിന്ദ് ടിവി ടെക്നിക്കല്‍ വിഭാഗം ആര്‍ മുരുകന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ രാജിയുടേയും വീട്ടിലാണ് മോഷണം നടന്നത്.
◾വൈക്കം അയ്യര്‍കുളങ്ങരയില്‍ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ചു. അയ്യര്‍കുളങ്ങര സ്വദേശി ജോര്‍ജ് ജോസഫ് (72), മകള്‍ ജിന്‍സി (30) എന്നിവരാണ് മരിച്ചത്. ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
◾പത്തനംതിട്ട റാന്നിയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിന് കമ്പിക്കു പകരം മരത്തടി ഉപയോഗിച്ച് കോണ്‍ക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ തടഞ്ഞു.
◾ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദ തുടരും. ഡല്‍ഹിയില്‍ ദേശീയ നിര്‍വാഹക സമിതിയിലെ തീരുമാനം അമിത് ഷായാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന അധ്യക്ഷന്മാര്‍ തുടരുന്നതിലും നിര്‍വാഹക സമിതിയില്‍ ധാരണയായി. അടുത്തവര്‍ഷം ജൂണ്‍ വരെയാണ് ജെ പി നദ്ദയുടെ കാലാവധി നീട്ടിയത്.
◾സിനിമകള്‍ക്കെതിരേ ബഹിഷ്‌കരണ ഭീഷണിയും അനാവശ്യ വിവാദങ്ങളും അരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ ഭരണത്തിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനുമാണ് നമ്മള്‍ കഠിനാധ്വാനം ചെയ്യേണ്ടതെന്നും അനാവശ്യ വിവാദങ്ങള്‍ക്കു പിറകേ പോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
◾ഭാരത് ജോഡോ യാത്രയുടെ കാഷ്മീരില്‍ നടക്കുന്ന സമാപന പരിപാടിയില്‍ പങ്കെടുക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ഈ മാസം 30 ന് ശ്രീനഗറിലാണു സമാപന സമ്മേളനം.
◾തന്നെ ഒരാള്‍ ആലിംഗനം ചെയ്തത് ആവേശം കൂടിപ്പോയതുകൊണ്ടാണെന്നും സുരക്ഷാ വീഴ്ചയായി കരുതേണ്ടെന്നും രാഹുല്‍ ഗാന്ധി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾ഇന്റിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരനായ ബിജെപി എംപി തേജസ്വി സൂര്യ തുറന്ന സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിനു ചെന്നൈ - തിരുച്ചിറപ്പള്ളി വിമാനത്തിലാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്. തേജസ്വി സൂര്യയും തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും എമര്‍ജന്‍സി വാതിലിന് അരികിലാണ് ഇരുന്നിരുന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തേജസ്വി സൂര്യ ഇന്റിഗോ വിമാനക്കമ്പനിക്ക് എഴുതി നല്‍കിയിരുന്നു.
◾അധ്യാപകരുടെ ഫിന്‍ലന്‍ഡിലേക്കുള്ള സന്ദര്‍ശനം തടഞ്ഞ ഡല്‍ഹി ഗവര്‍ണര്‍ വി.കെ. സക്സേന ആരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിയസസഭാ പ്രത്യേക സമ്മേളനത്തിലാണു ഗവര്‍ണര്‍ വി.കെ. സക്സേനക്കെതിരെ പ്രതികരിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണു ഞാന്‍, നിങ്ങള്‍ ആരാണ് എന്നാണു കേജരിവാള്‍ ചോദിച്ചത്. പ്രസിഡന്റാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ഗവര്‍ണറുടെ പ്രതികരണം. ബ്രിട്ടീഷുകാര്‍ വൈസ്രോയിമാരെ തെരഞ്ഞെടുത്തത് പോലെയെന്ന് കേജരിവാള്‍ തിരിച്ചടിക്കുകയും ചെയ്തു.
◾കാഷ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കാഷ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് അദ്ദേഹം തിരുത്തി.
◾ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ. ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ടി20യില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയാല്‍ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന അപൂര്‍വനേട്ടം ഇന്ത്യന്‍ ടീമിന് സ്വന്തമാക്കാനാകും. ഏകദിന റാങ്കിംഗില്‍ നിലവില്‍ ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.
◾ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ച്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ 21 നും 24നുമാണ്.
◾മെസി മറഡോണയേക്കാള്‍ മികച്ചവനെന്ന് അര്‍ജന്റീന കോച്ച് ലിയണല്‍ സ്‌കലോണി. മറഡോണ ഇതിഹാസ താരമാണെങ്കിലും മെസിയാണ് എക്കാലത്തെയും മികച്ചവന്‍ എന്നു സ്‌കലോണി പറഞ്ഞു. മെസിയെ സാങ്കേതികമായി തിരുത്തുക എളുപ്പമല്ലെന്നും എന്നാല്‍ ആക്രമണത്തിന്റെ കാര്യത്തിലും പ്രസിംഗിന്റെ കാര്യത്തിലും നിര്‍ദേശങ്ങള്‍ നല്‍കാം എന്നും സ്‌കലോണി പറഞ്ഞു.
◾നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മികച്ച പ്രകടനവുമായി പ്രമുഖ ടെക് ഭീമനായ ഇന്‍ഫോസിസ്. കണക്കുകള്‍ പ്രകാരം, മൂന്നാം പാദത്തില്‍ 6,586 കോടി രൂപയുടെ അറ്റാദായമാണ് ഇന്‍ഫോസിസ് കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 13.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം 5,809 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ഇത്തവണ ഏകീകൃത വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കമ്പനിയുടെ ഏകീകൃത വരുമാനം 20.2 ശതമാനം വര്‍ദ്ധിച്ച് 38,318 കോടി രൂപയായി. ഇന്ത്യക്ക് പുറമേ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വരുമാനവും ഉയര്‍ന്നിട്ടുണ്ട്. വടക്കേ അമേരിക്കയില്‍ നിന്നുള്ള വരുമാനം 10 ശതമാനവും, യൂറോപ്പില്‍ നിന്നുള്ള വരുമാനം 13.6 ശതമാനവുമാണ് ഉയര്‍ന്നത്. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 3.3 ബില്യണ്‍ ഡോളറിന്റെ ഡീലുകള്‍ ഇന്‍ഫോസിസ് നേടിയിട്ടുണ്ട്. കൂടാതെ, ഈ കാലയളവിനുള്ളില്‍ 1,627 നിയമനങ്ങളാണ് നടത്തിയത്. നിലവില്‍, 3,46,845 ജീവനക്കാര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നുണ്ട്.
◾മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം 'എലോണി'ലെ ആദ്യ ഗാനമെത്തി. 'ലൈഫ് ഈസ് മിസ്ട്രി..' എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതു പാടിയിരിക്കുന്നതും മൈക്ക് ഗാരി ആണ്. എലോണ്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരുമുണ്ട്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. രാജേഷ് ജയരാമനാണ് പുതിയ ചിത്രത്തിന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. എലോണ്‍ ജനുവരി 26ന് തിയറ്ററുകളില്‍ എത്തും.
◾മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ അരങ്ങേറ്റത്തിന്. തമിഴില്‍ ഗംഭീര പെര്‍ഫോമന്‍സുകള്‍ക്ക് ശേഷം ബോളിവുഡിലും അഭിനയത്തില്‍ ഒരു കൈ നോക്കിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഷാറൂഖ് ഖാനൊപ്പമാണ് മഞ്ജു അഭിനയിക്കുക എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ തന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മഞ്ജു. പേര്‍ളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍ ആണ് എന്നാണല്ലോ പറയുന്നത്, അറിഞ്ഞില്ലേ? എന്നാണ് പേളി ചോദിച്ചത്. 'ആണോ ഞാന്‍ അറിഞ്ഞിരുന്നില്ല, സസ്പെന്‍സാക്കി വച്ചിരിക്കുകയാണ്' എന്നാണ് മഞ്ജു മറുപടി കൊടുക്കുന്നത്. ഈ വാര്‍ത്ത കിങ് ഖാന്‍ അറിയണ്ട എന്നും മഞ്ജു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പിന്നാലെ തന്റെ ഹിന്ദി സിനിമയുടെ വിശേഷവും മഞ്ജു പങ്കുവച്ചു. ഒരു ഹിന്ദി സിനിമയുടെ ഷൂട്ട് പകുതി കഴിഞ്ഞിട്ടുണ്ട്. ബാക്കി പകുതി ഷൂട്ട് ചെയ്യാനുണ്ട്. കിങ് ഖാന്‍ അല്ല. മാധവന്‍ ആണ് നായകന്‍. 'അമ്രികി പണ്ഡിറ്റ്' എന്നാണ് ഈ ഹിന്ദി ചിത്രത്തിന്റെ പേര്.
◾റോയല്‍ എന്‍ഫീല്‍ഡ് 'സൂപ്പര്‍ മെറ്റിയര്‍ 650' ക്രൂയിസര്‍ പുറത്തിറക്കി. മോഡലിന്റെ ബുക്കിംഗ് തുടങ്ങി. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 സ്റ്റാന്‍ഡേര്‍ഡ്, ടൂറര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ടൂറിംഗില്‍ വിന്‍ഡ്‌സ്‌ക്രീന്‍, ഡീലക്‌സ് ടൂറിംഗ് സീറ്റ്, പില്യണ്‍ ബാക്ക്‌റെസ്റ്റ് എന്നിവയുണ്ട്. ആസ്ട്രല്‍, ഇന്റര്‍സ്റ്റെല്ലാര്‍ എന്നിങ്ങനെ രണ്ട് കോസ്മെറ്റിക് ശ്രേണികളില്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാണ്. ആസ്ട്രലിന് കറുപ്പ്, നീല, പച്ച നിറങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്റര്‍സ്റ്റെല്ലാറിന് ഗ്രേ, ഗ്രീന്‍ എന്നീ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ചുവപ്പ്, നീല നിറങ്ങളിലുള്ള സെലസ്റ്റിയല്‍ കോസ്മെറ്റിക് ശ്രേണിയിലാണ് ടൂറര്‍ വേരിയന്റ് വരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയോര്‍ 650 വില (എക്‌സ്-ഷോറൂം), സൂപ്പര്‍ മെറ്റിയോര്‍ 650 ആസ്ട്രല്‍-3.48 ലക്ഷം രൂപ, സൂപ്പര്‍ മെറ്റിയോര്‍ 650 ഇന്റര്‍സ്റ്റെല്ലാര്‍-3.64 ലക്ഷം രൂപ, സൂപ്പര്‍ മെറ്റിയോര്‍ 650 ടൂറര്‍ സെലസ്റ്റിയല്‍-3.79 ലക്ഷം രൂപ. 47 ബിഎച്ച്പിയും 52.3 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്ന 648 സിസി പാരലല്‍-ട്വിന്‍ മോട്ടോറില്‍ നിന്നാണ് പവര്‍ വരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.
◾സത്യത്തിന്റെ മാര്‍ഗത്തില്‍ പദമുറച്ചു മുന്നേറുവാനും, അപരിചിതരെ വിശ്വസിക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചന. ഒരു മിഠായിപ്പൊതിയിലേതുപോലെ, ആസ്വാദ്യമായ രുചിഭേദങ്ങളോടെയുള്ള നിരവധി ബാലസാഹിത്യകൃതികള്‍ കൈരളിക്കു കൈനീട്ടം നല്കിയ സുമംഗലയാണ് രചയിതാവ്. 'കളവിന്റെ വേദന'. എച്ച്ആന്‍ഡ്സി ബുക്സ്. വില 50 രൂപ.
◾നിത്യജീവിതത്തില്‍ ഭൂരിഭാഗം ആളുകളും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായി ഇന്ന് ധാരാളം പേര്‍ ദഹനപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഗ്യാസ്, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടല്‍, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് ദഹനവ്യവസ്ഥയെ പ്രധാനമായും ബാധിക്കാറ്. ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നതാണ്. ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയും, സമയത്തിന് ഉറക്കം ഉറപ്പാക്കുകയും, എല്ലാ ദിവസവും എന്തെങ്കിലും കായികമായ വിനോദങ്ങളോ വ്യായാമങ്ങളോ പതിവാക്കുകയും ചെയ്യുന്നതിലൂടെ ദഹനപ്രശ്നങ്ങള്‍ വലിയ അളവില്‍ പരിഹരിക്കാവുന്നതാണ്. ഭക്ഷണം കഴിച്ച ശേഷം ഒരു നേന്ത്രപ്പഴം തൊലിയുരിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഒരു നുള്ള് കുരുമുളകുപൊടിയും ഉപ്പും വിതറി കഴിക്കുക. ദഹനം എളുപ്പത്തിലാക്കുകയും മലബന്ധം അകറ്റുകയും ചെയ്യും. നേന്ത്രപ്പഴത്തിലാണെങ്കില്‍ ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ പൊട്ടാസ്യത്തിനാലും സമ്പന്നമാണ് നേന്ത്രപ്പഴം. പൊട്ടാസ്യമാകട്ടെ വയര്‍ വീര്‍ത്തുകെട്ടുന്ന പ്രശ്നം തടയാന്‍ ഒരുപാട് സഹായിക്കുന്നതാണ്. മിക്കവരിലും സോഡിയം ആണ് വയര്‍ വീര്‍ത്തുകെട്ടുന്നതിലേക്ക് നയിക്കുന്നത്. ഇതാണ് നേന്ത്രപ്പഴം കാര്യമായും തടയുന്നത്. മധുരക്കിഴങ്ങ്, കട്ടത്തൈര്, കെഫിര്‍, പച്ചക്കറികള്‍, പഴങ്ങള്‍, ഹെര്‍ബല്‍ ചായകള്‍, ജീരകമിട്ട വെള്ളം എന്നിങ്ങനെ പല ഭക്ഷണപാനീയങ്ങളും മലബന്ധം തടയുകയും ഇതുവഴി വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ ഇല്ലാതാക്കുകയും ചെയ്യാന്‍ സഹായിക്കുന്നവയാണ്. അധികവും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ് ദഹനപ്രശ്നം പരിഹരിക്കുന്നതിന് ആശ്രയിക്കേണ്ടത്.
*ശുഭദിനം*
*കവിത കണ്ണന്‍*
യാജ്ഞവല്‍ക്യമഹര്‍ഷിയുടെ ഗൃഹസ്ഥാശ്രമത്തിന്റെ അന്ത്യഘട്ടം. മഹര്‍ഷി തന്റെ വസ്തുവകകള്‍ എല്ലാം ഭാര്യമാരായ മൈത്രേയിക്കും കാര്‍ത്ത്യായിനിക്കും വീതിച്ചുകൊടുത്തു. അപ്പോള്‍ മൈത്രേയി ഇങ്ങനെ ചോദിച്ചു: ഈ ധനംകൊണ്ട് എനിക്ക് അമരത്വം ലഭിക്കുമോ? ഇല്ല. യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ധനം ഉണ്ടെങ്കില്‍ ധനവാന്‍മാരെ പോലെ ജീവിക്കാം. അത്രതന്നെ. അപ്പോള്‍ മൈത്രേയി പറഞ്ഞു: അല്ലയോ ഭഗവന്‍, അമരത്വം പ്രദാനം ചെയ്യാത്ത വസ്തുവകകള്‍കൊണ്ട് എനിക്കെന്താണ് പ്രയോജനം. സനാതന ജീവന്‍ എങ്ങനെ ലഭിക്കുമെന്ന് പറഞ്ഞാലും. അതനുസരിച്ച് മൈത്രേയിക്ക് യാജ്ഞവല്‍ക്യന്‍ നല്‍കിയ ഉപദേശമാണ് ഉപനിഷത്തിന്റെ സത്ത. സംതൃപ്തിയും ആശ്വാസവും മോഹിക്കാത്ത മനുഷ്യരില്ല. കൂടുതല്‍ സംതപ്തിക്കുവേണ്ടി കൂടുതല്‍ വസ്തുവകകള്‍ നേടാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എത്ര തന്നെ സമ്പത്തുണ്ടെങ്കിലും എന്തെല്ലാം വസ്തുവകകള്‍ നമുക്കുണ്ടെങ്കിലും ക്ലേശങ്ങളില്‍ നിന്നും മുക്തി നേടുക അസാധ്യമാണ്. അസ്ഥിരവും അനിശിചതവുമായ ഈ ലോകത്ത് നമുക്കുണ്ടാകേണ്ട മനോഭാവം നാം സ്വയം പരിവര്‍ത്തനംചെയ്യപ്പെടുക എന്നതാണ്. നമ്മുടെ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനും, നമുക്ക് ശാശ്വതമായ ആനന്ദം കണ്ടെത്താനും നമുക്ക് മാത്രമേ സാധിക്കൂ. അത് നമ്മുടെ ഉള്ളില്‍ തന്നെയാണെന്ന തിരിച്ചറിവിനേ സാധിക്കൂ.. ആ തിരിച്ചറിവില്‍ ദുഃഖങ്ങള്‍ക്കും ആശകള്‍ക്കും അവധികൊടുക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16