◾സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നു. ലിറ്ററിന് ഒരു പൈസ നിരക്കിലാണു വര്‍ധന. ഇടതുമുന്നണി യോഗത്തിലാണു തീരുമാനം. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.
◾സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി. ഉന്നതവിദ്യാഭ്യാസരംഗത്ത് നിര്‍ണായക നയംമാറ്റത്തിന് എല്‍ഡിഎഫാണു തീരുമാനമെടുത്തത്. സ്വാശ്രയ കോളജുകളെ എതിര്‍ത്തിരുന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ- വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരും യുജിസിയും നല്‍കിയ അനുമതികള്‍ക്കു തുടര്‍ച്ചയായാണ് നടപടി.
◾അനധികൃത ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കണം. ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും പോലീസ് എസ്.എച്ച്.ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
◾വഴിയില്‍ കിടന്ന കുപ്പിയിലെ മദ്യം കഴിച്ചു മരിച്ച സംഭവത്തില്‍ മദ്യത്തില്‍ സിറിഞ്ച് ഉപയോഗിച്ചു വിഷം കലര്‍ത്തിയതാണെന്നു കണ്ടെത്തി. അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ (24) അറസ്റ്റു ചെയ്തു. അമ്മാവനായ കുഞ്ഞുമോന്‍ (40) ആണ് മദ്യം കഴിച്ചു മരിച്ചത്. ലഹരി ഇടപാടുകേസില്‍ ശത്രുതയുണ്ടായിരുന്ന മനോജിനെ കൊല്ലാനാണ് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.
◾കേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സിപിഎം ജനമുന്നേറ്റ ജാഥ നടത്തും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനമുന്നേറ്റ ജാഥ. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജാഥയില്‍ സി.എസ് സുജാത, പി.കെ ബിജു, എം. സ്വരാജ്, കെ.ടി ജലീല്‍ എന്നിവരാണ് സ്ഥിരാംഗങ്ങള്‍.
◾ശബരിമലയില്‍ ഇന്നു മകരവിളക്ക് മഹോല്‍സവം. ഉച്ചയ്ക്കു പന്ത്രണ്ടിനുശേഷം പമ്പയില്‍നിന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്നലെ എത്തിയ ഭക്തരില്‍ പകുതിയും മലയിറങ്ങിയിട്ടില്ല. റെക്കോര്‍ഡ് വരുമാനമാണു ഇത്തവണ ലഭിച്ചത്. 310.40 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അപ്പം, അരവണ വില്‍പ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു. മകര വിളക്ക് ദര്‍ശനത്തിന് സന്നിധാനത്ത് 10000 ഭക്തരെയും പാണ്ടി താവളത്ത് 25000 പേരെയുമാണ് അനുവദിക്കുക.
◾തിരുവനന്തപുരം ആനാട് വേട്ടമ്പള്ളി തവലോട്ടുകോണം കോളനിയിലെ സുനിതയെ ചുട്ടുകൊന്ന കേസില്‍ ഭര്‍ത്താവ് ജോയ് ആന്റണി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി 17 ന് പ്രഖ്യാപിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. 2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കില്‍നിന്നു കണ്ടെത്തിയത്. മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്.
◾ജാതിയുടെ പേരില്‍ ഭിന്നിപ്പിനു ശ്രമിച്ചെന്ന് ആരോപിച്ച് കേരള സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. അരുണ്‍കുമാറിനെതിരെ യുജിസിക്കു ലഭിച്ച പരാതിയില്‍ അന്വേഷണം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിനെതിരേയാണ് പരാതികള്‍. അന്വേഷിച്ചു റിപ്പോര്‍ട്ടു തരാന്‍ യുജിസി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിഗിനെയാണ് യുജിസി ചെയര്‍മാന്‍ ചുമതലപ്പെടുത്തിയത്.
◾വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. സമരസമിതി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ ഗീത നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ഇന്നും നാളെയുമായി നല്‍കും. കടുവയെ പിടിക്കാന്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കും. തോമസിന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ സമ്മതിച്ചു.
◾ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് കേരളത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം, മുസ്ലീം ലീഗ്, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ക്കും ക്ഷണം. സിപിഎം, സിപിഐ പാര്‍ട്ടികളെ ദേശീയ പാര്‍ട്ടികളെന്ന നിലയില്‍ ക്ഷണിച്ചിട്ടുണ്ട്. മൊത്തം 23 പാര്‍ട്ടികളെയാണു ക്ഷണിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
◾ന്യൂയോര്‍ക്ക് ടൈംസിന്റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും. വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ 13 ാം സ്ഥാനത്താണ് കേരളത്തെ ഉള്‍പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
◾ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്ന എല്‍ഡിഎഫ് തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്. വിദ്യാഭ്യാസകച്ചവടത്തിന് സഹായകമായ വിദ്യാര്‍ത്ഥി വിരുദ്ധമായ തീരുമാനം പിന്‍വലിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
◾ജീന്‍സില്‍ അരപ്പട്ട രൂപത്തിലാക്കി തുന്നിവച്ചു 14 ലക്ഷം രൂപയുടെ 281.88 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ നെടുമ്പാശേരി വിമാനത്തവാളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദാണ് പിടിയിലായത്.
◾സംവിധായിക നയന സൂര്യന്റെ മരണ കാരണം കണ്ടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ ദേശീയ തലത്തിലുളള വിദഗ്ധരെ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിനു ശിപാര്‍ശ ചെയ്തു.
◾മഞ്ചേശ്വരം മിയപദവില്‍ സ്‌കൂട്ടറും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് രണ്ടു കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മിയപദവ് സ്വദേശികളായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചവര്‍.
◾കരുനാഗപ്പള്ളിയിലെ ലഹരി കടത്തുകേസില്‍ സിപിഎം സസ്‌പെന്റ് ചെയ്ത ഷാനവാസ് കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഷാനവാസിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചു. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. & ഓട്ടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്.
◾എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ കൊല നടത്തിയ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഉച്ചയ്ക്കു ടെറസിനു മുകളില്‍വച്ച് ഒറ്റക്കാണ് ഭാര്യ രമ്യയെ കൊലപെടുത്തിയത്. കഴുത്തു മുറുക്കാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചു കളഞ്ഞു. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടെന്നും പോലീസ് പറഞ്ഞു.
◾തിരുവനന്തപുരം പാലോട് കൊല്ലായില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൊല്ലായി സെറ്റില്‍മെന്റില്‍ വസന്തയുടെ പുരയിടത്തിലെ കിണറ്റിലാണ് കാടുപോത്ത് വീണത്. ജെസിബി എത്തിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചുമാറ്റിയ ശേഷമാണ് കാട്ടുപോത്തിനെ കര കയറ്റിയത്.
◾തിരുവനന്തപുരം കണിയാപുരത്ത് പൊലീസിനു നേരെ രണ്ടു തവണ ബോംബേറ്. പണത്തിനു വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടിക്കാനെത്തിയ പൊലീസിനുനേരെയാണ് ബോംബെറിഞ്ഞത്. അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരെ പിടിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ബോംബെറിഞ്ഞത്.
◾25 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കാക്കനാട്ട് മജിസ്ടേറ്റ് കോടതിയുടെ നടപടി.
◾ചങ്ങരംകുളത്ത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലില്‍ കയറി പരിശോധന നടത്തിയ മദ്യപനെ ജീവനക്കാര്‍ പിടികൂടി പോലീസിനു കൈമാറി. എടപ്പാള്‍ സ്വദേശിയായ രജീഷി (43)നെയാണ് പോലീസ് പിടികൂടിയത്.
◾ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 14 പേര്‍ക്കു പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അമ്പത് അടി താഴേക്ക് മറിയുകയായിരുന്നു.
◾അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി വയനാട്ടില്‍ യുവാവ് മരിച്ചു. പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. ഉള്‍വശം കേടായ കവുങ്ങില്‍നിന്ന് സമീപത്തെ മറ്റൊരു കവുങ്ങിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കവുങ്ങ് പൊട്ടി താഴെ വീഴുകയായിരുന്നു
◾ഭിന്നശേഷിക്കാരിയായ യുവതിയെ ഭര്‍ത്താവിന്റെ സഹായത്തോടെ വിദേശത്തുവച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നു മടങ്ങിയെത്തിയ ചങ്ങരംകുളം തെങ്ങില്‍ സ്വദേശി വാക്കത്ത് വളപ്പില്‍ യാക്കൂബി(49)നെയാണ് അറസ്റ്റു ചെയ്തത്.
◾കട്ടപ്പനയില്‍ പതിനാറുകാരിയെ രണ്ടു വര്‍ഷമായി പീഡിപ്പിച്ച കാഞ്ചിയാര്‍ മേപ്പാറ കൈപ്പയില്‍ വീട്ടില്‍ സച്ചിന്‍ സന്തോഷിനെ അറസ്റ്റു ചെയ്തു.
◾ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. രാജസ്ഥാന്‍ അടക്കം വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റും. വ്യക്തി നിയമങ്ങള്‍ പരിഗണിക്കാതെ ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുസ്ലിം വ്യക്തി നിയമം പ്രകാരം 15 വയസുള്ള പെണ്‍കുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് മാതൃകയാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
◾പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 ന് ആരംഭിക്കും. 66 ദിവസങ്ങളിലായി മൊത്തം 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
◾വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടറി ജനറല്‍ അയോഗ്യനാക്കി. ശിക്ഷിക്കപ്പെട്ട ജനുവരി 11 മുതല്‍ എംപിയെ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതായി ഉത്തരവില്‍ പറയുന്നു. മുഹമ്മദ് ഫൈസല്‍ അടക്കമുള്ള പ്രതികളുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി വച്ചിരിക്കുകയാണ്.
◾ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 13,598 കോടി ഡോളറായി. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി ആദ്യമായി 10,000 കോടി ഡോളര്‍ കടന്നു. 2022-ലെ ഇന്ത്യ-ചൈന വ്യാപാരം 135.98 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം 125 ബില്യണ്‍ ഡോളറായിരുന്നു. 8.4 ശതമാനം വര്‍ദ്ധനയെന്നാണ് ചൈന പറയുന്നത്. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 21.7 ശതമാനം വര്‍ധിച്ച് 118.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ബിജെപി ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ്. രാഹുലിനൊപ്പം നടക്കുന്നവരെ ബിജെപി അപമാനിക്കുന്നത് അതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവനായ ജയ്റാം രമേശ് ആരോപിച്ചു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെയടക്കം ബിജെപി അപമാനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾പുതുവത്സര ദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് കണ്‍ട്രോള്‍ റൂമുകളിലുള്ള പോലീസുകാരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. യുവതി കാറിനടയില്‍ കുടുങ്ങിയ വിവരം അറിഞ്ഞിട്ടും അവഗണിച്ചതിനാണ് നടപടി.
◾എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാകുമെന്നും പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഡല്‍ഹി പട്യാല കോടതിയിലാണു പ്രതി ശങ്കര്‍ മിശ്രയുടെ വിചിത്ര വാദം.
◾മഹാരാഷ്ട്രയില്‍ യുവതിയെ കബളിപ്പിച്ച് ഇരുപത്തിരണ്ടര ലക്ഷം രൂപ തട്ടിയെടുത്ത ഫേസ്ബുക്ക് സുഹൃത്തിനെതിരെ കേസെടുത്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് അമ്മയെ ചികില്‍സിക്കാന്‍ പണം ആവശ്യപ്പെട്ട് യുവതിയെ കബളിപ്പിച്ചത്.
◾ഒഡീഷ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനിനെ(22) വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്ക് ജില്ലയിലെ ഗുരുദിജഹാതിയയിലെ വനത്തിനുള്ളിലെ മരത്തിലാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സമീപം രാജശ്രീയുടെ സ്‌കൂട്ടറും ഹെല്‍മെറ്റും ഉണ്ടായിരുന്നു.
◾ഇന്നു നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായിയുടെ വശ്യമാര്‍ന്ന ചിത്രങ്ങള്‍ പുറത്ത്. മുംബൈ സ്വദേശിയായ ദിവിത റായ് ജനിച്ചത് മംഗലാപുരത്താണ്. ദിവിത എന്ന 23 കാരി മോഡലും ആര്‍ക്കിടെക്റ്റും ആണ്. ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണു മല്‍സരം. ലോകമെങ്ങുംനിന്നും തെരഞ്ഞെടുക്കപ്പെട്ട 90 സുന്ദരികളാണു മല്‍സരത്തിനുള്ളത്.
◾ഓഫീസ് കെട്ടിടങ്ങള്‍ക്കു വാടക നല്‍കാന്‍പോലും പണമില്ലാതെ ട്വിറ്റര്‍. സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നല്‍കാത്ത ഇലോണ്‍ മസ്‌ക് ജീവനക്കാരോടു വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തിന്റെ വാടകയും നല്കിയിരുന്നില്ല. 136,250 ഡോളറായിരുന്നു വാടക കുടിശ്ശിക.
◾ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ സ്‌പെയിനിനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജംഷേദ്പുര്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് ജംഷേദ്പുര്‍ വിജയം സ്വന്തമാക്കിയത്.
◾ന്യൂസീലന്‍ഡിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനും. പൃഥ്വി ഷായെ ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തി. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചു. അതേസമയം ഏകദിന ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കും. കോലി തിരിച്ചെത്തും. ഹാര്‍ദിക്കാണ് വൈസ് ക്യാപ്റ്റന്‍.
◾അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ആണ് ടെസ്റ്റ് ടീമിലെ പുതുമുഖം. പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര ടീമിലെത്തിയില്ല
◾ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ മറികടന്ന് ഇന്ത്യയുടെ ഗൗതം അദാനി ശതകോടീശ്വരരുടെ പട്ടികയില്‍ രണ്ടാമതെത്തുമെന്ന് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മസ്‌കിനെ അദാനി മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്ലുംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം നിലവില്‍ 132 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. ഗൗതം അദാനിക്ക് 119 ബില്യണ്‍ ഡോളറിന്റേയും സമ്പാദ്യമുണ്ട്. കഴിഞ്ഞ വര്‍ഷം സമ്പത്തില്‍ അദാനി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മസ്‌കിന് നഷ്ടക്കണക്കാണ് പറയാനുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്ലയുടെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്. ഈ സ്ഥിതി തുടര്‍ന്നു പോവുകയാണെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മസ്‌കിനെ അദാനി മറികടക്കുമെന്നാണ് സൂചന. ഡിസംബര്‍ 13നാണ് ലോക കോടീശ്വര പട്ടികയിലെ ഒന്നാം സ്ഥാനം ഇലോണ്‍ മസ്‌കിന് നഷ്ടമായത്. ആഡംബര ഉല്‍പന്ന വ്യവസായി ബെര്‍നാര്‍ഡ് അര്‍നോള്‍ഡ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്.
◾ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ പുതിയ ചിത്രം 'മാളികപ്പുറ'ത്തിലെ മെലഡി ഗാനം റിലീസ് ചെയ്തു. വിനീത് ശ്രീനിവാസന്‍ ആലപിച്ച 'ഒന്നാം പടി മേലേ...'എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ദൈര്‍ഘ്യം കുറവാണെങ്കിലും തിയറ്ററുകളില്‍ പ്രേക്ഷക ഹൃദയം തൊട്ട ഗാനം കൂടിയായിരുന്നു ഇത്. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശിശങ്കര്‍ ആണ്. മൂന്നാം വാരത്തിലേക്ക്മൂന്നാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇതുവരെ 25 കോടി നേടിയെന്ന് ചിത്രം നിര്‍മ്മിച്ച ബാനറുകളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന 'ശേഷം മൈക്കില്‍ ഫാത്തിമ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫുട്ബാള്‍ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയാണ് കല്യാണി ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മനു സി കുമാര്‍ ആണ്. ജഗദീഷ് പളനിസാമി, സുധന്‍സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾14 വര്‍ഷത്തിന് ശേഷം പുറത്തിറക്കിയ ലാന്‍ഡ് ക്രൂസറിന്റെ പുതിയ മോഡലിന്റെ വില ഓട്ടോ എക്‌സ്‌പോ 2023ല്‍ പുറത്തുവിട്ട് ടൊയോട്ട. ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭ്യമായ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 എസ്.യു.വിക്ക് 2.17 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഇതിന് പുറമേ ഇന്നോവ ഹൈക്രോസ് എം.പി.വിയുടെ ലോവര്‍, മിഡ് വേരിയന്റുകളും ടൊയോട്ട ഓട്ടോ എക്‌സ്‌പോ 2023ല്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ പത്ത് ലക്ഷം രൂപക്ക് ലാന്‍ഡ് ക്രൂസര്‍ 300ന്റെ ബുക്കിങ് ടൊയോട്ട ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുക്കിങ് ടൊയോട്ട നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ഡീലര്‍മാര്‍ അറിയിക്കുന്നത്. ലാന്‍ഡ് ക്രൂസറിന്റെ പ്രധാന സവിശേഷതകളിലൊന്നായ ബോഡി ഓണ്‍ ഫ്രെയിം സ്ട്രക്ചറില്‍ തന്നെയാണ് പുതിയ മോഡലും വരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ലാന്‍ഡ് ക്രൂസര്‍ 300 പെട്രോള്‍ എഞ്ചിനിലും ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 3.3 ലിറ്റര്‍ ടര്‍ബോ വി 6 ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്.
◾കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്ന വായനക്കാര്‍ക്കും ഈ കഥകള്‍ വിസ്മയകരമായ വായനാനുഭവം തന്നെയാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതു നല്ലത് ഏതു മോശം എന്നൊരു സംശയത്തിനു സാംഗത്യമില്ല. നൂറുനൂറു പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കണ്ണെത്താദൂരമുള്ള ഒരു വലിയ ഉദ്യാനത്തില്‍ കയറി ഇതിലേതു പുഷ്പമാണ് മനോഹരം എന്നു പറയാന്‍ കഴിയാതെ മിഴിച്ചുനില്‍ക്കുന്ന ഒരു കുട്ടിയാകും നമ്മള്‍, ഇതിന്റെ ഉള്ളടക്കത്തിലേക്ക് കടന്നാല്‍! ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും വെളിച്ചത്തില്‍ കുട്ടികള്‍ക്കായി മാലപോലെ കോര്‍ത്തെടുത്തിരിക്കുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. 'കഥകളുടെ കേരളം'. ഗിഫു മേലാറ്റൂര്‍. മാതൃഭൂമി ബുക്സ്. വില 221 രൂപ.
◾ബിരിയാണിക്കും ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് ആഫ്രിക്കന്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രസിദ്ധീകരിച്ച പഠനം. ലോകത്തില്‍ തന്നെ പ്രശസ്തിയാര്‍ജ്ജിച്ച ഹൈദരാബാദ് ബിരിയാണിയാണ് പഠനത്തിനായി ഉപയോഗിച്ചതത്രേ. ഇതില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ് പഠനം വിശദീകരിക്കുന്നത്. മഞ്ഞള്‍, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ബിരിയാണിയിലുണ്ട്. ഇവ ഓരോന്നും ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ്. ഇത് നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുണകരമാണ്. ബിരിയാണിയുടെ ചേരുവകളായ മഞ്ഞളും കുരുമുളകും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യുന്നു. ഇഞ്ചിയും ജീരകവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുകയും ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യും. ജീരകം, കുര്‍ക്കുമിന്‍ എന്നിവയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റിട്യൂമര്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. കരളിലെ എന്‍സൈമുകള്‍ വര്‍ദ്ധിപ്പിച്ച് അതുവഴി ശരീരത്തെ വിഷവിമുക്തമാക്കുന്നതില്‍ ബിരിയാണിയില്‍ ഉപയോഗിക്കുന്ന കുങ്കുമപ്പൂവ് സഹായിക്കും. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ബിരിയാണിയെ ആരോഗ്യകരമാക്കും. ഇവയില്‍ അലിസിന്‍, സള്‍ഫ്യൂറിക് സംയുക്തങ്ങള്‍, മാംഗനീസ്, വിറ്റാമിന്‍ ബി 6, സി, കോപ്പര്‍, സെലിനിയം എന്നിവ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ സുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന് ശരീരത്തില്‍ ഗ്ലൂട്ടത്തയോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ആന്തരികാവയവങ്ങളെ വിഷവിമുക്തമാക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
യാത്രയ്ക്കിടെ ആ ധനികന്റെ കാര്‍ കേടായി. ധനികന് ഒരു സൈക്കിള്‍ റിക്ഷാക്കാരനെ ആശ്രയിക്കേണ്ടി വന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ എത്രരൂപയാകുമെന്ന് ചോദിച്ചപ്പോള്‍ ഇരുപത് എന്ന് മറുപടി പറഞ്ഞ് അയാള്‍ മൂളിപ്പാട്ടും പാടി സൈക്കിള്‍ ചവിട്ടിതുടങ്ങി. വരുമാനം ഇത്രയും കുറവായിട്ടും എങ്ങനെ ഇത്രയധികം സന്തോഷവാനായി ഇരിക്കുന്നുഎന്നതില്‍ ധനികന് അത്ഭുതം തോന്നി. അദ്ദേഹം സൈക്കിള്‍ റിക്ഷാക്കാരനെ വിരുന്നിന് ക്ഷണിച്ചു. വിഭവസമൃദ്ധമായ സദ്യയായിരുന്നെങ്കിലും ഇതിനുമുമ്പും ഇത്തരം ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് സൈക്കിള്‍ റിക്ഷാക്കാരന്റെ ശരീരഭാഷയില്‍ നിന്നും അയാള്‍ക്ക് മനസ്സിലായി. ഒരാഴ്ച തന്റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ചു. വിലപിടിപ്പുള്ള വസ്ത്രങ്ങളും സൗകര്യങ്ങളും നല്‍കി. ഒരാഴ്ചകഴിഞ്ഞപ്പോള്‍ തിരിച്ചുപോകാന്‍ നേരവും സൈക്കിള്‍ റിക്ഷാക്കാരന്‍ മൂളിപ്പാട്ടും പാടി പോകാന്‍ യാത്രയായി. ഇത്രയും സൗകര്യങ്ങള്‍ ഇല്ലാതാകുന്നതിന്റെ ഒരു നിരാശയും അയാളില്‍ കാണാന്‍ സാധിച്ചില്ല. അപ്പോള്‍ ധനികന്‍ ചോദിച്ചു: നിങ്ങളെങ്ങിനെയാണ് എപ്പോഴും സന്തോഷവാനായിരിക്കുന്നത്? അയാള്‍ പറഞ്ഞു: നിരാശപ്പെടാനുള്ള ഒരു കാരണവും ഇന്നുവരെയുള്ള എന്റെ ജീവിത്തില്‍ ഉണ്ടായിട്ടില്ല. പ്രതീക്ഷകളും പരിഭവങ്ങളും ഇല്ലാത്തവര്‍ക്കുമാത്രമേ എപ്പോഴും സന്തോഷിക്കാന്‍ കഴിയൂ. കാരണം ഉണ്ടാകുമ്പോള്‍ മാത്രം സന്തോഷിക്കുന്നവരുടെ ആനന്ദം ആ കാരണം കഴിയുന്നതോടെ ഇല്ലാതാകും. എന്നാല്‍ ഒരു കാരണവുമില്ലാതെ സന്തോഷിക്കാന്‍ കഴിയുന്നവര്‍ എപ്പോഴും പ്രസന്നവദനരായിരിക്കും. അവര്‍ക്കുമുന്നില്‍ വരുന്ന ആളുകളും സഞ്ചാരപാതകളും കടന്നുപോകുന്ന അനുഭവങ്ങളുമെല്ലാം സന്തോഷം ജനിപ്പിക്കുന്നവ മാത്രമാണ്. പരിപൂര്‍ണ്ണമായും തന്നിഷ്ടപ്രകാരം എല്ലാം സംഭവിക്കുന്ന ഒരു ദിനം പോലും ആരുടേയും ജിവിതത്തിലുണ്ടാകാറില്ല. കുറച്ചു നേരം ഒഴുക്കിനൊപ്പം നീന്തുന്നതും പുഴ ആസ്വദിക്കുന്നതിനുളള മാര്‍ഗ്ഗമാണ്. താരതമ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക, അനാരോഗ്യവും പരാജയവും തളര്‍ച്ചയുമെല്ലാം ഒഴിവാക്കാനാകാത്തതാണെന്ന തിരിച്ചറിവു ഉണ്ടാകുക, അപ്പോള്‍ സന്തോഷം തനിയെ കടന്നുവരുന്നത് കാണാം. നമുക്ക് ഉള്ളില്‍ ആനന്ദം നിറയ്ക്കാന്‍ ശ്രമിക്കാം. - ശുഭദിനം.
മീഡിയ 16