*പ്രഭാത വാർത്തകൾ*2023 | ജനുവരി 10 | ചൊവ്വ |

◾സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പളം കൂട്ടാന്‍ ശുപാര്‍ശയില്ല. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ധനത്തിന് വര്‍ഷം മൂന്നു ലക്ഷം രൂപവരെ ലഭിക്കും. പ്രതിമാസ ടിഎ 20,000 രൂപയാക്കും. ചികില്‍സാ ചെലവിന്റെ മുഴുവന്‍തുകയും റി ഇംബേഴ്സ്മെന്റ്. ഭവനവായ്പ അഡ്വാന്‍സ് 20 ലക്ഷം രൂപവരെ. പലിശരഹിത വാഹന വായ്പ പത്തു ലക്ഷം രൂപവരെ എന്നിങ്ങനെയാണു നിര്‍ദേശങ്ങള്‍.

◾ബ്രസീലില്‍ അട്ടിമറി കലാപം പരാജയപ്പെടുത്തി സൈന്യം. തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് ജയിര്‍ ബൊള്‍സനാരോയുടെ അനുയായികളാണ് അട്ടിമറി നീക്കം നടത്തിയത്. സംഭവത്തില്‍ ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. ബോള്‍സനാരോ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം കൈയേറി. പിന്നാലെ സുപ്രീം കോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അക്രമികള്‍ ഇരച്ചെത്തി. സര്‍ക്കാര്‍ വാഹനങ്ങളും ഉദ്യോഗസ്ഥരും പൊലീസുകാരും തെരുവില്‍ ആക്രമിക്കപ്പെട്ടു. അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക നേതാക്കളും അപലപിച്ചു. അമേരിക്കയില്‍ 2021 ല്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന്റെ തനിയാവര്‍ത്തനമാണ് ബ്രസീലില്‍ സംഭവിച്ചത്.

◾തമിഴ്നാട് നിയമസഭയില്‍ രാഷ്ട്രീയക്കളിയുമായി ഗവര്‍ണര്‍ ആര്‍.എന്‍ രവി. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഭരണ മുന്നണി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തമിഴ്നാട് എന്ന പേരു മാറ്റി 'തമിഴകം' എന്നാക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടതാണ് കൂടുതല്‍ പ്രകോപനത്തിന് ഇടയാക്കിയത്. ഗവര്‍ണര്‍ പ്രസംഗം പൂര്‍ണമായി വായിച്ചില്ല. നിയമസഭ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി. നടപടി ക്രമങ്ങള്‍ അവസാനിക്കുംമുമ്പ് ഗവര്‍ണര്‍ സഭ വിട്ടുപോയി.

◾വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ കുടിശിക മാര്‍ച്ച് 15 നു മുന്‍പ് കൊടുത്തു തീര്‍ക്കണമെന്ന് സുപ്രീംകോടതി. പദ്ധതിയില്‍ 25 ലക്ഷം പെന്‍ഷന്‍കാരുണ്ട്. ഇവരുടെ പെന്‍ഷന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനവകുപ്പ് കണക്കാക്കി വരികയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. പെന്‍ഷന് കാത്തിരുന്ന നാലു ലക്ഷം പേരെങ്കിലും ഇതിനകം മരിച്ചെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

◾അഷ്മുടി, വേമ്പനാട് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനുള്ള ഉത്തരവു നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനു ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ അലംഭാവം അനുവദിക്കാനാകില്ലെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. നേരിട്ട് ഹാജരാകാത്തതിനാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടതാണെങ്കിലും തത്കാലം അതു ചെയ്യുന്നില്ലെന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കി.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് ഓഫീസര്‍ക്കു മര്‍ദനമേറ്റ 28 ാം വാര്‍ഡില്‍ രോഗികളുടെ പ്രളയമാണെന്ന് കൂട്ടിരിപ്പുകാര്‍. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടിയ നാലു വാര്‍ഡുകളിലെ രോഗികളെ കൂട്ടത്തോടെ ഇവിടേക്കു മാറ്റിയതിനാല്‍ ഓരോ കട്ടിലിലും രണ്ടു രോഗികളെ കിടത്തിയിരിക്കുന്നതായാണു പരാതി.  

◾ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമല ദര്‍ശനം അരുതെന്ന് ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുത്. സോപാനത്തിലും ദര്‍ശനം അനുവദിക്കരുത്. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ അനുവദിക്കരുത്. സോപാനത്തില്‍ ഭക്തരെ ഡ്രം ഉള്‍പ്പെടെയുളള വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാനും അനുവദിക്കരുതെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.

◾അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരയാകുന്നത് സ്ത്രീകളാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം, ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനാണു ശ്രമം. അദ്ദേഹം കുറ്റപ്പെടുത്തി.

◾അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി പി.കെ. ശ്രീമതിയെ തെരഞ്ഞെടുത്തു. മറിയം ധാവ്ളെയാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി എസ് പുണ്യവതിയേയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് കെ.കെ. ശൈലജ, പി. സതീദേവി, പി.കെ. സൈനബ തുടങ്ങിയവരടക്കം 15 വൈസ് പ്രസിഡന്റുമാരുണ്ട്.

◾നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നു ശശി തരൂര്‍ എംപി. കേരളത്തില്‍ സജീവമാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തന്നോട് ആവശ്യപ്പെട്ടു. ഇങ്ങനെ അനേകം പേര്‍ ആവശ്യപ്പെടുമ്പോള്‍ തള്ളിക്കളയാനാവില്ലെന്നു ശശി തരൂര്‍ കോട്ടയത്തു പറഞ്ഞു.

◾കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിനു വിനോദ നികുതി കൂട്ടിയില്ലെന്ന് മന്ത്രിമാരായ എം ബി രാജേഷും വി. അബ്ദുറഹ്‌മാനും. ആയിരം രൂപയുടെ ടിക്കറ്റിന് 12 ശതമാനം വിനോദ നികുതി ഉള്‍പെടെ 1,476 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് 650 രൂപയാണ്. കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി 24 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചിരുന്നു. സ്റ്റേഡിയം ഒരുക്കാന്‍ സംഘാടകര്‍ക്ക് ഭീമമായ ചെലവു വന്നതിനാലാണ് അന്നു നികുതിയിളവ് നല്‍കിയത്. സാഹചര്യം മാറിയതിനാല്‍ ഏര്‍പ്പെടുത്തിയ 12 ശതമാനം വിനോദനികുതി അധികമല്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.

◾കായിക മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. നവ ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ കമ്യൂണിസ്റ്റുകാര്‍ പൗരന്‍മാരെ പണത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും വോട്ടിനു വേണ്ടിയുള്ള ഉപാധിയായാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. സുധാകരന്‍ കുറ്റപ്പെടുത്തി.

◾കാര്യവട്ടത്തു നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കു സംബന്ധിച്ച മന്ത്രിയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകള്‍ അധികാര ഭ്രാന്തിന്റേതാണെന്ന് ഷാഫി കുറ്റപ്പെടുത്തി.

◾യുവ സംവിധായക നയന സൂര്യന്റെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. എസ് പി മധുസൂദനന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കാന്‍ തീരുമാനിച്ത്.

◾എറണാകുളം ചേരാനെല്ലൂരില്‍ ലോറി ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ ലിസ ആന്റണി, നസീബ് എന്നിവരാണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ രവീന്ദ്രന്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരിച്ചവര്‍ പറവൂര്‍ സ്വദേശികളാണ്.

◾ദേശീയ പാതയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ - അരൂര്‍ ദേശീയ പാതയിലാണ് അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചത്. പരസ്പരം കൂട്ടിയിടിച്ച് വീണ ബൈക്കുകള്‍ക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി

◾സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കവേ രക്തസമ്മര്‍ദ്ദം കൂടി കുഴഞ്ഞു വീഴുകയായിരുന്നു. സിപ്പിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ആലുവയില്‍ കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍. തറനിരപ്പില്‍നിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളല്‍. വിശദമായ പരിശോധന നടത്തിയതായും തൂണില്‍ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎം.ആര്‍എല്‍ പ്രതികരിച്ചു.

◾ചിത്രകാരിയും നര്‍ത്തകിയുമായ ലേഖ ശ്രീനിവാസന്‍ അന്തരിച്ചു. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്.

◾ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള റെയ്ഡുകള്‍ അംഗീകരിക്കാനാകില്ലെന്ന് ഹോട്ടലുടമകള്‍. കാസര്‍ഗോഡ് വിദ്യാര്‍ഥി മരിച്ചത് ഭക്ഷ്യവിഷബാധമൂലമല്ല. ഹോട്ടലുകളില്‍ നിരന്തര പരിശോധന വേണം. കുറ്റക്കാര്‍ക്കെതിരേ നടപടിയും എടുക്കണം. എന്നാല്‍ മുന്‍വിധിയോടെയുള്ള സമീപനം പാടില്ലെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

◾യാത്രക്കാരുടെ തിരക്കനുസരിച്ച് വിമാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടവും നീചവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നതിനു പി എസ് സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഒന്ന്.

◾വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി മനേജരെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. സ്റ്റീല്‍ ഇന്ത്യ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ നശിപ്പിക്കുകയും മാനേജരെ മര്‍ദ്ദിക്കുകയും ചെയ്ത കാട്ടുംപുറം സ്വദേശി ജിജു (40), നെല്ലിടപ്പാറ സ്വദേശി ജിജിന്‍ (36) എന്നിവരാണ് പിടിയിലായത്.

◾മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പോക്സോ കോടതി ഇന്നു വിധി പറയും. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കു കര്‍ഷക സംഘടനകളുടെ പിന്തുണ. പിന്തുണ പ്രഖ്യാപനവുമായി ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവര്‍ നേരിട്ടെത്തി. രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ച് സ്നേഹവും പങ്കിട്ട ശേഷമാണ് ടിക്കായത്ത് മടങ്ങിയത്.

◾ജനങ്ങളുടെ മനസിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുകളഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ തന്റെ പ്രതിച്ഛായയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുതിയ പ്രതിച്ഛായയുമായാണ് യാത്ര തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നു സുപ്രീം കോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാകില്ല. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയായ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

◾ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ അമൂലിന്റെ (ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആര്‍ എസ് സോധി പടിയിറങ്ങി. ജയന്‍ മേത്തയാണു പുതിയ എംഡി.

◾നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്‍കിയ യുവതി അറസ്റ്റില്‍. മന്ത്രവാദിയുമായി യുവതിക്ക് രഹസ്യബന്ധം ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ധനൗദിഹ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ നരബലി നടന്നത്. നരബലി നടത്തിയ 35 കാരിയായ മഞ്ജു ദേവിയെ അറസറ്റു ചെയ്തു. മന്ത്രവാദി ഒളിവിലാണ്.

◾ഗര്‍ഭിണിയായ യുവതി മരിച്ച ആശുപത്രിയില്‍ ഡോക്ടര്‍ അടക്കം എല്ലാം വ്യാജം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ആശുപത്രിയുടെ ഉടമയായ രഞ്ജിത്ത് നിഷാദിനെ അറസ്റ്റ് ചെയ്തു. ജെയിന്‍പൂര്‍ നിവാസിയായ സോനാവത് ദേവി എന്ന 30 കാരി മരിച്ച സംഭവത്തിലാണു നടപടി.

◾കര്‍ണാടകയില്‍ നിയമസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനു മുമ്പേ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. താന്‍ കോലാറില്‍നിന്ന് ജനവിധി തേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

◾സിദ്ധരാമയ്യക്കെതിരേ ആരോപണങ്ങളുമായി ബിജെപി മന്ത്രി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം അവസാന നിമിഷം കോടതി തടഞ്ഞു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി പരിഗണിച്ച കര്‍ണാടക ജില്ലാ കോടതിയാണ് ഉത്തരവിട്ടത്.

◾ഡല്‍ഹിയില്‍ അതിശൈത്യംമൂലം ജയിലുകളിലെ എല്ലാ തടവുകാര്‍ക്കും ചൂടുവെള്ളം ലഭ്യമാക്കണമെന്ന് നിര്‍ദേശം. 65 വയസിനു മുകളിലുള്ള തടവുകാര്‍ക്ക് മെത്ത നല്‍കും. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ജയില്‍ ഡിജിക്കും ആഭ്യന്തര സെക്രട്ടറിക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.  

◾21 ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസുകാരെന്ന് രാഹുല്‍ഗാന്ധി. ഹരിയാനയിലെ അംബാല ജില്ലയില്‍ ഭാരത് ജോഡോ യാത്രാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന മഹാഭാരതത്തിന്റെ നാടാണ്. 'ആരായിരുന്നു കൗരവര്‍? 21-ാം നൂറ്റാണ്ടിലെ കൗരവര്‍ കാക്കി ട്രൗസര്‍ ധരിക്കുന്നു. ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാര്‍ കൗരവര്‍ക്കൊപ്പം നില്‍ക്കുന്നു,' രാഹുല്‍ ആരോപിച്ചു.
 
◾ബോംബ് ഭീഷണിയെ തുടര്‍ന്ന് ആഷ്വര്‍ എയറിന്റെ മോസ്‌കോ - ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലെ 230 യാത്രക്കാരേയും പുറത്തിറക്കി പരിശോധ നടത്തി.  

◾ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് ഇന്ന് ഗുവാഹത്തിയില്‍ തുടക്കം. ഉച്ചക്ക് 1.30 ന് ക്ക് കളി ആരംഭിക്കും. മൂന്ന് മത്സരങ്ങളുളള പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങള്‍ 12 നും 15നുമാണ്.

◾വെയ്ല്‍സിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ഗരെത് ബെയ്ല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര-ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി 33 വയസുള്ള ഗരെത് ബെയ്ല്‍ തന്നെയാണ് അറിയിച്ചത്. ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 664 മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ 226 ഗോളുകള്‍ നേടി.

◾ഇന്ത്യയുടെ വിദേശ നാണയശേഖരം ഡിസംബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ 4.40 കോടി ഡോളറിന്റെ നേരിയവര്‍ദ്ധനയുമായി 56,290 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കരുതല്‍ സ്വര്‍ണശേഖരത്തിലെ വര്‍ദ്ധനയാണ് പ്രതിഫലിച്ചത്. ശേഖരത്തിലെ മുഖ്യശ്രേണിയായ വിദേശ കറന്‍സി ആസ്തി 30.20 കോടി ഡോളര്‍ ഇടിഞ്ഞ് 49,820 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 35.4 കോടി ഡോളര്‍ ഉയര്‍ന്ന് 4,130 കോടി ഡോളറിലെത്തി. 2021 സെപ്തംബറിലെ 64,250 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിലെ എക്കാലത്തെയും ഉയരം. 15മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായിരുന്നു അത്. റഷ്യ-യുക്രെയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ പിന്നീട് ശേഖരം കൂപ്പുകുത്തി. ഡിസംബര്‍ ആദ്യവാരത്തിലെ കണക്കുപ്രകാരം ശേഖരമുള്ളത് 9.2 മാസത്തെ ഇറക്കുമതി ചെലവിന് തുല്യമായാണ്.

◾പ്രശസ്ത തെന്നിന്ത്യന്‍ താരം സുനൈനയെ നായികയാക്കി സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'റെജീന' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. 'ഓരോ മൊഴി ഓരോ മിഴി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സതീഷ് നായര്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവന്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സ്റ്റാര്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജീന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. മറ്റു ഗാനങ്ങള്‍ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശന്‍, വൈക്കം വിജലക്ഷ്മി, റിമി ടോമി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. നിവാസ് അധിതന്‍, റിതു മന്ത്ര, അനന്ദ് നാഗ്, ബോക്സര്‍ ധീന, വിവേക് പ്രസന്ന, ബാവ ചെല്ലദുരൈ, ഗജരാജ്, രഞ്ജന്‍, പശുപതി രാജ്, അപ്പാനി ശരത്ത്, ജ്ഞാനവേല്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന 'ഓ മേരി ലൈല' എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. 'രാമന്‍ തേടും സീതപ്പെണ്ണേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് കോഡിനേറ്റര്‍ ആര്‍ ബാബു ചെന്നൈ. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളുണ്ട് ഈ ഗാനത്തിന്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍. അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.

◾മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ പുതിയ വകഭേദങ്ങളും പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനും അവതരിപ്പിച്ചു. മോഡല്‍ ലൈനപ്പിന് പുതിയ 1.5 എല്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ മോട്ടോര്‍, 117 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പുതിയ 1.5ലി. ഡീസല്‍ എഞ്ചിനും നിലവിലുള്ള 2.0ലി. എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും ഉള്ള ആര്‍ഡബ്ളിയുഡി സിസ്റ്റം 2023 മഹീന്ദ്ര ഥാറിന് ലഭിക്കുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധേയം. എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോണ്‍സ് എന്നിവയാണ് കളര്‍ വേരിയന്റ്. പുതിയ 2023 മഹീന്ദ്ര ഥാര്‍ 1.5 എല്‍ ഡീസല്‍, 2.0 ടര്‍ബോ പെട്രോള്‍ 4ഃ2 വേരിയന്റുകള്‍ക്ക് യഥാക്രമം 9.99 ലക്ഷം രൂപയും 13.49 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.

◾എഴുത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍കൊണ്ട് അമ്മാനമാടുന്ന പത്തു കഥകള്‍. മനുഷ്യമനസ്സിലെ മരണക്കിണറുകള്‍ അനാവരണം ചെയ്യുന്ന വ്യത്യസ്തമായ കഥാപരിസരങ്ങള്‍. അതില്‍ തീവ്രമായ ദുഃഖമുണ്ട്. പകയുണ്ട്. നിസ്സഹായതയുണ്ട്. സ്നേഹത്തിന്റെ മുറിവുകളുണ്ട്. അവിചാരിതമായ വളവും തിരിവും താണ്ടി വായിച്ചുപോകവേ നിങ്ങള്‍ ഒരുവേള ഭ്രാന്തിലേക്ക് വഴുതിവീണേക്കാം. മരണക്കിണറിന്റെ ആഴങ്ങളില്‍നിന്നുള്ള മുഴക്കങ്ങള്‍ കേട്ടേക്കാം. 'ഒരു കാട്ടില്‍ രണ്ടു സിംഹം വേണോ' എന്ന് എതിരാളിയുടെ നേരേ പകയുടെ കത്തിയുയര്‍ത്തിയേക്കാം. ഗൂഗിള്‍ മേരിയുടെ ചതിക്കുഴികളില്‍ പകച്ചുപോയേക്കാം. ഒരു ഗെയിം ഡെവലപ്പറുടെ ചാതുര്യം ഈ കഥകളിലുണ്ട്. ആകപ്പാടെയുള്ള ഒരു ജീവിതത്തെ ആയിരം കഥകളാക്കി ചുരുട്ടി എറിയുന്ന ആഖ്യാനമാന്ത്രികത. 'കാമറൂണി'. അനില്‍ ദേവസി. ഡിസി ബുക്സ്. വില 180 രൂപ.

◾അമിതഭാരം കൊണ്ട് പെടാപ്പാട് പെടുന്നവരാണ് ഇന്ന് അധികം പേരും. ഭാരം കുറയ്ക്കാന്‍ ഹെല്‍ത്ത്ക്ലബുകള്‍ കയറിയിറങ്ങുന്നു. ഇവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. ആപ്പിള്‍ കഴിച്ച് ശരീരഭാരം കുറയ്ക്കാം. അമിത വണ്ണത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ഒന്നാണ്രേത ആപ്പിള്‍. ആപ്പിളില്‍ ധാരാളമായി നോണ്‍ ഡൈജസ്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരത്തെ കുറയ്ക്കാനും ഈ ബാക്ടീരിയകള്‍ സഹായിക്കുന്നു. ധാരാളം നാരുകളും പോളിഫിനോളുകളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാനും സഹായിക്കുന്നു. അതുപോലെതന്നെ ആപ്പിളിലെ ചില സംയുക്തങ്ങള്‍ വയറ് നിറഞ്ഞ അനുഭൂതി ഉണ്ടാക്കുന്നു. അതിനാല്‍ ഒരു ആപ്പിള്‍ കഴിച്ചാല്‍ അമിതമായി ആഹാരം കഴിക്കേണ്ടി വരില്ല. ഇതും അമിത വണ്ണത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനു പുറമെ മറ്റ് പല രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകുന്നു. ശരീരത്തില്‍ എത്തപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് അമിതഭാരത്തിന് ഒരു പ്രധാന കാരണം. ദിവസവും ഒരു ആപ്പിള്‍ വീതം കഴിയ്ക്കുന്നത് ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ആപ്പിളില്‍ നിന്നും ലഭിയ്ക്കും. ശരീരഭാരം നിയന്ത്രിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. കൂടാതെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും ആപ്പിള്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ആപ്പിള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ആപ്പിള്‍ ശീലമാക്കുന്നതിലൂടെ വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
കോട്ടയത്തെ കുറിച്ചിതാനത്തായിരുന്നു മോഹനന്‍ ജനിച്ചത്. ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കുടുംബത്തിലെ ഏക ആണ്‍തരി. പഠിച്ച് നല്ല ഒരു ജോലി നേടണമെന്നതായിരുന്നു ജീവിതലക്ഷ്യം. പഠിക്കാനും മിടുക്കനായിരുന്നു. ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ജോലിക്കായുള്ള യാത്ര ആരംഭിച്ചു. ധാരാളം മത്സരപരീക്ഷകളെഴുതി പക്ഷേ ഒന്നും ലക്ഷ്യംകണ്ടില്ല. അവസാനം ഓഫീസ് ജോലി എന്ന ആഗ്രഹം മാറ്റിവെച്ച് സ്വയം തൊഴില്‍ ചെയ്യാന്‍ ഇറങ്ങി. സ്‌കൂളിലും കോളേജുകളിലുമുള്ള ലാബുകളിലേക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കുക. ഈ മേഖലയില്‍ വേണ്ടത്ര പരിചയം ഇല്ലാതിരുന്നതുകൊണ്ട് തന്നെ നന്നായി കൈപൊള്ളി. സാമ്പത്തികമായി ആകെ തകര്‍ന്നു. അങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു.ആ തീരുമാനത്തില്‍ രാവിലെ ബസ്സില്‍ കയറി. കുറവിലങ്ങാട് എത്തിയപ്പോള്‍ ബസ്സ് കുറച്ച് നേരം നിര്‍ത്തിയിട്ടു. അപ്പോഴാണ് അടുത്തുള്ള പെട്ടിക്കടയില്‍ എം.ടിയുടെ പുതിയ കഥ തുടങ്ങൂന്നതിനെ കുറിച്ചുള്ള അറിയിപ്പോടുകൂടിയ മുഖചിത്രം കണ്ടത്. അയാള്‍ അവിടെയിറങ്ങി. ആ പുസ്തകം വാങ്ങി. എം.ടിയുടെ രണ്ടാമൂഴം തുടങ്ങുന്നു. തന്റെ പ്രിയപ്പെട്ട കഥാകാരന്റെ ആ കഥകൂടി വായിച്ചിട്ട് മരിക്കാം. ആ കടത്തിണ്ണയില്‍ ഇരുന്നുതന്നെ വായിച്ചു. ആദ്യ ലക്കത്തിന്റെ പേര് യാത്ര എന്നായിരുന്നു. തന്റെയും യാത്രയാണല്ലോ.. മരണത്തിലേക്കുള്ളയാത്ര!.. പക്ഷേ, രണ്ടാമൂഴത്തിന്റെ ആദ്യഭാഗത്തെ കഥ ഒരു മുള്‍മുനയിലാണ് എംടി അവസാനിപ്പിച്ചത്. അയാള്‍ തന്റെ തീരുമാനം വീണ്ടും മാറ്റി. രണ്ടാമൂഴം മുഴുവനും വായിച്ചുകഴിഞ്ഞിട്ടാകാം ആത്മഹത്യ. അങ്ങനെ 1വര്‍ഷം 52 ലക്കമായി രണ്ടാമൂഴം പ്രസിദ്ധീകരിച്ചു. അത് മുഴുവനും വായിച്ചു. അതോടെ ആത്മഹത്യ ചെയ്യാനുളള തീരുമാനം ഉപേക്ഷിച്ചു. ആയിടക്കാണ് വീടിനടുത്തെ കുറിച്ചിത്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നാമജപത്തിന് വരുന്ന ഒരുകൂട്ടം ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ സഹായിക്കണം എന്ന് മേല്‍ശാന്തി ആവശ്യപ്പെട്ടപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത അയാളും ഒപ്പം കൂടി. നാട്ടുകാര്‍ ആ ഭക്ഷണത്തിന് നല്ല അഭിപ്രായം പറഞ്ഞു. പിന്നീട് അലഞ്ഞുതിരിഞ്ഞുനടക്കുന്നതിനിടയിലാണ് പാചകവിദഗ്ദന്‍ മലമേല്‍നീലകണ്ഠന്‍ നമ്പൂതിരിയെ പരിചയപ്പെടുന്നത്. സമയം ഉണ്ടെങ്കില്‍ തന്റെ ഒപ്പം കൂടാമോ എന്നായി നീലകണ്ഠന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ ശിഷ്യനായി കൂടെകൂടി. തിരുവനന്തപുരത്ത് ഒരു സപ്താഹത്തിന് ഭക്ഷണമൊരുക്കാമോ എന്ന് മള്ളിയൂര്‍ തിരുമേനി ചോദിച്ചു. ആ സപ്താഹത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും ഉണ്ടായിരുന്നു. അന്നവര്‍ അതിന്റെ പാചകക്കാരനെകൂടി പരിചയപ്പെട്ടിട്ടാണ് പോയത്. പിന്നീട് തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് ലേഖതമ്പുരാട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ഒരു സദ്യയൊരുക്കണം. കൊട്ടാരത്തില്‍ നിന്ന് അയാള്‍ക്ക് വിളിവന്നു. അയാളുടെ ജീവിതത്തിലെ വിശിഷ്ടവ്യക്തികള്‍ക്കുള്ള ആദ്യത്തെ സദ്യയായിരുന്നു അത്. പിന്നീട് കോട്ടയം ജില്ലാകലോത്സവത്തിലേക്ക് നീലകണ്ഠന്‍ നമ്പൂതിരിയുടെ ശിഷ്യന്‍ എന്ന നിലയ്ക്ക് ഒരു അവസരം. അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് അദ്ദേഹം. പഴയിടം മോഹനന്‍ നമ്പൂതിരി. ജീവിതമെന്ന യാത്രയില്‍ തോല്‍വികള്‍ ധാരാളമുണ്ടാകാം. എന്നാല്‍ നമ്മെ ജയിപ്പിക്കാന്‍ ഉതകുന്ന ചില അദൃശ്യശക്തികള്‍ നമ്മില്‍ തന്നെ നിക്ഷിപ്തമായിരിക്കും. അത് തിരിച്ചറിഞ്ഞ് യാത്ര തുടരാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16