*പ്രഭാത വാർത്തകൾ*2023 | ജനുവരി 1 | ഞായർ |◾ എല്ലാവർക്കും മീഡിയ 16 ന്യൂസിന്റെ പുതുവല്‍സരാശംസകള്‍.*

◾ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്കു സംസ്‌കരിക്കും. നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 95 കാരനായ അദ്ദേഹം എട്ടു വര്‍ഷം കത്തോലിക്കാ സഭയെ നയിച്ചു. 2013 ല്‍ സ്ഥാനത്യാഗം ചെയ്ത് വിശ്രമത്തിലായിരുന്നു.

◾പതിനാറാം വയസില്‍ നിര്‍ബന്ധപൂര്‍വം ഹിറ്റ്‌ലറുടെ നാസി വ്യോമസേനാംഗമാകേണ്ടി വന്ന ബാലന്‍. തടവറകളിലും യുദ്ധമുഖത്തും കണ്ടതു ക്രൂര പീഡനങ്ങളും ചോരപ്പുഴയും. ഈ കാഴ്ചകളാണ് ജോസഫ് റാറ്റ്സിംഗര്‍ എന്ന ജര്‍മന്‍കാരനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ ദൈവവഴിയിലേക്കു നയിച്ചത്. അമേരിക്കന്‍ സൈന്യം പിടികൂടി യുദ്ധത്തടവുകാരനാക്കി. മോചിതനായ ശേഷം 1945 ല്‍ റാറ്റ്സിംഗര്‍ വൈദികനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നു. 1951 ല്‍ വൈദികനായി. 1962 ല്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉപദേശകനായി. 1977 ല്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായി. 1981 നവംബറില്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ടായി. ജോണ്‍ പോള്‍ രണ്ടാമന്റെ വലംകൈയായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിയോഗശേഷം 2005 ല്‍ മാര്‍പാപ്പയായി. 2013 ല്‍ സ്ഥാനത്യാഗം ചെയ്ത് പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അധികാരം കൈമാറി.

◾സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു നിയമതടസമുണ്ടോയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. കോടതിയിലുള്ള കേസ് തീര്‍പ്പാകാത്തതിനാലാണ് ഗവര്‍ണര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലിനോട് നിയമോപദേശം തേടിയത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് ഗവര്‍ണറുടെ നടപടി.

◾പോലീസ് നട്ടെല്ല് പണയം വച്ചതിനാലാണ് സജി ചെറിയാനെ മന്ത്രിയാക്കുന്ന കാഴ്ച കേരളത്തിനു കാണേണ്ടി വരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. കേസ് അട്ടിമറിക്കാന്‍ ഭരണതലത്തിലും സി പി എം നേതൃതലത്തിലും വന്‍ ഗൂഢാലോചന നടന്നു. പ്രത്യക്ഷത്തില്‍ തെളിവുകളുണ്ടായിട്ടും തെളിവില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണ്. വേണുഗോപാല്‍ പറഞ്ഞു.

◾ലക്ഷദ്വീപിലെ ആള്‍ത്താമസമില്ലാത്ത ദ്വീപുകളിലും നിരോധനാജ്ഞ. ലക്ഷദ്വീപിലെ 36 ദ്വീപുകളില്‍ പത്തു ദ്വീപുകളില്‍ മാത്രമാണു ജനവാസം. മറ്റു ദ്വീപുകളില്‍ പ്രവേശിക്കുന്നതു നിരോധിച്ചുകൊണ്ട് കളക്ടര്‍ ഡോ. രാകേഷ് മിന്‍ഹാന്‍സാണ് ഉത്തരവിറക്കിയത്. തന്ത്രപ്രധാന മേഖലയില്‍ കടല്‍കൊള്ളക്കാരും തീവ്രവാദികളും തമ്പടിക്കുന്നതു തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

◾ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷ ന്‍ കടകള്‍ ഏഴു ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരിയിലും തുടരും.

◾അട്ടപ്പാടി ചുരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ഒമ്പതാം വളവിലെ ടൈല്‍ പാകല്‍ പൂര്‍ത്തിയായതിനാല്‍ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം ചൊവ്വാഴ്ച വരെ തുടരും.

◾പുതുവല്‍സരം ആഘോഷിച്ചു കേരളവും. കോവളത്തും കൊച്ചിയിലും കോഴിക്കോട് ബീച്ചിലും വമ്പന്‍ ആഘോഷ പരിപാടികളാണ് ഒരുക്കിയത്. എല്ലാ നഗരങ്ങളിലും വിവിധ ഹോട്ടലുകളുടേയും ക്ലബുകളുടേയും നേതൃത്വത്തില്‍ ആഘോഷങ്ങളുണ്ടായി. നൃത്തഗാന പരിപാടികള്‍ ഒരുക്കിയും പൂത്തിരി കത്തിച്ചും പാപ്പാഞ്ഞിക്കു തിരികൊളുത്തിയുമാണ് പുതുവല്‍സരത്തെ വരവേറ്റത്.

◾ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ ദുഖം പ്രകടിപ്പിച്ച് കത്തോലിക്കാ പള്ളികളില്‍ ആചാരപരമായി പള്ളിമണി മുഴക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി.

◾ടൈറ്റാനിയം ജോലി തട്ടിപ്പു കേസില്‍ അറസ്റ്റിലായ ശ്യാംലാലാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്ന് ഡിജിപി. ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാല്‍. ശ്യാംലാലിന്റെ ഫോര്‍ച്യൂണര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ യുവതി ഭര്‍ത്താവിനും മറ്റു തൊഴിലാളികള്‍ക്കും മുന്നില്‍വച്ചു കൊല്ലപ്പെട്ടു. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കന്യാകുമാരി ജില്ലയുടെ ഭാഗമായ കടുക്കറക്കു സമീപം ചിറ്റാറിലാണു സംഭവം. ജ്ഞാനവതി(48)യാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ റബ്ബര്‍ തോട്ടത്തില്‍ ആണ് സംഭവം.

◾രണ്ടാഴ്ച മുമ്പ് ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ കോഴിക്കോട് വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന (63) മദീനയിലെ ആശുപത്രിയില്‍ മരിച്ചു. മക്കയില്‍ ഉംറ നിര്‍വഹിച്ചശേഷം മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

◾കിളിമാനൂര്‍ നഗരൂരില്‍ ഭര്‍ത്താവിന്റെ മരണത്തിനു പിറകേ ഭാര്യയും മരിച്ചു. കുന്നിന്‍കുളങ്ങര അമൃതാഭവനില്‍ ആര്‍ മണികണ്ഠന്‍ (60), ഭാര്യ എസ് സീത (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

◾ആറ്റിങ്ങല്‍ ഇളമ്പ സര്‍ക്കാര്‍ സ്‌കൂളിലെ എന്‍എസ്എസ്, എസ്പിസി ക്യാമ്പില്‍ പങ്കെടുത്ത 13 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

◾ആലപ്പുഴയില്‍ സമാന്തര ബൈപാസ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി രാജ്കുമാര്‍ ശര്‍മ (22) ആണ് മരിച്ചത്.

◾കാസര്‍ഗോഡ് ചെര്‍ക്കളയില്‍ സ്വകാര്യ ബസിടിച്ചു നാലു വയസുകാരന്‍ മരിച്ചു. സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്. ബസ് സ്റ്റാന്‍ഡില്‍ അച്ഛനമ്മമാര്‍ക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു അപകടം.

◾എറണാകുളം പെരുമ്പാവൂരില്‍ കടയുടെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍. വളയന്‍ചിറങ്ങര സ്വദേശി രാമചന്ദ്രന്‍ ആണ് മരിച്ചത്. തൊട്ടടുത്ത പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ ഇയാളുടെ ശരീരത്തില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അവിവാഹിതനാണ്.

◾സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതികളുമായി ചങ്ങാത്തമുണ്ടാക്കി നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്ത വിരുതന്‍ തൃശൂരില്‍ പിടിയില്‍. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് മിര്‍ഷാദിനെ(24) യാണ് അറസ്റ്റു ചെയ്തത്.

◾മേലൂര്‍ കുന്നപ്പിള്ളിയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന 35 ഗ്രാം എംഡിഎംഎയുമായി കുന്നപ്പിള്ളി സ്വദേശി ഷാജിയെയാണ് കൊരട്ടി പൊലീസ് പിടികൂടി.

◾കാസര്‍ഗോഡ് പാലാ വയല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ വെടിക്കെട്ടിനിടെ അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.

◾ഇടുക്കി വണ്ണപ്പുറത്തിനു സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയില്‍ യുവാവ് കൊക്കയില്‍ വീണു മരിച്ച നിലയില്‍. പോത്താനിക്കാട് സ്വദേശി ജീമോന്‍ കല്ലുങ്കല്‍ (35) ആണ് മരിച്ചത്.

◾ഇരുപതോളം മോഷണക്കേസുകളില്‍ പ്രതി പൊലീസിന്റെ പിടിയില്‍. അടൂര്‍ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾പോസ്റ്റോഫീസ് നിക്ഷേപങ്ങളുടേ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്നു നിലവില്‍ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചു.

◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ വിമര്‍ശകനായ റഷ്യക്കാരനെ ഒഡീഷയില്‍ കാണാതായി. പുടിന്റെ വിമര്‍ശകനായ റഷ്യന്‍ പാര്‍ലമെന്റ് അംഗം പാവല്‍ ആന്റോവിനെയും സുഹൃത്ത് ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിറകേയാണ് സംഭവം. 'യുക്രെയിന്‍ യുദ്ധത്തെ എതിര്‍ക്കുന്ന റഷ്യന്‍ അഭയാര്‍ത്ഥിയാണെ'ന്ന പ്ലാക്കാര്‍ഡുമേന്തി ഭൂവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യക്ഷപ്പെട്ടിരുന്ന റഷ്യക്കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എതിര്‍ക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. പ്രധാനമന്ത്രി പദത്തിനായി താന്‍ അവകാശവാദം ഉന്നയിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്നു തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

◾മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപിക്കെതിരേ വലിയ അടിയൊഴുക്കുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടു.

◾കഴിഞ്ഞ വര്‍ഷം കാഷ്മീരില്‍ 93 ഏറ്റുമുട്ടലുകളിലൂടെ 172 ഭീകരരെ സുരക്ഷാസേന വധിച്ചെന്ന് കാഷ്മീര്‍ എഡിജിപി വിജയ്കൂമാര്‍. കൊല്ലപ്പെട്ട ഭീകരരില്‍ 42 പേര്‍ വിദേശികളാണ്. ഭീകരസംഘങ്ങളില്‍ യുവാക്കള്‍ അംഗങ്ങളാകുന്നതു 37 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾പുതുവര്‍ഷം പതിവുപോലെ ആദ്യമെത്തിയതു കിരിബാത്തിയിലെ ക്രിതിമതി ദ്വീപില്‍. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ഇവിടെ പുതുവര്‍ഷം പിറന്നു. പിറകേ, തൊട്ടരികിലെ ന്യൂസിലാന്‍ഡില്‍. കിഴക്കന്‍ മേഖലയിലെ ഓക് ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത് ദീപാലങ്കാരങ്ങളും കരിമരുന്നു പ്രയോഗങ്ങളുമായിട്ടാണ്.

◾ചൈനയില്‍ കോവിഡ് ബാധിച്ച് ദിവസേനെ ഒമ്പതിനായിരം പേര്‍ മരിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഫിനിറ്റിയാണ് വിവരം പുറത്തുവിട്ടത്. ഡിസംബറില്‍ ലക്ഷം പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജസ്ഥിതി ആരാഞ്ഞുകൊണ്ട് ലോകാരോഗ്യ സംഘടന ചൈനയ്ക്കു കത്തയച്ചിട്ടുണ്ട്.

◾ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ചു ലോകരാഷ്ട്രങ്ങള്‍. തിരുത്തലുകള്‍ക്കും ഏറ്റുപറച്ചിലുകള്‍ക്കും പ്രാധാന്യമുണ്ടെന്നു ജീവിതത്തിലൂടെ തെളിയിച്ച ആത്മീയ നേതാവാണ് ബെനഡിക്ട് പതിനാറാമന്‍. വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക വിവാദങ്ങളില്‍ പരസ്യമായി മാപ്പു ചോദിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കിലെ ജൂത സിനഗോഗിലെത്തിയതും ചരിത്ര സംഭവമായി. ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റെന്റ്, ജൂത, ബുദ്ധ, ഇസ്ലാം മത നേതൃത്വവുമായി അടുപ്പം പുലര്‍ത്തിയിരുന്നു.

◾അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് ആറ് മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയും അതിനുശേഷം മാര്‍ച്ച് അവസാനം തുടങ്ങുന്ന ഐപിഎല്ലും റിഷഭ് പന്തിന് പൂര്‍ണമായും നഷ്ടമാകാനാണ് സാധ്യത. ഐപിഎല്ലില്‍ ഡല്‍ഹിയുടെ നായകനാണ് റിഷഭ് പന്ത്. ഐപിഎല്ലില്‍ ആരാകും റിഷഭിന് പകരം ഡല്‍ഹിയെ നയിക്കുക എന്ന ചര്‍ച്ചകളും ഇതിനിടയില്‍ സജീവമാണ്.

◾ആസ്തിയില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ നഷ്ടമാവുന്ന ലോകത്തെ ആദ്യ വ്യക്തിയായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്‌സ് പ്രകാരം മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണിലധികം ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. 2021 ജനുവരിയിലാണ് മസ്‌കിന്റെ ആസ്തി 200 ബില്യണ്‍ ഡോളര്‍ കടന്നത്. ആമസോണിന്റെ ജെഫ് ബസോസാണ് മസ്‌കിനെ കൂടാതെ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക വ്യക്തി. 2021 നവംബറില്‍ മസ്‌കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു. നിലവില്‍ ഇത് വെറും 137 ബില്യണ്‍ ഡോളറാണ്. ഇക്കാലയളവില്‍ 203 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായത്. ടെസ്ലയുടെ ഓഹരി വില ഇടിഞ്ഞതും ട്വിറ്റര്‍ ഇടപാടുകള്‍ക്കായി ഓഹരികള്‍ വിറ്റതുമാണ് മസ്‌കിന്റെ ആസ്തി കുറയാന്‍ കാരണം. ഈ വര്‍ഷം ഇതുവരെ ടെസ് ല ഓഹരികള്‍ ഇടിഞ്ഞത് 69 ശതമാനത്തോളം ആണ്. 44 ബില്യണ്‍ ഡോളറിനായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്. ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ നിലവില്‍ ബെര്‍ണാഡ് അര്‍ണോള്‍ട്ടിന് പിന്നില്‍ രണ്ടാമതാണ് മസ്‌ക്. 162 ബില്യണ്‍ ഡോളറാണ് അര്‍ണോള്‍ട്ടിന്റെ ആസ്തി. 121 ബില്യണ്‍ ഡോളറുമായി ഇന്ത്യയുടെ ഗൗതം അദാനിയാണ് മൂന്നാമത്.

◾മോഹന്‍ലാല്‍ റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് ഡബ് ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'സ്ഫടികം' സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ട് ഭദ്രന്റെയും മോഹന്‍ലാലിന്റെയും കൂടിക്കാഴ്ചയിലെയാണ് ഈ സീനുകള്‍. നടന്‍ മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് ഭദ്രന്‍ സമ്മാനിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ 'ഏഴിമലൈ പൂഞ്ചോല' എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹന്‍ലാല്‍ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 'സ്ഫടികം' സിനിമയുടെ റീ മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളില്‍ നിര്‍മ്മാണ ചിലവുമായാണ് 'സ്ഫടികം' ഫോര്‍ കെ പതിപ്പ് എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ഫോര്‍ കെ അറ്റ്മോസ് മിക്സിലാണ് 'സ്ഫടികം' റിലീസ് ചെയുന്നത്.

◾തൃഷ നായികയായ ചിത്രം 'രാങ്കി'യിലെ ഗാനം പുറത്തുവിട്ടു. എം ശരവണനാണ് 'രാങ്കി' സംവിധാനം ചെയ്തത്. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്നുണ്ട്. വിവേക എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സി സത്യയാണ്. പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്ക്കാണ് എം ശരവണന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'രാങ്കി'. തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയത് 'പൊന്നിയിന്‍ സെല്‍വന്‍' ആണ്.

◾2022 ഒക്ടോബറില്‍, ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ വിദ രണ്ട് വേരിയന്റുകളില്‍ അവതരിപ്പിച്ചിരുന്നു. വിദ വി1 പ്ലസ്, വി1 പ്രോ എന്നിവയായിരുന്നു ഈ വേരിയന്റുകള്‍. ആദ്യത്തേതിന് 1.45 ലക്ഷം രൂപയും രണ്ടാമത്തേതിന് 1.59 ലക്ഷം രൂപയുമാണ് വില. എല്ലാ കണക്ടഡ് ഫീച്ചറുകളും ഒരു പോര്‍ട്ടബിള്‍ ചാര്‍ജറും ചാര്‍ജിംഗ് സേവനവും വിലകളില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍, കമ്പനി ഹീറോ വിദ വി1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ബെംഗളൂരുവില്‍ ആരംഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ബെംഗളൂരു, ജയ്പൂര്‍, ദില്ലി എന്നിവിടങ്ങളിലാണ് ഇ-സ്‌കൂട്ടര്‍ ലഭ്യമാക്കുക. ഒറ്റ ചാര്‍ജില്‍ 143 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3.44കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് വി1 പ്ലസില്‍ നല്‍കിയിരിക്കുന്നത്. 165 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 3.94കിലോവാട്ട്അവര്‍ ബാറ്ററിയുമായാണ് വി1 പ്രോ വരുന്നത്.

◾നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ആര്‍.ശ്യാം കൃഷ്ണന്‍ തന്റെ കഥകള്‍ക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോള്‍ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവര്‍ത്തനം സംഭവിക്കുന്നു. കഥകള്‍ പറയാന്‍ അയത്നലളിതമായ, ഒട്ടുമേ ആര്‍ഭാടമില്ലാത്ത ഒരു ഭാഷ അയാള്‍ക്കുണ്ട്. ഇത്രയും സുതാര്യമായൊരു ഭാഷ സ്വായത്തമാക്കുക എന്നതുതന്നെയാണ് ഒരെഴുത്തുകാരന്‍ ആദ്യം കൊയ്യുന്ന വിജയം. വിശുദ്ധമായൊരു തീര്‍ത്ഥാടനത്തിലെന്നതുപോലെ ഒറ്റയൊറ്റയടികള്‍ വച്ച് കഥാകാരന്‍ ഉയരങ്ങളിലേക്കുള്ള നടപ്പാതകളിലൂടെ നടക്കുന്നു. പതുക്കെപ്പതുക്കെ വലിയ മലകള്‍ അയാള്‍ക്കു മുന്നില്‍ തലകുനിക്കുന്നതും അസാധാരണമായ കഥകള്‍ ഉരുവം കൊള്ളുന്നതും നാം അറിയുന്നു. 'മീശക്കാരന്‍'. ഡിസി ബുക്സ്. വില 171 രൂപ.

◾പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സാണ് മുട്ട. ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ പോലും ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ മുട്ടയില്‍ സാല്‍മോണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല. മുട്ട ശരിയായി വേവിച്ചില്ലെങ്കില്‍ ഈ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു ദിവസം ശരീരത്തിന് വേണ്ടത് 186 മില്ലീഗ്രാം കൊളസ്‌ട്രോളാണ്. ഒരു മുട്ടയില്‍ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കൂടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും കാരണമാകും. മുട്ടയുടെ മഞ്ഞ പൂര്‍ണ്ണമായും കൊളസ്‌ട്രോള്‍ അടങ്ങിയതാണ്, വെള്ള നിറയെ പ്രോട്ടീനും. അതുകൊണ്ട് പുഴുങ്ങിയ മുട്ട കഴിച്ചാലും അതിലെ കൊഴുപ്പിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്. കൂടുതല്‍ മുട്ട കഴിക്കുന്നത് ദഹനപ്രക്രിയയെ തകരാറിലാക്കിയേക്കാം. ഇത് അസഹനീയമായ വയറുവേദനയ്ക്കും കാരണമാകും. ബ്രഞ്ചിനൊപ്പമോ ഉച്ചഭക്ഷണമായോ മുട്ട കഴിച്ചാല്‍ പോലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. മുട്ട കഴിക്കുമ്പോള്‍ അതിനൊപ്പം കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളും ശ്രദ്ധിക്കണം. മുട്ടയിലെ ഉയര്‍ന്ന കൊഴുപ്പും കൊളസ്‌ട്രോളും പ്രമേഹത്തിനും പ്രോസ്റ്റേറ്റ്, വന്‍കുടല്‍ അര്‍ബുദത്തിനും കാരണമാകും. ഇത് ഹൃദയത്തിനും ഭീഷണിയാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഡിസംബര്‍ 31. ആ കോളേജില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഒരു ക്യാംപ്. അവിടെ വന്ന വിശിഷ്ടാതിഥി സംസാരിച്ചു തുടങ്ങി. നാളെ പുതിയ വര്‍ഷം ആരംഭിക്കുകയാണ്. എല്ലാവര്‍ഷവും പുതിയവര്‍ഷം തുടങ്ങുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞകളില്‍ എത്രകണ്ട് നാം വിജയിക്കാറുണ്ട്. നൂറ് ശതമാനം ആ പ്രതിജ്ഞ നിറവേറ്റിയവര്‍ ആരെങ്കിലും ഉണ്ടോ? സദസ്സ് നിശ്ശബ്ദമായിരുന്നു. പുഞ്ചിരിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു. ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. എടുത്താല്‍ പൊങ്ങാത്ത ഒരുപാട് കാര്യങ്ങള്‍ തീരുമാനിക്കും. ഒരുമാസത്തിനുമുമ്പേ അവയൊക്കെ എവിടെയൊക്കെയോ ഉപേക്ഷിക്കപ്പെടും. പക്ഷേ, ഒരിക്കല്‍ എന്റെ അധ്യാപകന്‍ എനിക്ക് പറഞ്ഞുതന്ന മൂന്ന് കാര്യങ്ങള്‍ ഉണ്ട്. അത് ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കാം. വലിയകാര്യങ്ങള്‍ ചെയ്യാനാണ് നാം എപ്പോഴും ശ്രദ്ധിക്കുക. അത് ഇടയിലൊക്കെ മടുപ്പ് അനുഭവപ്പെടാന്‍ കാരണമാകും. ശരിക്കും നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് ചെറിയ ചെറിയ കാര്യങ്ങളാണ്. ഈ ചെറിയ കാര്യങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ എളുപ്പമാണ്. നമ്മുടെ ജീവിതത്തിലെ വലിയമാറ്റങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടാത്ത ഈ ചെറിയ മാറ്റങ്ങളാണ്.. രണ്ടാമതായി നമ്മുടെ സ്വപ്നങ്ങളെയും കഴിവുകളേയും എല്ലാം പുറത്തേക്കെടുക്കാന്‍ നമ്മെ തടസ്സപ്പെടുത്തുന്നത് സംശയങ്ങളാണ്, ഭയങ്ങളാണ്. എനിക്ക് തെറ്റുപറ്റുമോ, എനിക്ക് കഴിവില്ലേ, എന്നെക്കൊണ്ടത് ചെയ്യാന്‍ സാധിക്കില്ലേ.. എന്നിങ്ങനെ അവ നീളുന്നു. ഈ സംശയങ്ങളെ മാററിനിര്‍ത്തി നമ്മില്‍ തന്നെ ഉറച്ച് വിശ്വസിച്ച് സ്വപ്നങ്ങളിലേക്ക് കാലെടുത്തുവെയ്ക്കുക. .. അവസാനമായി ഒരു കാര്യം കൂടിയുണ്ട്... അയാള്‍ തുടര്‍ന്നു... നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. എന്ത് ചിന്തിച്ചാലും അത് മാറ്റിവെയ്ക്കാന്‍ കാരണങ്ങള്‍ തേടാതെ ചിന്തിച്ചകാര്യങ്ങളിലേക്ക് ഇറങ്ങുക. അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. പുതിയ വര്‍ഷം കടന്നുവന്നിരികയാണ്. പുതിയ തീരുമാനങ്ങള്‍ എടുക്കാനും എടുത്തവ പാതിവഴിയില്‍ ഉപേക്ഷിക്കാതിരിക്കാനും നമുക്കും ശ്രമിക്കാം. നമ്മള്‍ നമ്മുടെ ഫോണിന് വീടിന് വണ്ടിക്ക് അങ്ങനെ ജീവിനില്ലാത്ത പലതിനേയും പുതുക്കാറുണ്ട്. ഈ പുതവര്‍ഷത്തില്‍ നമ്മുടെ മനസ്സിനേയും ശരീരത്തിനേയും പുതുക്കാന്‍ അതേ കരുതല്‍ എടുക്കാം.. മനസ്സിനകമൊക്കൊ ഒന്ന് തൂത്തുവാരി, കെട്ടിക്കിടക്കുന്നതൊക്കെ വെട്ടി പുറത്തേക്കൊഴുക്കി, വിഷലിപ്തമായ എല്ലാത്തിനേയും തടഞ്ഞുനിര്‍ത്താന്‍ നമ്മുടെ മനസ്സിന്റെ അതിരുകള്‍ വേലികെട്ടി നമുക്ക് നമ്മെ പതിയെ പതിയെ അടിമുടി മാറ്റാന്‍ സാധിക്കട്ടെ... അതെ ഒരു പുതിയ നമ്മളെ സൃഷ്ടിക്കാന്‍ സാധിക്കട്ടെ - പുതുവത്സരാശംസകള്‍.
മീഡിയ 16