*പ്രഭാത വാർത്തകൾ* 2023 ജനുവരി 04ബുധൻ

◾ഗവര്‍ണറുടെ വിയോജിപ്പോടെ സജി ചെറിയാന്‍ മന്ത്രിയായി ഇന്നു വൈകുന്നേരം നാലിനു സത്യപ്രതിജ്ഞ ചെയ്യും. നിയമത്തിനു മുന്നില്‍ സജി ചെറിയാന്‍ തെറ്റുകാരനാണെങ്കില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന മുന്നറിയിപ്പോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞക്കു തയാറായത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ ഫോണില്‍വിളിച്ചു സംസാരിച്ചതോടെയാണ് തടസവാദങ്ങള്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ സത്യപ്രതിജ്ഞ നടത്താമെന്നു സമ്മതിച്ചത്.  

◾സിനിമാ തിയേറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാന്‍ തിയേറ്ററുടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണ പാനീയങ്ങള്‍ തടയരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

◾കോട്ടയത്ത് ഭക്ഷ്യവിഷബാധമൂലം യുവതി മരിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ 429 ഹോട്ടലുകളില്‍ പരിശോധന. 43 ഹോട്ടലുകള്‍ അടപ്പിച്ചു. വൃത്തിഹീനമായിരുന്ന 22 സ്ഥാപനങ്ങളും െൈലസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുമാണ് അടപ്പിച്ചത്. 86 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഇതിനിടെ പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച ഹോട്ടലും പോലീസ് അടപ്പിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിലാണ് സംഭവം.

◾ജോണ്‍ ബ്രിട്ടാസ് എംപി മതവിദ്വേഷമുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന് ആരോപിച്ച് ബിജെപി രാജ്യസഭ ചെയര്‍മാന് പരാതി നല്‍കി. കോഴിക്കോട് കേരള നവദുല്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിനെതിരേയാണ് പരാതി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറാണ് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്.

◾മകരവിളക്കിനു ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ജനുവരി 11 മുതല്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരില്‍ ഒരു വിഭാഗം മകരവിളക്കു തീരുന്നതുവരെ ശബരിമലയില്‍ തുടരാനാണ് സാധ്യത. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരുക്കും. തീര്‍ഥാടകര്‍ കാടിന്റെ പരിസരത്തു പാചകം ചെയ്യുന്നത് തടയും. തീപിടുത്തം തടയാനാണിത്. പാചകത്തിനുള്ള പാത്രങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടില്ല.

◾കോഴിക്കോട് ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ കോല്‍ക്കളി വേദിയിലെ കാര്‍പെറ്റില്‍ മത്സരാര്‍ത്ഥി തെന്നി വീണു. മല്‍സരാര്‍ത്ഥികളുടെ രക്ഷിതാക്കളും പരിശീലകരും ബഹളം വച്ചതോടെ മത്സരം കുറച്ചു സമയം നിര്‍ത്തിവച്ചു. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പെറ്റ് നീക്കം ചെയ്യണമെന്നാണ് മല്‍സരാര്‍ഥികള്‍ ആവശ്യപ്പെട്ടത്.

◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിയ്യൂരില്‍നിന്ന് എത്തിച്ച കാപ്പ തടവുകാരും കണ്ണൂരിലെ കാപ്പ തടവുകാരും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂരിലെ തടവുകാരനായ തൃശൂര്‍ സ്വദേശി പ്രമോദിനെ വിയ്യൂരില്‍നിന്ന് എത്തിയ തടവുകാര്‍ ആക്രമിക്കുകയായിരുന്നു. പോലിസ് കേസെടുത്തു.

◾സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് മന്ത്രിസ്ഥാനത്തുനിന്ന് ആറുമാസം മാറി നിന്നതെന്ന് സജി ചെറിയാന്‍. തനിക്കെതിരേ കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്നു കണ്ടെത്തിയ കേസിനെച്ചൊല്ലിയാണ് വിവാദം. തനിക്കെതിരേ ഉണ്ടായിരുന്ന രണ്ടു പരാതികളും തീര്‍പ്പായെന്നും സജി ചെറിയാന്‍ അവകാശപ്പെട്ടു.

◾പത്തനംതിട്ട ചുട്ടിപ്പാറയില്‍ അയ്യപ്പന്റെ 133 അടി ഉയരമുള്ള ശില്‍പം സ്ഥാപിക്കും. 25 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 34 കിലോമീറ്റര്‍ അകലേയ്ക്കുവരെ ശില്‍പം കാണാനാകുമെന്നു സംഘാടകരായ ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ട്രസ്റ്റ് പറയുന്നു. യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപമാണു ശില്‍പി ദേവദത്തന്റെ നേതൃത്വത്തില്‍ നിര്‍മിക്കുക.

◾അളവും തൂക്കവും അടക്കമുള്ള നിമയങ്ങള്‍ ലംഘിച്ചതിന് 279 സ്ഥാപനങ്ങള്‍ക്കെതിരേ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ നിയമലംഘനത്തിനാണ് കേസ്. നാലു ലക്ഷത്തി അറുപത്തേഴായിരം രൂപ പിഴ ഈടാക്കിയിട്ടുമുണ്ട്.

◾ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിന്. 'പ്രാണവായു' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

◾എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കം പരിഹരിക്കാന്‍ ഉന്നത വൈദിക നേതൃത്വം ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഭാ വിശ്വാസികളായ വിഐപി വനിതകള്‍. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബ്, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, വനിത കമ്മീഷന്‍ മുന്‍ അംഗം പ്രൊഫ. മോനമ്മ കൊക്കാട് അടക്കമുള്ളവരാണ് ബിഷപ്പുമാര്‍ക്കു തുറന്ന കത്തയച്ചത്. ഡിസംബര്‍ 23, 24 തീയതികളില്‍ കൊച്ചി സെന്റ് മേരിസ് ബസിലിക്കയില്‍ല്‍ നടന്ന കുര്‍ബാന തര്‍ക്കത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്ന് കത്തില്‍ പറഞ്ഞു.

◾ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ വീടിനു മുകളിലേക്ക് ഇടിച്ചു കയറി. വാഹനത്തില്‍ സഞ്ചരിച്ച 16 പേര്‍ക്കു പരിക്കേറ്റു. പാറക്കടവ് ബൈപ്പാസിലെ ശാന്തിപ്പടി ഭാഗത്ത് നിയന്ത്രണം വിട്ട മിനിവാന്‍ പാറക്കടവ് കപ്പാട്ട് റഫീഖിന്റെ വീടിന് മുകളിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

◾ഗോവയില്‍നിന്നു എംഡിഎംഎയും, എല്‍എസ്ഡി സ്റ്റാമ്പുകളും കടത്തിയ എട്ടംഗ സംഘം കഴക്കൂട്ടത്ത് പിടിയില്‍. കൊലക്കേസില്‍ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദര്‍ശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാര്‍, സുബാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്.

◾മലപ്പുറം മമ്പാട് ആംബുലന്‍സ് ഇരുചക്ര വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൃതദേഹം എടവണ്ണ ഇഎംസി ആശുപത്രിയില്‍.

◾മലപ്പുറം എടവണ്ണപ്പാറയില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയെന്ന കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. ചീക്കോട് വാവൂര്‍ അബ്ദുല്‍റാഷിദിനെ (29)യാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മോഷണംപോയ നാലുപവന്‍ സ്വര്‍ണം എടവണ്ണപ്പാറയിലെ പണമിടപാടു സ്ഥാപനത്തില്‍നിന്ന് കണ്ടെടുത്തു.

◾തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് രോഗിയെ എലി കടിച്ചതിനെക്കുറിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്.

◾മലപ്പുറം താനൂരില്‍ ചായക്കു മധുരം കുറഞ്ഞതിന് ഹോട്ടലുടമ മനാഫിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. ആക്രമിച്ച സുബൈറിനെ പിന്നീട് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾പാലക്കാട് കൂറ്റനാട് പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം നിറച്ച് പണം നല്‍കാതെ മുങ്ങിയ നാലു പേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ സാബിത്ത്, അല്‍ത്താഫ്, പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പേരുമാണ് പിടിയിലായത്.

◾ഒരു റഷ്യന്‍ പൗരന്‍ കൂടി ഒഡിഷയില്‍ മരിച്ച നിലയില്‍. ഇതോടെ മൂന്നാമത്തെ റഷ്യന്‍ പൗരനാണ് ഇവിടെ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. മിയകോവ് സെര്‍ജി എന്നയാളാണു മരിച്ചത്. പാരദീപ് തുറമുഖത്തെ കപ്പലിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് നിന്ന് പരദീപ് വഴി മുംബൈയിലേക്ക് പോവുകയായിരുന്ന എം ബി അല്‍ദ്ന എന്ന കപ്പലിലെ ചീഫ് എഞ്ചിനീയറായിരുന്നു 51 കാരനായ മിയകോവ്.

◾ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസില്‍ ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പ്രദേശത്ത് ആക്രമണം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ച് ഒരുസംഘം അക്രമികള്‍ ബംഗ്ളപ്പാറ സേക്രഡ് ഹാര്‍ട്ട് പള്ളി തകര്‍ത്തു. തടയാന്‍ ശ്രമിച്ച നാരായണ്‍പുര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലതല്ലിപ്പൊളിക്കുകയും ചെയ്തു.

◾ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ കാറിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതി അഞ്ജലി മദ്യപിച്ചിരുന്നെന്ന് അപകടസമയത്ത് സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി. അഞ്ജലി കാറിന് അടിയില്‍ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്നും മൊഴി. പുതുവത്സര ആഘോഷങ്ങള്‍ക്കായി കഞ്ചാവാലയിലെ ഹോട്ടലിലെത്തിയ അഞ്ജലിയും് നിധിയും അവിടവെച്ച് വഴക്കിട്ടശേഷമാണ് ഒരുമിച്ചു സ്‌കൂട്ടറില്‍ യത്രചെയ്തതെന്നുമാണു മൊഴി. ഇതേസമയം യുവാക്കള്‍ ഇടിച്ച കാറില്‍നിന്ന് മദ്യക്കുപ്പികളും ലഹരി മരുന്നുകളും കണ്ടെടുത്തു.

◾പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളിലായാണ് ഇത്രയും മദ്യം വിറ്റഴിച്ചത്. ഇതില്‍ 610 കോടിയുടെ മദ്യക്കച്ചവടവും ഡിസംബര്‍ 31 നായിരുന്നു.

◾കോവിഡ് തടയാന്‍ ബൂസ്റ്റര്‍ ഡോസ് രണ്ടാം തവണ എടുക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യ ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും എത്തിക്കാനാണു മുന്‍ഗണനയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

◾രാഹുല്‍ ഗാന്ധിയുടെയും അതുവഴി കോണ്‍ഗ്രസിന്റേയും പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടികള്‍ ചിലവിട്ടെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സകലതും വിലക്കെടുത്ത അദാനിക്കും അംബാനിക്കും രാഹുലിനെ വിലക്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രിയങ്ക. ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളിലൂടെ പതിനായിരം കോടി രൂപ സമാഹരിക്കും. ഇതിനായി ഡയറക്ടര്‍ ബോര്‍ഡ് നടപടികള്‍ ആരംഭിച്ചതായി എസ്ബിഐ അറിയിച്ചു.  

◾ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. അധികാരമേറ്റ ശേഷം ആദ്യമായാണ് ഇരു നേതാക്കളും സംസാരിക്കുന്നത്. ജി 20 കൂട്ടായ്മയുടെ അധ്യക്ഷനെന്ന നിലയിലാണ് മോദി ചാള്‍സ് രാജാവുമായി സംസാരിച്ചത്. കാലാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം, ഊര്‍ജ സംരക്ഷണ ഫണ്ടിംഗ് എന്നിവയെക്കുറിച്ചാണു സംസാരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍.

◾ഐഎസ്എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ്. ജംഷേദ്പുരിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി എട്ടുമത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്.

◾ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 2 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യയെ വിറപ്പിച്ച ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളു. നേരത്തെ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ 41 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ശിവം മാവിയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്.

◾ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗിയുടെ നഷ്ടം 2022 സാമ്പത്തിക വര്‍ഷത്തില്‍ 3,629 കോടി രൂപയായി. 2021ല്‍ നഷ്ടം 1,617 കോടി രൂപയായിരുന്നു. മൊത്തം ചെലവുകള്‍ 131 ശതമാനമാണ് ഉയര്‍ന്നത്. ഇത് 9,574.5 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം, സ്വിഗിയുടെ വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 2,547 കോടി രൂപയില്‍ നിന്ന് 2.2 മടങ്ങ് വര്‍ദ്ധിച്ച് 5,705 കോടി രൂപയായി. പരസ്യ, പ്രൊമോഷണല്‍ ചെലവുകളില്‍ 4 മടങ്ങാണ് വര്‍ദ്ധന. ഇത് 1,848.7 കോടി രൂപ വരും. അതേസമയം പുതുവര്‍ഷത്തലേന്ന് സ്വിഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറുകള്‍. രാത്രി 10.25 ഓടെ ആപ്പ് രാജ്യത്തുടനീളം 61,000 പിസ്സകള്‍ ഡെലിവര്‍ ചെയ്തതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ട്വിറ്ററില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓര്‍ഡറുകള്‍ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്‌നോവിയ്ക്ക് 14.2 ശതമാനവും, കൊല്‍ക്കത്ത-10.4 ശതമാനവും ഓര്‍ഡര്‍ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചതോടെ ഏറ്റവും കൂടുതല്‍ ഡെലിവര്‍ ചെയ്ത ഇനം ബിരിയാണിയാണ്.

◾മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഭാഗമാകുന്നു. സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സൊണാലി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ഇതിഹാസം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് സൊണാലി പറയുന്നു. ഗ്രാന്‍ഡ് മസ്തി, സിങ്കം റിട്ടേണ്‍സ് എന്നീ ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയയാണ് സൊണാലി. ഷട്ടര്‍ സിനിമയുടെ, വി.കെ. പ്രകാശ് സംവിധാനം ചെയ്ത മറാഠി റീമേക്കില്‍ സൊണാലിയായിരുന്നു നായിക. അതേസമയം ഇന്ത്യയിുടെ പല ഭാഗത്തുനിന്നുള്ള പ്രശസ്ത താരങ്ങളെയാണ് പുതിയ ചിത്രത്തിലേക്ക് ലിജോ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബന്റെ ഭാഗമാണ്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍, രാധിക ആപ്തെ, രാജ്പാല്‍ യാദവ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയേക്കും.

◾അനൂപ് മേനോന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ പ്രഖ്യാപിച്ചു. 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോന്‍ സംവിധാനം ചെയ്യുക. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും അനൂപ് മേനോന്‍ ചിത്രം ചിത്രീകരിക്കുക. ഏപ്രിലില്‍ 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'യുടെ ചിത്രീകരണം തുടങ്ങുമെന്നും അനൂപ് മേനോന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ വി കെ പ്രകാശിന്റെ സംവിധാനത്തില്‍ 'ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. എന്തുകൊണ്ടാണ് വി കെ പ്രകാശ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രിയാ വാര്യര്‍ ചിത്രത്തില്‍ നായികയായി എത്തുമോ എന്നതും സ്ഥിരീകരിച്ചിട്ടില്ല.

◾വില്‍പനയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തി സ്‌കോഡ ഇന്ത്യ. 2021നെ അപേക്ഷിച്ച് 2022 ല്‍ വില്‍പനയില്‍ 125 ശതമാനം വളര്‍ച്ചയാണ് സ്‌കോഡ ഇന്ത്യയ്ക്ക് ലഭിച്ചത്. 2021 ല്‍ 23858 കാറുകളാണ് വിറ്റതെങ്കില്‍ 2022 ല്‍ 53721 കാറുകള്‍ സ്‌കോഡ ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചു. 2021 ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറില്‍ 48 ശതമാനം വളര്‍ച്ച സ്‌കോഡ കൈവരിച്ചു. 4788 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ വില്‍പന. ഇതോടെ സ്‌കോഡ ഇന്ത്യയുടെ ഏറ്റവും മികച്ച വര്‍ഷമായി 2022 മാറി. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ സ്‌കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാര്‍ഷിക വില്‍പന റെക്കോര്‍ഡ് തിരുത്തിയിരുന്നു. സ്‌കോഡയുടെ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന മൂന്നാമത്ത വിപണിയും ഇന്ത്യയാണ്. ജര്‍മനിയും ജന്മനാടായ ചെക് റിപ്പബ്ലിക്കുമാണ് ആദ്യ സ്ഥാനങ്ങള്‍ പങ്കിടുന്നത്.

◾യുഗദീര്‍ഘമായ ഇരുള്‍നിദ്രയില്‍നിന്നും 'കടുപ്പമേറിയ ഇരുമ്പി'നെ തൊട്ടുണര്‍ത്തിയവരെക്കുറിച്ചാണ് ഈ നോവല്‍. രാജ്യത്തിന്റെ വാണിജ്യഭൂപടം മാറ്റിവരച്ച അയിരിന്റെ നിക്ഷേപമുറഞ്ഞുമുറ്റിയ ഭൂമികളുടെ കഥ. ധാതുസമ്പത്തിന്റെ കലവറയായ ഝാര്‍ഖണ്ഡാണ് പശ്ചാത്തലം. ഇതില്‍ വനനശീകരണം മുതല്‍ മതപരിവര്‍ത്തനം വരെയുണ്ട്; മാനവശേഷിയുടെ നഗ്‌നചൂഷണമുണ്ട്, ഗോത്രസമൂഹത്തിന്റെ കഠിനപോരാട്ടമുണ്ട്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരകാഹളമുണ്ട്. അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചോര ഈ താളുകളില്‍ പടരുന്നു; പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വന്യസീല്‍ക്കാരങ്ങള്‍ മുഴങ്ങുന്നു. 'അയിര്'. ജെ.സി തോമസ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 370 രൂപ.

◾തണുപ്പ്കാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സര്‍വ സാധാരണമാണ്. ഇത് തടയാന്‍ നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഇത് അരച്ച് ചുണ്ടില്‍ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ച മാറാന്‍ സഹായിക്കും. പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നല്‍കാന്‍ സഹായിക്കും. ഇതിനായി ഒരു സ്പൂണ്‍ പഞ്ചസാരയെടുത്ത് അതില്‍ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂണ്‍ തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാം. ശേഷം വിരലുകള്‍ കൊണ്ട് ചുണ്ടില്‍ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ച മാറാന്‍ സഹായിക്കും. പാല്‍ ചുണ്ടില്‍ തേക്കുന്നതും നല്ലതാണ്. പാലിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചുണ്ടിലെ വരള്‍ച്ച തടയാന്‍ സഹായിക്കും. ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധമാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇതിനായി നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യാം. ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റാന്‍ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.

 ശുഭദിനം മീഡിയ 16