മീഡിയ 16*പ്രഭാത വാർത്തകൾ*2023 | ജനുവരി 12 | വ്യാഴം |

◾റേഷന്‍ കടകളിലൂടെ ഗോതമ്പിനു പകരം റാഗി വരും. കര്‍ണാടകയിലെ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് റാഗി എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് കൊണ്ടുവരിക. ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കടയിലൂടെയാണ് റാഗി ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.

◾അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചര്‍ എന്നു വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചര്‍ വിളിയിലൂടെ തുല്യത നിലനിര്‍ത്താനാകുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ്കുമാര്‍, അംഗം സി. വിജയകുമാര്‍ എന്നിവര്‍ ഉത്തരവില്‍ പറയുന്നു.

◾ഫേസ് ബുക്കിലെ അല്‍ഗോരിതത്തിന്റെ പേരില്‍ കുത്തും കോമയും ആവശ്യപ്പെട്ടുള്ള നിലവിളി അടിസ്ഥാനരഹിതമായ ആശങ്കകളുടെ പേരിലാണെന്ന് കേരള പോലീസ്. (കുത്തിടല്‍ യജ്ഞം വെറുതേ, പണം വാരാന്‍ ഫേസ് ബുക്ക് ...


◾അമേരിക്കയില്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചു. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസ് സാങ്കേതിക വിദ്യയിലെ തകരാര്‍മൂലം ആശയവിനിമയം തടസപ്പെട്ടതോടെയാണ് വിമാന സര്‍വീസ് നിര്‍ത്തിയത്. ആറായിരത്തോളം വിമാന സര്‍വീസുകളാണു റദ്ദാക്കിയത്.

◾കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷം 800 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കാരുണ്യ.

◾തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ മൂന്നു ദിവസമായി സ്തംഭിച്ചു. സെര്‍വര്‍ തകരാര്‍മൂലമാണ് മണി ഓര്‍ഡര്‍ അടക്കമുള്ള സേവനങ്ങള്‍ മുടങ്ങിയത്. കത്തുകള്‍, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് തപാല്‍ എന്നിവയ്ക്കു തടസമില്ല. തപാല്‍ വകുപ്പ് നവി മുംബൈയിലെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സര്‍വര്‍ ആണ് ഉപയോഗിച്ചിരുന്നത്. റിലയന്‍സുമായുള്ള കരാര്‍ അവസാനിച്ചതോടെ സെര്‍വറില്‍നിന്ന് ഡാറ്റകള്‍ സുരക്ഷിതമായി മാറ്റുന്നതിനിടയിലെ തകരാറുകളാണ് തപാല്‍ സര്‍വീസുകളെ ബാധിച്ചത്.

◾റണ്‍വേ ബലപ്പെടുത്തുന്നതിനാല്‍ 15 മുതല്‍ ആറുമാസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍ സമയങ്ങളില്‍ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ 10 മുതല്‍ കൈുന്നേരം ആറു വരെ റണ്‍വേ അടച്ചിടും. പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകീട്ട് ആറു മുതല്‍ പിറ്റേന്നു 10 വരെ പുനക്രമീകരിക്കും.

◾ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആറു പ്രതികള്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

◾നിയമസഭയിലേക്കു മല്‍സരിക്കുമെന്നു പ്രഖ്യാപിച്ച എംപിമാര്‍ക്കെതിരെ കെപിസിസി ഭാരവാഹി യോഗത്തില്‍ കടുത്ത വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന എംപിമാരെ നിലയ്ക്കു നിര്‍ത്തണമെന്നും താക്കീത് ചെയ്യണമെന്നുമാണ് നിര്‍ദേശം. ഇന്നത്തെ നിര്‍വ്വാഹകസമിതിയില്‍ തീരുമാനമെടുക്കാമെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

◾മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നതടക്കമുള്ള അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ശശി തരൂര്‍ എംപി. താരിഖ് അന്‍വറിനോടോ ഹൈക്കന്‍മാഡിനോടോ തര്‍ക്കമില്ലെന്നും മലപ്പുറത്ത് പറഞ്ഞു. ക്ഷണം ലഭിച്ച പരിപാടികളില്‍ പങ്കെടുക്കുന്നതു പുതിയ കാര്യമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

◾സേഫ് ആന്‍ഡ് സ്ട്രോംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ പിടിയിലായി. കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിനു സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇരുന്നൂറോളം പരാതികളുണ്ട്.

◾കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അയോഗ്യയാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കി. 11 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്നും യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ടെന്നുമാണ് വാദം. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ ചുമതല അധ്യാപനമല്ലെന്ന കോടതിയുടെ വിലയിരുത്തല്‍ തെറ്റാണെന്നു ഹര്‍ജിയില്‍ വാദിക്കുന്നു.

◾പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസുകള്‍ ഇനി വിളമ്പില്ലെന്ന് ബേക്കറി ഉടമകളും ഹോട്ടലുടമകളും. മയൊണൈസില്‍നിന്നു ഭക്ഷ്യവിഷബാധയ്ക്കു സാധ്യത കൂടുതലായതിനാലാണ് ഈ തീരുമാനം. എന്നാല്‍ വെജിറ്റബിള്‍ മയോണൈസ് വിളമ്പുന്നതാണ്. ബേക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

◾അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കണമെന്നു ഹൈക്കോടതി. ഏലയ്ക്കയില്‍ കീടനാശിനി കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിവരം.

◾ശബരിമലയില്‍ അരവണ പ്രസാദ വിതരണം നിറുത്തിവയ്ക്കുന്നു. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. ഏലയ്ക്കാ ഇല്ലാതെ അരവണ തയാറാക്കി നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

◾ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്ക്. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഹരിവരാസനം പുരസ്‌കാരം.

◾മകരവിളക്ക് ദിവസമായ ശനിയാഴ്ച ശബരിമലയില്‍ പ്രവേശനം ഉച്ചയ്ക്ക് 12 വരെയായി നിജപ്പെടുത്തി. 12 നു ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകര്‍ കൂടുതലായി നില്‍ക്കുന്ന പാണ്ടിത്താവളം, മാഗുണ്ട, അയ്യപ്പനിലയം തുടങ്ങിയ പോയിന്റുകളിലെല്ലാം മതിയായ സുരക്ഷ ഉറപ്പുവരുത്തും.

◾നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധനച്ചോര്‍ച്ചയുണ്ടെന്നു തെറ്റായ സൂചന പൈലറ്റിനു ലഭിച്ചതിനെത്തുടര്‍ന്നാണു തിരിച്ചിറക്കിയത്.

◾കാര്‍ഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സീമ ജഗ്ഗി. വിദ്യാര്‍ത്ഥികളില്‍ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും പരിഷ്‌കരിക്കും. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇതു സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

◾സംസ്ഥാനത്ത് ലഹരിമാഫിയക്കു സര്‍ക്കാര്‍ സഹായമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ള സിപിഎം നേതാക്കളുമായി ബന്ധമുള്ള ലഹരിക്കേസിലെ പ്രതിയും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായയ ഷാനവാസ് കൊട്ടേഷന്‍ - ലഹരിമാഫിയകളുടെ തലവനാണെന്നും അദ്ദേഹം പറഞ്ഞു.

◾മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് പാമ്പാടി എട്ടാം മൈലില്‍ ലോറി ഇടിച്ചു മരിച്ചത്. മകന്റെ ബൈക്കിനു പിറകിലിരുന്നു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. മകന്‍ അഖില്‍ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുക്കാന്‍ കൈക്കൂലിയായി 2000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ ഗ്രേഡ് എസ്.ഐ വിജിലന്‍സ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ വി.എച്ച് നസീറാണ് പിടിയിലായത്.

◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജിദ്ദയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. മഞ്ചേരി തുവ്വൂര്‍ പാലക്കാവേ സ്വദേശി കാവന്നയില്‍ അഷറഫ് (54) ആണു പിടിയിലായത്.

◾തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറേയും പൊലീസുകാരനേയും ആക്രമിച്ച മദ്യപനെ അറസ്റ്റു ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സ്വാലിഹ് (35) ആണ് പിടിയിലായത്. ലാത്തിയടിച്ചു വീഴ്ത്തി അറസ്റ്റു ചെയ്ത ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾പാലക്കാട് മദ്യലഹരിയില്‍ ലോറി ഓടിച്ച് ഏഴു വാഹനങ്ങളുമായി കൂട്ടിയിടിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ലോറിയോടിച്ചു.

◾ലഹരിക്കടത്തു കേസില്‍ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

◾മോഷണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി ആലപ്പുഴ കരളകം കളരിക്കല്‍ വീട്ടില്‍ വിജേഷിനെ (26) അറസ്റ്റു ചെയ്തു.

◾കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ എസ്എഫ്ഐ - കെഎസ്യു സംഘര്‍ഷം. ബാനറിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് പിന്നീട് കൂട്ടയടിയായത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

◾മലപ്പുറം പുളിക്കല്‍ ആന്തിയൂര്‍കുന്നില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. നോവല്‍ സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ബ്രേക്ക് നഷ്ടമായ ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു.

◾പ്രവാസികളില്‍നിന്നുള്ള വരുമാനം 12 ശതമാനം വര്‍ദ്ധിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രവാസി ഇന്ത്യക്കാര്‍ 2022ല്‍ രാജ്യത്തേക്ക് അയച്ചത് 8,17,915 കോടി രൂപയാണ്. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് ധനമന്ത്രി കണക്കുകള്‍ വെളിപെടുത്തിയത്.

◾ജൂഡീഷ്യറിക്കെതിരെ വീണ്ടും ഉപരാഷ്ട്രപതി. തന്റെ പ്രസ്താവനയോട് അത്യപ്തി അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയ സുപ്രീംേകാടതി നിര്‍ദേശം ആശ്ചര്യജനകമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞു. കോടതികള്‍ പരസ്യ നിലപാട് സ്വീകരിക്കുന്നത് നല്ലതല്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ അവരുടെ നിലയില്‍നിന്നു വേണം പ്രവര്‍ത്തിക്കേണ്ടതെന്നും ഉപരാഷ്ട്രപതി ജയ്പൂരില്‍ പറഞ്ഞു.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാകും. മൂന്നു പാര്‍ട്ടികള്‍ക്ക് പരിപാടിയിലേക്ക് ക്ഷണമില്ല. ആം ആദ്മി പാര്‍ട്ടി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി, ഗുലാം നബി ആസാദിന്റെ ഡമോക്രറ്റിക് പാര്‍ട്ടി എന്നിവയ്ക്കാണു ക്ഷണമില്ലാത്തത്. ഇടത് പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി യടക്കം 21 പാര്‍ട്ടികള്‍ക്കാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ ക്ഷണം. പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി രാഹുല്‍ ഗാന്ധി അയച്ച കത്തിനോട് പ്രതികരിച്ചവര്‍ക്കു മാത്രമേ ക്ഷണമുള്ളൂവെന്ന് എഐസിസി. മുപ്പതിന് ജമ്മു കാഷ്മീരിലെ ശ്രീനഗറിലാണ് യാത്രയുടെ സമാപനം.

◾നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്ത ജലേബി ബാബ എന്നറിയപ്പെടുന്ന ആള്‍ദൈവം അമര്‍പുരിയ്ക്ക് 14 വര്‍ഷം കഠിനതടവ്. ഹരിയാനയിലെ അതിവേഗകോടതിയാണ് 63 വയസുള്ള ഇയാളെ ശിക്ഷിച്ചത്. സഹായം അഭ്യര്‍ത്ഥിച്ചു വരുന്ന സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു.

◾വീണ്ടും നരബലി. സമ്പന്നനാകാന്‍ ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കിയതിന് പ്രയാപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പെടെ മൂന്നു പേരെ കേന്ദ്രഭരണ പ്രദേശമായ ദാദ്ര ഹവേലിയില്‍ അറസ്റ്റു ചെയ്തു. തലയറുത്ത് കൊന്ന് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് അയല്‍ സംസ്ഥാനമായ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപിയില്‍ കനാലിനു സമീപം തള്ളിയിരുന്നു. ഷൈലേഷ് കോഹ്‌കേര (28), രമേശ് സന്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്.

◾വിശാഖപട്ടണത്ത് 19 നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ള വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. സെക്കന്തരാബാദ് - വിശാഖപട്ടണം ട്രെയിനിലെ ഒരു കോച്ചിന്റെ ചില്ലുകള്‍ മുഴുവന്‍ തകര്‍ന്നു.

◾ബിഹാറിലെ ബക്സറില്‍ കര്‍ഷക പ്രതിഷേധം അക്രമാസക്തമായി. പൊലീസ് വാന്‍ കത്തിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തു. ചൗസ പവര്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്കു കൂടുതല്‍ വില ആവശ്യപ്പെട്ടാണു സമരം. പവര്‍ പ്ലാന്റിനു നേരെയും അക്രമമുണ്ടായെന്നു പൊലീസ്. കഴിഞ്ഞ ദിവസം പോലീസ് വീടുകളില്‍ കയറി ആക്രമിച്ചത് കര്‍ഷകരെ പ്രകോപിപ്പിച്ചിരുന്നു.

◾ജനം നോക്കിനില്‍ക്കേ ഡല്‍ഹിയില്‍ മോഷ്ടാവ് കുത്തിക്കൊന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 57 കാരനായ കോണ്‍സ്റ്റബിള്‍ ശംഭു ദയാലാണ് മരിച്ചത്.

◾മദ്യപിച്ചു ലക്കുകെട്ട് ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ച 39 കാരനെ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശി ജൗഹര്‍ അലി ഖാനാണു പിടിയിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

◾ദീര്‍ഘദൂര വിമാനയാത്രക്കാര്‍ മാസ്‌കു ധരിക്കണമെന്ന് നിര്‍ദേശിക്കണമെന്ന് ലോകാരോഗ്യസംഘടന. അമേരിക്കയില്‍ ഉള്‍പ്പെടെയുള്ള പുതിയ ഒമിക്രോണ്‍ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്.

◾അഫ്ഗാനിസ്ഥില്‍ വിദേശകാര്യ മന്ത്രാലയത്തിനു സമീപം ചാവേര്‍ ആക്രമണം. 20 പേര്‍ കൊല്ലപ്പെട്ടു.

◾ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് രണ്ടാം ഏകദിനത്തിന് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 63 റണ്‍സിന് വിജയിച്ചിരുന്നു.

◾രാജ്യത്തെ പ്രമുഖ ഹോള്‍ സെയ്ല്‍ ബിസിനസ് ബ്രാന്‍ഡ് ആയ മെട്രോ എജി ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍. 2085 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍. നിലവില്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് സംരംഭങ്ങള്‍ എന്നിവയ്ക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന മെട്രോ എജി ഇനി മുതല്‍ 'ഡയറക്റ്റ് ടു കസ്റ്റമര്‍' ബിസിനസിലേക്കാണ് കടക്കുന്നത്. റിലയന്‍സിന്റെ ഏറ്റെടുക്കല്‍ നടന്നതോടെ റീറ്റെയ്ല്‍ ബിസിനസിലേക്കും മെട്രോ എജിക്ക് കടക്കാം. ഏറ്റെടുക്കല്‍ മാര്‍ച്ചോടെ പൂര്‍ണമാകും. ഡീല്‍ അനുസരിച്ച് മൂന്നു വര്‍ഷം വരെ ബ്രാന്‍ഡ് നാമം മെട്രോ എജി എന്നു തന്നെ നിലനിര്‍ത്തിയേക്കും. ഈ ഡീല്‍ വഴി മെട്രോയുടെ 31 വലിയ സ്റ്റോറുകളാണ് റിലയന്‍സിന് കീഴിലാകുന്നത്. വിവിധ ബ്രാന്‍ഡുകളാണ് ഇതിനോടകം റിലയന്‍സിന്റെ റീറ്റെയ്ല്‍ ബിസിനസ് ഏറ്റെടുത്ത് കഴിഞ്ഞത്. ഡണ്‍സോ, ജസ്റ്റ് ഡയല്‍, ക്ലോവിയ എന്നിവയ്‌ക്കെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഉള്ളത്. എസ്എച്ച്ബിപിഎല്‍ എന്ന കുപ്പിവെള്ള കമ്പനിയെയും റിലയന്‍സ് ഏറ്റെടുത്തിരുന്നു.

◾ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'ലവ്ഫുള്ളി യുവേഴ്സ് വേദ'യിലെ പ്രണയ ഗാനമെത്തി. രാഹുല്‍ രാജ് സംഗീതം നല്‍കിയ 'ആകാശ പാലാഴി..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍ ആണ്. രതി ശിവരാമന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ്. വെങ്കിടേഷ്, രജിഷ വിജയന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ്, രതി ശിവരാമന്‍, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം.

◾ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹ'ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. 'ലൈഫ് ലോക്ക് സേഫ്റ്റി വീക്ക്..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഗോവിന്ദ് വസന്തയുടേത് തന്നെ സംഗീതത്തിന് വരികള്‍ എഴുതിയത് ഷര്‍ഫു ആണ്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. ബേസിലിനൊപ്പം ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജനുവരിയില്‍ ചിത്രം തിയറ്ററുകളിലേക്കെത്തും.

◾വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി(ബില്‍ഡ് യുര്‍ ഡ്രീംസ്) ഇന്ത്യയില്‍ ആദ്യമായി സീല്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2023ലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം നാലാം പാദത്തില്‍ സീല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും അതേസമയത്തു തന്നെ വില്‍പനയും തുടങ്ങുമെന്നും ബി.വൈ.ഡി അറിയിച്ചു. ബി.വൈ.ഡിയുടെ സമുദ്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈന്‍ സീരിസില്‍ പെടുന്നതാണ് സീലിന്റേയും ഡിസൈന്‍. ഈ വര്‍ഷം സെപ്തംബറോടെ സീലിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ ഒക്ടോബറില്‍ പുറത്തിറക്കുന്ന സീലിന് ഏകദേശം 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. സീലിന് പുറമേ 33.99 ലക്ഷം രൂപയുടെ അട്ടോ 3 മോഡലും ബി.വൈ.ഡി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 34.49 ലക്ഷം രൂപയുടെ പ്രത്യേകം പച്ച നിറത്തിലുള്ള ലിമിറ്റഡ് എഡിഷന്‍ അട്ടോ 3 വെര്‍ഷനും കമ്പനി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

◾ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളായ ആര്‍ദ്ര കെ.എസിന്റെ 'കമല കള്‍ട്ട്' എന്ന ഈ ആദ്യ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോഴാണ് കഥയിലെ തലമുറകള്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊരു വിചാരം ഉണ്ടാവുന്നത്. മലയാള ചെറുകഥ ഇപ്പോള്‍ ഒന്‍പതാം തലമുറയിലാണ് എത്തിനില്‍ക്കുന്നതെങ്കില്‍ ഉറപ്പായും ഒന്‍പതാം തലമുറയില്‍ തന്നെ ഉള്‍പ്പെട്ട എഴുത്തുകാരി എന്ന് ആര്‍ദ്രയെ വിശേഷിപ്പിക്കാം. തന്റെ കാലത്തിനെയും അതിന്റെ സ്വഭാവങ്ങളെയും സൂക്ഷ്മമായി തിരിച്ചറിയാനും അത് മനോഹരമായ കഥയിലേക്ക് സന്നിവേശിപ്പിക്കാനുമുള്ള കഴിവുകൊണ്ടു തന്നെയാണ് ആര്‍ദ്ര ആ വിശേഷണം അര്‍ഹിക്കുന്നത്. ഡിസി ബുക്സ്. വില 123 രൂപ.

◾എരിവുള്ള ഭക്ഷണം എപ്പോഴും നമ്മളെ സന്തോഷിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇതിന് ശാസ്ത്രീയ വിശദീകരണം നല്‍കുകയാണ് വിദഗ്ധര്‍. സ്‌പൈസി സെറോടോണിന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തെയും വിഷാദത്തെയും അടിച്ചമര്‍ത്തുമത്രെ. മാത്രമല്ല, എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വേറെയും ചില ഗുണങ്ങളുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് ഈ റിപ്പോര്‍ട്ട്. പച്ചമുളകും വറ്റല്‍ മുളകുമൊക്കെയാണ് നമ്മള്‍ എരിവിനായി പതിവായി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ ആണ് എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതേ കാപ്‌സൈസിന് ചില പ്രയോജനങ്ങളും ഉണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. പച്ചമുളകിലും വറ്റല്‍മുളകിലും വൈറ്റമിന്‍ സിയടക്കം ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. എരിവുള്ള ഭക്ഷണം മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനുപുറമേ എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള വ്യഗ്രത കുറയ്ക്കുകയും ചെയ്യും. വേദനയുടെ സിഗ്നലുകള്‍ തലച്ചോറിലേക്ക് അയക്കുന്ന സബ്സ്റ്റന്‍സ് പി എന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ വിതരണം കാപ്‌സൈസിന്‍ കുറയ്ക്കും. ഭക്ഷണത്തിന്റെ എരിവ് മൂലം നാക്ക് ചൂടാകുമ്പോള്‍ ശരീരത്തിലെ മറ്റ് വേദനകളെക്കുറിച്ച് ഓര്‍ക്കില്ല. അമിതമായി എരിവ് കഴിക്കുന്നത് അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുമെന്നത് വാസ്തവമാണ്. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിന്റെ മൊത്തം കൊളസ്‌ട്രോള്‍ അളവില്‍ കുറവ് വരുത്താനും കാപ്‌സൈസിന്‍ സഹയാക്കും. വീക്കം ചെറുക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
പെരുവണ്ണാമൂഴില്‍ മഠത്തിനകത്ത് എബ്രഹാമിന്റെയും ഏലിക്കുട്ടിയുടേയും ആറ് മക്കളില്‍ അഞ്ചാമനായിരുന്നു ജോണ്‍സന്‍. ആറാം മാസം ആയപ്പോഴേക്കും അയാളുടെ കൈകാലുകള്‍ പോളിയോ ബാധിച്ച് തളര്‍ന്നുപോയി. സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്നത്‌കൊണ്ടുതന്നെ സ്‌കൂളും പഠനവുമെല്ലാം സ്വപ്നമായി അവശേഷിച്ചു. പക്ഷേ അവന്‍ തോല്‍ക്കാന്‍ തയ്യാറായില്ല. അവന്‍ സ്വന്തമായി എഴുത്തും വായനയും പഠിച്ചു. ഇലക്ട്രോണിക്‌സിനോടായിരുന്നു അവന് താല്‍പര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ടായിരുന്നു അവന്റെ ശത്രു. കാരണം തൊണ്ണൂറുകളില്‍ പോലും വൈദ്യൂതീകരിക്കാത്ത ഗ്രാമമായിരുന്നു പെരുവണ്ണാമൂഴി. 1991 ലാണ് അവന്റെ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത്. പക്ഷേ, രാത്രിയില്‍ ബള്‍ബ് കത്തുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച്ച് അടിച്ചുനോക്കേണ്ട അവസ്ഥയായിരുന്നു. ഈ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തുചെയ്യണമെന്ന ചിന്തയായി പിന്നെ. അതിനുള്ള നിരന്തര പഠനങ്ങള്‍, അന്വേഷണങ്ങള്‍. അങ്ങനെ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ അഞ്ചുവാട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ചോക്ക് ജോണ്‍സന്‍ വികസിപ്പിച്ചെടുത്തു. വീടിനോട് ചേര്‍ന്ന് ഒരു യൂണിറ്റുണ്ടാക്കി ട്യൂബ് ലൈറ്റ് നിര്‍മ്മാണം തുടങ്ങി. കുറഞ്ഞ ചിലവില്‍ ഗുണമേന്മയും ഗാരന്റിയുമുള്ള ജോണ്‍സന്റെ ലൈറ്റുകള്‍ പെരുവണ്ണാമൂഴിയുടെ പ്രകാശമായി മാറി. 30 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും, അഞ്ചുവോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും സിഎഫ് ലാമ്പുമെല്ലാം ആ ഇന്റസ്ട്രി യൂണിറ്റില്‍ നിര്‍മ്മിച്ചു. അങ്ങനെ പരസഹായമില്ലാതെ ചലിക്കാന്‍ പോലുമാകാത്ത ജോണ്‍സന്‍ പലരുടേയും അന്നദാതാവായി മാറി. സി എഫ് ലാമ്പില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കിയ അയാള്‍ എല്‍ ഇഡി ബള്‍ബ് നിര്‍മ്മിക്കാന്‍ തുടങ്ങി. പത്ത് വര്‍ഷം മുമ്പ് നിര്‍മ്മിച്ച എല്‍ ഇഡി ബള്‍ബ് ഇപ്പോഴും തന്റെ വീട്ടില്‍ കത്തുന്നതായി ജോണ്‍സന്‍ പറയുന്നു. കമ്പനി തുടങ്ങിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പഞ്ചായത്ത് തോറുമുള്ള വനിതകള്‍ക്ക് എല്‍ഇഡി നിര്‍മ്മാണം പഠിപ്പി്ച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജോണ്‍സന്‍. കിലയുമായി ബന്ധപ്പെട്ട് ഈ പദ്ധതി ആസൂത്രണബോര്‍ഡിന് മുന്നില്‍ വെച്ചിരിക്കുകയാണ് ജോണ്‍സന്‍. ഇത് കേരളം മുഴുവന്‍ നടപ്പിലാക്കിയാല്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് ജോലി ലഭിക്കും. മാത്രവുമല്ല, ഓരോ പഞ്ചായത്തും എല്‍ഇഡി ലൈറ്റുകളുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാവുകയും ചെയ്യും.. മാറ്റിനിര്‍ത്താന്‍ കഴിയുന്ന ഒരു ജീവിതമല്ല ജോണ്‍സന്റേത്. വൈകല്യങ്ങളോട് പടപൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയതാണ് ആ ജീവിതം. നിലവിലുള്ള ഒന്നിനുപിറകെ പോകാതെ വേറിട്ടവഴികളിലൂടെ യാത്ര ചെയ്യുന്നവരാണ് ലോകത്തെ ചലനാത്മകമാക്കുന്നത്. പുതുമ തേടിയുള്ളതാകട്ടെ നമ്മുടെ ജീവിതവും, ലോകത്തെ ചലനാത്മകമാക്കാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16