കോട്ടയം പാലായില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം


കോട്ടയം പാലാ രാമപുരത്തിന്സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരിക്ക്. ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.വെളളിയാഴ്ച അര്‍ദ്ധരാത്രി ഒന്നിന് ശേഷം തൊടുപുഴ-പാലാ ഹൈവേയിലായിരുന്നു അപകടം. തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നും ശബരിമലയിലേക്ക് വന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
റോഡിലെ തിട്ടയില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചവര്‍ക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാമപുരം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പാലാ ഹൈവേ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.