*128-ാമത് മാരാമൺ കൺവൻഷൻ 2023 ഫെബ്രുവരി 12 മുതൽ 19 വരെ.*

ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 128-ാമത് യോഗം ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച മുതൽ 19-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും.

മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. 


പന്തലിന്റെ കാൽനാട്ട് കർമ്മം ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗകമാണ്.


തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും.


സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ വർഷവും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റവ.ഷിബി വർഗീസ്, റവ.ഡോ.മോത്തി വർക്കി എന്നിവർ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. 

കുട്ടികൾക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 1.30 വരെ കുട്ടിപ്പന്തലിൽ നടത്തുന്നതാണ്. 

എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. 

സായാഹ്നയോഗങ്ങൾ വൈകിട്ട് 5 ന് ഗാന ശുശ്രൂഷയോടുകൂടി ആരംഭിച്ച് 6.30 ന് സമാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങ ളിൽ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30 ന് ലഹരിവിമോചന കൂട്ടായ്മയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 2.30 ന് യുവവേദി യോഗങ്ങളും പന്തലിൽ വച്ച് നടത്തുന്നതാണ്. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അന്ന ജോ തോമസ് (ഐ.ആർ.എസ്), ഡോ.ശശി തരൂർ എംപി എന്നിവർ പ്രസംഗിക്കും. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.00 മുതൽ 30 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകൾ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തിൽ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.

വ്യാഴാഴ്ചത്തെ സായാഹ്നയോഗം സന്നദ്ധ സുവിശേഷക സംഘത്തിന്റെയും,വെള്ളിയാഴ്ചത്തെ സായാഹ്നയോഗം സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ചത്തെ സായാഹ്നയോഗം സുവിശേഷ പ്രസംഗസം ഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിട്ടുണ്ട്.

പൂർണ്ണസമയം സുവിശേഷവേലയ്ക്ക് സമർപ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 17 വെള്ളിയാഴ്ചയും 12 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 18 ശ നിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. തിരുമേനിമാർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
യോഗങ്ങളിൽ ക്രമപരിപാലനത്തിനായി വൈദികരും, അത്മായ വോളന്റിയർമാരും നേതൃത്വം നൽകും.


ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ്, ലേഖക സെക്രട്ടറി പ്രൊഫ.ഡോ.അ ജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ. സജി പി. സൈമൺ, ട്രഷറാർ ജേക്കബ് ശാമു വേൽ, പ്രസ്സ് & മീഡിയ കമ്മറ്റി കൺവീനർമാരായ പി.കെ. കുരുവിള, അഡ്വ.ജേക്കബ് ജോൺ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പി.പി. അച്ചൻകുഞ്ഞ്, തോമസ് കോശി, അജി അലക്സ്, ജോസ് പി. വയയ്ക്കൽ, ലെറ്റീഷ തോമസ് എന്നിവർ കോട്ടയം പ്രസ് ക്ലബ്ബിൽ പരിപാടികൾ വിശദീകരിച്ചു.