തിരുവനന്തപുരം : ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം കാണാൻ രാവിലെ 10.30 മുതൽ കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും.
പാസിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതണം. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയവ സ്റ്റേഡിയത്തിനുള്ളിലേക്ക് അനുവദിക്കില്ല. മൊബൈൽ ഫോൺ മാത്രം അകത്തേക്ക് കൊണ്ടുപോകാം. ഭക്ഷണം കാണികളുടെ ഇരിപ്പിടത്തിന് അടുത്തായി തന്നെ ലഭ്യമാക്കും.
*വാഹനങ്ങൾ പോകേണ്ട വഴി*
പാങ്ങപ്പാറ മുതൽ കഴക്കൂട്ടം-വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജങ്‌ഷൻ മുതൽ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയും കാര്യവട്ടം മുസ്‌ലിം ജമാഅത്ത് റോഡ് മുതൽ കുരിശ്ശടി ജങ്‌ഷൻ വരെയും പാർക്കിങ് അനുവദിക്കില്ല.
ആറ്റിങ്ങൽ ഭാഗത്തുനിന്നു ശ്രീകാര്യം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വെട്ടുറോഡ് നിന്നു തിരിഞ്ഞ് ചന്തവിള കാട്ടായിക്കോണം-ചെമ്പഴന്തി-ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് -മുക്കോലയ്ക്കൽ വഴിയും പോകണം. കിഴക്കേക്കോട്ട, കോവളം, പാപ്പനംകോട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ് നിന്നു കഴക്കൂട്ടം ഫ്ലൈ ഓവർ കയറി ചാക്ക ഈഞ്ചക്കൽ വഴി പോകണം.
ശ്രീകാര്യം ഭാഗത്തുനിന്നു ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്ക്-മൺവിള-കുളത്തൂർ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഫ്ലൈ ഓവർ വഴി പോകണം.
*പാർക്കിങ്*
ഇരുചക്ര വാഹനങ്ങൾ സ്റ്റേഡിയത്തിന്റെ മെയിൻ ഗേറ്റിൽ ടിക്കറ്റ് കാണിച്ച് അകത്തേക്ക് പ്രവേശിച്ച്, അവിടെ ക്രമീകരിച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിലും, കഴക്കൂട്ടം റോഡിലെ മുസ്‌ലിംപള്ളിക്ക് പുറകുവശത്ത് ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തും പാർക്ക് ചെയ്യാം.
കാര്യവട്ടം യൂണിവേഴ്സിറ്റി കാന്പസ്, കാര്യവട്ടം ഗവ. കോളേജ്, എൽ.എൻ.സി.പി.ഇ. ഗ്രൗണ്ട്, കാര്യവട്ടം ബി.എഡ് സെന്റർ ഗ്രൗണ്ട് എന്നിവിടങ്ങളിലും പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും കാറുകൾക്ക് പാർക്ക് ചെയ്യാം. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കാര്യവട്ടം കാമ്പസിന് 50 മീറ്ററിന് മുൻപായി പാങ്ങപ്പാറ ഭാഗത്തേക്ക് മാറ്റി നിർത്തി, ആളുകളെ ഇറക്കിയശേഷം പോകണം.
*പോലീസുകാർ*
സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 800 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.
13 ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണം. ആംഡ് പോലീസ് ബറ്റാലിയൻ, സ്റ്റേറ്റ് പോലീസ് കമാൻഡോ സംഘം, ബോംബ് സ്‌ക്വാഡ് എന്നീ വിഭാഗങ്ങളും ഉണ്ടാകും.