*BREAKING NEWS ചൈനയിലെ കോവിഡ് വകഭേദം ആദ്യമായി ഇന്ത്യയിലും കണ്ടെത്തി*

ന്യൂഡൽഹി∙ ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോൺ വകഭേദം ഗുജറാത്തിൽ 61 വയസ്സുകാരിക്കാണ് സ്ഥിരീകരിച്ചത്. യുഎസിൽ നിന്ന് അടുത്തിടെയാണ് ഇവർ മടങ്ങിയെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോർട്ട്. 

അതേസമയം, ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കോവിഡ് തിരിച്ചുവരുന്നുവെന്ന വാർത്തകൾക്കിടെ, രാജ്യത്ത് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയാനാണിത്.

വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്