വട്ടിയൂര്‍ക്കാവ് വികസന സെമിനാറും കാവ് ഫെസ്റ്റും : സംഘാടക സമിതിയായി

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ മൂന്നാമത് വികസന സെമിനാറിന്റെയും കാവ് ഫെസ്റ്റിന്റെയും സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ജി.ആര്‍.അനില്‍, ആന്റണി രാജു, വി.ശിവന്‍കുട്ടി, എം.പിമാരായ ശശി തരൂര്‍, ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു എന്നിവര്‍ സംഘാടക സമിതി രക്ഷാധികാരികളാണ്. ട്രിഡ ചെയര്‍മാന്‍ കെ.സി.വിക്രമനെ സംഘാടക സമിതി ചെയര്‍മാനായും വി.കെ.പ്രശാന്ത് എം.എല്‍.എയെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. 

ഫെബ്രുവരി എട്ടിനു വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുന്ന വികസന സെമിനാറിന് മുന്നോടിയായി മൂന്ന് മേഖല സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 14ന് കണ്ണമ്മൂല, ജനുവരി 15ന് പേരൂര്‍ക്കട, ജനുവരി 22ന് വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് മേഖലാ സെമിനാറുകള്‍. ഫെബ്രുവരി എട്ട് മുതല്‍ 12 വരെ വട്ടിയൂര്‍ക്കാവിന്റെ സാംസ്‌കാരിക ഉത്സവമായ കാവ് ഫെസ്റ്റും നടക്കും. ഷൂട്ടിങ് റേഞ്ച്, സെന്‍ട്രല്‍ പോളിടെക്‌നിക് ഗ്രൗണ്ട്, വില്ലേജ് ഓഫീസ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലായി വികസന ചിത്ര പ്രദര്‍ശനം, കുടുംബശ്രീ സ്റ്റാളുകള്‍, സ്റ്റാര്‍ട്ടപ്പ് സ്റ്റാളുകള്‍, കലാ പ്രദര്‍ശനം, വട്ടിയൂര്‍ക്കാവിന്റെ ചരിത്രം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാ പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി.ആര്‍.അനില്‍, വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കെടുത്തു.