തിരുവനന്തപുരം: അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ലോണ്‍ മേള 2022 ഡിസംബര്‍ 19 മുതല്‍ 21 വരെ നടക്കും. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള. മേളയുടെ ഉദ്ഘാടനം എസ്.ബി.എ മലപ്പുറം റീജിയണല്‍ ഓഫീസില്‍ ബഹു. മലപ്പുറം എം.എല്‍. എ ശ്രീ. പി ഉബൈദുളള നിര്‍വഹിക്കും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മലപ്പുറം മുന്‍സിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സക്കീര്‍ ഹുസൈന്‍ ആശംസയും, എന്‍.ഡി.പി.ആര്‍.ഇ എം പദ്ധതിയെ സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് കേഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുള്‍ നാസര്‍ വാക്കയില്‍ ചടങ്ങില്‍ വിശദീകരിക്കും. എസ്.ബി.ഐ മലപ്പുറം റീജിയണല്‍ മാനേജര്‍ എസ് മിനിമോള്‍, ചീഫ് മാനേജര്‍ അന്നമ്മ സെബാസ്റ്റ്യന്‍, നോര്‍ക്കാ റൂട്ട്‌സ് പ്രതിനിധികള്‍ എന്നിവരും സംബന്ധിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായിട്ടാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ലോണ്‍ മേള സംഘടിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. മലപ്പുറത്ത് എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയില്‍ ബ്രാഞ്ചുകളിലും, തൃശ്ശൂര്‍ ജില്ലയില്‍ എസ്.ബി.ഐ SMECC, കരുണാകരന്‍ നമ്പ്യാര്‍ റോഡ് ബ്രാഞ്ചിലുമാണ് വായ്പാ മേള നടക്കുക.