തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് തന്നെ തിരികെയെത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ് ബെക്‌സ് കൃഷ്ണ. തനിക്ക് രണ്ടാം ജന്മം നൽകിയ എം.എ യൂസഫലിയെ അടുത്ത് കണ്ടപ്പോഴാണ് ബെക്‌സ് കൃഷ്ണ നിറകണ്ണുകളോടെ നന്ദി പറഞ്ഞത്. കേരള വിഷൻ 15-ാംവാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എത്തിയത്. ബെക്‌സിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ടിരുന്ന കാണികളുടെ കണ്ണും ഈറനണിഞ്ഞു. 2012 ൽ അബുദാബിയിൽ വച്ചു നടന്ന ഒരു കാർ അപകടത്തിൽ സുഡാൻ വംശജനായ ഒരു കുട്ടി മരിക്കുകയും ഡ്രൈവറായിരുന്ന തൃശൂർ പുത്തൻചിറ ബെക്‌സ് കൃഷ്ണനെ യു.എ.ഇ. സുപ്രിം കോടതി വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ നിന്നാണ് യൂസഫ് അലിയുടെ നിർണായക ഇടപെടലിൽ ബെക്‌സ് കൃഷ്ണയ്ക്ക് പുതു ജീവൻ ലഭിച്ചത്. 2012 സെപ്തംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സിനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാൽ മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ യുഎഇ സുപ്രീം കോടതി 2013-ൽ ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.ബെക്‌സ് കൃഷ്ണന്റെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി പറഞ്ഞു.