പൊലീസ് വാഹനം ഇടിച്ചിട്ട് കഞ്ചാവുമായി കാറില്‍ കടന്ന കേസിലെ പ്രതി പിടിയില്‍

വെള്ളറട: പൊലീസ് വാഹനം ഇടിച്ചിട്ട് കഞ്ചാവുമായി കാറില്‍ കടന്ന കേസിലെ പ്രതി പിടിയില്‍.വെള്ളറട കാരമൂട് അമ്പലത്തുവിളാകം പ്രിന്‍സ് ഭവനില്‍ പ്രശാന്ത് രാജാണ് (32) വെള്ളറട പൊലീസിന്റെ പിടിയിലായത്.

തമിഴ്നാട് തേനി കടമലകുണ്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കാര്‍ കൊണ്ട് ഇടിച്ചിട്ടശേഷം 20 കിലോ കഞ്ചാവുമായി ഇയാള്‍ കടന്നിരുന്നു. വെള്ളറടയിലെത്തി സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളറട പൊലീസ് നടത്തിയ തെരച്ചിലിലാണ് ഒളിസങ്കേതത്തില്‍ നിന്ന് ഇയാളെ പിടികൂടുകയുണ്ടായത്. 

പൊലീസ് എത്തിയത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ ഒന്നര കിലോമീറ്ററോളം ദൂരം ഓടി. ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. പ്രതിയെ അന്വേഷിച്ച്‌ നിരവധി തവണ തമിഴ്നാട് പൊലീസ് കേരളത്തിന്റെ പലഭാഗങ്ങളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കേസിലെ പ്രതിയാണ്. വെള്ളറട പ്രതിയെ ഇയാളെ തമിഴ്നാട് പൊലീസിന് കൈമാറി. വെള്ളറട സി.ഐ മൃദുല്‍ കുമാര്‍, എ.എസ്.ഐ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിന്‍, പ്രദീപ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.