പോർച്ചു​ഗീസ് പടയോട്ടം, തകർന്നടിഞ്ഞ് സ്വിറ്റ്സർലൻഡ്; അവസരം മുതലാക്കി റാമോസ്, ഹാട്രിക്കോടെ വരവറിയിച്ചു

ദോഹ: ഇതിഹാസം രചിച്ച മഹാ മാന്ത്രികന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഹാട്രിക്ക് തികച്ച ​ഗോൺസാലോ റാമോസ് വരവറിയിച്ചപ്പോൾ സ്വിറ്റ്സർലൻഡിന്റെ ക്വാർട്ടർ മോ​ഹങ്ങളെ കരിച്ച് പോർച്ചു​ഗീസ് പടയോട്ടം. ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോർച്ചു​ഗലിനായി ​ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ​ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ​ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു. ക്വാർട്ടറിൽ സ്പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് എത്തുന്ന മൊറോക്കോയാണ് പോർച്ചു​ഗലിന്റെ എതിരാളികൾ. 

പകരക്കാരൻ ചില്ലറക്കാരനല്ല! 

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചു​ഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. സ്വിറ്റ്സർലൻഡിൽ നിന്നും ചില മുന്നേറ്റങ്ങൾ ആദ്യ നിമിഷങ്ങളിലുണ്ടായി. എന്നാൽ, ആദ്യ 15 മിനിറ്റുകൾ നല്ല അവസരങ്ങൾ ഒന്നും ഉണ്ടാക്കിയെടുക്കാൻ ഇരു സംഘങ്ങൾക്കും സാധിച്ചില്ല.

അധിക നേരത്തേക്ക് കളി വിരസമായി നീങ്ങിയില്ല. 17-ാം മിനിറ്റിൽ പോർച്ചു​ഗൽ ആദ്യ ​ഗോൾ കണ്ടെത്തി. ത്രോയിൽ നിന്ന് ലഭിച്ച പന്ത് ജോ ഫെലിക്സ് ബോക്സിനുള്ളിൽ ഉണ്ടായിരുന്ന ​ഗോൺസാലോ റാമോസിലേക്ക് നൽകി. മാർക്ക് ചെയ്തിരുന്ന സ്വിസ് പ്രതിരോധ ഭടനെ ഒരു ടച്ച് കൊണ്ട് കടന്ന റാമോസ് വിഷമകരമായ ആം​ഗിളിൽ നിന്ന് തൊടുത്ത ഷോട്ട് യാൻ സോമറിനെ കടന്ന് വല ചലിപ്പിച്ചു. രാജ്യാന്തര കരിയറിൽ ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ റാമോസ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനാകാൻ എന്തുകൊണ്ടും യോ​ഗ്യനാണ് താനെന്ന് ലോകത്തോട് വിളിച്ച് പറയുകയായിരുന്നു സുന്ദരമായ ​ഗോളോടെ. ​ഗോൾ നേടിയതോടെ പറങ്കിപ്പടയ്ക്ക് ആവേശമായി.പ്രതിഭ പൂർണമായി തന്നിലുണ്ടെന്ന് റാമോസ് വീണ്ടും തെളിയിച്ചു.

വലതു വിം​ഗിൽ നിന്നുള്ള ഡാലോട്ടിന്റെ ലോ ക്രോസിലേക്ക് ഓടിയെത്തിയ റാമോസ് കാൽ വയ്ക്കുകയായിരുന്നു. തോൽവി മുന്നിലെത്തിയതോടെ സ്വിറ്റ്സ‍‍‍‍ർലൻഡിന്റെ പ്രതിരോധ ഘടന പൂർണമായി തകർന്നു. ഇത് മനസിലാക്കി കുതിച്ച് കയറിയ പോർച്ചു​​ഗൽ ഒരിക്കൽ കൂടി സോമറെ കീഴടക്കി. കൗണ്ടർ അറ്റാക്കിൽ റാമോസിന്റെ പാസ് കിട്ടി കയറിപ്പോയ റാഫേൽ ​ഗുറേറോ ആണ് ഇത്തവണ പേര് ​ഗോൾ സ്കോറർമാരുടെ പട്ടികയിൽ എഴുതി ചേർത്തത്.

59-ാം മിനിറ്റിൽ അക്കാഞ്ചിയിലൂടെ പ്രതീക്ഷയുടെ ഒരു തിരിനാളം സ്വിറ്റ്സർലൻഡിന് മുന്നിൽ തെളിഞ്ഞു. കോർണർ പ്രതിരോധിക്കുന്നതിനിടെ പോർച്ചു​ഗലിന് സംഭവിച്ച അബദ്ധത്തിൽ നിന്നായിരുന്നു ​ഗോൾ. ഒരു ​ഗോൾ വന്നതോടെ സ്വിറ്റ്സർലൻഡ് ഒന്ന് ഉണർന്നെങ്കിലും സമയം അവർക്ക് മുന്നിൽ വലിയ തടസമായി ഇതിനകം മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ഇന്നത്തെ ദിവസം കാൽപ്പന്ത് കളിയുടെ ലോകത്ത് എഴുതി ചേർക്കാനുള്ള നിയോ​ഗം റാമോസിനായിരുന്നു. ഒരിക്കൽ കൂടി ഫെലിക്സ് - റാമോസ് ദ്വയം ഉദിച്ചുയർന്നു.

സോമറിനെ വെറും നിസാരമാക്കി കൊണ്ട് റാമോസ് തന്റെ ഹാട്രിക്ക് കുറിച്ചു. 74-ാം മിനിറ്റിൽ ജോ ഫെലിക്സിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. ആരവത്തോടെയാണ് കാണികൾ റോണോയെ സ്വീകരിച്ചത്. തൊട്ട് പിന്നാലെ ലഭിച്ച ഫ്രീക്കിക്ക് റോണോ എടുത്തെങ്കിലും സ്വിസ് മതിൽ കടന്നില്ല. 84-ാം മിനിറ്റിൽ റൊണാൾഡോ വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാ​ഗ് അതിനകം തന്നെ ഉയർന്നിരുന്നു. ഇഞ്ചുറി ടൈമിൽ റാഫേൽ ലിയോയിലൂടെ ഒരു ​ഗോൾ കൂടെ നേടി പോർച്ചു​ഗൽ ആഘോഷം പൂർത്തിയാക്കി