ദോഹ: ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക്. ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ തോല്‍പ്പിച്ചത്. ജോകോ ഗ്വാര്‍ഡിയോള്‍, മിസ്ലാവ് ഒര്‍സിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. അഷ്‌റഫ് ദാരിയുടെ വകയായിരുന്നു മൊറോക്കയുടെ ഏകഗോള്‍. എല്ലാ ഗോളുകളും പിറന്നത് ആദ്യ പാതിയിലായിരുന്നു.പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ക്രൊയേഷ്യ തന്നെയായിരുന്നു മുന്നില്‍. ഏഴാം മിനിറ്റില്‍ തന്നെ പ്രതിരോധതാരം ഗ്വാര്‍ഡിയോളിലൂടെ ക്രൊയേഷ്യ ലീഡ് നേടി. ഇവാന്‍ പെരിസിച്ചിന്റെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍. ലൂക്കാ മോഡ്രിച്ചിന്റെ ഫ്രീകിക്കില്‍ തലവച്ചുകൊടുത്താണ് പെരിസിച്ച് ഗ്വാര്‍ഡിയോളിന് പാസ് നല്‍കുന്നത്. ക്രോട്ട് താരത്തിന്റെ ഡൈവിംഗ് ഹെഡ്ഡര്‍ ഗോള്‍വര കടന്നു. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കകം മൊറോക്കോ ഗോള്‍ തിരിച്ചടിച്ചു. ഗോള്‍ നേടിയ ഗ്വാര്‍ഡിയോളിന്റെ പിഴവ് ദാരി മുതലാക്കുകയായിരുന്നു. സിയെച്ചിന്റെ ഫ്രീകിക്കില്‍ തലവച്ചാണ് ദാരി വലകുലുക്കിയത്. മഹേര്‍ ക്ലിയര്‍ ചെയ്യുന്നതിന് മുമ്പ് പന്ത് വലയിലെത്തിയിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ ക്രൊയേഷ്യ രണ്ടാം ഗോളും നേടി. ബോക്‌സിന് ഇടത് വശത്ത് നിന്ന് ഒര്‍സിച്ച് ചെത്തിയിട്ട പന്ത് ഗോള്‍ കീപ്പര്‍ ബൗനോസിന്റെ മുഴുനീളെ ഡൈവിംഗിനെയും കീഴ്‌പ്പെടുത്തി പോസ്റ്റില്‍ തട്ടി ഗോള്‍വര കടന്നു.രണ്ടാംപാതിയില്‍ സമനില ഗോള്‍ നേടാന്‍ ഒരുങ്ങിതന്നെയാണ് മൊറോക്കോ ഇറങ്ങിയത്. അവരുടെ ആക്രമണത്തില്‍ പലപ്പോഴും ക്രൊയേഷ്യന്‍ ഗോള്‍മുഖം വിറച്ചു. എന്നാല്‍ മികച്ചൊരു ഫിനിഷറുടെ അഭാവം മൊറോക്കന്‍ ഭാഗത്ത് കാണാമായിരുന്നു. ഇതിനിടെ റഫറിയുടെ പിഴവുകള്‍ക്കും അവസരം നിഷേധിച്ചു. ലൂസേഴ്‌സില്‍ പരാജയപ്പെട്ടങ്കിലും തലയുയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാവാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. സെമിയില്‍ ഫ്രാന്‍സിനോട് തോറ്റാണ് മൊറാക്കോ പുറത്തായിരുന്നത്. ക്രൊയേഷ്യ, അര്‍ജന്റീനയ്ക്ക് മുന്നിലും പരാജയപ്പെട്ടു. നാളെയാണ് ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍.