ജനുവരി 15 , ഫെബ്രുവരി 26 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്മെന്റ് പരീക്ഷയ്ക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുന്നു. പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളാച്ചല്‍ സ്റ്റേഡിയത്തിലാണ് എഴുത്തുപരീക്ഷ. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക.
പരീക്ഷാ ദിവസങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസുകാരെ നിയമിക്കും. ഇവിടേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. ഡോക്ടര്‍, നഴ്സ്, ആംബുലന്‍സ് അടങ്ങുന്ന മെഡിക്കല്‍ സംഘം സ്ഥലത്തുണ്ടാകും. ബയോ ടോയ്‌ലറ്റുകളും ജനറേറ്ററും സജ്ജമാക്കും.
സ്റ്റേഡിയത്തില്‍ കുടുംബശ്രീ കഫെയും കുടിവെള്ളവും ഉദ്യോഗാര്‍ത്ഥികള്‍ക്കായി സജ്ജീകരിക്കും. അഗ്നി രക്ഷാ സേനാംഗങ്ങളുടെ സേവനവും ഇവിടെ ലഭ്യമാക്കും. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം അനില്‍ ജോസ്, വിവിധ വകുപ്പ് മേധാവികള്‍, ആര്‍മി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.