കെഎസ്ആർടിസി ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ല; അപകടത്തിൽ മരിച്ചവരുടെ കുടുംബം ദുരിതത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ഇൻഷുറൻസ് പ്രീമിയം തുക അടക്കാത്തതിനാൽ അപകടത്തിൽ മരിച്ചവരുടെ കുടുംബം ദുരിതത്തിൽ. യാത്രാക്കാരിൽ നിന്നും ടിക്കറ്റ് സെസ്സായി പിരിച്ച തുക അടക്കുന്നതിലാണ് കെഎസ്ആർടിസിക്ക് വീഴ്ച ഉണ്ടായത്.

പറക്കമറ്റത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് കൊച്ചിയിൽ അപകടത്തിൽപ്പെട്ട മരിച്ച കെഎസ്ആർടിസി ഡ്രൈവർ അരുൺ സുകുമാറിന്റെ ഭാര്യ ലീന. 2020 നവംബർ 30 ആയിരുന്നു ലീനയുടെ ജീവിതം തകിടം മറിച്ച അപകടം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുപോയ കെഎസ്ആർടിസി ഡീലക്സ് ബസ് പുലർച്ചെ അപകടത്തിൽപെട്ടു. ബസ് ഓടിച്ചിരുന്ന ഭർത്താവ് അരുൺ സുകുമാർ മരിച്ചു. യാത്രക്കാരായ 26 പേർക്ക് പരിക്കേറ്റു.

ജനറൽ ഇൻഷുറൻസും സംസ്ഥാന ഇൻഷുറൻസും വഴി പണം കിട്ടിയിരുന്നു. എന്നാൽ സാമൂഹ്യ സുരക്ഷ സെസിൽ നിന്നുള്ള ഗ്രൂപ്പ് ഇൻഷൂറൻസായുള്ള 10 ലക്ഷം രൂപയാണ് ഇനിയും കിട്ടാനുള്ളത്. കെഎസ്ആർടിസി പണം അടയ്ക്കാത്തതിനാൽ ആ കാലയളവിൽ മരിച്ചയാൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്നാണ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി പറയുന്നത്.

പ്രതിവർഷം രണ്ട് കോടി 14 ലക്ഷം രൂപയാണ് പ്രത്യേക ഇൻഷുറൻസിനായി കെഎസ്ആർടിസി അടക്കേണ്ടത്. 2020 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി എട്ട് കോടിയോളമാണ് യാത്രക്കാരിൽ നിന്ന് സെസ് പിരിച്ചത്. 2015ലെ നിയമനുസരിച്ച് യാത്രക്കാർക്കുള്ള അപകട സാമൂഹ്യ ഇൻഷൂറൻസ്, യാത്രാ സൗകര്യങ്ങൾ, ജീവനക്കാരുടെ സാമൂഹ്യ സുരക്ഷ എന്നിവയ്ക്ക് ഈ പണം വിനിയോഗിക്കണം. പണം കയ്യിൽ കിട്ടിയിട്ടും കെഎസ്ആർടിസി മാനേജ്മെന്റ് പ്രീമിയം പുതുക്കിയില്ല എന്നതാണ് ഗുരുതരമായ പ്രശ്നം. 

ലീന പരാതിയുമായി സമീപിച്ചപ്പോൾ പിഴയോടെ പണം അടച്ച് പ്രീമിയം മുൻകാല പ്രാബല്യത്തിൽ പുതുക്കാൻ കെഎസ്ആർടിസി ശ്രമിച്ചെങ്കിലും ഇൻഷുറൻസ് കമ്പനി വഴങ്ങിയില്ല. പങ്കാളിത്ത പെൻഷനായി അരുൺ സുകുമാരന്റെ ശമ്പളത്തിൽ നിന്ന് പണം പിടിച്ചിട്ടും അതും ഇതുവരെ നൽകിത്തുടങ്ങിയിട്ടില്ല. 2021 മുതൽ കെഎസ്ആർടിസി പ്രീമിയം അടച്ചുതുടങ്ങിയിട്ടുണ്ട്. പക്ഷെ അടക്കാതിരുന്ന കാലയളവിൽ അപകടത്തിൽപെട്ടവർക്കാണ് അർഹതയുള്ള തുക നിഷേധിക്കപ്പെട്ടത്.