എം സി റോഡിൽ പന്തളത്ത് രണ്ട് വാഹന അപകടങ്ങൾ. എം സി റോഡിൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിന് സമീപത്തും കുരമ്പാല അമൃത വിദ്യാലയത്തിന് സമീപത്തുമാണ് അപകടം ഉണ്ടായത്. രണ്ട് അപകടങ്ങളും ഞായറാഴ്ച പുലർച്ചെയാണ് നടന്നത്. പുലർച്ചെ 12.30യോടാണ് തിരുവനന്തപുരം – നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്സും ചെങ്ങന്നൂർ നിന്നും തിരുവനന്തപുരത്തേക്ക് തടി കയറ്റി വന്ന ലോറിയും തമ്മിൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിന് സമീപം വച്ച് കൂട്ടിയിടിച്ചത്. പരുക്ക് പറ്റിയ യാത്രക്കാർ, ഡ്രൈവർമാർ എന്നിവരെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 5.30ന് പുനലൂർ നിന്നും പെരിന്തൽമണ്ണയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സ് പന്തളം കുരമ്പാല അമൃത വിദ്യാലയത്തിന് മുൻവശം റോഡിൽ നിന്നും തെന്നിമാറി വശത്തെ മതിൽ, കേബിൾ പോസ്റ്റ് എന്നിവ ഇടിച്ചു തകർത്താണ് വഹാനം നിന്നത്. വാഹനം അമിത വേഗത്തിൽ ആയിരുന്നു എന്ന് ദൃകസാക്ഷികൾ പറഞ്ഞു. യാത്രക്കാർക്ക് നിസ്സാര പരിക്കുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ.
അടൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലങ്ങളിൽ എത്തി വാഹനങ്ങൾ നീക്കി ഗതാഗതം സുഗമമാക്കി. പന്തളം പോലീസും സ്ഥലത്ത് ഉണ്ടായിരുന്നു.