ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയിലിറങ്ങുന്നു; മറുവശത്ത് ബംഗളൂരു എഫ്‌സി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സീസണിലെ ഒന്‍പതാം മത്സരത്തിന് ഇറങ്ങും. കൊച്ചിയില്‍ രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. തുടര്‍ച്ചയായ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. എട്ട് കളിയില്‍ 15 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തും ഏഴ് പോയിന്റുള്ള ബംഗളൂരു ഒന്‍പതാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. ബംഗളൂരുവിനാവട്ടെ ഇതുവരെ രണ്ട് ജയവും ഒരു സമനിലയുമാണുള്ളത്. അഞ്ച് മത്സരങ്ങളില്‍ അവര്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 17-ാം മിനുറ്റില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ നാലാം ജയമായിരുന്നിത്. ജംഷഡ്പൂരിലെ ആവേശ മത്സരത്തില്‍ 17-ാം മിനുറ്റിലായിരുന്നു ദിമിത്രിയോസിന്റെ ഗോള്‍. ലൂണയുടെ വകയായിരുന്നു അസിസ്റ്റ്. ഈ ഗോള്‍ ലീഡോടെ മഞ്ഞപ്പടയ്ക്ക് അനുകൂലമായി ആദ്യപകുതി പിരിഞ്ഞു. രണ്ടാംപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് ലൂണയ്ക്ക് മുതലാക്കാനായില്ല. രാഹുലിന് ലഭിച്ച ഓപ്പണ്‍ അവസരവും പാഴായി. പിന്നാലെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ബ്ലാസ്റ്റേഴ്സ് ഗോളിന്റെ ഗില്ലിന്റെ സേവുകള്‍ നിര്‍ണായകമായി.മത്സരത്തില്‍ 64-ാം ശതമാനം ബോള്‍ പൊസിഷന്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു. 11 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ രണ്ടെണ്ണം മാത്രമേ ഓണ്‍ ടാര്‍ഗറ്റിലേക്കുണ്ടായിരുന്നുള്ളൂ. ജംഷഡ്പൂരിന്റെ ഭാഗത്തുനിന്ന് ഒരൊറ്റ ഷോട്ട് മാത്രമേ ടാര്‍ഗറ്റ് ലക്ഷ്യമാക്കി വന്നുള്ളൂ. തുടര്‍ച്ചയായ നാലാം ജയവുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം ജംഷഡ്പൂരിന്റെ അവസ്ഥ ശോഭനമല്ല. ഓരോ ജയവും സമനിലയുമുള്ള ജംഷഡ്പൂര്‍ വെറും നാല് പോയിന്റുമായി പത്താം സ്ഥാനക്കാരാണ്.