തിരുവനന്തപുരം: വർക്കല റിസോർട്ടിൽ മിന്നൽ റെയിഡ് നടത്തി പൊലീസ് മദ്യവും കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമടക്കം കണ്ടെത്തി. വർക്കല റിസോർട്ടിൽ മദ്യവും മയക്കുമരുന്നും വില്പന നടക്കുന്നു എന്ന് തിരുവനന്തപുരം യോദ്ധാവ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് രഹസ്യ വിവരം നൽകുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് മിന്നൽ വേഗത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. യോദ്ധാവിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിൽ ജീവനക്കാരടക്കമുള്ളവർ പിടിയിലായി.ഡാൻസാഫ് ടീമിന്‍റെയും പൊലീസിന്‍റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു റെയിഡ് നടത്തിയത്. തിരുവമ്പാടി ബീച്ചിൽ ഗോഡ്സ് ഓൺ കൺട്രി കിച്ചൺ എന്ന റിസോർട്ടിന്‍റെ സമീപത്ത് തന്നെ അവിടത്തെ ജീവനക്കാർ താമസിക്കുന്ന വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെടുത്തത്. ഇവിടുന്ന് മദ്യശേഖരവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമടക്കം പൊലീസ് റെയ്ഡിൽ കണ്ടെടുക്കുകയായിരുന്നു. റിസോർട്ട് ജീവനക്കാരായ വർക്കല പെരുങ്കുളം സ്വദേശിയായ കണ്ണൻ എന്ന് വിളിക്കുന്ന വിനോദ് , കോവളം സ്വദേശിയായ മുഹമ്മദ് ഹാജ, ഇടവ സ്വദേശിയായ മുഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിസോർട്ട് ഉടമയുടെ പേരിലും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.