ലോറിക്കടിയിലേക്ക് പറന്നിറങ്ങി വെള്ളിമൂങ്ങ; വനപാലകർക്കു കൈമാറി

ഓടിക്കൊണ്ടിരുന്ന ലോറിക്കടിയിലേക്ക് പറന്നുവന്ന വെള്ളിമൂങ്ങ രക്ഷപ്പെട്ടു. നാട്ടുകാരും വ്യാപാരികളും കാഴ്ചക്കാരും ചേർന്ന് ഇതിനെ വനപാലകർക്ക് കൈമാറി. പുനലൂരിൽ ടി.ബി.ജങ്ഷനിലെ ദീൻ ആശുപത്രിക്കുസമീപം ചൊവ്വാഴ്ച രാവിലെയാണ് മൂങ്ങ പറന്നെത്തിയത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമാണിവിടം. അതിനാൽ വലിയ വാഹനത്തിരക്കാണ്‌. ഇവിടെ ഓടിക്കൊണ്ടിരുന്ന ലോറിക്കടിയിലേക്കാണ് വെള്ളിമൂങ്ങ പറന്നെത്തിയത്. ഡ്രൈവർ പെട്ടെന്ന് ലോറി നിർത്തി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ടയറിനടിയിൽ മൂങ്ങയെ കണ്ടത്. ഉടൻ വ്യാപാരികളും തീർഥാടകരും സ്ഥലത്ത് തടിച്ചുകൂടി. ലോറിക്കടിയിൽനിന്നു മൂങ്ങയെ പുറത്തെടുത്ത്‌ വനംവകുപ്പ് അധികൃതർക്ക് കൈമാറുകയായിരുന്നു.