ലുസൈൽ സ്റ്റേഡിയത്തിലെ പുൽത്തകിടിയിലേക്ക് ലിയോണൽ മെസി ഇറങ്ങിയപ്പോൾ തന്നെ ചരിത്രം പിറന്നു. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളെന്ന ലോതര്‍ മത്തേയൂസിന്‍റെ പേരിലുണ്ടായിരുന്ന തിളക്കം ഇനി മെസിക്കും സ്വന്തം. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചെന്ന മെക്‌സിക്കൻ താരം റാഫേൽ മാര്‍ക്കേസ്വിന്‍റെ റെക്കോര്‍ഡും പഴങ്കഥയാക്കി. ലോകകപ്പിൽ അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായും ഇനി മെസി അറിയപ്പെടും. പതിനൊന്നാം ഗോളോടെ പിന്നിലാക്കിയത് അര്‍ജന്‍റീനയുടെ അഭിമാന താരമായിരുന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ. ഖത്തര്‍ ലോകകപ്പിലെ ഗോളണ്ണം അഞ്ചാക്കിയതോടെ ഒറ്റ ലോകകപ്പിൽ അഞ്ച് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി ഈ മുപ്പത്തിയഞ്ചുകാരൻ.മെസ്മൈറസിംഗ് മെസി മൊമന്‍റിൽ മറഡോണയുടെ 8 അസിസ്റ്റുകളെന്ന റെക്കോര്‍ഡിനും ഒപ്പമെത്തി ലിയോ. 1966ന് ശേഷം ഒരു ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി ലിയോണല്‍ മെസിക്ക് സ്വന്തം. കലാശക്കളിക്ക് ലുസൈലിൽ വീണ്ടുമിറങ്ങുമ്പോൾ ആ മോഹകപ്പിനൊപ്പം ഒരു പിടി റെക്കോര്‍ഡുകൾ കൂടി മെസിയെ കാത്തിരിപ്പുണ്ട്. ലുസൈല്‍ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായി അര്‍ജന്‍റീന ഫൈനലിലെത്തി. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. പതിഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തെയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്‍റീന. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു. ആല്‍വാരസിനെ ഫൗള്‍ ചെയ്തതിനായിരുന്നു മെസിയുടെ പെനാല്‍റ്റി ഗോള്‍. 69-ാം മിനുറ്റില്‍ മെസിയുടെ ലോകോത്തര അസിസ്റ്റിലായിരുന്നു മത്സരത്തില്‍ ആല്‍വാരസിന്‍റെ രണ്ടാം ഗോള്‍.