തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കൂറ്റൻ വെള്ളുടുമ്പ്. കരയിൽ എത്തിയ വെയിൽ ഷാർക്ക് എന്നറിയപ്പെടുന്ന വെള്ളുടുമ്പിനെ നാല് മണിക്കൂറിന് ശേഷം ഉൾക്കടലിലേക്ക് മടക്കി വിട്ടു. ഇന്നലെ രാവിലെ എട്ടോടെ പൂവാർ പുതിയതുറ തീരത്ത് നിന്ന് കമ്പവലക്ക് മീൻ പിടിക്കാനിറങ്ങിയവരുടെ വലയിലാണ് അപൂർവ്വയിനം ആൺ വെള്ളുടുമ്പ് കുടുങ്ങിയത്. ഏകദേശം അഞ്ച് ടണ്ണോളം ഭാരമുള്ള കൂറ്റൻ മത്സ്യത്തെ ഏറെ സാഹസപ്പെട്ട് തീരത്തേക്ക് അടുപ്പിച്ച മത്സ്യത്തൊഴിലാളികൾ തിരയോട് ചേർന്ന് ഉപേക്ഷിച്ചു. തിരയടിയിൽപ്പെട്ട് വെള്ളുടുമ്പ് ചത്തുപോയെന്ന് കരുതിയ മത്സ്യത്തൊഴിലാളികൾ മറൈൻ എൻഫോഴ്സ്മെന്റിനെയും ഫിഷറീസ് വിഭാഗത്തെയും വിവരമറിയിച്ചു. ഇതിനിടയിൽ തിമിംഗല സംരക്ഷക വിഭാഗമായ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വോളന്റിയർ ആയ അജിത്തും സ്ഥലത്ത് എത്തി. പരിശോധനയിൽ ജീവനുള്ളതായി മനസിലാക്കിയ ഇയാൾ തീരദേശവാസികളുടെ സഹായത്തോടെ കടലിലേക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തി. ആദ്യ ശ്രമത്തിൽ കുറച്ച് ദൂരം പോയ തിമിംഗലം തിരികെ കരയിലേക്ക് നീന്തിയെത്തി. മത്സ്യ ഭീമൻ ഉൾക്കടലിലേക്ക് തന്നെ തിരികെ മടങ്ങിയതാേടെ രണ്ടാം ശ്രമം വിജയിച്ചു. സാധാരണ ചെകിളപ്പൂക്കളിൽ മണൽ നിറഞ്ഞാൽ ഇവ ചത്തുപോവുകയാണ് പതിവ്. എന്നാൽ ഇന്നലെരാവിലെ തിരയടി കുറവായത് ജീവൻ നിലനിർത്താൻ കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.മനുഷ്യനെ ഉപദ്രവിക്കാത്ത വെള്ളുടുമ്പുകൾ ഭക്ഷ്യയോഗ്യമല്ല. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന വിഭാഗത്തിൽ നമ്പർ വൺ കാറ്റഗറിയിൽപ്പെട്ട ഇവയെ പിടികൂടുന്നതും കുറ്റകരമാണ്. ഉൾക്കടലിൽ മാത്രം കൂട്ടത്തോടെ കണ്ടുവരുന്ന കൂറ്റൻ വെയിൽ ഷാർക്കുകൾ അടുത്ത കാലത്താണ് തീരത്തോട് അടുത്ത് വരുന്നത്. ഇന്ത്യയിൽ ഗുജറാത്ത് തീരത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഷാർക്കുകൾ പ്രത്യേകിച്ച് ഒരു സ്ഥലത്ത് തങ്ങി നിൽക്കാതെ നിരന്തരം സഞ്ചരിക്കുന്നതിനിടയിലാകാം ദിശതെറ്റി കരയിലേക്ക് വരുന്നതെന്നും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് മാനേജർ സെയ്ദു പറഞ്ഞു.