വീരമൃത്യു വരിച്ച് വൈശാഖ്; പൊലിഞ്ഞത് നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷ

നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സിക്കിമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പാലക്കാട് മാത്തൂര്‍ സ്വദേശി വൈശാഖ്. ഏറെ ആഗ്രഹിച്ച് നിരന്തര പരിശ്രമത്തിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്. പ്രതികൂല കാലാവസ്ഥയിലാണ് ജോലി ചെയ്യുന്നതെന്നും പ്രാര്‍ഥിക്കണമെന്നും കഴിഞ്ഞദിവസവും ബന്ധുക്കളെ അറിയിച്ചിരുന്നു.പത്താം ക്ലാസ് പഠനം പൂര്‍ത്തിയാകും മുന്‍പ് സൈന്യത്തില്‍ ചേരാനുള്ള പരിശ്രമം തുടങ്ങി. പ്ലസ് ടു കഴിഞ്ഞ് മല്‍സര പരീക്ഷയ്ക്കുള്ള തയാറെടുപ്പിനിടെ വൈശാഖ് സേനയുടെ ഭാഗമായി. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സഹായമാകുക എന്നതായിരുന്നു വൈശാഖിന്റെ ആദ്യ ലക്ഷ്യം. സ്വന്തമായി മണ്ണ് വാങ്ങി അടച്ചുറപ്പുള്ള വീടൊരുക്കിയിട്ട് അധികമായില്ല. ഓണത്തിന് നാട്ടിലെത്തിയിരുന്നു. കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിച്ച് ഏറെ സന്തോഷവാനായാണ് മടങ്ങിയത്. പ്രതികൂല കാലാവസ്ഥയില്‍ ജോലി തുടരുന്നുവെന്ന് അറിയിക്കുമ്പോഴും രാജ്യത്തിന് കാവലൊരുക്കാന്‍ കഴിയുന്നതില്‍ വൈശാഖ് എന്നും അഭിമാനം കൊണ്ടിരുന്നതായി സഹോദരി ഭര്‍ത്താവ്.നാടിനെയും നാട്ടുകാരെയും സുഹൃത്തുക്കളെയും ചേര്‍ത്ത് പിടിച്ചിരുന്ന വൈശാഖിന്റെ വിയോഗം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. മരണ വിവരമറിഞ്ഞ് നിരവധിപേരാണ് ചെങ്ങണിയൂര്‍ക്കാവിലേക്ക് എത്തുന്നത്. ഒന്നര വയസുകാരന്‍ തന്‍വികിന് അച്ഛന്റെ ലാളന നഷ്ടമായി. ഭാര്യ ഗീതയെയും അമ്മ വിജയകുമാരിയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.