തിരുവന്തപുരം: കോവളത്തിന് സമീപം മുക്കോല ബൈപ്പാസിൽ പാലത്തിനടിയിൽ മനുഷ്യാസ്ഥികൂടം എന്ന് സംശയിക്കുന്ന വസ്തു ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഇന്ന് ഉച്ചയോടെയാണ് സംഭവം.നാട്ടുകാര്‍ വിവരം അറിയിച്ച് അനുസരിച്ച് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി.തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ മനുഷ്യാസ്ഥികൂടത്തിന് സമാനമായ വസ്തുക്കള്‍ കണ്ടെത്തി. ചാക്കില്‍ പൊഞ്ഞി നിലയില്‍ ഓടയില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു ഇവ. തലയോട്ടിയുടെ കൂടെ നാലോളം കൈപ്പത്തികളുടെയും കൂടെ മറ്റ് ചില എല്ലുകളുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അസ്ഥികൂടം പ്ലാസ്റ്റിക് നിർമ്മിതമാണെന്ന് തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.പൊലീസിന്‍റെ ശാസ്ത്രീയ പരിശോധന സംഘവും വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ സംഘവും കൃത്രിമ അസ്ഥികൂടം പരിശോധിച്ചു. മെഡിക്കൽ വിദ്യാർഥികൾ മാതൃകാ പഠനത്തിനായി രൂപപ്പെടുത്തിയ അസ്ഥി പഞ്ചരമാണെന്നാണ് പൊലീസിന്‍റെ നിഗമനം.എന്നാല്‍ ആരാണ് അസ്ഥികൂടം മുക്കോല പാലത്തിനിന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചതെന്ന് അറിയില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 2018 ഫെബ്രുവരിയില്‍ കോവളത്ത് വച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപ്പെടുത്തിയ ലാത്വിയൻ യുവതിയുടെ കൊലയാളികള്‍ക്കുള്ള ശിക്ഷാവിധി വന്നത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. കേരളത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട കൊലപാതകത്തിന്‍റെ വിധി വന്നതിന് പിന്നാലെ ഇത്തമൊരു സംഭവം സമീപ സ്ഥലത്ത് തന്നെ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഭയക്കേണ്ടതില്ലെന്നും കണ്ടെത്തിയത് മെഡിക്കല്‍ ഉപയോഗത്തിനുള്ള കൃത്രിമ അസ്ഥിപഞ്ചരമാണെന്നും പൊലീസ് അറിയിച്ചതോടെ ആശ്വാസമായത് പ്രദേശവാസികള്‍ക്കാണ്.