ദില്ലി: ദില്ലി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്. ബിജെപിയുടെ കുത്തക തകര്‍ത്താണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. 131 സീറ്റിൽ ആദ്മി പാര്‍ട്ടി മുന്നിട്ട് നിൽക്കുകയാണ്. 106 സീറ്റിലാണ് ബിജെപിക്ക് ലീഡുള്ളത്. അതേസമയം, എട്ട് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി. വോട്ടെണ്ണൽ തുടരുകയാണ്. 15 വർഷമായി മുനിസിപ്പൽ കോർപ്പറേഷനുകൾ ഭരിക്കുന്ന ബിജെപി 2017 ലെ തെരഞ്ഞെടുപ്പിൽ 181 വാർഡുകളിൽ വിജയം നേടിയിരുന്നു. എന്നാൽ 171 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫല പ്രഖ്യാപനം. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിലും മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി നേരിയ ലീഡ് നേടിയെങ്കിലും അടുത്ത മണിക്കൂറില്‍ തന്നെ ആം ആദ്മി പാർട്ടി ലീഡ് തിരിച്ച് പിടിച്ചു. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആം ആദ്മി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഫലം പ്രഖ്യാപിച്ച 206 സീറ്റിൽ 119 ഇടത്തും ആപ്പ് ജയിച്ചു. 86 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. അതേസമയം, ആറ് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസിന് ജയം കൈവരിക്കാന്‍ കഴിഞ്ഞത്. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.