*പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി*

കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനം ഉണ്ടായത്. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിനോട് അനാദരവ് കാട്ടുന്നു, റവന്യൂ റിക്കവറി നടപടികൾക്ക് കൂടുതൽ സമയം വേണമെന്നത് അസ്വീകാര്യം, സംസ്ഥാന സർക്കാരിന്റെ മെല്ലപ്പോക്ക് അലംഭാവമാണ് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

കേസിൽ ജനുവരി 31 ന് ഉള്ളിൽ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കണം. അടുത്ത വെള്ളിയാഴ്ച ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.