*അകലാൻ കാരണമെന്ത്? അറിയാൻ അഖിലായി ചമഞ്ഞ് ചാറ്റിങ്, വർക്കലയിലെ ക്രൂരതയ്ക്ക് പിന്നിൽ സംശയം*

തിരുവനന്തപുരം: വർക്കല കൊലപാതകത്തിൽ പ്രതിയെത്തിയത് കരുതിക്കൂട്ടി തന്നെ. മറ്റൊരാളുടെ പേരിൽ വീട്ടിലെത്തിയാണ് ഗോപു സംഗീതയെ കൊലപ്പെടുത്തിയത്. താനുമായി അകന്ന സംഗീതയോട് പകയായിരുന്നു ഗോപുവിന്. ഇതേത്തുടർന്ന് മറ്റൊരു സിം കൂടി എടുത്ത ശേഷം അഖിൽ എന്ന പേരിൽ സംഗീതയോട് ചാറ്റ് ചെയ്യാൻ തുടങ്ങി.

താനുമായി അകലുന്നതിന് കാരണം മറ്റാരെങ്കിലുമായി അടുപ്പമുള്ളതിനാലാണോ എന്ന സംശയമുണ്ടായിരുന്നു ഗോപുവിന്. ഇതിനായി ഒരേ സമയം രണ്ട് നമ്പറുകളിൽ നിന്ന് ഗോപു സംഗീതയുമായി സംസാരിച്ചു.

കൊലപാതകം നടത്താനായി ഗോപു സംഗീതയുടെ വീട്ടിലെത്തിയത് അഖിലെന്ന പേരിലാണ്. അഖിലാണെന്ന് പറഞ്ഞ് സംഗീതയുടെ ഫോണിൽ വിളിക്കുകയും പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. അഖിലാണെന്ന് കരുതി വീടിന് പുറത്തെത്തിയ സംഗീത കണ്ടത് ഗോപുവിനെയാണ്. സംഗീതയുമായി വാക്കേറ്റമുണ്ടാകുകയും പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

വീടിന് പുറത്ത് രക്തം വാർന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച് കത്തിയും പ്രതിയുടെ മൊബൈൽഫോണും പോലീസിന് ലഭിച്ചു. ഇതാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. ബഹളം കേട്ട് പ്രതി ഓടി മറയുന്നത് കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയും നിർണായകമായി.