കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ പ്രൈവറ്റ് ബസ് സർവീസുകൾ തോന്നിയ രീതിയിൽ. ഇതോടെ ജനങ്ങൾ നേരിടുന്ന യാത്രക്ലേശം ചില്ലറയല്ല. വർക്കലയിൽ നിന്ന് കടയ്ക്കാവൂർ വഴി ചിറയിൻകീഴിലേയ്ക്കുള്ള പ്രൈവറ്റ് ബസുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ വന്ന് തിരിഞ്ഞ് ചിറയിൻകീഴിലേക്ക് പോകാനാണ് പെർമിറ്റിൽ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയാണ് ഓടികൊണ്ടിരുന്നതെങ്കിലും കൊവിഡ് ആരംഭിച്ചതോടെ ഈ സർവീസുകൾ വർക്കലയിൽ നിന്ന് കടയ്ക്കാവൂർ ഓവർബ്രിഡ്ജിൽ വന്ന് റെയിൽവേ സ്റ്റേഷനിൽ പോകാതെ തിരിഞ്ഞ് ചിറയിൻകീഴിലേക്കോ ആറ്റിങ്ങലിലോ പോവുകയാണ് പതിവ്. എന്നാൽ നാലഞ്ച് മാസമായി വർക്കലയിൽ നിന്നും ചിറയിൻകീഴിലേക്കുള്ള ബസ്സുകൾ കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷനിൽ വന്ന് റെയിൽവേ സ്റ്റേഷനിൽ പോകാതെ ചിറയിൻകീഴിലേയ്ക്ക് പോവുകയാണ്. ഇതുമൂലം കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ പോകേണ്ട യാത്രക്കാർ ചെക്കാലവിളാകം ജംഗ്ഷനിൽ നിന്നും ഓട്ടോ പിടിച്ചാണ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. ഇത് യാത്രക്കാർക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. മഴക്കാലമായാൽ റെയിൽവേ സ്റ്റേഷൻ മുതൽ ഓവർബ്രിഡ്ജ് വരെ യാത്രക്കാർക്ക് കയറിനിൽക്കാൻ സൗകര്യമില്ലാത്തതിനാൽ മഴനനയണം. ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം ഏറിയഭാഗം ബസ്സുകളും ട്രിപ്പ് മുടക്കുക സ്ഥിരം പതിവാണ്. അതിനാൽ വർക്കല കടയ്ക്കാവൂർ റൂട്ടിൽ ഉച്ചയ്ക്ക് ശേഷമുള്ള യാത്രക്ലേശം വിവരണാതീതമാണ്. അടിയന്തിരമായി ഈ റൂട്ടിലുള്ള യാത്രക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.