ബ്രിട്ടനിൽ മലയാളി നഴ്സിന്റെയും മക്കളുടെയും കൊലപാതകം; ഉടൻ ജോലി കിട്ടില്ലെന്ന നിരാശയിൽ കൊലപാതകമെന്ന് സൂചന

മലയാളി നഴ്സ് അഞ്ജുവും 2 മക്കളും ബ്രിട്ടനിൽ കൊല്ലപ്പെട്ടതിനു കാരണം ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലപാലിൽ സാജുവിന്റെ നിരാശയും പെട്ടെന്നുണ്ടായ പ്രകോപനവുമെന്നു സൂചന. അഞ്ജുവിനു കെറ്ററിങ്ങിലെ ആശുപത്രിയിൽ നഴ്സായി ജോലി ലഭിച്ചതിനെത്തുടർന്ന് ആശ്രിത വീസയിലാണു സാജു ബ്രിട്ടനിലേക്കു പോയത്. പിന്നീടു മക്കളെയും കൊണ്ടുപോയി.
ബ്രിട്ടനിലെ നിയമം അനുസരിച്ചു കുഞ്ഞുകുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കു പോകാൻ പാടില്ല. രക്ഷിതാക്കളിലൊരാൾ കുട്ടികളെ പരിചരിച്ചു വീട്ടിൽത്തന്നെ കഴിയണം. ഇതോടെ ഉടൻ ജോലി നേടാൻ കഴിയില്ലെന്ന കാര്യം സാജുവിനു ബോധ്യപ്പെട്ടു. കൂടാതെ അവിടെ മലയാളി സുഹൃത്തുക്കളെയും ലഭിച്ചില്ല.
മദ്യലഹരിയിലാണ് ഇയാൾ കൊല നടത്തിയതെന്നാണ് അവിടെ നിന്നുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാൽ ബ്രിട്ടനിലെ നിയമം അനുസരിച്ചു സാജുവിനു കുറഞ്ഞത് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം.മൃതദേഹങ്ങൾ എത്തിക്കുന്നതിനു ഭീമമായ പണം വേണ്ടിവരുമെങ്കിലും സർക്കാർ സഹായവും ബ്രിട്ടനിലെ മലയാളി സംഘടനകളുടെ സഹായവും ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് അഞ്ജുവിന്റെ പിതാവ് അശോകൻ പറയുന്നു. 30 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഇവർക്കു ലഭിച്ച വിവരം. അശോകന് ഇത്രയും തുക ഒറ്റയ്ക്കു സ്വരൂപിക്കാൻ കഴിയില്ല.മൃതദേഹം നാട്ടിലെത്തിക്കാനായി നോർക്ക വഴി ശ്രമങ്ങൾ നടത്തിയതിന്റെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മിഷന്റെ മറുപടി ലഭിക്കാനുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ, തോമസ് ചാഴികാടൻ എംപി, സുരേഷ് ഗോപി തുടങ്ങിയവർ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിരുന്നു. മലയാളി സമാജം വഴി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.