ചലച്ചിത്ര താരം റിയ കുമാരി കള്ളന്മാരുടെ വെടിയേറ്റു മരിച്ചതായി വിവരം; ദുരൂഹതയെന്നു പൊലീസ്

ചലച്ചിത്രതാരം റിയ കുമാരി എന്ന ഇഷാ അൽയ ദുരുഹ സാഹചര്യത്തിൽ പൊതുവഴിയിൽ വച്ച് വെടിയേറ്റ് മരിച്ചു. കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ നിന്നു ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റാണ് റിയ കുമാരി മരിച്ചതെന്നാണ് പുറത്തു വന്ന വാർത്ത. പക്ഷേ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പൊലീസ് അറിയിച്ചു.
സിനിമ നിർമാതാവായ ഭർത്താവ് പ്രകാശ് കുമാറിനും 3 വയസ്സുള്ള മകൾക്കുമൊപ്പം റാഞ്ചിയിൽ നിന്നു കൊൽക്കത്തയിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെ ഇന്നലെ പലർച്ചെ 6 മണിക്ക് ഹൗറയിൽ ദേശീയപാതയിലായിരുന്നു സംഭവം. മഹിശ്രേഖ പാലത്തിൽ കാർ നിർത്തി പ്രകാശ് കുമാർ പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തുവത്രേ. ഭർത്താവിനെ രക്ഷിക്കാൻ റിയ കുമാരി ഇടപെടുന്നതിനിടെ അക്രമിസംഘം വെടിയുതിർത്ത് രക്ഷപ്പെട്ടു.

മുറിവേറ്റ റിയയെ കാറിൽ കയറ്റി പ്രകാശ് സഹായം തേടി മൂന്ന് കിലോമീറ്ററോളം വാഹനമോടിച്ചു. ഒടുവിൽ ദേശീയപാതയ്ക്കരികിൽ കണ്ട പ്രദേശവാസികളോട് സംഭവം പറഞ്ഞു. അവർ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കൽ കോളജ് ആശുപത്രിയിൽ റിയയെ എത്തിക്കാൻ സഹായിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ തന്നെ റിയ മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.

എന്നാൽ, പ്രകാശ് കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിനു സമീപം മൂത്രമൊഴിക്കാൻ ഇറങ്ങിയെന്നാണു പ്രകാശ് പറയുന്നത്. കാർ നിർത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവർച്ചക്കാർ കാത്തുനിന്നതിലും ദുരൂഹതയുണ്ട്. ഇവർ കാറിനെ പിൻതുടർന്നതായും സൂചനയില്ല. ഒരുപാട് യാദൃച്ഛികതകൾ ഒരുമിച്ചു ചേർന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാൻ പ്രയാസമാണെന്നും പൊലീസ് വിശദീകരിക്കുന്നു. ദേശീയ പാതയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു കൂടുതൽ വ്യക്തത കിട്ടുമെന്നാണു കരുതുന്നത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും റിയയുടെ ഭർത്താവിനെ ചോദ്യം ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. ഫൊറൻസിക് പരിശോധനയ്ക്കായി കാർ പിടിച്ചെടുത്തിട്ടുണ്ട്.