എന്താണ് ക്യൂ ആര്‍ കോഡ്?
ക്വിക്ക് റെസ്‌പോന്‍സ് കോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ക്യൂ ആര്‍ കോഡ്. സ്മാര്‍ട്ട് ഫോണ്‍ ക്യാമറകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ വായിക്കാവുന്ന ലോക്കേറ്ററുകളോ ഐഡന്റിഫയറുകളോ ആയ 2D ബാര്‍കോഡുകളാണ് ക്യൂ ആര്‍ കോഡുകള്‍.
തട്ടിപ്പില്‍ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനങ്ങള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിങ്ങനെ അവകാശപ്പെടുന്ന ക്യൂ ആര്‍ കോഡുകളെ സൂക്ഷിക്കുക.
വാങ്ങിയ സാധനത്തിന്റെ തുക, നിങ്ങള്‍ നല്‍കാനുള്ള തുക എന്നിവയൊന്നും അല്ലാതെയുള്ള ക്യൂ ആര്‍ കോഡുകളെ സൂക്ഷ്മമായി നിരീക്ഷിക്കണം. ഭാഗ്യശാലിക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങാന്‍ നിങ്ങളോട് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പ്രത്യേക കരുതല്‍ സ്വീകരിക്കുക.
കണ്ണില്‍ക്കാണുന്ന ക്യൂ ആര്‍ കോഡുകള്‍ അനാവശ്യമായി സ്‌കാന്‍ ചെയ്ത് നോക്കാതിരിക്കുക
ഹോട്ടലിലെ ടേബിളിലോ വാഹനങ്ങളില്‍ ഒട്ടിച്ചതോ കടകള്‍ക്ക് മുന്നില്‍ പതിച്ചിരിക്കുന്നതോ ആയ ക്യൂ ആര്‍ കോഡുകള്‍ വെറും കൗതുകത്തിന്റെ പേരില്‍ സ്‌കാന്‍ ചെയ്ത് നോക്കാതിരിക്കുക. പണമിടപാടുകള്‍ ആവശ്യമായി വരുമ്പോള്‍ മാത്രം ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുക.
യഥാര്‍ഥ ക്യൂ ആര്‍ കോഡിന് മുകളിലായി മറ്റൊരു സ്റ്റിക്കര്‍ കണ്ടാല്‍ ജാഗ്രത വേണം
ഒരു ക്യൂ ആര്‍ കോഡിന് മുകളില്‍ പുതിയതായി ഒരു സ്റ്റിക്കര്‍ പതിച്ചതുപോലെ കാണുന്ന ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ പ്രത്യേക ജാഗ്രത വേണം
പേരും മറ്റ് വിവരങ്ങളും ഉറപ്പ് വരുത്തുക
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം ലിങ്കുകള്‍ തുറന്നുവരുന്നുണ്ടെങ്കില്‍ അവയുടെ അഡ്രസ്, പണം നല്‍കാന്‍ ഉദ്ദേശിക്കുന്ന ആളുടെ പേര് മുതലായവ നോക്കി ഉറപ്പുവരുത്തുക
വ്യക്തിഗത വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്
നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതലായവ ആരുമായും പങ്ക് വയ്ക്കാതിരിക്കുക.