പി.കെ.ഗുരുദാസന്റെ ജീവിതം ഇനി പാർട്ടി നിർമിച്ച തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് ലെ വീട്ടിൽ

തിരുവനന്തപുരം ∙ മുതിര്‍ന്ന സിപിഎം നേതാവ് പി.കെ.ഗുരുദാസന്റെ ജീവിതം ഇനി പാർട്ടി നിർമിച്ച വീട്ടിൽ. തിരുവനന്തപുരം കാരേറ്റുള്ള പി.കെ.ഗുരുദാസന്‍റെ ഭാര്യയുടെ സ്ഥലത്ത് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയാണ് വീടു വച്ചുനല്‍കിയത്. ഗുരുദാസനെ സ്നേഹിക്കുന്ന നേതാക്കളും പാർട്ടി പ്രവർത്തകരും ഗൃഹപ്രവേശന ചടങ്ങിനെത്തി. കുടുംബത്തിനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി നേതാക്കളും വീട്ടുകാരായിത്തന്നെ പങ്കെടുത്തു.

കാരേറ്റ് പേടികുളത്തുള്ള ഗുരുദാസന്‍റെ 10 സെന്‍റ് സ്ഥലത്താണു പുതിയ വീട്. ജനങ്ങൾക്കായി ജീവിതം മാറ്റിവച്ച ഗുരുദാസന്, പാർലമെന്ററി ജീവിതത്തിൽനിന്നും സംസ്ഥാന നേതൃത്വത്തിൽനിന്നും പടിയിറങ്ങുമ്പോൾ താമസിക്കാൻ സ്വന്തമായി വീടു പോലുമില്ലായിരുന്നു. 2011ൽ മന്ത്രിപദമൊഴിഞ്ഞപ്പോള്‍ മുതല്‍ എകെജി സെന്‍ററിനു സമീപത്തുള്ള പാര്‍ട്ടി ഫ്ലാറ്റിലാണ് 88 വയസ്സുകാരനായ ഗുരുദാസൻ താമസിച്ചിരുന്നത്.