അനിശ്ചിതത്വം നീങ്ങി; വിഴിഞ്ഞം തുറമുഖ നിർമാണം വീണ്ടും തുടങ്ങി, ഇരട്ടി വേഗത്തിൽ പൂർത്തിയാക്കാന്‍ നീക്കം

തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. 20 ലോഡ് നിർമാണ സാമഗ്രികളാണ് ആദ്യ ഘട്ടത്തിൽ എത്തിച്ചത്.

പുലിമുട്ട് നിർമാണം പൂർത്തിയാക്കാനാണ് നിലവിലെ ശ്രമം. ഇതിനായി കടലിലേക്ക് പ്രതിദിനം നിക്ഷേപിക്കുന്ന കല്ല് 30,000 ടൺ ആയി ഉയർത്താനാണ് ശ്രമം.സമരത്തിന് മുമ്പ് 12,000 ടൺ മുതൽ 15,000 ടൺ കല്ല് വരെയാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്.

ആകെ പുലിമുട്ട് വേണ്ടത് 2.9 കി.മീ ദൂരം.ഇതിൽ 1.4 കി.മീ നിർമാണമാണ് ഇതുവരെ തീർന്നത്.ബെർത്ത് നിർമാണത്തിനായുള്ള പൈലിംഗ് പൂർത്തിയായി. ആകെ വേണ്ട 1.7 കി.മീ അപ്രോച്ച് റോഡിൽ 600 മീറ്റർ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. കടൽ നികത്തിയെടുക്കേണ്ടതിന്റെ അറുപത് ശതമാനവും പൂർത്തിയായിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അടുത്ത ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കണമെന്നാണ് സർക്കാർ കണക്കുക്കൂട്ടൽ.