ഗതാഗത കുരുക്കില്‍പ്പെട്ട് ശ്വാസം കിട്ടാതെ മൂന്നാര്‍: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വ്യാപാരികള്‍

മൂന്നാര്‍:  ടൂറിസം മേഖലയായ മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്കേറുമ്പോഴും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണിക്കുന്ന അലംഭാവത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വ്യാപാരികള്‍. പഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ മാസത്തില്‍ ഒരുക്കല്‍ ട്രാഫിക്ക് അഡ്വൈസറി കമ്മറ്റികള്‍ കൂടുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ അതുപോലെ തന്നെ നിലനില്‍ക്കുന്നതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് സഞ്ചാരികള്‍ ദിനേന എത്തുന്ന സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലാണ് മൂന്നാര്‍. അതുകൊണ്ട് തന്നെ വര്‍ഷം മുഴുവന്‍ സഞ്ചാരികളുടെ തിരക്ക് ഇടവിടാതെ അനുഭവപ്പെടും. ഇവിടെ എത്തുന്നവര്‍ മാട്ടുപ്പെട്ടി രാജമല എക്കോപോയിന്‍റ് തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കാതെ മടങ്ങാറുമില്ല. എന്നാല്‍, ഇത്തരം മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനോ അല്പ നേരം വിശ്രമിക്കുന്നതിനോ സൗകര്യം ഒരുക്കാന്‍ അധിക്യതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അവധിക്കാലമെത്തുന്നതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡുകളില്‍. ഒരു കിലോ മീറ്റര്‍ ദൂരം കടന്ന് പോകാന്‍ കുറഞ്ഞ് മൂന്ന് മണിക്കൂറെങ്കിലും വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ക്രിസ്തുമസ് അവധി ആഘോഷിക്കാനെത്തിയര്‍ ഏതാണ്ട് പകല്‍ മുഴുവനും ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടന്നു.  പ്രശ്‌നം സങ്കീര്‍ണ്ണമാകുമ്പോഴും ബന്ധപ്പെട്ടവര്‍ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ തയ്യറാകുന്നില്ലെന്ന് വ്യാപാരികളും ആരോപിക്കുന്നു. ഒന്നരകിലോ മീറ്ററില്‍ ഒതുങ്ങി നില്‍ക്കുന്ന ടൗണിന്‍റെ ദൗര്‍ഘ്യം ഹൈഡ്‌ വര്‍ഡക്‌സ് ജലാശയം വരെ നീട്ടിയാല്‍ ടൗണിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത  പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് വ്യാപാരികള്‍ അവകാശപ്പെടുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് മൂന്നാറിലെ വ്യാപാരികള്‍.