ദോഹ: ത്രില്ലർ സിനിമകളുടെ ആശാന്മാരായ ദക്ഷിണ കൊറിയക്കാരെ സാംബ സംഗീതത്തിന്റെ ദ്രുതവേഗം ചൊല്ലി പഠിപ്പിച്ച് ബ്രസീൽ ക്വാർട്ടറിൽ. പോർച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാൻ അനുവദിക്കാതെ പറപ്പിച്ച കാനറികൾ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയമാണ് നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ.
ആവേശം, ആഘോഷം
ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. ഹൈ പ്രസിംഗിന് പോകാതെ, പ്രതിരോധത്തിൽ വിള്ളലുകൾ വരാതെ മുൻകരുതൽ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാൽ, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിർത്താൻ അതൊന്നും പോരായെന്ന് കൊറിയൻ സംഘത്തിന് അധികം വൈകാതെ മനസിലായി. ഏഴാം മിനിറ്റിൽ തന്നെ കാനറികൾ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്സിന്റെ വലതുഭാഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാഗത്തെ കൂട്ടിയിടികൾക്കൊടുവിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്. ആവശ്യത്തിന് സമയം ലഭിച്ച റയൽ മാഡ്രിഡ‍് താരം അതി സുന്ദരമായി ലക്ഷ്യം ഭേദിച്ചു. ആക്രമണങ്ങൾക്ക് പോകുമ്പോൾ ബ്രസീലിന്റെ കൗണ്ടർ അറ്റാക്കിംഗിന് മുന്നിൽ പതറുന്നതാണ് ദക്ഷിണ കൊറിയക്ക് വിനയായി കൊണ്ടിരുന്നത്. ഇരു വിംഗുകളിലൂടെയും വിനീഷ്യസും റാഫീഞ്ഞയും നടത്തുന്ന റണ്ണൂകൾ കൊറിയൻ ബോക്സിലേക്ക് മിന്നൽ പോലെയാണ് എത്തിക്കൊണ്ടിരുന്നത്. 54-ാം മിനിറ്റിൽ മൂന്ന് കൊറിയൻ താരങ്ങളെ വെട്ടിയൊഴിഞ്ഞ് റാഫീഞ്ഞ തൊടുത്ത ഷോട്ടിൽ കിം സ്യൂംഗ് ഗ്യൂവിന് കൈ എത്തിക്കാനായതിനാൽ അഞ്ചാം ഗോൾ പിറന്നില്ല.
62-ാം മിനിറ്റിൽ നെയ്മറിന്റെ പാസ് സ്വീകരിച്ച് വീണ്ടും റാഫീഞ്ഞ എത്തി, ഇത്തവണയും ഗ്യൂവ് ഉറച്ച് നിന്നു. വിജയം ഉറപ്പിച്ചതോടെ ബ്രസീൽ ഒന്നടങ്ങി. ഇത് മുതലാക്കി എങ്ങനെയെങ്കിലും ഒരു ഗോളെങ്കിലും മടക്കാനാണ് ദക്ഷിണ കൊറിയ ആഗ്രഹിച്ചത്. പക്ഷേ, അലിസൺ എന്ന വന്മതിൽ പൊളിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഡാനിലോയെയും വിനീഷ്യസിനെയും മിലിറ്റാവോയെയുമൊക്കെ പിൻവലിച്ച് ടിറ്റെ ക്രൊയേഷ്യക്കെതിരെയുള്ള ക്വാർട്ടറിനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി.
ഇതിനിടെ 76-ാം മിനിറ്റിൽ ഏറ്റ ക്ഷതങ്ങൾക്കൊന്നും പരിഹാരമാകില്ലെങ്കിലും കൊറിയ തെല്ല് ആശ്വാസം കണ്ടെത്തി. ഫ്രീകിക്ക് ബ്രസീൽ പ്രതിരോധിച്ചപ്പോൾ പന്ത് വന്നത് ബോക്സിന് പുറത്തുള്ള പൈക്ക് സ്യുംഗ് ഹോയുടെ കാലിലേക്കാണ്. വെടിച്ചില്ല് പോലെ പറന്ന ഷോട്ട് അലിസണെയും ത്രസിപ്പിച്ച് വലയെ തുളച്ചു. പിന്നെയും ചില നീക്കങ്ങൾ ദക്ഷിണ കൊറിയ ഒരുക്കിയെടുത്തെങ്കിലും പരാജയഭാരം കുറയ്ക്കാൻ അവർക്ക് സാധിച്ചില്ല.