തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളൂ പടരുന്നു. പനിക്കൊപ്പം ദേഹം വേദനയും ചുമയും ശ്വാസ തടസ്സവും ഉൾപ്പെടെ അസ്വസ്ഥതകൾ പ്രകടമാകുന്ന തരത്തിലുള്ള ഇൻഫ്‌ളുവൻസ ആണ് വ്യാപകമാകുന്നത്. തണുപ്പു കാലമായതോടെ കുട്ടികളിലടക്കം അസാധാരണ രീതിയിൽ പനിയും അനുബന്ധ രോഗങ്ങളും പടരുകയാണ്. ദിവസവും 9000-10,000 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്കു ചികിത്സ തേടുന്നത്.
മഞ്ഞുപെയ്യുന്ന തണുത്ത കാലാവസ്ഥയും കാലംതെറ്റി ഇടയ്ക്കിടെ എത്തുന്ന മഴയുമെല്ലാം രോഗവ്യാപനത്തിനു കാരണമാകുന്നുണ്ട്. കഴിഞ്ഞ മാസം സർക്കാർ ആശുപത്രികളിൽ മാത്രം 2.7 ലക്ഷത്തോളം പേർ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിലെ കണക്കുകുടി ചേർത്താൽ മൂന്നര ലക്ഷം കടക്കും. എന്നാൽ ജീവന് ഭീഷണിയില്ലാത്തതിനാൽ കിടത്തി ചികിത്സ വേണ്ടി വരുന്നവർ കുറവാണ്.
പ്രായമേറിയവർ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ, അവയവം മാറ്റി വച്ചവർ തുടങ്ങി രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇൻഫ്‌ളുവൻസ രൂക്ഷമാകുന്നത്. കോവിഡ് വന്നവരിലും ശ്വാസകോശത്തിന്റെ ശേഷി ദുർബലമായവരിലും ശ്വാസ തടസ്സവും ചുമയും നീണ്ടു നിൽക്കുന്നു. കുട്ടികളിൽ കഫക്കെട്ടും അതിനെ തുടർന്നുള്ള ന്യുമോണിയ ബാധയും വർധിച്ചു.
കഴിഞ്ഞ മാസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതിൽ അഞ്ഞൂറോളം പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇതിൽ 3 പേർ മരിച്ചു.
എലിപ്പനി, ചിക്കുൻഗുനിയ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നവംബറിൽ കൂടുതൽപേർ മരിച്ചത് എലിപ്പനി ബാധിച്ചാണ്; 7 പേർ. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ശരാശരി 150ൽ താഴെയാണ്. ആശുപത്രികളിൽ ഒപിയിൽ പനിയുമായി എത്തുന്നവരിൽ ഇപ്പോൾ കോവിഡ് പരിശോധന വിരളമാണ്. ആന്റിബയോട്ടിക് നൽകുന്നതും ഏറിയെങ്കിലും പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വാങ്ങുകയേ നിർവാഹമുള്ളൂ. സർക്കാർ ആശുപത്രികളിലാകട്ടെ മരുന്ന് ക്ഷാമം തുടരുകയാണ്. നെബുലൈസേഷനുള്ള മരുന്ന് പോലും പുറത്ത് നിന്നു വാങ്ങിക്കൊടുക്കേണ്ട അവസ്ഥയാണ് മിക്ക ആശുപത്രികളിലും.